Connect with us

Articles

ഐക്യം തകരുമോ?

Published

|

Last Updated

ബാര്‍ കോഴ വിവാദത്തില്‍ യു ഡി എഫ് ഗവണ്‍മെന്റില്‍ നിന്ന് ഒരു മന്ത്രി കൂടി രാജിവെച്ചിരിക്കുന്നു. കെ എം മാണിക്കു ശേഷം കെ ബാബു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനും യു ഡി എഫിനും കിട്ടിയ കനത്ത പ്രഹരം. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുപ്പിച്ച് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ തുറന്നുവിട്ട ഭൂതം യുഡി എഫിനെ വിഴുങ്ങുകയാണ്. 730 ബാറുകളും അടച്ച് കോണ്‍ഗ്രസും സര്‍ക്കാറും കേരളത്തെ മദ്യത്തില്‍ നിന്ന് രക്ഷിച്ചുവെന്ന് നേതാക്കള്‍ക്ക് അവകാശപ്പെടാമെങ്കിലും ബാര്‍ കോഴയുടെ പേരില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചത് വലിയൊരു അപമാനമായി വളര്‍ന്നു നില്‍ക്കുന്നു. രാഷ്ട്രീയമായി യു ഡി എഫിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടി.
ബാര്‍ വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ ഇതുപൊലെയുള്ള ദുരന്തങ്ങള്‍ പ്രതീക്ഷിച്ചതാണ്. ഭീമമായ നഷ്ടം സംഭവിച്ച മദ്യരാജാക്കന്മാര്‍ നടത്തിയ ഗൂഢാലോചനയുടെ രക്ത സാക്ഷിയാണ് താനെന്ന് കെ ബാബു വിലപിക്കുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെ നടന്നതെന്ന് കെ എം മാണിയും പരാതിപ്പെടുന്നു. പക്ഷേ രണ്ട് പേരുടെ കാര്യത്തിലും കോടതിയാണ് ആഞ്ഞടിച്ചത്. കെ എം മാണിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കേരള ഹൈക്കോടതി കടുത്ത പരാമര്‍ശം നടത്തിയപ്പോള്‍ നിയമസഭയില്‍ അരനൂറ്റാണ്ട് തികച്ച കെ എം മാണിക്ക് രാജിവെക്കേണ്ടി വന്നു. വിജിലന്‍സ് വേണ്ടത്ര വിജിലന്റ് അല്ലെന്ന് ഹൈക്കോടതി പരാമര്‍ശത്തിന് തൊട്ടുപിന്നാലെ തൃശൂരിലെ വിജിലന്‍സ് പ്രത്യേക കോടതിയും വിജിലന്‍സിനെതിരെ തിരിഞ്ഞതോടെ കെ ബാബുവിന്റെ കാര്യത്തിലും തീരുമാനമായി.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് കെ ബാബു. ആന്റണി വിഭാഗത്തിലെ കരുത്തന്‍. ഉമ്മന്‍ചാണ്ടിയുടെ അടുത്ത സഹചാരി. ബാബുവിന്റെ രാജി കോണ്‍ഗ്രസിനേല്‍പ്പിച്ച ആഘാതം ചില്ലറയല്ല. പ്രത്യേകിച്ച് ആന്റണിപക്ഷത്തിന്. ബാര്‍ കോഴ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യംവെച്ച് കരുക്കള്‍ നീക്കിയിരുന്ന പ്രതിപക്ഷത്തിനും ഇതൊരു ആയുധമായി.
കോണ്‍ഗ്രസിലെ ഐക്യത്തെ ഇതെങ്ങനെ ബാധിക്കുമെന്ന ചോദ്യവും പ്രസക്തമാണ്. അടുത്ത കാലത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കോട്ടയത്തെത്തി ഉണ്ടാക്കിയെടുത്ത ഐക്യം ബാര്‍ കോഴയില്‍ തട്ടിത്തകരുമോയെന്ന സൂചനകള്‍ ഉയരുന്നുണ്ട്. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുടെ കൈയിലുള്ള വിജിലന്‍സ് വകുപ്പിന് പറ്റിയ പാളിച്ചകളാണ് വിജിലന്‍സ് കോടതിയില്‍ നിന്നുള്ള പരാജയത്തിന് കാരണമെന്ന് ആന്റണി പക്ഷക്കാര്‍ അടക്കം പറയുന്നുണ്ട്. ഏറ്റവും വലിയ ക്ഷീണം പറ്റിയിരിക്കുന്നത് വിജിലന്‍സിനാണ്. പൊതുപ്രവര്‍ത്തകരുടെ അഴിമതിയുടെ കാര്യത്തില്‍ ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്ന വിജിലന്‍സിനെ കോടതികള്‍ നിശിതമായി വിമര്‍ശിക്കുകയാണ്. മാണിയുടെ കേസില്‍ എസ് പി സുകേശന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തുടരന്വേഷണത്തില്‍ സുകേശന്‍ തന്നെ അട്ടിമറിച്ചു. ഇപ്പോള്‍ തൃശൂര്‍ വിജിലന്‍സ് കോടതിയും വിജിലന്‍സിനെതിരെ തിരിഞ്ഞിരിക്കുന്നു. ബാര്‍ കോഴ കത്തിപ്പടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തടുത്തു വരുമ്പോള്‍ യു ഡി എഫിന് ഉറക്കം ഇല്ലാതാവുന്ന ദിവസങ്ങളാണ്.