National
ശബരിമല സ്ത്രീ പ്രവേശം: അഭിഭാഷകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സുപ്രിം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്തീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച അഭിഭാഷകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കോടതി നോട്ടീസ് അയച്ചു. അഭിഭാഷകര്‍ക്ക് വധഭീഷണി അടക്കം ഉയര്‍ന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നടപടി. കേസ് കോടതി വീണ്ടും ഫെബ്രുവരി എട്ടിന് പരിഗണിക്കും.
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് ഹരജി നല്‍കിയ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവതരമാണെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഹരജി നല്‍കിയ അഭിഭാഷകര്‍ പിന്‍മാറിയാലും കേസ് തുടരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തെ ഭരണഘടനക്ക് അനുസൃതമായല്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് നിരോധമേര്‍പ്പെടുത്താനാകില്ലെന്ന് ഈ ഹരജി പരിഗണിച്ച് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.