Kerala
മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം:ബാര്‍ കോഴകേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുനരന്വേഷണം നടത്തിയ എസ്പി സുകേശന്‍ നായരാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. തുടരന്വേഷണത്തില്‍ മാണി കോഴ വാങ്ങിയതിനും ചോദിച്ചതിനും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം സാധൂകരിക്കുന്നതിനുള്ള മൊഴികളൊന്നും തന്നെ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്നും. ലഭിച്ച മൊഴികളും ഫോണ്‍ സംഭാഷണങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മാണിക്കെതിരായ തെളിവായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് നല്‍കിയ സി.ഡിയില്‍ തിരുത്തലുകള്‍ വരുത്തിയിതിനാല്‍ അത് പരിശോധിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറഞ്ഞു.
പാലായിലെ വീട്ടില്‍ പണം കൊണ്ടുവന്നു എന്നതിനു തെളിവുകള്‍ ലഭിച്ചെന്നാണ് ആദ്യ അന്വേഷണത്തില്‍ വ്യക്തമായത്. പക്ഷേ, പണം സ്വരൂപിച്ചെത്തിയെന്നു മൊഴികൊടുത്ത ബാറുടമ സജി ഡൊമിനിക് പാലായില്‍ പണമെത്തിച്ചുവെന്നു പറയുന്ന സമയത്ത് പൊന്‍കുന്നത്തായിരുന്നുവെന്നു മൊബൈല്‍ ടവര്‍ വഴിയുള്ള അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.