National
രോഹിത് വെമുലയുടെ ആത്മഹത്യ: പ്രതിഷേധക്കാര്‍ നായ്ക്കളെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധം നടത്തുന്നവരെ നായകളെന്നു വിശേഷിപ്പിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കമ്മ്യൂണിസ്റ്റുകാരുടെയും അവരുടെ വാലാട്ടി പട്ടികളുടെയും ഏറ്റവും പുതിയ നാടകമാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നതെന്നായിരുന്നു സ്വാമിയുടെ ആരോപണം. ട്വിറ്ററിലൂടെയായിരുന്നു സ്വാമിയുടെ പരാമര്‍ശം.
രോഹിതിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞ ദിവസം തന്നെയാണ് സ്വാമിയുടെ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം. ലഖ്‌നോയിലെ ബാബാസാഹിബ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങിനിടെയായിരുന്നു മോദിയുടെ പ്രതികരണം. രോഹിതിന്റെ മരണം ദുഃഖിപ്പിച്ചു, ആ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു, മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന തനിക്ക് മനസിലാവും- ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.