International
ഐലന്‍ കുര്‍ദിയെ പരിഹസിച്ച് വിവാദ കാര്‍ട്ടൂണുമായി വീണ്ടും ഷാര്‍ലി എബ്ദോ
പാരിസ്: വീണ്ടും വിവാദ കാര്‍ട്ടൂണുമായി കുപ്രസിദ്ധ ടാബ്ലോയ്ഡായ ഷാര്‍ലി എബ്ദോ. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് യൂറോപ്പിലേക്ക് അഭയാര്‍ത്ഥിയായി പോകുന്നതിനിടെ കടലില്‍ മുങ്ങി മരിച്ച ഐലന്‍ കുര്‍ദിയെന്ന കുഞ്ഞിനെ പരിഹസിക്കുന്ന കാര്‍ട്ടൂണുമായാണ് ടാബ്ലോയിഡ് രംഗത്തെത്തിയത്. കാര്‍ട്ടൂണിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പുതുവര്‍ഷ ദിനത്തില്‍ ജര്‍മനിയില്‍ അഭയാര്‍ത്ഥികള്‍ നടത്തിയെന്ന് ആരോപിക്കുന്ന ലൈംഗികാത്രികമവുമായി ബന്ധിപ്പിച്ചാണ് കാര്‍ട്ടൂണ്‍. മരിച്ചിരുന്നില്ലെങ്കില്‍ ഐലന്‍ കുര്‍ദിയും ലൈംഗികാതിക്രമം നടത്തുന്ന അഭയാര്‍ത്ഥിയായേനെയെന്ന് ധ്വനിപ്പിക്കുന്നതാണ് കാര്‍ട്ടൂണ്‍. വംശീയ വിദ്വേഷം വളര്‍ത്തുന്ന കാര്‍ട്ടൂണിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ഷാര്‍ലി എബ്ദോയ്‌ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. ഇതിനുമുമ്പും ടാബ്ലോയിഡിലെ കാര്‍ട്ടൂണുകള്‍ വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
ഷാര്‍ലി എബ്ദോയ്‌ക്കെതിരായ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ ആഴ്ചയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ സിറിയയില്‍ നിന്ന് യൂറോപ്പിലേക്ക് അഭയം തേടിയുള്ള യാത്രക്കിടെ ബോട്ട് മുങ്ങി മരിച്ച 12 പേരില്‍ ഒരാളാണ് ഐലന്‍ കുര്‍ദിയെന്ന പിഞ്ചുകുഞ്ഞ്. കടല്‍ത്തിരമാലകളില്‍ പെട്ട് തുര്‍ക്കി തീരത്താണ് ഈ കുഞ്ഞു മൃതദേഹം കരക്കടിഞ്ഞത്. ആഗോള മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രമാണ് യൂറോപ്പിലെ അഭയാര്‍ഥി പ്രശ്‌നം ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയകളില്‍ ചിത്രം വൈറലായിരുന്നു.