National
ഹൈദരാബാദ് സര്‍വകലാശാല വിസി അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു
ഹൈദരാബാദ്: രാജിയാവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തില്‍ വിസി പ്രൊഫസര്‍ അപ്പ റാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു. എന്നാല്‍ പുതിയതായി ചുമതലയേറ്റ വിസി ബിപിന്‍ ശ്രീവാസ്തവും രോഹിതിന്റെ മരണത്തിന് ഉത്തരവാദിയാണെന്നാരോപിച്ച് വിദ്യാര്‍ഥി സമരം തുടരുകയാണ്. രോഹിത്തുള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്ത എക്‌സിക്യൂട്ടീവ് സമിതി ചെയര്‍മാനാണ് പുതുതായി ചുമതലയേറ്റ വിസി ബിപിന്‍ ശ്രീവാസ്തവ.
ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തോടൊപ്പം സര്‍വകലാശാലയിലെ അധ്യാപകരും എതിരായതോടെയാണ് വിസി അവധിയില്‍ പ്രവേശിച്ചത്. സമരത്തിന് രാഷ്ട്രീയ പിന്തുണയേറുകയാണ്. കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സമര പന്തല്‍ സന്ദര്‍ശിച്ചു. ആരോപണ വിധേയരായ വിസിയും കേന്ദ്ര മന്ത്രിമാരും രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.