Articles
കാശ്മീരില്‍ മെഹ്ബൂബ വരുമ്പോള്‍
മെഹ്ബൂബ മുഫ്തി ജമ്മു കാശ്മീരിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുകയാണ്. രണ്ടാമതൊരു ചര്‍ച്ചക്കു പോലും പ്രസക്തിയില്ലാത്ത വിധം മെഹ്ബൂബ പി ഡി പിക്കുമാത്രമല്ല, ബി ജെ പിക്കു പോലും ഇപ്പോള്‍ സമ്മതയായിരിക്കുന്നു. സ്വയം ഭരണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സ്വാതന്ത്ര്യത്തിനു മുമ്പേ ജന്മം നല്‍കിയ ശൈഖ് അബ്ദുല്ലയുടെ നാഷനല്‍ കോണ്‍ഫറന്‍സിനെ പ്രതിരോധിക്കന്‍ 1999ല്‍ പാര്‍ട്ടി രൂപവത്കരിച്ചതു മുതല്‍ മെഹ്ബൂബയോ മുഫ്തി മുഹമ്മദ് സഈദോ അല്ലാതെ പറയത്തക്ക ഒരു നേതാവും പാര്‍ട്ടിയുടെ അമരത്തെത്തിയിട്ടില്ല. നിലവില്‍ നിയമസഭാംഗമല്ലാത്ത മെഹ്ബൂബക്ക് ആറ് മാസത്തിനുളളില്‍ നിയമസഭാംഗത്വം ഉറപ്പാക്കുകയോ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയോ വേണം. സ്ഥാനാരോഹണത്തിന് ശേഷം പിതാവിന്റെ മാതൃകയില്‍ ഭരണ സാമര്‍ഥ്യം തെളിയിക്കാന്‍ ഇനിയും നീണ്ട അഞ്ച് വര്‍ഷത്തോളമാണ് മുന്നിലുള്ളത്. പക്ഷേ, ഒറ്റക്കു ഭരിക്കാനാവശ്യമായ 44 സീറ്റ് ഇല്ലാതെ പോയതും ഭരണപങ്കാളിയായി കൂടെയുള്ളത് ബി ജെ പി ആയതും വിവിധയിടങ്ങളില്‍ നിലനില്‍ക്കുന്ന അസ്വാരസ്യവും കാരണം ശേഷിക്കുന്ന കാലം പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാന്‍ മെഹ്ബൂബക്ക് സാധിക്കുമോ എന്ന് സംശയിക്കേണ്ടിവരും.
കാശ്മീരിന്റെ ചരിത്രത്തില്‍ ഒരു വനിതയും മുഖ്യമന്ത്രിപദം അലങ്കരിച്ചിട്ടില്ല. ശൈഖ് അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, ഗുലാം മുഹമ്മദ് സാദിഖ്, ഗുലാം നബി ആസാദ്, മുഫ്തി മുഹമ്മദ് സഈദ് തുടങ്ങിയവരായിരുന്നു കാശ്മീരിന്റെ ഭരണസാരഥ്യം വഹിച്ചിരുന്ന പ്രമുഖര്‍. സംഘര്‍ഷ ഭരിതമായൊരു ദേശത്ത് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ നയതന്ത്രചാരുതയോടെ സംസ്ഥാനത്തെ നയിക്കാന്‍ പ്രാപ്തിയും ശേഷിയുമുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ സാന്നിധ്യത്തിനായി ഏറെ കൊതുച്ചു നടന്ന നാടാണ് കാശ്മീര്‍. ശൈഖ് അബ്ദുല്ല അത്തരമൊരു അംഗീകാരം ഏറെക്കുറെ നേടിയെടുത്ത നേതാവായിരുന്നു. ഇസ്‌ലാമിക് റെവല്യൂഷന്‍ എന്ന പേരില്‍ ഒരു മുന്നേറ്റം നടത്താനായി രൂപം കൊണ്ട ജമാഅതുത്തുലബ പോലുള്ള സംഘടനാ സംവിധാനങ്ങളെ ശൈഖ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 1980ല്‍ കാരവന്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍, മകന്‍ ഫാറൂഖ് അബ്ദുല്ലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന ചോദ്യത്തിന്, ഞാന്‍ രാജവാഴ്ചയെ ശക്തമായി എതിര്‍ക്കുന്നുവെന്നും ജനങ്ങളുടെ തിരഞ്ഞെടുപ്പാണ് പ്രധാനമെന്നും അവര്‍ തിരഞ്ഞെടുത്തവര്‍ സംസ്ഥാനം ഭരിക്കട്ടെ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് ഫാറൂഖ് അബ്ദുല്ല മുഖ്യമന്ത്രിയാകുകയും ചെയ്തു. കാശ്മീരിന്റെ സമാധാന സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ ഓടി നടന്നയാളായിരുന്നു ശൈഖ് അബ്ദുല്ല. പിന്നീട് ഭരണം നടത്തിയവരൊക്കെ ഭരണപരമോ നയതന്ത്രപരമോ ആയ നൈപൂണ്യം കാണിച്ചവരായിരുന്നു.
മെഹ്ബൂബയുടെ രാഷ്ട്രീയ നീക്കുപോക്കുകളും പാക്കിസ്താനോടും വിഘടനവാദികളോടും കാണിക്കുന്ന സമീപനവും പിതാവിനോളം ശക്തമായിരിക്കുമോ എന്ന് കണ്ടറിയണം. കാരണം എല്ലാവരോടും അസാമാന്യമായ നേതൃപാടവത്തിലൂടെ അവസരോചിതമായ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളാന്‍ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കേണ്ടതുണ്ട്. സൈനികരും കാശ്മീരി ജനതയും തമ്മില്‍ ചരിത്രപരമായ കാരണങ്ങളാല്‍ നിലനില്‍ക്കുന്ന അസ്വസ്ഥതയും പരസ്പരം ഉണ്ടായേക്കാവുന്ന കലാപങ്ങളും മറികടക്കാന്‍ യുക്തിഭദ്രമായ തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ചെറിയ ഇടര്‍ച്ചകള്‍ക്ക് കനത്ത വിലനല്‍കേണ്ടി വരുന്ന പ്രദേശമണല്ലോ കാശ്മീര്‍.
സംഘര്‍ഷങ്ങളും വെടിയൊച്ചകളും നിലക്കാത്ത കാലത്തേളം ഭരണനേതൃത്വം ശ്രമകരമായൊരു ദൗത്യമാണ്. തെറ്റായൊരു വിശ്വസപ്രമാണം കൈമുതലാക്കി ഭീകരവാദി പ്രസ്ഥാനങ്ങള്‍ നിരപരാധികളായ ജനതക്കുമേലും രാജ്യസുരക്ഷക്കുമേലും കടുത്ത ഭീഷണി ഉയര്‍ത്തുന്ന സംഭവങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കാശ്മീര്‍. ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ ത്വയ്ബയും ഹിസ്ബും അടങ്ങുന്ന മിലിറ്റന്റ്‌സ് ഔട്ഫിറ്റുകള്‍ അത്തരം ഭീതി പടര്‍ത്തുന്നതില്‍ മുന്‍പന്തിയിലാണ്. സമാധാന ശ്രമങ്ങള്‍ക്കും മൈത്രിക്കും ഹിന്ദുത്വവാദികളെ പോലെ ഭംഗം വരുത്തിയവരാണ് നടേ പറഞ്ഞ സംഘടനകളും.
മുഫ്തിയുടെ വിയോഗാനന്തരം മെഹ്ബൂബ അധികാരത്തിലേറുന്നതും വരാനിരിക്കുന്ന മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും സാധ്യതകളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍, കല്ലേറും പിന്നീടുണ്ടായ നിരോധനാജ്ഞയേയും തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി പുല്‍വാമ അടഞ്ഞുകിടക്കുകയാമണ്. പുല്‍വാമയിലെ ശഹീദ് പാര്‍ക്കില്‍ കൊല്ലപ്പെട്ടവരുടെ നാമധേയത്തില്‍ സ്മാരകം നിര്‍മിക്കണമെന്നാണ് ജനാവശ്യം. ജില്ലാ ഭരണവകുപ്പുദ്യോഗസ്ഥരുമായി നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. പോലീസ് അറസ്റ്റ് ചെയ്ത യുവാവിന്റ മോചനം ആവശ്യപ്പെട്ട് മൈസുമയില്‍ ജനം പ്രതിഷേധത്തിലാണ്. സൈനക്കോട്ടില്‍ സി ആര്‍ പി എഫിന്റെ വെടിയേറ്റ് മരിച്ച ഗോവര്‍ നസീര്‍ കേസന്വേഷണത്തില്‍ സൈന്യത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ രോഷാകുലരായ ജനം നടത്തിവരുന്ന പ്രതിഷേധം അടങ്ങുന്നതേയുള്ളൂ. സംസ്ഥാനത്തിനകത്ത് ചുരുണ്ടുകൂടിയ ഇത്തരം ആഭ്യന്തര പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതില്‍ മെഹ്ബൂബയുടെ മിടുക്ക് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. തണുപ്പായതോടെ ഇപ്പോള്‍ ജമ്മുവാണ് തലസ്ഥാന നഗരി. കനത്ത മഞ്ഞു വീഴ്ചയെതുടര്‍ന്ന് സ്തംഭിക്കുന്ന ജനജീവിത്തിന് വൈദ്യുതി, ഗതാഗത മാര്‍ഗങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തന സജ്ജമാക്കുന്നതു മുതല്‍ കേന്ദ്രഭരണ സ്വാധീനം ഉപയോഗിച്ച് സംസ്ഥാനത്ത് ബി ജെ പി നടത്തിയേക്കാവുന്ന രാഷ്ടീയ കൗശലങ്ങള്‍ വരെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യാന്‍ മെഹ്ബൂബ നിര്‍ബന്ധിതയാകും. മുഗള്‍ റോഡിനു പുറമെ പൂഞ്ച് ജില്ലയുമായി ബന്ധിപ്പിക്കാന്‍ മുഫ്തി സര്‍ക്കാര്‍ ആരംഭിച്ച 43 കിലോമീറ്റര്‍ മാത്രം ദൂരമുളള ലോറന്‍-ശ്രീനഗര്‍ റോഡ് നിര്‍മാണവും പ്രകൃതി ദുരന്തനിവാരണ യജ്ഞങ്ങളും അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്ന വനിതാ മുഖ്യമന്ത്രിമാരുടെ അവസ്ഥ മെഹ്ബൂബയിലൂടെ രാജ്യം ആഗ്രഹിക്കുന്നില്ല. മറ്റൊരു മമതതയോ മായാവതിയോ ജയലളിതയോ ഷീലാ ദീക്ഷിത്തോയൊക്കെ ആകാനാണ് മെഹ്ബൂബയുടെ നിയോഗമെങ്കില്‍ അതില്‍പരം മറ്റൊരു ദുരന്തം കാശ്മീരിനുണ്ടാകാനില്ല. രക്തവും പുകച്ചുരുളും പശ്ചാത്തലമുള്ള ഒരന്തരീക്ഷത്തില്‍ പിതാവിന്റെ വഴിയെ കര്‍മകുശലതയോടെ, ഒരു കോടി ഇരുപത്തഞ്ച് ലക്ഷം ജനങ്ങളെ നയിക്കാന്‍ മെഹ്ബൂബക്കാകുമോ എന്ന് കാലം തെളിയിക്കട്ടെ.