National
രോഹിതിന്റെ മരണത്തില്‍ കേന്ദ്രമന്ത്രിയും വിസിയും ഉത്തരവാദികള്‍: രാഹുല്‍ ഗാന്ധി
ഹൈദരാബാദ്: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യക്ക് വി സിയും കേന്ദ്രമന്ത്രിയുമാണ് ഉത്തരവാദികളെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രോഹിതിന്റെ മരണത്തെ തുടര്‍ന്ന് പ്രക്ഷോഭം നടക്കുന്ന സര്‍വകലാശാല ക്യാമ്പസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല അധികാരം ഉപയോഗിച്ച് വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിന് പിന്നിലുള്ളവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. രോഹിതിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം.അത് രോഹിത്തിനെ ബഹുമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രോഹിതിന് വേണ്ടിയാണ് താനിവിടെ വന്നിരിക്കുന്നത്. പ്രതിഷേധം നടത്തുന്ന നിങ്ങളാരും ഒറ്റക്കല്ല. നിങ്ങള്‍ക്കൊപ്പം രാജ്യത്തെ സര്‍വകലാശാലകളെല്ലാം ഒരുമിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതത്തിന്റെയും ജാതിയുടെയും പേരില്‍ വിദ്യാര്‍ഥികള്‍ക്ക് അവഗണന നേരിടുന്നതിനെതിരെ നിയമ നിര്‍മാണം കൊണ്ടുവരേണ്ടതുണ്ട്. രോഹിതിന്റെ കുടുംബത്തിനും ഇവിടെ പ്രതിഷേധപ്രകടനം നടത്തുന്നവര്‍ക്കും വേണ്ടി എപ്പോഴും തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ സഹായിക്കുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. രോഹിത് വെമുലയുടെ കുടംബത്തെ സന്ദര്‍ശിച്ച രാഹുല്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.