Ongoing News
മുഖം മിനുക്കിയ മലേഷ്യയുടെ മാറില്‍

നവംബര്‍ 18 ന് രാത്രി 11 മണിക്കാണ് എയര്‍ ഏഷ്യയുടെ എ.കെ 38 വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഞങ്ങളേയും വഹിച്ച് കൊലാലംപൂരിനെ ലക്ഷ്യമാക്കി പറന്നുയര്‍ന്നത്. എന്റെ ആദ്യ വിമാനയാത്രയായത് കൊണ്ട് തന്നെ വിമാനത്തിലെ സുഖസൗകര്യങ്ങളെ വിലയിരുത്താന്‍ ഞാന്‍ അശക്തനാണ്. എന്നാലും എന്റെ സഹയാത്രികരുടെ അഭിപ്രായത്തില്‍ ഈ ചെറു വിമാനത്തിനകം മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടുന്നുണ്ടായിരുന്നു. കാലൊന്ന് നിവര്‍ത്തി വെക്കാന്‍ പോലും വിടവ് നല്‍കാതെയാണ് വിമാനത്തിലെ സീറ്റിംഗ് അറേജ്‌മെന്റ്. മാത്രവുമല്ല നാലു മണിക്കൂര്‍ നീണ്ട യാത്രക്കിടയില്‍ ഒരു ഗ്ലാസ് പച്ചവെള്ളം പോലും ഉളളില്‍ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞ് നടക്കുന്ന ആകാശ സുന്ദരിമാര്‍ ഞങ്ങള്‍ക്ക് നല്‍കിയില്ല. ഇന്ത്യന്‍ സമയം മൂന്ന് പതിനഞ്ചിന് അഥവാ മലേഷ്യയില്‍ നേരം പരപരാന്ന് വെളുക്കുന്ന ആറുമണിക്ക് വിമാനം കൊലാലംപൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ തൊട്ടു. സത്യംപറയാമല്ലോ ഉള്ളിലണയാതെ കിടക്കുകയായിരുന്ന ആധിയുടെ പൊട്ട് അന്നേരം എങ്ങോ പറന്ന് പോയി. ചുളുവില്‍ ഒപ്പിച്ചെടുത്ത ഈ ടൂര്‍പാക്കേജില്‍ എന്നോടൊപ്പം ഒരു സംഘം തന്നെയുണ്ട്.
കസ്റ്റംസ് പരിശോധനകളെല്ലാം തീര്‍ത്ത് പുറത്തിറങ്ങിയപ്പോള്‍ ഗൈഡ് പരമേശ്വരി കാത്തു നില്‍പുണ്ടായിരുന്നു. ഇന്ത്യന്‍ തമിഴ് വേരുള്ള ഒരു യുവതിയെയാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇഗ്ലീഷിലാണ് അവള്‍ ഞങ്ങളോടുള്ള സമ്പര്‍ക്കം തുടങ്ങിയതെങ്കിലും ഞങ്ങള്‍ക്കെല്ലാവര്‍ക്കും തമിഴ് നന്നായി വഴങ്ങുമെന്ന് തിരിച്ചറിഞ്ഞതില്‍ പിന്നെ തമിഴായി അവര്‍ക്കും ഞങ്ങള്‍ക്കുമിടയിലെ മലേഷ്യന്‍ ആശയ കൈമാറ്റം. മലേഷ്യന്‍ ജനസംഖ്യയുടെ പത്ത് ശതമാനം തമിഴ് വംശജരായ ഹിന്ദുക്കളാണ്. ബ്രട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലത്ത് മലേഷ്യന്‍ എസ്റ്റേറ്റുകളിലേക്ക് ഇന്ത്യയിലെ തമിഴ് തൊഴിലാളികളെ കൊണ്ടുപോവുകയായിരുന്നെന്നും അവരുടെ പിന്‍മുറക്കാരാണ് പിന്നീട് മലേഷ്യന്‍ തമിഴ് വംശജരായി അറിയപ്പെടുന്നതുമെത്ര. ഭാഷ മലേഷ്യയും, ഇംഗ്ലീഷും കഴിഞ്ഞാല്‍ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നതും തമിഴാണിവിടെ. മലേഷ്യന്‍ ഗവണ്‍മെന്റിന്റെ വിദ്യഭ്യാസ വെകുപ്പിന് കീഴില്‍ അനേകം തിമിഴ് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നത് കൂടാതെ തമിഴ് എഫ്.എം റേഡിയോ സ്റ്റേഷനില്‍ നിന്നുള്ള സംഗീതവും ഞങ്ങള്‍ക്ക് കേള്‍ക്കാനായി.
ആറാമിന്ദ്രിയം കവറേജ് മേഖലക്ക് പുറത്തായതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ മലേഷ്യന്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ട്യൂണ്‍ടാക്കിന്റെ സിം കാര്‍ഡ് ഒന്നിന് പത്ത് റിങ്കറ്റ് കൊടുത്ത് വാങ്ങി വിമാനത്താവളത്തില്‍ നിന്ന് തന്നെ പ്രവര്‍ത്തനക്ഷമമാക്കി. നെടുമ്പാശ്ശേരിയില്‍ നിന്ന് തലേ ദിവസം വൈകുന്നേരം അകത്താക്കിയ ചപ്പാത്തിയുടെ ഊര്‍ജ്ജമൊക്കെ എപ്പോഴോ കൊഴിഞ്ഞ് പോയിരുന്നു. അത് കൊണ്ട് തന്നെ നേരെ പോയത് പ്രാതല്‍ കഴിക്കാന്‍ പുത്ര പാലസിലേക്ക്. ഇഡ്‌ലിയും, നെയ്‌റോസ്റ്റും ചട്‌നിയും, സാമ്പാറുമൊക്കെ തനി കേരളീയ രീതിയില്‍ പാകം ചെയ്തത് ചൂടാറാതെ ഞങ്ങള്‍ക്കായ് കാത്തിരിപ്പായിരുന്നു. നന്നായി കഴിച്ച ശേഷം ഹോട്ടലിനു പിറകിലെ തടാകത്തിന്റെ ഭംഗിയും ആവോളമാസ്വദിച്ച് വേഗം ബസില്‍ കയറി. ഇനി ഞങ്ങള്‍ക്ക് പോവേണ്ടത് പുത്രജയയിലേക്കാണ്. ഡ്രൈവര്‍ തമിഴ് വംശജന്‍ തന്നെയായ ദേവ അധിക നാട്യങ്ങളൊന്നും കാണിക്കാതെ മിതമായ വേഗതയില്‍ ഞങ്ങളെയും കൊണ്ട് കോലാലംപൂര്‍ പട്ടണത്തിന്റെ വെളിംമ്പുറത്ത് കൂടി പുത്രജയ ലക്ഷമാക്കി ഒഴുകി കൊണ്ടിരുന്നു. വൃത്തിയും മനോഹരവുമായ പാതയോരങ്ങളില്‍ കാല്‍നടയാത്രക്കാരെപ്പോലും വേണ്ടത്ര കാണുന്നില്ല. തെരുവ് നായകള്‍ പോയിട്ട് ഒരു കോഴികുഞ്ഞിനെ പോലും അലഞ്ഞ് നടക്കുന്നതായിട്ട് എവിടെയും കണ്ടില്ല. അമ്പരചുമ്പികളായ കെട്ടിട സമുച്ചയങ്ങള്‍ ഉയര്‍ന്ന് പൊങ്ങി നില്‍ക്കുന്നുണ്ട് ഇരുവശങ്ങളിലും. ദേശീയ പാതക്കിരുവശവും പുല്ല് പതിച്ച് ചിലയിടത്ത് പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന ചെടികളും പിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു. കൊലലംപൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പുത്ര ജയയിലെത്തുമ്പോള്‍ സമയം പതിനൊന്ന് മണി . മധ്യായ്ഹ്ന സൂര്യന്റെ കാഠിന്യം ശീതീകരിച്ച ബസിനകത്ത് തന്നെ ഇരിക്കനാണ് പ്രേരിപ്പിച്ചത്. പക്ഷെ തടാക നഗരമായ പുത്രജയ അവളുടെ മടിത്തട്ടിലേക്ക് മാടി വിളിക്കുന്ന പോലെ പുറത്തിറങ്ങിയപ്പോള്‍ ഇളം ചൂടുള്ള കാറ്റ് മുഖത്തടിക്കുന്നതിന്റെ പങ്കപ്പാടുണ്ടായിരുന്നു മനസില്‍.
പുത്രജയ: ആധുനിക മനുഷ്യനിര്‍മിത നഗരം

Jpeg
തിരക്ക് പിടിച്ച കൊലാലംപൂര്‍ നഗരത്തില്‍ നിന്ന് മലേഷ്യയുടെ ഭരണ സിരാകേന്ദ്രം ഇപ്പോള്‍ പുത്രജയയിലേക്ക് പറിച്ച് നട്ടിരിക്കുകയാണ്. ആധുനിക മലേഷ്യയുടെ ശില്‍പിയും ദീര്‍ഘകാലം പ്രധാനമന്ത്രിയുമായിരുന്ന (1981-2003) മുഹാതിര്‍ മുഹമ്മദാണ് അപ്രാപ്യമെന്ന് കരുതിയ ഇത്തരമൊരാശയത്തിന് രൂപഘടന വരച്ച് നല്‍കിയത്. മനുഷ്യനിര്‍മിതമായ സുന്ദരമായ തടാകത്തിന് മുകളിലും, ചുറ്റുമായും പണിതുയര്‍ത്തിയ വന്‍ പട്ടണമാണ് പുത്രജയ. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ചെളി നിറഞ്ഞ് കിടന്നിരുന്ന 600 ഏക്ര സ്ഥലമാണ് വശ്യമനോഹരമായ തടാകമാക്കിമാറ്റിയിരിക്കുന്നത്. മൂന്ന് ഭാഗങ്ങളില്‍ നിന്നുമായി പുത്രജയയിലേക്ക് പ്രവേശിക്കുന്ന് അത്യാധുനിക സംവിധാനങ്ങളുപയോഗപ്പെടുത്തി നിര്‍മിച്ച മൂന്ന് കൂറ്റന്‍ പാലങ്ങളിലൂടെയാണ്. 1996 ല്‍ നിര്‍മാണം തുടങ്ങിയ പുത്രജയ നഗരനിര്‍മാണ പദ്ധതി 2020 ഓട് കൂടി മാത്രമെ പൂര്‍ത്തിയാവൂ. സ്വതന്ത്ര മലേഷ്യയുടെ നായകന്‍ തുങ്കു അബ്ദുറഹ്മാന്‍ പുത്ര അല്‍ഹാജ് എന്ന പേരിലെ പുത്ര എന്ന പദവും മുന്നേറ്റത്തെ സൂചിപ്പിക്കുന്ന ജയ എന്ന പദവും കൂട്ടിചേര്‍ത്താണ് പുത്രജയ എന്ന പേര് നഗരത്തിന് നല്‍കിയിരിക്കുന്നത്. വികസനവും, പരിസ്ഥിതി സംരക്ഷണവും എതിര്‍ദിശയില്‍ സഞ്ചരിക്കുന്നവയാണെന്ന് പറയുന്നവര്‍ക്ക് പുത്രജയ ഒരു മാതൃകയാണ്. പതയോരങ്ങളിലും, ഗവണ്‍മെന്റ് ഓഫീസ് വളപ്പുകളിലും മരങ്ങളും ചെടികളും നട്ട് പിടിപ്പിക്കുകയും അതിനെ നല്ല രീതിയില്‍ പരിപാലിക്കുകയും ചെയ്യുന്നത് സന്ദര്‍ശകരില്‍ കൗതുകം പടര്‍ത്തും. പ്രധാനമന്ത്രിയുടെ കാര്യാലയവും, വസന്തിയും, സര്‍ക്കാര്‍ സാമ്പത്തിക മന്ത്രാലയവും, ട്രഷറിയും തുടങ്ങി ഭൂരിഭാഗം ഭരണ കേന്ദ്രങ്ങളും പുത്രജയയിലേക്ക് പറിച്ച് നട്ടിട്ട് വര്‍ഷങ്ങളായി. നഗരത്തില്‍ തദ്ദേശീയര്‍ കുറവാണങ്കിലും സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞ് നില്‍ക്കുകയാണ്.
പുത്രജയയുടെ സൗന്ദര്യത്തിന് മേല്‍ അഴകിന്റെ ഏഴടയാളം തീര്‍ത്തു നില്‍ക്കുന്നത് രണ്ട് പള്ളികളാണ്. 20000 പേര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥന നടത്താന്‍ മാത്രം പ്രവിശാലമായ പുത്രജയ മോസ്‌ക്ക് മലേഷ്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ചൂണ്ടുപലക കൂടിയാണ്. റഫറന്‍സ് ലൈബ്രറിയും, ഓഡിറ്റോറിയവും ഡോര്‍മെറ്ററിയും, സന്ദര്‍ശകരെ സ്വീകരിക്കാനും സഹായിക്കാനുമുള്ള ഇന്‍ഫെര്‍മേഷന്‍ സെന്ററും പള്ളിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മിതിയിലെ വൈവിധ്യവും കൊത്ത് പണികളോടു കൂടിയ ശില്‍പ ചാതുരിയും ജാതി, മത, ദേശ, വര്‍ഗങ്ങള്‍ക്കതീതമായി ആയിരങ്ങളെയാണ് സന്ദര്‍ശകരായി ദിവസവും ഇവിടെയെത്തിക്കുന്നത്. പിങ്ക് നിറത്തിലുള്ള ടൈല്‍സിലാണ് നിലവും, ചുമരും മിനാരങ്ങളും നിര്‍മിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ പിങ്ക് മോസ്‌ക് എന്നും ഇതറിയപ്പെടുന്നു. ഞങ്ങളവിടെ എത്തുമ്പോള്‍ പര്‍ദ്ദ പോലുള്ള ചുവന്ന ഓവര്‍ കോട്ടണിഞ്ഞ ചൈനീസ് സുന്ദരികള്‍ പള്ളിയുടെ പാശ്ചാത്തലത്തില്‍ ഫോട്ടോക്ക് പോസ് ചെയ്യുകയാണ്. ഏതോ സ്ഥാപനത്തിലെ യൂണിഫോമണിഞ്ഞ സ്റ്റഫാണെന്നാണ് കരുതിയത്, പിന്നീടാണറിഞ്ഞത് അര്‍ദ്ധനഗ്നകളായെത്തുന്ന സുന്ദരികള്‍ക്ക് പള്ളിക്കകത്ത് കയറി (നിശ്ചയിക്കപ്പെട്ട സ്ഥലം വരെ) കാണണമെങ്കില്‍ കൗണ്ടറില്‍ വിതരണം ചെയ്യുന്ന മേല്‍ വസ്ത്രം താല്‍കാലികമായി അണിയണമെന്ന്.
പുറത്തെ പൊള്ളുന്ന ചൂടിനിടയിലും ആത്മീയതയുടെ നിറഞ്ഞകുളിരായിരുന്നു പള്ളിക്കകം. ശുഭ്ര വസ്ത്രധാരികളായ പരിപാലക ജോലിക്കാര്‍ കസവ് തിളക്കമുള്ള മേല്‍മുണ്ട് അരയില്‍ ചുറ്റിയിരിക്കുന്നു. വശ്യമായ പുഞ്ചിരിയോടെ അവര്‍ ഞങ്ങളെ അഭിവാദ്യം ചെയ്തു. പിങ്ക് മോസ്‌കിന്റെ മനം തുളക്കുന്ന ആത്മീയതയില്‍ അല്‍പ നേരം ചിലവിട്ട് നഗരത്തിലെ രണ്ടാമത്തെ പള്ളിയായ തുങ്കുമീസാന്‍ സൈനുല്‍ ആബിദീന്‍ കാണാന്‍ ബസില്‍ കയറി യാത്ര തിരിച്ചു. അകലെയുള്ള കൂറ്റന്‍ പാലത്തിലൂടെ ബസ് കടന്നുപോകുമ്പോള്‍ തടാകത്തിന് മുകളില്‍ പൊങ്ങികിടക്കുന്ന പിങ്ക് മോസ്‌കിന്റെ ദൂരക്കാഴ്ച്ച കണ്ണിന് ദൃശ്യവിസ്മയം തീര്‍ത്ത് ഓടിമറഞ്ഞു. സൈനുല്‍ ആബിദീന്‍ മോസ്‌ക്ക് നിര്‍മാണകലയിലെ പുതിയ ചരിത്രമാണ്. 15000 പേര്‍ക്ക് ഒരെ സമയം പ്രാര്‍ത്ഥന നടത്താന്‍ സൗകര്യമുള്ള പള്ളിയുടെ നയനമനോഹരമായ ഖുബ്ബകള്‍ പണിതിരിക്കുന്നത് സ്റ്റീലിലാണ്. അകലെക്കാഴ്ച്ചയില്‍ തിളങ്ങുന്ന സ്റ്റീല്‍ കൂടാരം പോലെ തോന്നിക്കുന്നത് കൊണ്ട് അയണ്‍മോസ്‌ക് എന്ന് ഇതറിയപ്പെടുന്നു. ഇനിയും പുരോഗമിച്ച് കൊണ്ടിരിക്കുന്ന പുത്രജയ നഗരത്തിന്റെ സൗന്ദര്യമാസ്വദിച്ച് കൊണ്ട് ഞങ്ങള്‍ ജന്റിംഗ് ഹൈലെന്റിനെ ലക്ഷമാക്കി പ്രയാണമാരംഭിച്ചു. മൂന്ന് കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും പൂന്തോട്ടത്താല്‍ ചുറ്റപ്പെട്ട രണ്ട് കവാടങ്ങളുള്ള ഹരിത ശോഭയില്‍ മുങ്ങിനില്‍ക്കുന്ന ഭവനം കാണാനിടയായി. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് അബ്ദുല്‍ റസാക്കിന്റെ സുരക്ഷാഭടന്മാരുടെ നിയന്ത്രണങ്ങളോ, ആര്‍ഭാടമോ ഇല്ലാത്ത വസതിക്ക് മുമ്പില്‍ ആര്‍ക്കും കടന്ന് ചെല്ലാം. ഫോട്ടേയെടുക്കാം അതിലേറെ അത്ഭുതം പ്രധാനമന്ത്രി അകത്തുണ്ടായിട്ടും പുറത്ത് ഒരാള്‍പെരുമാറ്റം പോലും കാണുന്നില്ല.
രണ്ട് മണിക്കൂര്‍ നീണ്ട ബസ് സവാരി ജന്റിംഗ് ഹൈലന്റിലേക്കുള്ള പ്രവേശനകവാടമായ ഗോടോങ്ങ് ജയയില്‍ ഞങ്ങളെ കൊണ്ടെത്തിച്ചു. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ സഞ്ചാരികളുടെ പറുദീസയാണിന്ന് ജെന്റിംഗ് മലനിരകള്‍. സമുദ്ര നിരപ്പില്‍ നിന്ന് 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഫസ്റ്റ് വേള്‍ഡ് ഹോട്ടലിലേക്ക് ഗോടോങ്ങ് ജയയില്‍ നിന്ന് മഴക്കാടുകള്‍ക്ക് മീതെ കടന്ന് പോകുന്ന കേബിള്‍ കാറിലൂടെയാണ് ഞങ്ങളുടെ യാത്ര. 100 മീറ്റര്‍ ഇടവിട്ട് സ്ഥാപിച്ച ടവറുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പ് വടത്തില്‍ തൂങ്ങിക്കിടന്ന് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ മേഘക്കീറുകള്‍ക്ക് നെറുകെയുള്ള യാത്ര അവാച്യമായ അനുഭവം തന്നെയാണ്. താഴെ മരങ്ങളില്‍ മഞ്ഞ് വീണുകിടക്കുന്ന കാഴ്ച്ച ദേഹത്തോടൊപ്പം മനസിനും കുളിര് പകര്‍ന്നു. 13000 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ജെന്റിംഗ് നഗരത്തില്‍ ആറോളം അന്താരാഷ്ട്ര ഹോട്ടലുകളും ഷോപ്പിംഗ് മാളുകളുമുണ്ട്. മുറികളുടെ എണ്ണത്തില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം നേടിയ ഇവിടത്തെ ഫസ്റ്റ് വേള്‍ഡ് ഹോട്ടലില്‍ 7000 ത്തോളം മുറികളുണ്ട്. ദിവസവും 20000 ത്തോളം വിനോദസഞ്ചാരികളെത്തുന്ന ജെന്റിംഗ് നഗരത്തിലെ ചുതാട്ട കേന്ദ്രം ടൂറിസം വ്യവസായത്തിന് മലേഷ്യന്‍ ഗവണ്‍മെന്റ് നല്‍കുന്ന പ്രാധാന്യത്തെയാണ് ചൂണ്ടികാണിക്കുന്നത്. ഫസ്റ്റ് വേള്‍ഡ് ഹോട്ടലിലെ രാജകീയ അത്താഴം കഴിച്ച് പുറത്തിറങ്ങിയപ്പോഴാണറിയുന്നത് രാത്രിയുടെ നഗരമാണിതെന്ന്.
പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലാണിവിടം. മുഖത്ത് ഛായം തേച്ച് ചുണ്ടില്‍ കട്ടിയുള്ള ലിപ്സ്റ്റുക്കുമിട്ട് പേരിനു മാത്രം വസ്ത്രം ധരിച്ച ചൈനീസ്, മലേഷ്യന്‍ പെണ്‍കുട്ടികള്‍ കാമുകന്‍മാരുടെ കയ്യില്‍ തൂങ്ങി സിഗരറ്റും പുകച്ച് നടക്കുന്നു. കാസിനോവയും, ഡാന്‍സ്ബാറും പുലര്‍ച്ചയോളം നീണ്ടുപോകുന്ന ഷോപ്പിംഗ് അനുഭവങ്ങളും ആരെയും വശീകരിക്കുന്നതാണ്. മഞ്ഞ് വീണുറങ്ങുന്ന പ്രഭാതത്തില്‍ ജെന്റിംഗ് മലയോട് യാത്ര പറഞ്ഞ് ഒരിക്കല്‍ കൂടി കേബിള്‍ കാറില്‍ ആകാശ യാത്ര. സുര്യന്‍ കടന്ന് ചെല്ലാന്‍വൈകുന്ന ഈ മലനിരകള്‍ ലോകം ശ്രദ്ധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കിയത് 1965 ല്‍ ചൈനീസ് വംശജനായ മലേഷ്യന്‍ കോടീഷരന്‍ ടാന്‍ശ്രീലിംഗ് ജോടോങ്ങാണ്.

Jpeg
ബത്തു ഗുഹ
ജെന്റിംഗ് മലയിറങ്ങും തോറും പുറത്ത് ചൂടുകൂടികൊണ്ടിരുന്നു. മിനുസമേറിയ നാട്ടുപാതകളും വീതികൂടിയ നാലുവരിപ്പാതകളും താണ്ടി ഞങ്ങള്‍ബത്തുഗഹയിലേക്കുള്ള പ്രയാണം തുടരവെ ഗൈഡ് പരമേശ്വരി ബത്തു ഗുഹയുടെയും, ചുണ്ണാമ്പു മലയിലെ ക്ഷേത്രങ്ങളുടെയും ലഘുവിവരണം നല്‍കികൊണ്ടിരുന്നു. ചരിത്രത്തിലും വര്‍ത്തമാനത്തിലും താല്‍പര്യമില്ലാത്ത ചില സഹായാത്രികരുടെ ശ്വാസനാളത്തിലൂടെ ട്രെയിന്‍ ഒാടിെക്കാണ്ടിരിക്കുന്നത് അപ്പോള്‍ കേള്‍ക്കാമായിരുന്നു. ബത്തു ഗുഹയിലെത്തിയപ്പോള്‍ സഞ്ചാരികളെത്തിയ ബസുകളുടെ പെരുപ്പം കൊണ്ട് പാര്‍ക്കിംഗിന് കുറച്ച് സമയം കാത്തിരിക്കേണ്ടിവന്നു. 140 അടി ഉയരമുള്ള സ്വര്‍ണ്ണ നിറത്തിലുള്ള മുരുകന്‍ പ്രതിമയാണ് ഇവിടെയെത്തുവന്നവരെ ആദ്യം സ്വാഗതം ചെയ്യുക. ലോകത്തിലെ ഏറ്റവും നീളം കൂടിയ മുരുക പ്രതിമയാണിത്. 2006 ല്‍ പ്രതിഷ്ഠിച്ച പ്രതിമയുടെ നിര്‍മാണം മൂന്ന് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പ്രകൃതിയുടെ സ്വന്തമായ കരവിരുതാണ് ബത്തുമലയുടെ ആകര്‍ഷണീയത്വം. മലമുകളിലേക്ക് 272 കോണ്‍ഗ്രീറ്റ് പടികള്‍ കയറി ചെന്നാല്‍ പ്രധാന ഗുഹയുടെ കവാടത്തിലെത്താം. വിശാലമായ ഗുഹയുടെ അന്തര്‍ഭാഗത്ത് ചെറിയൊരു മുരുകന്‍ ക്ഷേത്രം. മുകളിലേക്ക് നോക്കിയാല്‍ ഒരു ചെറിയ വട്ടം ആകാശം കൊണ്ട് അടച്ച് വെച്ചതായി തോന്നും. പുറത്ത് ശക്തമായി വെയില്‍ പെയ്യുമ്പോഴും ഗുഹക്കകത്ത് മഴ ചാറുംപോലെ ഉറവകളില്‍ നിന്ന് വെള്ളമിറ്റിക്കൊണ്ടിരുന്നു. കൂടെ പടികേറിയെത്തിയവര്‍ക്ക് ആശ്വാസത്തിന്റെ കുളിരും. ഗുഹയുടെ പ്രകൃതി ദത്തമായ സൗന്ദര്യം നഷ്ടപ്പെടുത്തുന്ന രീതിയില്‍ എന്തോ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. കുറച്ച് സമയത്തേക്ക് മനസും ശരീരവും നേര്‍ത്തതണുപ്പില്‍ കനം കുറഞ്ഞത് പോലെ തോന്നി.
തിരിച്ച് പടിയിറങ്ങുമ്പോള്‍ വാനരക്കൂട്ടം പിന്നാലെ കൂടി. കയ്യിലുണ്ടായിരുന്ന കളിപ്പാട്ടത്തിന്റെ കവര്‍ തട്ടിയെടുത്ത് മരച്ചില്ലകളിലൂടെ അവറ്റകള്‍ ഓടി മറയുന്നത് നിസാഹയനായി നോക്കി നില്‍ക്കാനെ കഴിഞ്ഞൊള്ളൂ. ഇറങ്ങുമ്പോള്‍ പടിക്കെട്ടിന്റെ വലതുഭാഗത്തുള്ള ഇരുണ്ട ഗുഹ നിഗൂഡതകള്‍ ഒളിപ്പിച്ച് വെച്ച ഇരുള്‍ കൊട്ടാരം പെല ഭീതിപരത്തുന്നു. ഇന്ത്യക്ക് പുറത്തുള്ള ഏറെ പ്രാധാന്യമേറിയ ഹിന്ദു ആരാധന കേന്ദ്രമാണ് ബത്തു ഗുഹ. തമിഴ് കലണ്ടറിലെ തൈമാസത്തില്‍ ഇവിടെ നടക്കുന്ന തൈപൂയം മഹോത്സവം ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനമാണ്. ചൈനീസ് ആദിവാസി ഗോത്ര വര്‍ഗക്കാരുടെ അധീനതയിലായിരുന്ന ബത്തു ഗുഹ 1890 ല്‍ ഇന്ത്യന്‍ വ്യപാരിയായിരുന്ന തമ്പുസാമിപിള്ളയാണ് ഹിന്ദു ആരാധനകേന്ദ്രമാക്കി മാറ്റിയതും ക്ഷേത്രങ്ങള്‍ നിര്‍മിച്ചതും. ചെറുതും വലുതുമായ നിരവധി ഗുഹകളും ആറോളം ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ക്ഷേത്ര നിര്‍മിതിയിലെ ദ്രാവിഡവാസ്തു വിദ്യ മാതൃകകള്‍ ദക്ഷിണേന്ത്യന്‍ ദ്രാവിഡ സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളാണ്. മലയുടെ താഴ്‌വാരത്ത് മലേഷ്യന്‍ വിദ്യഭ്യാസ വകുപ്പിനു കീഴിലുള്ള മനോഹരമായ തമിഴ് സ്‌കൂള്‍ മലേഷ്യന്‍ സാമുദായിക വൈവിധ്യത്തിന് നിറച്ചാര്‍ത്ത് നല്‍കുന്നു. തമിഴ് ഗ്രാമത്തിന്റെ ശാലീനതയും, പ്രകൃതിയുടെ കാഴ്ച്ച വിരുന്നുമാസ്വദിച്ച് തിരികെ നടക്കുമ്പോള്‍ മദ്ധ്യായഹ്‌ന സൂര്യന്‍ നിന്ന് കത്തുകയാണ് മേലെ. സന്ദര്‍ഭം മുതലെടുത്ത് ഇളനീര്‍ കച്ചവടക്കാര്‍ വശീകരണ മന്ത്രങ്ങളുരുവിട്ട് കൊണ്ടേയിരുന്നു. ദാഹിച്ച് വരണ്ട തൊണ്ടക്കല്‍പ്പം നീര് പകരാന്‍ എട്ട് റിങ്കറ്റ് ചിലവഴിക്കേണ്ടിവന്നു. ഇളനീര്‍ വലിച്ച് കുടിക്കുമ്പോളത്രയും എന്റെ ശ്രദ്ധ തൊട്ടപ്പുറത്ത് അമ്പലപ്രവാകുള തീറ്റുന്ന പിഞ്ചുബാലനിലായിരുന്നു.
ഞങ്ങളുടെ അടുത്ത ലക്ഷ്യം മലേഷ്യയുടെ രാജകൊട്ടാരമായിരുന്നു. ബസില്‍ കയറി ഇരിപ്പിടമൊന്ന് നിവര്‍ത്തി കണ്ണടച്ച് കിടന്നപ്പോള്‍ ശീതീകരണയന്ത്രത്തിന്റെ ഇളം തണുപ്പുള്ള കാറ്റേറ്റത് കൊണ്ടാവാം അറിയാതെ ഉറക്കിലേക്ക് വീണു പോയി. കണ്ണുതുറന്നപ്പോഴുള്ള കന്നിക്കാഴ്ച്ചയില്‍ തന്നെ കണ്ടത് സ്വര്‍ണ്ണ നിറത്തിലുള്ള തിളങ്ങുന്ന പടുകൂറ്റന്‍ കുബ്ബകളാണ്. അറേബ്യന്‍, മലേഷ്യന്‍ സങ്കര വാസ്തു വിദ്യയുടെ സൗന്ദര്യം വകഞ്ഞൊഴുകുന്ന പ്രവിശാലമായ കിംഗ് പാലസ് ഇസ്താന നഗേര എന്നാണറിയപ്പെടുന്നത്. വീതിയേറിയ ഗേറ്റിന്റെ ഇരു വശങ്ങളിലുമായി നിലയുറപ്പിച്ച ശൂരത്തമുള്ള കുതിരകളുടെ പുറത്ത് സുരക്ഷാഭടന്മാര്‍ സര്‍വ്വായുധ വിഭൂഷിതരായി മെയ്യനങ്ങാതെ കാവലിരിക്കുന്നു. തൊട്ടപുറത്ത് തോക്കേന്തിയ പട്ടാളക്കാരന്‍ സഞ്ചാരികള്‍കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു. മലേഷ്യയുടെ 14-ാമത്തെ രാജാവ് 83 കാരനായ തുങ്കു അബ്ദുല്‍ ഹലീമാണ് ഇപ്പോളിവിടെ താമസിക്കുന്നത്. ജനാധിപത്യ രീതിയില്‍ രാജാധി രാജനെ തിരഞ്ഞെടുക്കുന്ന അപൂര്‍വ്വ മാതൃകയാണ് മലേഷ്യയുടെത്. പതിനൊന്ന് പ്രവശ്യകളുള്ള മലായ് ഫെഡറേഷനിലെ ഒമ്പത് പ്രവശ്യ സുല്‍ത്താന്‍മാരുടെ ഇടയില്‍ നിന്ന് അവര്‍ തന്നെ വോട്ട് രേഖപ്പെടുത്തി തിരഞ്ഞെടുക്കുന്നവരാണ് രാജാക്കന്മാരാവുന്നത്. പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ നയനിലപാടുകള്‍പ്പുറത്ത് രാജാവിന് മേലാധികാരങ്ങളൊന്നുമില്ലെങ്കിലും രാജാവ് തന്നെയാണ് ഈ രാജ്യത്തിന്റെ സര്‍വ്വാധിപന്‍. വടക്കന്‍ കലാലംപൂരിലെ രണ്ട് കുന്നുകള്‍ക്കിടയിലെ 97 ഏക്ര സ്ഥലത്ത് 812 മില്ല്യന്‍ റിങ്കറ്റ് ചിലവഴിച്ച് പുതുതായിനിര്‍മിച്ച കിംഗ് പാലസ് എടുപ്പുകളുടെ കൂട്ടത്തില്‍ മനോഹരിതകൊണ്ട് വേറിട്ട് നില്‍ക്കുന്ന ഒന്ന് തന്നെയാണ്. മലേഷ്യന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ഇസ്താന നഗേര 2011 നവംബര്‍ പതിനൊന്നിനാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1957 മുതല്‍ 2011 വരെ രാജാക്കന്മാരുടെ കൊട്ടാരമായി ഉപയോഗിച്ച് വന്നത് മലേഷ്യന്‍ സ്വതന്ത്ര ലബ്ദിക്ക് മുമ്പ് ചൈനീസ് കോടീശരന്‍ ചാള്‍വിംഗ് നിര്‍മിച്ച അദ്ദേഹത്തിന്റെ വസതിയായിരുന്നു. ഒമ്പത് ഭാര്യമാര്‍ക്കും അവരുടെ മക്കള്‍ക്കും വസിക്കാന്‍ കൊട്ടാര സാദൃശ്യമായ ഒമ്പത് മുറികളോട് കൂടിയ വീട് അദ്ദേഹം നിര്‍മിച്ചെങ്കിലും രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ മലേഷ്യ കീഴടക്കിയപ്പോള്‍ ഈ ഭവനവും അവരുടെ അധീനതയിലായി. ലോക യുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങി പിന്‍മാറിയതില്‍ പിന്നെ ചാള്‍വിംഗ് തന്റെ ഭവനം ബ്രിട്ടീഷുകാര്‍ക്ക് കൈമാറ്റം ചെയ്തു. 1957 ഓഗസ്റ്റ് 31 ന് മലേഷ്യ ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് സ്വതന്ത്രമായപ്പോള്‍ രാജാവിന്റെ ഔദ്യോഗിക കൊട്ടാരമായി ഈ ഭവനം മാറ്റുകയായിരുന്ന മലേഷ്യന്‍ സര്‍ക്കാര്‍. സ്വര്‍ണ്ണ കുബ്ബകളുടെ കാഴ്‌ച്ചോല്‍സവത്തില്‍ മനം മയങ്ങി തിരിച്ചു പോരവെ ഒരു ബ്രിട്ടീഷ് കുടുംബത്തെ പരിചയപ്പെട്ടു. തങ്ങളുടെ രാജ്യത്തിന്റെ അധീനതയിലുണ്ടായിരുന്ന ഇന്ത്യയും, മലേഷ്യയുമൊക്കെ ഒന്ന് ചുറ്റിക്കറങ്ങാന്‍ പുറപ്പെട്ടതാണിവര്‍. മലേഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞാല്‍ ഡിസംബറില്‍ ദൈവത്തിന്റെ സ്വന്തം നാട് കാണാനും അവരെത്തുമത്രെ. ദേശീയ യുദ്ധ സ്മാരകം അഥവാ രാജ്യത്തിന്റെ ആത്മാഭിമാനം കാക്കാന്‍ രക്തസാക്ഷികളായ പട്ടാളക്കാരുടെ ഓര്‍മക്കായ് നിര്‍മിച്ച സ്മാരകം കാണാനുള്ള ഞങ്ങളുടെ യാത്രയെ അവരും അനുഗമിച്ചു. മഹായുദ്ധകാലത്തു മാത്രമല്ല മലേഷ്യന്‍ എമര്‍ജന്‍സി കാലഘട്ടമായിരുന്ന 1948 മുതല്‍ 1960 വരെ രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ പതിനൊന്നായിരം ധീരഭടന്മാര്‍ക്കുള്ള സ്മാരക ചത്വരത്തില്‍ അമ്പത് അടിയോളം ഉയരമുള്ള കരിങ്കല്‍ സ്തൂപവും, സുന്ദരമായ തടാകവും, അലങ്കാര ചെടികള്‍ നിറഞ്ഞൊരു പൂന്തോട്ടവുമുണ്ട്. ചെകുത്താന്മാര്‍ക്ക് മേലെ ജനാധിപത്യം നേടിയ ധീര വിജയത്തെപ്രതീക വല്‍കരിച്ചുള്ള മലേഷ്യന്‍ പതാകയേന്തിയ ഏഴ് വെങ്കല പട്ടാള പ്രതിമകള്‍ മലേഷ്യന്‍ ജനതയുടെ രാജ്യാഭിമാന മുദ്രണമാണ്. ഓസ്ട്രിയന്‍ ശില്‍പി ഫെലിക്‌സ്് ഡിവെല്‍ഡനാണ് 1966 ല്‍ ഇതിന്റെ രൂപ കല്‍പന നിര്‍വ്വഹിച്ചത്. 1975 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് ഗോത്രവര്‍ഗ്ഗക്കാരുടെ നിരന്തരാക്രമണങ്ങള്‍ക്ക് മലേഷ്യന്‍ ജനത ഇരയാവേണ്ടി വന്നിട്ടുണ്ട്. പട്ടാളക്കാരുടെയും മലേഷ്യന്‍ ജനതയുടെയും ധീരമായ ചെറുത്തുനില്‍പാണ് അവരെ മലേഷ്യ വിടാന്‍ പ്രേരിപ്പിച്ചത്. 1975 ഓഗസ്റ്റ് 27 ന് കമ്മ്യൂണിസ്റ്റ് തീവ്രവാദികള്‍ സ്മാരകം ആക്രമിച്ചതിന് ശേഷം പുനര്‍മിര്‍മാണം നടത്തുകയായിരുന്നു. വെങ്കല പ്രതിമയുടെ പാശ്ചാത്തലത്തില്‍ ഇംഗ്ലീഷ് കുടുംബത്തോടൊപ്പം സെല്‍ഫിയെമെടുത്ത്(നാം മോദിയുടെ നാട്ടുകാരണെന്ന് ഊട്ടിയുറപ്പിക്കാന്‍ വേണ്ടി) ഞങ്ങളുടെ പ്രയാണം തുടര്‍ന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ കൊലാംലപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരോട്ടപ്രദിക്ഷണം മാത്രം നടത്തി നാഷണല്‍ മോസ്‌ക് കാണാനത്തുമ്പോള്‍ സന്ധ്യമയങ്ങാന്‍ തുടങ്ങിയരുന്നു. പതിമൂന്ന് ഏക്ര വിസ്തൃതതമായ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന മസ്ജിദ് നഗേരയുടെ നക്ഷത്ര മേല്‍ക്കൂര പ്രൗഡിയും പ്രതാപവുമുള്ള മൗറിഷ് ഇസ്‌ലാമിക വാസ്തു വിദ്യയുടെ നേര്‍ക്കാഴച്ചയാണ്. 15000 പേര്‍ക്ക് ഓരേ സമയം പ്രാര്‍ത്ഥന നടത്താന്‍ സൗകര്യമുള്ള നാഷണല്‍ മോസ്‌കില്‍ ലൈബ്രറിയും, മ്യൂസിയവും, സന്ദര്‍ശകര്‍ക്കുള്ള വിശ്രമ കേന്ദ്രവും ഉള്‍പെടുന്നു. മലേഷ്യന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച പള്ളി 1965 ഓഗസ്റ്റിലാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. ഷൂ അഴിച്ച വെച്ച് അംഗശുദ്ധി വരുത്താന്‍ അകത്ത് പ്രവേശിക്കാന്‍ മുതിര്‍ന്നപ്പോള്‍ റിസ യൂസഫ് എന്ന പോലീസുദ്യോഗസ്ഥന്‍ വന്നു തടഞ്ഞു നിര്‍ത്തി. മുസ്ലിമാണ് പ്രാര്‍ത്ഥന നടത്തണമെന്ന് പറഞ്ഞതില്‍ പിന്നെ സലാം പറഞ്ഞ് കൈപിടിച്ച് അകത്തേക്ക് കൂട്ടി കൊണ്ടുപോയി. അകത്ത് മൂന്ന് ഭാഗങ്ങളിലായി കുട്ടികള്‍ക്കുള്ള മതപഠനക്ലാസ് നടന്നു കൊണ്ടിരിക്കുന്നു. ആണ്‍കുട്ടികളും, പെണ്‍കുട്ടികളുമെല്ലാം നിലത്ത് ചമ്രം പടിഞ്ഞിരുന്ന് അധ്യാപകനെ സാകൂതം ശ്രവിക്കുന്നു. ഒരു കൂട്ടത്തില്‍ പോയിരിക്കുകയും അധ്യാപകനെ പരിചയപ്പെടുകയും അവരോടൊപ്പം കുറഞ്ഞ സമയം ചിലവിടുകയും ചെയ്ത ശേഷം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പകലിനെ ഇരുട്ട് വിഴുങ്ങിയിരുന്നു. പള്ളിയല്‍ നിന്ന് കിട്ടിയ ഈത്തപ്പഴവും പച്ച വെള്ളവും കഴിച്ച് നാവില്‍ വന്ന ഇശലും മൂളി സാവധാനം ബസില്‍ വന്ന് കയറിയപ്പോള്‍ സഹയാത്രികരുടെയും ഗൈഡിന്റെയും ശകാര വര്‍ഷം. ഒരു മണിക്കൂറിലതികം മസ്ജിദ് നഗേരയില്‍ ചിലവഴിച്ചെന്ന് അപ്പോഴാണറിയുന്നുത്. ഇരുട്ടിന് മേല്‍ ആധിപത്യം സ്ഥാപിച്ച നഗര വിളക്കുകള്‍ താണ്ടി ബസ് കുതിച്ചു പായാന്‍ തുടങ്ങി. കെളാഗ് ലാമയിലെ പേള്‍ ഇന്റെര്‍ നാഷണല്‍ ഹോട്ടലിലെത്തുമ്പോള്‍ രാത്രി ഒമ്പത് മണി പിന്നിട്ടിരുന്നു. മലേഷ്യന്‍ വിഭവങ്ങളടങ്ങിയ അത്താഴവും കഴിച്ച് കിടന്നതേ ഓര്‍ക്കുന്നൊള്ളൂ സ്വസ്ത്വം സുഖനിദ്ര…..
കൊലാലംപൂര്‍
പുതപ്പിനുള്ളിലേക്ക് അരിച്ചു കയറുന്ന തണുപ്പോടെയാണ് ഈ ദിവസത്തിന്റെ തുടക്കം. ഉണര്‍ന്നെങ്കിലും ഒരിക്കല്‍ കൂടി തലക്ക് മീതെ പുതപ്പ് വലിച്ചിട്ട് ഉറങ്ങാനുള്ള ശ്രമം നല്ലവനായ സഹമുറിയന്‍ തടസ്സപ്പെടുത്തി. അമ്പരചുമ്പിയായ ഹോട്ടലിന്റെ പതിനെട്ടാം നിലയിലെ 1527-ാം നമ്പര്‍ മുറിയില്‍ നിന്ന് ജാലകപ്പാളി തുറന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ പ്രഭാതം മഞ്ഞ് പുതപ്പിനാല്‍ മൂടിയിരിക്കുന്നു. അകലെ കുട്ടികള്‍ തീക്കായുന്നത് കണ്ടപ്പോള്‍ ഇന്നലകളിലേക്ക് മനസ്സുപാഞ്ഞു. പണ്ട് ഡിസംബറിന്റെ മരം കോച്ചുന്ന തണുപ്പില്‍ ചമ്മല്‍ കൂട്ടിയിട്ട് കത്തിച്ച് ചുറ്റും വട്ടം കൂടിനിന്ന് തണുപ്പകറ്റിയ കുട്ടിക്കാലം മനസ്സിനെ ഇക്കിളിപ്പെടുത്തി. വിശാലമായ കുളിമുറിയില്‍ ചൂടുവെള്ളമുണ്ടായിട്ടും തണുത്ത വെള്ളത്തില്‍ തന്നെ ശരീരത്തോടൊപ്പം മനസും കുളിച്ചു. പ്രാതലിനായി ഭക്ഷണഹാളിലെത്തിയപ്പോഴേക്കും അവിടമൊരു സമ്മേളന ഹാള്‍പോലെ നിറഞ്ഞു തുളുമ്പുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍. പലയിനം സംസ്‌കാര വാഹകര്‍, വിവിധങ്ങളായ ഭോജന രീതികള്‍, സസൂക്ഷമം വീക്ഷിക്കുന്നവര്‍, അത്ഭുതം കൂറും. ബ്രഡില്‍ ജാം പുരട്ടി കഴിച്ച് വെളിയിലിറങ്ങിയപ്പോഴുണ്ട് പരമേശ്വരി വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞു തുള്ളുന്നു. പുറപ്പെടാന്‍ വൈകിയതിന്റെ പുകിലിലാണവള്‍. ക്ലാംഗ് ലാമയില്‍ നിന്ന് കൊലാലംപൂരിലേക്ക് മുപ്പത് മിനുട്ടിന്റെ യാത്രാ ദൂരമുണ്ട്. ഭൂത കലാം കാര്‍ക്കിച്ച് തുപ്പിയ പഴയ വിമാനത്താവളത്തിന്റെ ഓരത്തുകൂടിയാണ് ഞങ്ങളുടെ യാത്ര. നീണ്ടു നിവര്‍ന്നു കിടക്കുന്ന ആ പഴയ ആകാശപ്പറവകളുടെ കേന്ദ്രത്തില്‍ മലേഷ്യന്‍ വ്യാമോസേനയുടെ രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ വിശന്ന് പരവശായ പക്ഷികളെ പോലെ നില്‍ക്കുന്നു. മലേഷ്യയുടെ തലസ്ഥാന നഗരമാണ് കൊലാലംപൂര്‍. തികഞ്ഞൊരു പാശ്ചാത്യന്‍ നഗരം കണക്കെ ഇന്നും കുതിച്ചുകൊണ്ടിരിക്കെയാണിവിടം.
ക്ലാംഗ്- ഗോബക്ക് നദികള്‍ കൂടിച്ചേരുന്ന അഴിമുഖ നഗരമാണ് കൊലാലംപൂര്‍. ചെളി നിറഞ്ഞ് കിടന്നിരുന്ന ഈ നദിക്കരകള്‍ ക്ഷിപ്രവേഗത്തിലാണ് പുരോഗതി പ്രാപിച്ചത്. ഇന്നൊരു വന്‍ വ്യവസായ നഗരമായി മാറിയിട്ടുണ്ട് ഇവിടം. പുത്രജയ നഗരം പോലെ സര്‍ക്കാര്‍ ഉത്തരവിന്‍ മേലെയല്ല പാര്‍ക്കുന്ന ജനതയുടെ മനസിലാണീ പട്ടണം ഉരുവം കൊണ്ടത്. 1887 ല്‍ രാജാജുമാഅത്ത് ചൈനക്കാരുടെ സഹായത്തോടു കൂടി ഇവിടെ തുടങ്ങിയ ടിന്‍ മൈനിഗാണ് കൊലാലംപൂരിന്റെ പരിവര്‍ത്തനത്തിന്റെ കവാടം. രാജാ അബ്ദുള്ളയും, ബ്രിട്ടീഷ് റസിഡന്റായി നിയമിതനായ ഫ്രാങ്ക് സ്വിറ്റിന്‍ ഹാമും ഈ പട്ടണത്തിന്റെ ആധുനിക വല്‍കരണത്തില്‍ വ്യാപൃതരായി. വളര്‍ച്ചയുടെ പടവുകളില്‍ തോട്ടങ്ങളും, വ്യവസായങ്ങളും പെരുത്തുവന്നു. ടിന്‍ കയറ്റുമതിയില്‍ ദൂരങ്ങള്‍ താണ്ടി. 1890ല്‍ ഇംഗ്ലീഷ് സ്‌കൂളുകളും മുന്തിയ സര്‍ക്കാറാപ്പീസുകളും സ്ഥാപിച്ചു ക്രമേണ നഗരത്തിലെ ജനസംഖ്യ കൂടി വന്നു. 1929 ല്‍ ആദ്യത്തെ റേഡിയോ സ്റ്റേഷന്‍ സ്ഥാപിച്ചു രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാന്‍ കൊലാലംപൂരിനെ ആക്രമിക്കുകയും പിടിച്ചടക്കുകയും ചെയ്‌തെങ്കലും യുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയതോടെ കൊലാലംപൂര്‍ വീണ്ടും ബ്രിട്ടീഷ് അധീനതയിലായി. 1948 ല്‍ പ്രവശ്യകള്‍ ചേര്‍ന്ന് മലായ് ഫെഡ്‌റേഷനുണ്ടാക്കി. 1957 ഓഗസ്റ്റ് 31ന് മെര്‍ദ്ധേക്കാ സ്റ്റേഡിയത്തില്‍ വെച്ചാണ് ഒരു തുള്ളി ചോരപോലും ചിന്താതെ നേടിയ സ്വാതന്ത്ര്യം തുങ്കു അബുദുറഹ്മാന്‍ പുത്ര അല്‍ഹാജ് കൈ പറ്റിയത്. അതേ വര്‍ഷം തന്നെയാണ് മലേഷ്യന്‍ സര്‍വ്വകലാശാല സ്ഥാപിതമായതും. യാത്രയിലെന്റെ ഉല്‍ക്കടമായ ആഗ്രഹമായിരുന്നു സര്‍വകലാശാല സന്ദര്‍ശിക്കണമെന്നത് അവിടെത്തെ എന്റെ സുഹൃത്തുക്കള്‍ നിരന്തരം വിളിക്കുന്നുമുണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ എനിക്കതിന് സാധിച്ചില്ലെന്നത് ഖേദത്തോടേ വെളിപ്പെടുത്തട്ടെ.
ചരിത്രത്തില്‍ നിന്ന് ചരിത്രത്തിലേക്ക് അതിവേഗം സഞ്ചരിക്കുന്ന നഗരമാണ് കൊലാലംപൂര്‍. പുന്തോട്ടങ്ങളുടെ നഗരം എന്നറിയപ്പെട്ടിരുന്ന കൊലാലംപൂര്‍ ഇന്ന് സമുഛയങ്ങളുടെ നഗരമാണ്. പാശ്ചാത്യന്‍ രീതിയിലുള്ള അമ്പരചുമ്പികളായ ഫ്‌ളാറ്റുകളും, മാളുകളും, വില്ലകളും, ടവറുകളും നിരനിരയായി ഉയര്‍ന്ന് നില്‍ക്കുന്നു. മലേഷ്യയുടെ സാമ്പത്തിക സ്രോതസ്സിന്റെ ഉറവിടവും ഈ നഗരം തന്നെയാണ്. മലേഷ്യയുടെ ഓദ്യോഗിക മതം ഇസ്ലാമണെങ്കിലും കൊലാലംപൂര്‍ എല്ലാവരേയും ഊട്ടി വളര്‍ത്തുന്നു. അസഹിഷ്ണുതയുടെ ഒരു പൊട്ട് പോലും എവിടെയും കാണാനും കേള്‍ക്കാനുമില്ല. ഹിന്ദുക്കളും ബുദ്ധരും ചൈനീസ് വംശജരും സ്‌നേഹത്തോടെ കഴിഞ്ഞ് കൂടുന്നു. ശരീരം മുഴുവന്‍ മൂടിയ മുസ്‌ലിം പെണ്‍കുട്ടികളും അല്‍പ വസ്ത്രം മാത്രം ധരിച്ച ചൈനീസ് വംശജരമായ പെണ്‍കുട്ടികളും തോളോടു തോള്‍ ചേര്‍ന്ന് ഷോപ്പിംഗ് മാളുകളില്‍ ചുറ്റിക്കറങ്ങുന്നു. ആപീസുകളില്‍ ജോലി ചെയ്യുന്നു. മത സൗഹാര്‍ദ്ദം എന്താണെന്ന് ഇവിടെ നിന്ന് പഠനം നടത്താവുന്നതാണ്. കൊലാലംപൂര്‍ സിറ്റി ഗാലറിയും, ഇന്റിപ്പെണ്ടന്റ് സ്‌ക്വയറും, ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയവും ഞങ്ങള്‍ സന്ദര്‍ശിച്ചു. സിറ്റി ഗാലറിയിലെ കാഴ്ച്ചകള്‍ വിസ്മയകരമായിരുന്നു. കൊലാലംപൂര്‍ നഗരത്തിന്റെ നിംനോനതങ്ങള്‍ പരിചയപ്പെടുത്തുന്ന സിറ്റിമാപ്പ് കൗതുകകാഴ്ച്ചയാണ്. ഇടയ്ക്ക്‌വെച്ച് ഷോപ്പിംഗിനായി നഗരത്തിലെ കറക്കം മറക്കാന്‍ കഴിയാത്ത അനുഭവമായി ജീവിതത്തിലുണ്ടാവും. വൃത്തിയുടെ കാര്യത്തില്‍ ഞാനിന്നോളം ഇത്ര സൂക്ഷ്മത കണ്ടിട്ടില്ല. സിമന്റിട്ട് തയ്യാറാക്കിയ ഓവ് ചാലിലൂടെ ഒഴുകുന്ന വെള്ളത്തിന് പോലും തെളിഞ്ഞ നിറം. ഒരു തുണ്ട് പേപ്പര്‍ പോലും അലക്ഷ്യമായി എവിടെയും നിക്ഷേപിച്ചതായി കണ്ടില്ല. അതിലെറെ അത്ഭുതപ്പെടുത്തിയത് പൊതുസ്ഥലത്ത് പുകവലി നിരോധിക്കാത്ത നഗരത്തില്‍ വിലിക്കുന്നവരുണ്ടെങ്കിലും പാതയോരങ്ങളില്‍ ഒരു കുറ്റിയും ആരും മറന്ന് പോലും വലിച്ചെറിയുന്നില്ല. നിശ്ചിത ദൂരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചവറു കൊട്ടകളുടെ മുകളില്‍ സിഗററ്റ് കുത്തികെടുത്താനുള്ള കറുത്ത മണലും കാണാം. നടത്തത്തിനിടയില്‍ ദാഹമകറ്റാന്‍ വെള്ളകുപ്പി വാങ്ങി പണം കൊടുത്തപ്പോള്‍ കയ്യ് വിറച്ചു ഒരു ലിറ്റര്‍ വെള്ളത്തിന് 5 റിങ്കറ്റ് അഥവാ 75 ഇന്ത്യന്‍ രൂപ. അത് പിന്നീട് കൗതുകത്തിന് വഴിമാറി ഒരു ലിറ്റര്‍ പെട്രോളിന് 2. 1/2 റിങ്കറ്റ് മാത്രമാണിവിടെ. പെട്രോളിനെക്കാള്‍ വില വെള്ളത്തിന്. ഞങ്ങള്‍ പിടിച്ച ടാക്‌സിയുടെ വാടകയില്‍ അതു നിഴലിച്ച് കാണുകയും ചെയ്തു. അങ്ങിനെ മലേഷ്യയിലെ ഒരു സൂര്യന്‍ കൂടി പടിഞ്ഞാറസ്തമിച്ചു. ഇരുട്ടില്‍ സഹയാത്രികര്‍ ഡാന്‍സ് ബാറും, ബീച്ച്ക്ലബ്ബും തേടി പുറപ്പെട്ടപ്പോള്‍ കൂടെ ഞാനും യാത്രയായി. വെളിച്ചമില്ലാ വെളിച്ചത്തില്‍ നടക്കുന്ന ചൈനീസ് ഡാന്‍സും യുറോപ്യന്‍ സംഗീതവും നിര്‍വികാരനായി നോക്കിക്കണ്ട് ഹോട്ടലിലേക്ക് തിരിച്ചു.
മലേഷ്യന്‍ യാത്രയിലെ അവസാന ദിവസം കൊലാലംപൂര്‍ ടവറിലാണ് തുടങ്ങിയത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ എഴാമത്തെ ടെലി കമ്മ്യുണിക്കേഷന്‍ ടവറാണ് മിനാര കൊലാലംപൂര്‍. 421 മീറ്റര്‍ ഉയരത്തില്‍ ആകാശത്തേക്ക് എഴുന്നേറ്റ്് നില്‍ക്കുന്ന കെ.എല്‍.ടവര്‍ മുന്‍ പ്രധാനമന്ത്രി മുഹാതിര്‍ബിന്‍ മുഹമ്മദിന്റെ ദീര്‍ഘ വീക്ഷണത്തില്‍ രൂപം കൊള്ളുകയും വാര്‍ത്ത വിതരണ രംഗത്ത് വന്‍ പരിവര്‍ത്തനത്തിന് ഹേതുവാകുകയും ചെയ്തു. കെ.എല്‍ ടവറിന്റെ മുകളില്‍ കയറാനുള്ള സഞ്ചാരികളുടെ നീണ്ട വരിയാണ് ഞങ്ങളെ എതിരേറ്റത്. സുന്ദരികളായ ജോലിക്കാരെ സ്വാധീനിച്ച് ഗൈഡ് അതിവേഗം കാര്യം സാധിച്ചു. ലിഫ്റ്റ് ശരവേഗത്തില്‍ ഞങ്ങളേയും കൊണ്ട് ഉച്ചിയിലെത്തി. ടവറിനു മുകളില്‍ നിന്നുള്ള കൊലാലംപൂര്‍ നഗരത്തിന്റെയും ചുറ്റുപാടുകളുടെയും പനോരിമിക് വ്യൂ വിസ്മയാവഹം തന്നെ. ഇവിടെത്തെ കറങ്ങുന്ന ഹോട്ടല്‍ ലോകപ്രശസ്തമാണ്. 1996 ല്‍ ഉദ്ഘാടനം ചെയ്ത ടവര്‍ വാനനിരീക്ഷണത്തിന് അഥവാ ഇസ്‌ലാമിക കലണ്ടര്‍ വര്‍ഷത്തിലെ മാസങ്ങളുടെ തുടക്കം നിര്‍ണയിക്കാനും മലേഷ്യന്‍ സര്‍ക്കാര്‍ ആശ്രയിച്ചു വരുന്നു. ലോക സാമ്പത്തിക ഭൂപടത്തില്‍ മലേഷ്യ നേടിയ പുരോഗതിയുടെയും നേട്ടങ്ങളുടെയും അടയാളമായി നിലകൊള്ളുന്ന പെട്രോനാസ് ട്വിന്‍ ടവറിലേക്കായിരുന്നു പിന്നീട് ഞങ്ങളുടെ യാത്ര. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചയാണിത്. 452 മീറ്റര്‍ ഉയരമുള്ള ഇരട്ട ഗോപുരം ലോകത്തിലെ ഏറ്റവും വലിയ ട്വിന്‍ ടവറാണ്. ആകാശം മുട്ടി നില്‍ക്കുന്ന ഈ ഗോപുരത്തിന്റെ പുറം കാഴ്ച്ച നിര്‍മിതിയിലെ കലാവൈഭവം കൊണ്ട് ഹൃദയം കവരും. 1996 ല്‍ തന്നെയാണ് ഇതിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. മലേഷ്യന്‍ എണ്ണകമ്പനിയായ പെട്രോണാസിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ടവറിലെ പാലത്തില്‍ നിന്നുള്ള ആകാശക്കാഴ്ച്ച അനുഭൂതിയുടെ ലഹരി പിടിപ്പിക്കും. ഇവിടെത്തെ സൂര്യ കെ.എല്‍.സി.സി ഷോപ്പിംഗ് ലോകത്തെ വിപ്ലവമാണ്. അണ്ടര്‍ വേള്‍ഡ് ഫിഷ് അക്വാറിയവും സയന്‍സ് എക്‌സിപ്ഷന്‍ സെന്ററും കണ്ണും മനസും നിറഞ്ഞ കാഴ്ച്ച വിരുന്നുകളായിരുന്നു ഞങ്ങള്‍ക്ക്. ഇനിയുമൊരുപാട് കാണാനും അനുഭവിക്കാനും ബാക്കികിടപ്പുണ്ട് മലേഷ്യയിലങ്ങോളമിങ്ങോളം. പക്ഷെ അഞ്ച് ദിവസത്തെ മലേഷ്യന്‍ സന്ദര്‍ശനം ഇന്നവസാനിക്കുകയാണ്. ടൈം സ്‌ക്വറിയിലെ ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സൂര്യന്‍ പൊന്‍ വെളിച്ചം പൊഴിക്കാന്‍ തുടങ്ങിയിരുന്നു. തിരിച്ചുപോക്കിന്റെ ആലസ്യത്തില്‍ ബസിന്റെ പടികയറുമ്പോള്‍ മെലേ പാലത്തിലൂടെ മെട്രോ ട്രൈന്‍ ചീറിപ്പായുന്നുണ്ടായിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ വഴികാട്ടി പരമേശ്വരിയുടെ മുഖം മ്ലാനമായി കാണപ്പെട്ടു. അവളുടെ സംസാരത്തിന്റെ ചടുലതക്കെന്തോ വാട്ടം പിടിച്ചപോലെ ഇടയ്‌ക്കെപ്പോഴോ പുറത്ത് മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. കൃത്യമായ ഇടവേളകളിലുള്ള വര്‍ഷപാതം ഈ നാടിന്റെ അനുഗ്രഹമാണ്. കുന്നും, മലയും, മരങ്ങളും, പച്ചപ്പാര്‍ന്ന പറമ്പുകളും കേരളത്തെ പോലെ പ്രകൃതിരമണീയം. അല്ലെങ്കിലും കേരളവും പ്രത്യേകിച്ച് മലബാറും മലേഷ്യയും തമ്മില്‍ അറുത്ത് മാറ്റാന്‍ സാധിക്കാത്ത സുദൃഢമായൊരു ബന്ധമുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വാണിജ്യ ബന്ധമുണ്ട് നമുക്കവരുമായി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷവും പിന്നീട് 921 ലെ മലബാര്‍ കലാപാനന്തരവും ആയിരങ്ങളാണ് ഇവിടേക്ക് കുടിയേറിപ്പാര്‍ത്തത്. കുടിയേറിയ മലബാര്‍ മുസ്‌ലിംങ്ങള്‍ ഈ നാടിന്റെ രാഷ്ട്രീയ സാസംകാരിക വ്യാപാര ഇടങ്ങളില്‍ ഇഴകി ചേര്‍ന്ന് മലേഷ്യയുടെ പുരോഗതിയോടൊപ്പം സഞ്ചരിച്ചു. അധികാരികളുടെ പ്രത്സോഹനവും കൂടിയായപ്പോള്‍ ഈ മണ്ണിന്റെ സംസ്‌കൃതിയില്‍ ലയിച്ചു ചേര്‍ന്ന അവര്‍ വ്യാപാര പ്രമുഖരും, രാഷ്ട്രീയ നേതാക്കളും, പണ്ഡിതന്മാരുമായി. ആക്കൂട്ടത്തില്‍ പ്രമുഖനായ ഇസ്‌ക്കന്തര്‍ മുഹമ്മദിന്റെ മകനാണ് ഒരു വ്യാഴവെട്ടക്കാലം പ്രധാനമന്ത്രിയായി മലേഷ്യയെ ആധുനികവല്‍ക്കരിച്ച മുഹാതിര്‍ മുഹമ്മദ്.
വിമാനത്താവളത്തിലെത്തുമ്പോള്‍ മലേഷ്യന്‍ സമയം 6 മണി. പരിശോധനകളെല്ലാം കഴിഞ്ഞ് ഗൈഡിനോട് സ്‌നേഹം കലര്‍ന്നൊരു യാത്ര പറച്ചില്‍, അകത്തെ ഷോപ്പില്‍ നിന്ന് പഞ്ചാബിച്ചോറും പാര്‍സല്‍ വാങ്ങി അന്താരാഷ്ട്ര ടെര്‍മിനിലിലെ പുറപ്പെടല്‍ ലോബിയിലേക്ക് പെട്ടിയും വലിച്ച് നടക്കുമ്പോള്‍ കഴിഞ്ഞ അഞ്ച് ദിവസത്തെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു കണ്ണ് നിറയെ, കൃത്യം 8.20 ന് മലേഷ്യയോട് സലാം പറഞ്ഞ് വിമാനം പറന്നുയര്‍ന്നു. താഴെ കൊലാലംപൂരിന്റെ രാത്രക്കാഴ്ച്ചകള്‍ ദീപാലകൃതം…..