Articles
ഹൈദരാബാദ് രാജ്യത്തോട് പറയുന്നത്
വിദ്യ അഭ്യസിക്കാനോ പൊതുനിരത്തുകളിലൂടെ യാത്ര ചെയ്യാനോ മീശവെക്കാനോ പോലും താഴ്ന്ന ജാതിക്കാരന് അവകാശമില്ലാതിരുന്ന കാലഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതക്ക് വേണ്ടി പടപൊരുതി നേടിയ വിജയത്തിന്റെ കഥയാണ് ഭീം റാവു അബേദ്കറുടേത്. ജാതിവ്യവസ്ഥക്കെതിരെ ഇന്ത്യയുടെ ദേശീയ നേതാക്കളുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ബധിരകര്‍ണങ്ങളില്‍ പതിക്കുമ്പോള്‍ സവര്‍ണരുടെ അവഹേളനങ്ങളെ തൃണവത്ഗണിച്ച് ബോംബെ സര്‍വകശാലയില്‍ നിന്ന് അദ്ദേഹം ബിരുദം കരസ്ഥമാക്കി. യു എസ് എ, യു കെ, ജര്‍മനി എന്നിവിടങ്ങില്‍ നിന്ന് പിന്നീട് നേടിയ ഉന്നത വിദ്യാഭ്യാസം മറ്റ് ദേശീയ നേതാക്കളെ പോലെ അദ്ദേഹത്തിലും സ്വാതന്ത്ര്യബോധമുണര്‍ത്തി. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ബറോഡാ സര്‍ക്കാറിന്റെ കീഴില്‍ ലഭിച്ച ഉദ്യോഗം ജാതിപരമായ കടുത്ത അവഹേളനത്തെ തുടര്‍ന്ന് അദ്ദേഹം രാജി വെച്ചു. രാജ്യത്തെ ആദ്യ നിയമമന്ത്രി, ഭരണഘടനാ ശില്‍പ്പി എന്നീ നിലകളില്‍ അറിയപ്പെടുന്ന യുഗപുരുഷനായ അംബേദ്കര്‍ ജീവിതം നല്‍കിയ തിക്താനുഭവങ്ങളില്‍ മനം മാറ്റമുണ്ടായി സവര്‍ണാധിപത്യം നിലനില്‍ക്കുന്ന ഹിന്ദുമതത്തെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തി. അനേകായിരം അനുയായികളോടൊപ്പമാണ് അദ്ദേഹം ബുദ്ധമതത്തിലേക്ക് പോയത്. സവര്‍ണാധിപത്യത്തിന്റെ വേരുകള്‍ അറുത്തുമാറ്റാന്‍ ഇറങ്ങിത്തിരിച്ച അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞ് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ആ വിഭാഗം അനുഭവിക്കുന്ന കടുത്ത വിവേചനത്തിന് ഇപ്പോഴും അറുതിയില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളിലൊന്നാണ് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലുണ്ടായത്.
നിരക്ഷരത കൊടികുത്തി വാഴുന്ന ദളിതര്‍ക്കിടയില്‍ നിന്ന് കൂലിത്തൊഴിലെടുത്ത് മകന് വിദ്യാഭ്യാസം നല്‍കുന്ന രോഹിതിന്റെ മാതാവ് ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് ഇന്നും നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതീകം കൂടിയാണ്. സര്‍വര്‍ക്കും സ്വാതന്ത്യം ആഹ്വാനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടന രൂപവത്കരിച്ചതിന്റെ വാര്‍ഷികം ഒരിക്കല്‍ കൂടി ആഗതമാകുമ്പോള്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മേഖലകളില്‍ ഈ വിഭാഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധി കൂടിയാണ് ഈ സംഭവത്തിലൂടെ പുറംലോകമറിയുന്നത്. പതിറ്റാണ്ടുകളായി ഇന്ത്യയില്‍ തുടര്‍ന്നുപോരുന്ന ജാതീയ സമ്പ്രദായം തന്നെയാണ് ദളിതരുടെ ഇന്നത്തെ പിന്നാക്കാവസ്ഥക്ക് കാരണം. ജാതിവ്യവസ്ഥ തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങളുടെ പരിണതിയാണ് ചെറിയതോതിലെങ്കിലുമുള്ള വിദ്യാഭ്യാസ പുരോഗതിക്ക് നിമിത്തമായത്. സ്വാതന്ത്ര്യം പിന്നിട്ട് സപ്തതിയിലെത്തിയിട്ടും ഈ മേഖലയില്‍ ദളിത് വിഭാഗത്തിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. വോട്ട്‌ബേങ്കുകളാക്കി നിലനിര്‍ത്തുന്നതിനപ്പുറം ഈ വിഭാഗത്തിന്റെ ഉന്നതിക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ കാര്യമായി ഒന്നും ചെയ്യാതെ മലക്കം മറിഞ്ഞു. അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട കേന്ദ്ര സര്‍ക്കാറിലെ രണ്ടംഗങ്ങളുടെ പങ്ക് ഹൈദരാബാദ് സംഭവത്തില്‍ വെളിച്ചത്ത് വന്നത് അധികാരി വര്‍ഗം പുലര്‍ത്തുന്ന സമീപനത്തിന് തെളിവാണ്. സംഭവം കഴിഞ്ഞ് ആറ് ദിവസം പിന്നിട്ട ശേഷമാണ് രാജ്യത്ത് ദളിതുകളുടെ ക്ഷേമത്തിന് പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തുന്നത്. കടുത്ത പ്രതിഷേധത്തില്‍ നിന്ന് തടിയൂരാന്‍ കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചരിക്കുകയാണിപ്പോള്‍. പ്രക്ഷോഭം കത്തിപ്പടരുമ്പോഴും ദളിത് വിദ്യാര്‍ഥികളേറെയുള്ള മറ്റ് ക്യാമ്പസുകളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ അറിയാതെ പോകുന്നുവെന്നതാണ് വാസ്തവം. ക്യാമ്പസുകളില്‍ പിടിമുറുക്കുന്ന കാവി രാഷ്ട്രീയത്തിന്റെ ഇരയെന്ന നിലയില്‍ രോഹിതിന്റെ മരണം ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സവര്‍ണാധിപത്യ രാഷ്ട്രീയവും അധികാരവും സമം ചേര്‍ക്കുമ്പോള്‍ രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെല്ലാം ബി ജെ പിയുടെയും എ ബി വി പിയുടെയും ലക്ഷ്യങ്ങള്‍ നടപ്പിലാകുന്നുവെന്ന് വേണം കരുതാന്‍. ഹൈദരാബാദില്‍ മാത്രമല്ല പല പ്രമുഖ സര്‍വകലാശാലകളിലും സമാനമായ പുറത്താക്കലും പീഡനങ്ങളും നടന്നിട്ട് പുറം ലോകമറിയാത്തത് ക്യാമ്പസില്‍ സംഘ്പരിവാര്‍ നടപ്പാക്കുന്ന ഹിഡന്‍ അജന്‍ഡകളുടെ ഭാഗമാണ്. ഹൈദരാബാദ് സര്‍വകലാശാലയില്‍ തന്നെ ഇതിന് മുമ്പ് നടന്ന ദളിത് മരണങ്ങള്‍ പുറം ലോകമറിഞ്ഞില്ല. അക്കാദമിക് വരേണ്യ ഗൂഢാലോചനകള്‍ക്ക് സഹായകമാകുന്ന രാഷ്ട്രീയമാണ് എ ബി വി പി ക്യാമ്പസുകളില്‍ മുന്നോട്ട് വെക്കുന്നത്. അക്കാദമിക് മേഖലയില്‍ നിലനില്‍ക്കുന്ന ബ്രാഹ്മണ്യ അധികാരത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും ഗൂഢാലോചനയില്‍ നടന്ന കൊലാപാതകം ഇന്ന് പക്ഷേ രാജ്യത്തെ ക്യാമ്പസുകളിലെ ദളിത് അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ക്കുള്ള തീപ്പൊരിയായിരുന്നുവെന്ന് ഇവിടെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നു.
എസ് എഫ് ഐയുള്‍പ്പെയെയുള്ള സംഘടനകള്‍ ശക്തമായി നിലകൊള്ളുന്ന ക്യാമ്പസില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തന മികവാണ് എ ബി വി പിയുടെ കോപത്തിന് കാരണമായത്. എ എസ് എ ഉയര്‍ത്തിപ്പിടിക്കുന്ന അംബേദ്കര്‍ രാഷ്ട്രീയത്തില്‍ അസ്വസ്ഥരായ എ ബി വി പി, എ എസ്എയെ ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബീഫ് നിരോധത്തിനെതിരെ എ എസ് എ നടത്തിയ ബീഫ് ഫെസ്റ്റും മുസാഫര്‍ നഗര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും എ ബി വി പിയുടെ എതിര്‍പ്പ് രൂക്ഷമാക്കിയത് സ്വാഭാവികം മാത്രമായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ വെച്ച് തന്നെ മര്‍ദിച്ചുവെന്ന എ ബി വി പി നേതാവിന്റെ വ്യാജ പരാതിയുടെ പിന്‍ബലത്തിലാണ് കേന്ദ്രമന്ത്രിമാര്‍ സംഭവത്തില്‍ ഇടപെട്ടത്.
പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തുന്ന തരത്തില്‍ പോലും ജനരോഷം വളര്‍ന്നപ്പോള്‍ രോഹിത് ദളിതനല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബി ജെ പി ജനറല്‍ സെക്രട്ടറി മുരളീധര റാവു രോഹിതിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ആരോപിച്ചത് ഈ മരണത്തെ അപമാനിക്കുന്നതിന് തുല്യവുമാണ്. ഒരു സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ഒത്തുതീര്‍പ്പാക്കേണ്ട സംഭവം ദേശീയ പ്രശ്‌നമായി വളര്‍ന്നു വരാനുള്ള കാരണത്തിന് പിന്നില്‍ ക്യാമ്പസിലെ എ ബി വി പിയുടെയും ബി ജെ പിയുടെയും പങ്ക് ഒരിക്കലും തള്ളിക്കളയാവുന്നതല്ല. പ്രത്യയശാസ്ത്രപരമായി തന്നെ ദളിതുകളെ എതിര്‍ക്കുന്ന ബി ജെ പിയും അവരുടെ വിദ്യാര്‍ഥി സംഘടനയായ എ ബി വി പിയും തന്നെയാണ് ഹൈദരാബാദ് സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടത്. എന്നാല്‍ നേരത്തെ രോഹിത് എസ് എഫ് ഐയില്‍ അംഗമായപ്പോഴും ചില അസ്വസ്ഥതകള്‍ അനുഭവിച്ചിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. എസ് എഫ് ഐക്കെതിരെ രോഹിത് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഇക്കാര്യത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. “ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എസ് എഫ് ഐയുടെ വൈസ് പ്രസിഡന്റോ ജോ. സെക്രട്ടറി സ്ഥാനാര്‍ഥിയോ ആകുന്നതിനുള്ള രണ്ട് എളുപ്പവഴികള്‍ ഇവയാണ്: 1. ഉയര്‍ന്ന ജാതിക്കാരനാകുക. 2. ഫേസ്ബുക്കില്‍ സംവരണ വിരുദ്ധ പോസ്റ്റ് പ്രചരിപ്പിക്കുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യുക”. ഫ്യൂഡല്‍ കാലഘട്ടത്തില്‍ തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെട്ട “താഴ്ന്ന ജാതി” ക്കാരുടെ പ്രതിനിധിയും സവര്‍ണ ഫാസിസ്റ്റ് ഹൈന്ദവതയുടെ ക്യാമ്പസ് ഇരയുമായ രോഹിത് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത് ഇന്ത്യയുടെ ക്യാമ്പസുകളില്‍ അപ്രമാതിത്വമുള്ള വിദ്യാര്‍ഥി പ്രസ്ഥാനമായ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എസ് എഫ് ഐ)യോടുള്ള ആ പിന്നാക്കക്കാരന്റെ സമീപനമാണ് സൂചിപ്പിക്കുന്നത്. വിപ്ലവ വീര്യമുള്ള എസ് എഫ് ഐ പ്രവര്‍ത്തകനായി ക്യാമ്പസില്‍ വിരാജിച്ച രോഹിത് എങ്ങനെയാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂനിയനില്‍ എത്തിപ്പെട്ടത്? അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ കോപം പിടിച്ചുപറ്റിയ രോഹിതിന്റെ ഗര്‍ജനങ്ങള്‍ അന്ന് എസ് എഫ് ഐയുടെ തണലിലായിരുന്നെങ്കില്‍ ആ നേതാവ് മാതൃസംഘടന വിടാന്‍ മാത്രം എന്താണുണ്ടായത്? ചുരുങ്ങിയത് 11 സംസ്ഥാനങ്ങളിലെങ്കിലും ജാതിവിവേചനവും തൊട്ടുകൂടായ്മയും നിലനില്‍ക്കുന്ന ഇന്ത്യയിലെ സുപ്രധാന ക്യാമ്പസില്‍ എസ് എഫ് ഐ പോലുള്ള സംഘടനക്ക് സവര്‍ണ രാഷ്ട്രീയത്തെ മൂക്ക് കയറിടാന്‍ കഴിയാതിരുന്നതെങ്ങനെയെന്ന ചോദ്യവും പ്രസക്തമാണ്. ദളിതനെ അകറ്റിനിര്‍ത്തുകയെന്ന, സമൂഹത്തില്‍ രൂഢമൂലമായ പൊതുബോധം പ്രത്യയശാസ്ത്രപരമായി എതിര്‍പ്പില്ലാത്ത ക്യാമ്പസിലെ എസ് എഫ് ഐയിലും സ്വാഭാവികമായി പടര്‍ന്നുപിടിച്ചുവെന്നതാണ് ഹൈദരാബാദ് സംഭവം ഓര്‍മിപ്പിക്കുന്നത്.
ദളിത് വിഭാഗങ്ങളോട് പ്രത്യയശാസ്ത്രപരമായി എതിര്‍പ്പുള്ളപ്പോഴും അധികാരത്തിന്റെ നെറുകയിലെത്താന്‍ അവരെ കൂട്ടുപിടിക്കുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് ബി ജെ പി കളിച്ചു കൊണ്ടിരിക്കുന്നത്. ബീഹാറിലും ഉത്തര്‍പ്രദേശിലും പലകുറി പരീക്ഷിച്ച ഈ രാസപരീക്ഷണത്തില്‍ പക്ഷേ അവര്‍ക്ക് കാര്യമായി നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ബീഹാറില്‍ വിശാല സഖ്യത്തിന് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം തന്നെ ഇക്കാര്യത്തിന് അടിവരയിടുന്നുണ്ട്. ഉത്തര്‍പ്രദേശിലും മായാവതിയെ മുന്നില്‍ നിന്ന് അവര്‍ പരീക്ഷണങ്ങള്‍ നടത്തി. വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആരവങ്ങള്‍ ഉയരുന്ന ഉത്തര്‍പ്രദേശില്‍ ദളിതുകളെ പ്രീണിപ്പിക്കാനുള്ള കുതന്ത്രങ്ങളുമായാണ് ബി ജെ പിയുടെ അണിയറപ്രവര്‍ത്തനങ്ങള്‍. ദളിതുകളും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും മൂല്യം രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എങ്കിലും ഫാസിസത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തെ ദളിതുകള്‍ക്കിടയില്‍ തിരുകിക്കയറ്റാനും അതിനെ പ്രതിരോധിക്കുന്നവരെ ഉന്മൂലനം ചെയ്യാനുമുള്ള ഊര്‍ജമാണ് സംഘ്പരിവാര്‍ ക്യാമ്പപസില്‍ ഊതിക്കത്തിച്ചുകൊണ്ടിരിക്കുന്നത്. ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ ശക്തമായ കൂട്ടായ്മ ഉയര്‍ന്നുവരുന്നതിലൂടെ മാത്രമേ ഫാസിസ്റ്റ് വാഴ്ചയില്‍ നിന്ന് മോചനം ലഭിക്കുകയുള്ളൂവെന്നതാണ് ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം.