Articles
ഫ്രീ ബേസിക്‌സ് എന്ന ആട്ടിന്‍തോല്‍!
ഇന്റര്‍നെറ്റ് സമത്വം (net neutrality) തകര്‍ക്കാനുള്ള നീക്കങ്ങള്‍ പല കോണുകളിലും കൊണ്ടുപിടിച്ചു നടക്കുകയാണല്ലോ. ഫേസ്ബുക്ക് അവതരിപ്പിച്ച “ഇന്റര്‍നെറ്റ് ഫ്രീ ബേസിക്‌സ്” പദ്ധതിയാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. ഇന്ത്യയില്‍ റിലയന്‍സുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കാനിരിക്കുന്നത്. ഇന്റര്‍നെറ്റ് സമത്വത്തെ തകര്‍ക്കുന്ന ഇത്തരം ഫ്രീ ബേസിക്‌സ് തന്ത്രങ്ങള്‍ തത്കാലം നടപ്പിലാക്കേണ്ടെന്നും നിലവിലുള്ള സ്ഥിതി തുടരണമെന്നുമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ ഇപ്പോഴത്തെ തീരുമാനം. ഇന്റര്‍നെറ്റ് സമത്വം ഒഴിവാക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രായിക്ക് അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാന തീയതി ജനുവരി ഏഴ് ആയിരുന്നു. അനുകൂലമായി അഭിപ്രായങ്ങള്‍ ട്രായിക്ക് ലഭിക്കാന്‍ വേണ്ടി ഫേസ്ബുക്ക് കൊണ്ടുവന്ന ഇന്റര്‍നെറ്റ് ഫ്രീ ബേസിക്‌സിനെതിരെ മറു ക്യാമ്പയിന്‍ നടത്തിയതിനെ തുടര്‍ന്ന് ട്രായിക്ക് ലക്ഷക്കണക്കിന് പരാതികളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള സ്ഥിതി തുടരാന്‍ തീരുമാനിച്ചത്. ടെലികോം അതോറിറ്റി ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടില്ലാത്തതിനാല്‍ ഭീഷണി ഒഴിവായിട്ടില്ല.
ഫ്രീ ബേസിക്‌സ് ക്യാമ്പയിന്റെ പ്രചരണത്തിന് വേണ്ടി, പ്രമുഖ ദേശീയ പത്രങ്ങളിലെ മുഴുനീള പരസ്യമുള്‍പ്പെടെ, ഫേസ്ബുക്ക് ഇന്ത്യയില്‍ മാത്രം ചെലവിട്ടത് 300 കോടി രൂപയിലേറെയാണെന്ന് അറിയുമ്പോഴാണ് ഈ സൗജന്യത്തിനു പിന്നിലെ അപകടം എത്രമാത്രം വലിയതാണെന്ന് മനസ്സിലാകുന്നത്. ഇത്രയും വലിയ ഒരു തുക ചെലവഴിച്ച് ഫേസ്ബുക്ക് മേധാവി സുക്കന്‍ബര്‍ഗ് ഇന്ത്യയിലെ ഒരു ബില്യനോളം വരുന്ന ജനതക്ക് നെറ്റ് പാക്കേജുകള്‍ ഒന്നും സബ്‌സ്‌ക്രൈബ് ചെയ്യാതെ തന്നെ നിശ്ചിത സൈറ്റുകള്‍ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിക്ക് പുറപ്പെടുമ്പോള്‍ അതിനുപിന്നില്‍ ഗൂഢോദ്ദേശ്യങ്ങള്‍ ഉണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഇത്തരം സൗജന്യങ്ങള്‍ക്ക് പിന്നില്‍ വന്‍ഗൂഢാലോചനകള്‍ തന്നെയുണ്ടെന്നാണ് നാസ്സ്‌കോമിനെ (നാഷനല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ്) പോലെയുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് കൊണ്ടുവന്ന ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ മറ്റൊരു രൂപമാണ് ഫ്രീ ബേസിക്‌സ് എന്നതാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇന്റര്‍നെറ്റ് സമത്വത്തിനെതിരെയുള്ള നീക്കങ്ങള്‍ക്കെതിരെ ഉപയോക്താക്കളെ ബോധവാന്മാരാക്കുന്നതില്‍ സ്വതന്ത്ര ഇന്റര്‍നെറ്റ് വക്താക്കള്‍ വിജയിച്ചതോടെയാണ് ഫ്രീ ബേസിക്‌സ് എന്ന പുതിയ പദ്ധതിയുമായി ഫേസ്ബുക്ക് രംഗത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്ക് ആസ്ഥാനത്ത് വെച്ച് പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഡിജിറ്റല്‍ ഇന്ത്യയെ അനുകൂലിച്ച് ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ ത്രിവര്‍ണമാക്കാന്‍ ഉപയോഗിച്ച കോഡിംഗും ഇന്റര്‍നെറ്റ് സമത്വത്തിനെതിരെ ഫേസ്ബുക്ക് കൊണ്ടുവന്ന ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ കോഡിംഗും ഒരേ പേരിലാണെന്നത് ശ്രദ്ധിക്കണം. ലക്ഷക്കണക്കിന് ആളുകളാണ് ഇതുവഴി പ്രൊഫൈല്‍ പിക്ചര്‍ ത്രിവര്‍ണമാക്കി മാറ്റിയത്. സംഗതി വിവാദമായപ്പോള്‍ അത് ഒരു ഗൂഢാലോചനയുടെ ഭാഗമല്ലെന്നും കോഡിംഗ് ചെയ്ത് എന്‍ജിനീയര്‍ അങ്ങനെ ഒരു പേര് നല്‍കിയതാണെന്നും വിശദീകരിക്കുകയായിരുന്നു സുക്കര്‍ബര്‍ഗ്.
ഇന്ത്യയില്‍ ഫ്രീ ബേസിക്‌സ് അപകടത്തിലാണെന്നും ഇതിനെ രക്ഷിക്കാന്‍ ട്രായിക്ക് ഇമെയില്‍ അയക്കണമെന്നുമുള്ള നോട്ടിഫിക്കേഷന്‍ അയച്ചാണ് ഫേസ്ബുക്ക് സേവ് ഫ്രീ ബേസിക്‌സ് ക്യാമ്പയിന്‍ നടത്തിയത്. ഇതനുസരിച്ച് ട്രായിക്ക് മെയില്‍ അയക്കാനും ഫേസ്ബുക്ക് അഭ്യര്‍ഥിച്ചു. ഇന്റര്‍നെറ്റിനെ സംരക്ഷിക്കാനുള്ളതാണിതെന്ന് തെറ്റിദ്ധരിച്ച് പലരും മെയില്‍ അയക്കുകയും ചെയ്തു. ഫ്രീ ബേസിക്‌സിനെ അനുകൂലിച്ച് ഒരാള്‍ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍ നിന്ന് മെയില്‍ ചെയ്താല്‍ അയാളുടെ ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ക്കും നോട്ടിഫിക്കേഷന്‍ വരുന്ന രീതിയിലായിരുന്നു ഫേസ്ബുക്ക് ക്രമീകരിച്ചത്. പലരും ഫേസ് ബുക്കിന്റെ ഈ കെണിയില്‍ വീണു എന്നതാണ് സത്യം. തിരഞ്ഞെടുത്ത ചില സൈറ്റുകള്‍ സൗജന്യമായി ഒരു ഉപഭോക്താവിന് നല്‍കുക എന്നതാണ് ഫ്രീ ബേസിക്‌സിലൂടെ ഫേസ്ബുക്ക് ലക്ഷ്യം വെക്കുന്നത്. ജീവിതോപാധികളുമായി ബന്ധപ്പെട്ട സൈറ്റുകളായിരിക്കും അത്. 2ജിയിലും പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് ലൈറ്റ്, മെയില്‍, ലൈഫ് ടൂള്‍സ് ഇങ്ങനെ. ഈ സേവനങ്ങളൊക്കെ സൗജന്യമായി ലഭിക്കുന്നത് നല്ലതല്ലേ എന്ന ഒരു ചിന്തയുടെ അടിസ്ഥാനത്തിലാണ് പലരും ഫേസ്ബുക്ക് അഭ്യര്‍ഥിച്ചതുപോലെ ട്രായിക്ക് മെയില്‍ ചെയ്യാന്‍ തയ്യാറായത്. പക്ഷേ, ഇതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഹിഡന്‍ അജന്‍ഡ മനസ്സിലാക്കുന്നതില്‍ പലരും പരാജയപ്പെടുകയായിരുന്നു.
യഥാര്‍ഥത്തില്‍ കോടിക്കണക്കിന് കമ്പ്യൂട്ടറുകളുടെ ശൃംഖലയായ ഇന്റര്‍നെറ്റില്‍ പ്രവേശനത്തിന് അനുമതി നല്‍കുക എന്നത് മാത്രമാണ് ഐ എസ് പികളുടെ (ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ്) ധര്‍മം. ഈ അനുമതി ഉപയോഗിച്ച് കോടിക്കണക്കിന് സൈറ്റുകളില്‍ നിന്ന് വിവരശേഖരണം നടത്തുന്നതും മറ്റ് വിനോദോപാധികള്‍ ആസ്വദിക്കുന്നതും ഉപഭോക്താവിന്റെ താത്പര്യമനുസരിച്ചാണ്. ഇതിന് പകരം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കുമ്പോഴോ, ഇ-കൊമേഴ്‌സ് സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിനോ ശ്രമിക്കുമ്പോള്‍ “സോറി, നിങ്ങള്‍ക്ക് സൗകര്യം ലഭ്യമല്ല”, അല്ലെങ്കില്‍ “ഇതിനായി നിങ്ങള്‍ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു പാക്കേജ് സബ്‌സൈക്രൈബ് ചെയ്യണം” എന്ന പറയാനുള്ള അവകാശം സ്ഥാപിച്ചെടുക്കുകയാണ് ഐ എസ് പികളുടെ ലക്ഷ്യം. ഇപ്പോള്‍ ഇവിടെ ഫേസ്ബുക്ക് ചെയ്യാന്‍ ശ്രമിച്ചതും അതുതന്നെയാണ്. അതായത് നിലവിലുള്ള ഒരു സംവിധാനം കുറച്ച് “സൗജന്യങ്ങള്‍” നല്‍കി തകര്‍ക്കാനുള്ള വളരെ ലളിതമായ തന്ത്രം. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാല്‍ “ഞെക്കി” കൊല്ലാന്‍ കഴിയാത്തതിനെ “നക്കി” കൊല്ലുക തന്നെ.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ കൂടുതല്‍ പേരും സോഷ്യല്‍ മീഡിയ സൈറ്റുകളാണ് ഉപയോഗിക്കുന്നത്. സ്വന്തം ആശയങ്ങളും ആദര്‍ശങ്ങളും കൈമാറാനും വാര്‍ത്തകള്‍ പരസ്പരം പങ്കുവെക്കാനുമെല്ലാം സാമൂഹിക മാധ്യമങ്ങളെയാണ് ഇന്ന് പലരും ആശ്രയിക്കുന്നത്. ഇത്തരം സാമൂഹികമാധ്യമങ്ങള്‍ ആദ്യം സൗജന്യമായി നല്‍കുകയും പിന്നീട് ഇതിന് ചെറിയ തുക ഈടാക്കുകയും ചെയ്യുക എന്ന വളരെ തന്ത്രപരമായ നീക്കമാണ് ഫേസ്ബുക്ക് ഫ്രീ ബേസിക്‌സ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ഇന്റര്‍നെറ്റ് പാക്കേജ് സബ്‌സ്‌ക്രൈബ് ചെയ്താലും സാമൂഹികമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയവ ഉപയോഗിക്കാന്‍ വേറെ പണം നല്‍കേണ്ടിവരും. എന്നു മാത്രമല്ല വീഡിയോ കാണുക, ഇ-കൊമേഴ്‌സ് സൈറ്റുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുക തുടങ്ങിയ സേവനങ്ങള്‍ക്ക് പ്രത്യേകം പണം ചെലവഴിക്കേണ്ടിവരും. അല്ലെങ്കില്‍ ഇതിനൊക്കെ പ്രത്യേക നിരക്കുകള്‍ നല്‍കേണ്ടിവരും. താന്‍ പണം ചെലവഴിച്ച് സ്വന്തമാക്കിയ ഡാറ്റ ഉപയോഗിച്ച് ആയിരക്കണക്കിന് ഇന്റര്‍നെറ്റ് സൈറ്റുകളില്‍ ഇഷ്ടമുള്ളത് സന്ദര്‍ശിക്കാനും വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവ ഡൈണ്‍ലോഡ് ചെയ്യാനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം പാക്കേജുകള്‍.
ടെലിവിഷനിലെ പേ ചാനലുകള്‍ പോലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിവിധ തട്ടുകളിലാക്കി തരം തിരിച്ച് ഓരോന്നിനും പ്രത്യേകം വിലയീടാക്കി തങ്ങളുടെ ലാഭം വര്‍ധിപ്പിക്കുകയെന്നതാണ് ഇതുകൊണ്ട് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലക്ഷ്യം വെക്കുന്നത്. ഏതായാലും ഒരു കാര്യം വളരെ വ്യക്തമാണ്. ഇന്റര്‍നെറ്റ് സമത്വം തകര്‍ക്കുക എന്നത് വന്‍കിട ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സിന്റെ ദീര്‍ഘകാലമായുള്ള ലക്ഷ്യമാണ്. അതിനു വേണ്ടി സ്വീകരിച്ച പല വഴികളിലൊന്നാണ് ഫ്രീ ബേസിക്‌സ്. ഈജിപ്തിനെ പോലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ഇത്തരം പദ്ധതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ടെലികോം കമ്പനിയായ ഇത്തിസാലാത്തുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് ഈജിപ്തില്‍ രണ്ടുമാസത്തോളം ഈ പദ്ധതി നടപ്പാക്കിയിരുന്നത്. 30 ലക്ഷത്തോളം ഈജിപ്തുകാരായിരുന്നു ഈ പദ്ധതിയില്‍ ചേര്‍ന്നിരുന്നത്.
ഇന്റര്‍നെറ്റ് സമത്വം എന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് വളര്‍ന്നുവന്ന ഫേസ്ബുക്ക് തന്നെയാണ് ഇത്തരം കുരുട്ടുവിദ്യകള്‍ വഴി ഉപയോക്താക്കളെ പിഴിയാന്‍ കൂട്ടുനില്‍ക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഇത്തരം ഒരു സ്വാതന്ത്ര്യം ഇല്ലായിരുന്നുവെങ്കില്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് പോലെയുള്ള സാമൂഹികമാധ്യമങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ കടന്നുചെല്ലാന്‍ കഴിയുമായിരുന്നില്ല. മറ്റൊരു ഘടകം ഇനിയും ഈ സമത്വം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലേക്ക് പുതിയൊരു താരം കടന്നുവരുന്നതിനെ വളരെ തന്ത്രപരമായി തടയിടുക എന്ന ഒരു ലക്ഷ്യം കൂടി ഫേസ്ബുക്കിനുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.