Sports
ഫെഡറര്‍ക്ക് ഗ്രാന്‍സ്ലാമില്‍ 300
മെല്‍ബണ്‍: 300 ഗ്രാന്‍ഡ്സ്ലാം ജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ താരം ! സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്വന്തം പേരില്‍ ഈ റെക്കോര്‍ഡ് കൂടി എഴുതിച്ചേര്‍ത്തു. ആസ്‌ത്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ ഗിഗര്‍ ദിമിത്രോവിനെതിരായ ജയത്തോടെയായിരുന്നു സ്വിസ് താരത്തിന്റെ ചരിത്ര നേട്ടം. സ്‌കോര്‍: 6-4, 3-6, 6-1, 6-4.
300 ഗ്രാന്‍ഡ്സ്ലാം ജയങ്ങളുടെ റെക്കാര്‍ഡിനു പുറമേ മറ്റൊരു നേട്ടത്തിന് അരികിലാണ് ഫെഡറര്‍. ആറു ജയങ്ങള്‍ക്കൂടി സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന താരമെന്ന മാര്‍ട്ടീന നവരത്തിലോവയുടെ റെക്കോര്‍ഡിനൊപ്പമെത്താനും സ്വിസ് താരത്തിന് സാധിക്കും.
ആസ്‌ത്രേലിയന്‍ ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ ഇടംപിടിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍ കൂടിയാണ് ഫെഡറര്‍.
വനിതാ വിഭാഗത്തില്‍ റഷ്യയുടെ മരിയ ഷറപോവ സിംഗിള്‍സ് കരിയറിലെ അറുനൂറാം ജയം നേടിയതും ശ്രദ്ധേയമായി. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ ലൗറന്‍ ഡേവിസിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണു ഷറപ്പോവ 600-ാം ജയം സ്വന്തമാക്കിയത്. 6-1, 6-7 (5-7), 6-0 എന്ന സ്‌കോറിന് എതിരാളിയെ കീഴടക്കിയ ഷറപ്പോവ ആസ്‌ത്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചു.
കരിയറില്‍ 600 ജയം നേടിയ 17-ാമത് വനിതാ താരമാണു ഷറപ്പോവ. നാലാം റൗണ്ടില്‍ 12-ാം റാങ്കുകാരിയായ സ്വിസ് താരം ബെലിന്‍ഡ ബെനസികാണു ഷറപ്പോവയുടെ എതിരാളി.