National
എഴുത്തുകാരനാകാന്‍ കൊതിച്ച വിദ്യാര്‍ഥിയുടെ അവസാന മൊഴി
ഹൈദരാബാദ്: എ ബി വി പിയുടെ രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകാലാശാലയില്‍ നിന്ന് പുറത്താക്കപ്പെടുകയും ഒടുവില്‍ ആത്മഹത്യയുടെ വഴി തേടുകയും ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലെ അനുഭവിച്ച ഒറ്റപ്പെടലും വിവേചനവും വരച്ചുകാട്ടുന്നതായിരുന്നു മരണത്തിന് മുമ്പ് എഴുതിയ കുറിപ്പ്. റോഹിത് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ നിന്ന്:
“ഈ എഴുത്ത് നിങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടാകില്ല. ആരും എന്നോട് പിണങ്ങരുത്. നിങ്ങളില്‍ പലരും എന്നെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. ആരോടും പരിഭവമില്ല; എല്ലാം എന്റെ തെറ്റ് തന്നെയാണ്. ശരീരവും മനസ്സും തമ്മില്‍ അകലം വര്‍ധിച്ചുവരുന്നതായി എനിക്ക് തോന്നുന്നു. ഞാന്‍ ഭീകരജീവിയായി മാറിയിരിക്കുന്നു. കാള്‍ സാഗനെ പോലെ ഒരു ശാസ്ത്ര എഴുത്തുകാരനാകാന്‍ ആഗ്രഹിച്ച എനിക്ക് ഈ എഴുത്ത് മാത്രമാണ് ഇപ്പോള്‍ എഴുതാന്‍ കഴിഞ്ഞത്. ശാസ്ത്രത്തെ, നക്ഷത്രങ്ങളെ, പ്രകൃതിയെ ഞാന്‍ സ്‌നേഹിച്ചു. പക്ഷേ, മനുഷ്യര്‍ എന്നോ പ്രകൃതിയില്‍ നിന്ന് അകന്നു എന്നറിയാതെ അവരെയും സ്‌നേഹിച്ചുപോയി. നമ്മുടെ വികാരങ്ങളെല്ലാം കൈമാറ്റം ചെയ്യപ്പെട്ട് ലഭിച്ചവയാണ്. സ്‌നേഹം നിര്‍മിക്കപ്പെട്ടവയും. നിറം പിടിപ്പിച്ചവയാണ് നമ്മുടെ വിശ്വാസങ്ങള്‍. കൃത്രിമ കലകളിലൂടെ മാത്രം വിലകല്‍പ്പിക്കപ്പെടുന്നവയാണ് നമ്മുടെ മൗലികത. മുറിവേല്‍പ്പിക്കാതെ സ്‌നേഹിക്കുകയെന്നത് സത്യമായും പ്രയാസമായി മാറിയിട്ടുണ്ട്. പുറമെ കാണുന്ന അസ്തിത്വവും സമീപസ്ഥമായ സാധ്യതകളും മാത്രമായി ഒരു മനുഷ്യന്റെ വില ചുരുങ്ങിയിരിക്കുന്നു. ഒരു വോട്ടിലേക്ക്, ഒരു എണ്ണത്തിലേക്ക്, ഒരു കാര്യത്തിലേക്ക്… അവനൊരു മനസ്സുണ്ടെന്ന് ആരും പരിഗണിക്കുന്നേയില്ല.
ഇത്തരത്തില്‍ ഒരെഴുത്തെഴുതുന്നത് ഇതാദ്യമാണ്. അത് അവസാനത്തേത് കൂടിയാകുന്നു. ഇതിന്റെ പൊരുളുകളറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്നോട് പൊറുക്കുക. എന്റെ ജനനം തന്നെ ഒരു ദുരന്തമായിരുന്നു. കുട്ടിക്കാലം മുതല്‍ പിന്തുടരുന്ന ഏകാന്തതയില്‍ നിന്ന് മോചിതനാകാന്‍ എനിക്കിന്നും കഴിഞ്ഞിട്ടില്ല. അഭിനന്ദിക്കപ്പെടാത്ത ഒരു കുട്ടിക്കാലം. ഈ നിമിഷം ഞാന്‍ മുറിവേല്‍പ്പിക്കപ്പെട്ടവനല്ല. ദുഃഖിതനുമല്ല. വെറും ശൂന്യത. എന്നെക്കുറിച്ച് ധാരണയേതുമില്ല. ശോചനീയമാണത്. അതുകൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ ഇത് ചെയ്യുന്നത്. ജനം എന്നെ ഭീരുവെന്ന് വിളിക്കുമായിരിക്കും. സ്വാര്‍ഥനെന്നോ വിഡ്ഢിയെന്നോ വിളിച്ചേക്കാം. എന്തു വിളിക്കുമെന്നതേക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നേയില്ല. നിങ്ങള്‍ക്ക്, ഈ കത്ത് വായിക്കുന്നവര്‍ക്ക്, എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഇത് ചെയ്യുക. ഏഴ് മാസത്തെ ഫെല്ലോഷിപ്പ് ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ എനിക്ക് ലഭിക്കാനുണ്ട്. അത് എന്റെ കുടുംബത്തിന് ലഭിച്ചോയെന്ന് നോക്കണം. രാംജിക്ക് നാല്‍പ്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും അത് തിരിച്ച് ചോദിച്ചിട്ടില്ല. ആ കാശില്‍ നിന്ന് അദ്ദേഹത്തിനുള്ളത് കൊടുക്കണം. എന്റെ സംസ്‌കാര ചടങ്ങുകള്‍ ശാന്തമായും നിശ്ശബ്ദമായും നടത്തുക. ഞാന്‍ വന്നതായും മടങ്ങിയതായും മാത്രം കരുതുക. എനിക്കായ് കണ്ണീര്‍ പൊഴിക്കരുത്. ഓര്‍ക്കുക ജീവിച്ചിരിക്കുന്നതിലും സന്തോഷവാനായിരിക്കും മരണത്തില്‍ ഞാന്‍. “നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്.”
ഉമാ അണ്ണ, ഇക്കാര്യത്തിന് നിങ്ങളുടെ മുറി തിരഞ്ഞെടുത്തതിന് എന്നോട് ക്ഷമിക്കണം. നിങ്ങളെ നിരാശരാക്കിയതിന് എ എസ് എ (അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) കുടുംബത്തോടും ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ എന്നെ ഒരുപാട് സ്‌നേഹിച്ചു. ഭാവിയിലേക്ക് എല്ലാ നന്മകളും നേരുന്നു. അവസാനമായി ഒരിക്കല്‍ കൂടി. ജയ് ഭീം.
ഔപചാരികമായ കാര്യങ്ങള്‍ എഴുതാന്‍ വിട്ടുപോയി. ഈ സ്വയം വധത്തിന് ആരും ഉത്തരാവദിയല്ല. വാക്കുകള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ ആരും ഇതിനെന്നെ പ്രേരിപ്പിച്ചിട്ടുമില്ല. ഇതെന്റെ തീരുമാനമാണ്. ഞാന്‍ മാത്രമാണിതിന് ഉത്തരവാദി. ഞാന്‍ പോയ ശേഷം ഇക്കാര്യത്തില്‍ എന്റെ സുഹൃത്തുക്കളെയോ ശത്രുക്കളെയോ കുഴപ്പത്തിലാക്കരുത്.”