Connect with us

Kerala

ബാര്‍ കോഴക്കേസ്: എക്‌സൈസ് മന്ത്രി കെ ബാബു രാജിവെച്ചു

Published

|

Last Updated

കൊച്ചി/തൃശൂര്‍: ബാര്‍കോഴ കേസില്‍ കുടുങ്ങിയ എക്‌സൈസ്, തുറമുഖ, ഫിഷറീസ് മന്ത്രി കെ ബാബു രാജിവെച്ചു. ബാര്‍കോഴ കേസില്‍ ബാബുവിനെതിരെ കേസെടുക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് രാജി. എറണാകുളം പ്രസ്സ്‌ക്ലബില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയെന്നും ബാബു അറിയിച്ചു. ധാര്‍മികതയുടെ പേരിലാണ് താന്‍ രാജിവെക്കുന്നത്. തന്റെ രാജിക്കായി ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ല. വ്യക്തിപരമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴ കേസില്‍ മന്ത്രി ബാബുവിനും ബാറുടമ ബിജു രമേശിനുമെതിരെ കേസെടുക്കണമെന്നും അടുത്ത മാസം 22ന് റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് വിജിലന്‍സ് കോടതി ഉത്തരവ്. അന്വേഷണം കോടതി നിരീക്ഷണത്തിലായിരിക്കണമെന്നും വിജിലന്‍സ് കോടതി ജഡ്ജി എസ് എസ് വാസന്‍ നിര്‍ദേശിച്ചു.
മന്ത്രി ബാബുവിനെതിരെയുള്ള പരാതിയില്‍ ഇന്നലെ സമര്‍പ്പിക്കേണ്ടിയിരുന്ന ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരു മാസം കൂടി സമയം ആവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. മന്ത്രി ബാബുവിന് കോഴ കൊടുത്തിട്ടുണ്ടെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥനത്തില്‍ മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.
കൊച്ചി മെട്രോ റെയിലിന്റെ പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടന വേദിയില്‍ വെച്ചുതന്നെ താന്‍ മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചതായി ബാബു പറഞ്ഞു. ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ സാങ്കേതികത്വം പറഞ്ഞ് മന്ത്രിസ്ഥാനത്ത് തുടരില്ലെന്ന് നേരത്തെ തന്നെ താന്‍ വ്യക്തമാക്കിയിരുന്നതാണ്. കോടതി ഗൗരവമേറിയ പരാമര്‍ശമാണ് തനിക്കെതിരെ നടത്തിയിരിക്കുന്നത്. കോടതി വിധി മാനിക്കുകയാണ്. ദ്രുത പരിശോധനാ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി സമയം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത് താന്‍ പറഞ്ഞിട്ടല്ല. നേരത്തെ സമര്‍പ്പിച്ച പ്രാരംഭ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടല്ലാതെ മറ്റൊരു റിപ്പോര്‍ട്ടും കോടതിയുടെ മുന്നില്‍ ഇല്ല. എന്നിട്ടും തനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
അസാധാരണമായ വിധിയാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് പരിശോധിച്ച ശേഷം തുടര്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും കെ ബാബു പറഞ്ഞു.
പ്രാരംഭ അന്വേഷണം നടത്തിയ വിജിലന്‍സിന് തനിക്കെതിരെ യാതൊരുവിധ തെളിവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തനിക്കെതിരെ പരാതി നല്‍കിയ ആളും സാക്ഷികളും പരസ്പരവിരുദ്ധമായ മൊഴികളായിരുന്നു നല്‍കിയത്. ആരോപണം ഉന്നയിച്ച വ്യക്തി എന്നാണ് തനിക്ക് പണം നല്‍കിയതെന്ന് പറഞ്ഞിട്ടില്ല. അമ്പത് ലക്ഷം രൂപ നല്‍കുമ്പോള്‍ അത് എന്നാണ് നല്‍കിയതെന്ന് ഓര്‍ക്കാതിരിക്കുമോയെന്നും കെ ബാബു ചോദിച്ചു.
ബാര്‍ ഹോട്ടല്‍ ഉടമ അസോസിയേഷന്‍ ഭാരവാഹികളും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും താനും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയാണ് തനിക്കെതിരെ പരാതി നല്‍കിയ ആള്‍ ആരോപണമായി ഉന്നയിക്കുന്നത്. എല്ലാ വര്‍ഷവും എല്ലാ മന്ത്രിമാരും നടത്താറുള്ളതുപോലെ അബ്കാരി നയം സംബന്ധിച്ച് ചര്‍ച്ചയാണ് അന്ന് നടത്തിയതെന്നും ബാബു പറഞ്ഞു.

---- facebook comment plugin here -----

Latest