Kerala
മാണി മന്ത്രിയാകുന്നതില്‍ കേരളാ കോണ്‍ഗ്രസില്‍ രണ്ട് പക്ഷം
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി നാളെ പരിഗണിക്കും. മാണിയെ കുറ്റവിമുക്തനാക്കി നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി പുതിയ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചാല്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍കോഴയില്‍ കെ എം മാണിക്ക് ലഭിക്കുന്ന ആദ്യ ആശ്വാസമാകും. നഷ്ടപ്പെട്ട മന്ത്രിപദവിയിലേക്ക് വേണമെങ്കില്‍ തിരികെയെത്താനും വഴിതുറക്കും. അതേസമയം, മാണി വീണ്ടും മന്ത്രിയാകണമോയെന്ന കാര്യത്തില്‍ കേരളാ കോണ്‍ഗ്രസില്‍ തന്നെ രണ്ടഭിപ്രായമുണ്ട്.
തുടരന്വേഷണത്തില്‍ മാണി കോഴവാങ്ങിയതിനു തെളിവ് ലഭിച്ചില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് എസ് പി. ആര്‍ സുകേശന്‍ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം പരാതിക്കാരനും തുടരന്വേഷണം ആവശ്യപ്പെട്ട ഹരജി നല്‍കിയവര്‍ക്കും കോടതി നോട്ടീസ് അയക്കും. റിപ്പോര്‍ട്ടിന്മേല്‍ ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണിത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് ബാര്‍കോഴ കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം, കേസില്‍ കെ എം മാണിക്കെതിരേ തെളിവുള്ള വസ്തുതാ റിപ്പോര്‍ട്ടായിരുന്നു കോടതി നേരത്തെ അംഗീകരിച്ചതെന്നിരിക്കെ തുടരന്വേഷണ റിപ്പോര്‍ട്ടിലെ അന്വേഷണസംഘത്തിന്റെ നിലപാടുമാറ്റം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.
ബാറുടമകളുടെ മൊഴികളും മറ്റ് രേഖകളും കോഴയിടപാടിനുള്ള സാഹചര്യത്തെളിവുകളായി കണക്കാക്കാമെന്നായിരുന്നു വിജിലന്‍സിന്റെ ആദ്യനിലപാട്. എന്നാല്‍, കോള്‍രേഖകള്‍ പരിശോധിച്ചതില്‍ കോഴ ഇടപാട് തെളിയിക്കാനാകില്ലെന്നാണ് വിജിലന്‍സിന്റെ പുതിയ കണ്ടെത്തല്‍. ഇതില്‍ ഇതുവരെ സമര്‍പ്പിച്ച മൂന്ന് റിപ്പോര്‍ട്ടുകളും വൈരുധ്യം നിറഞ്ഞതാണെന്നിരിക്കെ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്.
വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ കെ എം മാണി കുറ്റവിമുക്തനാകും. അങ്ങനെ വന്നാല്‍ ധനമന്ത്രി സ്ഥാനത്തേക്കു തിരിച്ചെത്തണമെന്നാണ് മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. അതേസമയം, ചുരുങ്ങിയ കാലത്തേക്ക് ഇനി മാണി മന്ത്രിസഭയിലേക്ക് മടങ്ങേണ്ടെന്ന അഭിപ്രായമാണ് കേരളാ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കുള്ളത്. മന്ത്രിയല്ലാതെ പുറത്തു നിന്ന് പ്രതിച്ഛായ വര്‍ധിപ്പിക്കുകയെന്നതാണ് ഈ അഭിപ്രായത്തിനാധാരം. മാണി മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തണമെന്ന വികാരം പാര്‍ട്ടിയിലെ ഒരുവിഭാഗത്തിനുണ്ട്. വിജിലന്‍സ് കോടതി നടപടികള്‍ എന്താകുമെന്ന ആശങ്കയിലാണ് പാര്‍ട്ടി വൃത്തങ്ങള്‍. കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം തുടര്‍ തീരുമാനം മതിയെന്നാണ് കെ എം മാണി പാര്‍ട്ടി നേതാക്കളുമായി പങ്കുവെച്ചിരിക്കുന്നത്.
ഫെബ്രുവരി അഞ്ചിന് പതിമൂന്നാം കേരള നിയമസഭയുടെ അവസാന സമ്മേളനം ആരംഭിക്കുകയാണ്. ഫെബ്രുവരി പത്തിനാണ് പുതിയ ബജറ്റ് അവതരണം. അതിന് മുമ്പ് മാണി മന്ത്രിസഭയില്‍ തിരിച്ചെത്തി അദ്ദേഹം ബജറ്റ് അവതരിപ്പിക്കണമെന്ന നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുണ്ട്. കുറ്റവിമുക്തനാകുന്ന മാണിയെ മന്ത്രിസഭയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ അദ്ദേഹം മുന്നണി മാറുമോയെന്ന ആശങ്കയാണ് മുഖ്യമന്ത്രിയെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. കെ എം മാണിക്ക് അനുകൂലമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമാണ്.