Malappuram
സീനിയര്‍ ഫുട്‌ബോള്‍: കാസര്‍കോടും മലപ്പുറവും സെമിയില്‍
മലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍ഗോഡും മലപ്പുറവും സെമിയില്‍. പാലക്കാടിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തറപ്പറ്റിച്ചാണ് കാസര്‍ഗോഡ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ആതിഥേയരും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരുമായ മലപ്പുറം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കൊല്ലത്തെ തോല്‍പ്പിച്ചത്. ആദ്യ കളിയില്‍ പാലക്കാടിനെ തകര്‍ത്തു വിട്ട കാസര്‍ഗോഡ് കളിയുടെ മുഴുവന്‍ സമയത്തും മേധാവിത്വം നിലനിര്‍ത്തി. കളി തുടങ്ങി ഇരു ടീമുകളും ഉണര്‍ന്ന് കളിച്ചെങ്കിലും 19-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. കാസര്‍ഗോഡിനായി മസ്ഹൂദാണ് വല ചലിപ്പിച്ചത്.
ആദ്യ പകുതിയ അവസാനത്തില്‍ ഇരു ടീമുകള്‍ക്കും നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിയിലെ ആദ്യ മിനിറ്റില്‍ തന്നെ കാസര്‍ഗോഡിനായി വീണ്ടും മസ്ഹൂദ് വല കുലുക്കി. രണ്ടു മിനിറ്റിന് ശേഷം ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി വീണ്ടും ഗോള്‍. ഇത്തവണ സൈജുവാണ് കാസര്‍ഗോഡിനായി സ്‌കോര്‍ ചെയ്തത്.
66-ാം മിനിറ്റില്‍ നജേഷ് വീണ്ടും കാസര്‍ഗോഡിന്റെ ഗോള്‍ കുറിച്ചു. 76-ാം മിനിറ്റില്‍ മുഹമ്മദ് നൗഫല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ആവേശം നിറഞ്ഞ രണ്ടാം മത്സരത്തില്‍ ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ കൊല്ലം മലപ്പുറത്തെ പിടിച്ചു കെട്ടുന്ന കാഴ്ച്ചയാണ് കണ്ടത്. നിരവധി അവസരങ്ങളാണ് മലപ്പുറത്തിന് ലഭിച്ചത്.
രണ്ടാം പകുതിയിലാണ് മലപ്പുറത്തിന്റെ മൂന്ന് ഗോളുകളും പിറന്നത്. 65-ാം മിനിറ്റില്‍ സമീല്‍ ഉയര്‍ത്തി നല്‍കിയ പന്ത് ശിഹാദ് വലയിലാക്കുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ രണ്ട് അവസരങ്ങളാണ് ലഭിച്ചത്.
ഭാഗ്യം കൊണ്ട് മാത്രം കൊല്ലത്തിന്റെ വലയില്‍ ഗോള്‍ വീണില്ല. തുടര്‍ന്ന് 75-ാം മിനിറ്റില്‍ മുഹമ്മദ് ഇര്‍ശാദ് ഒരു കിടിലന്‍ ഷോട്ടിലൂടെ കൊല്ലത്തിന്റെ പോസ്റ്റിലേക്ക് പന്ത് പായിച്ചു.
തൊട്ടടുത്ത മിനിറ്റില്‍ കൊല്ലത്തിന് പെനാല്‍റ്റി ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.
മലപ്പുറം ഗോളി മുഹമ്മദ് നാശിദ് കിക്ക് തട്ടിയകറ്റുകയായിരുന്നു. 79-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ശഹബാസ് സലീല്‍ മലപ്പുറത്തിനായി ഗോള്‍ നേടി.
അജ്മലുദ്ദീന്‍ ഉയര്‍ത്തി നല്‍കിയ പന്ത് മനോഹരമായ ഹെഡറിലൂടെ ഗോള്‍ ലൈന്‍ കടന്നു. ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ മലപ്പുറം കാസര്‍ഗോഡുമായി ഏറ്റുമുട്ടും.