Gulf
മലബാറിന്റെ വികസനത്തിന് ഒരു ആമുഖം

കേരളീയരില്‍ മലബാറില്‍ നിന്നുള്ളവരാണ് ഗള്‍ഫില്‍ കൂടുതല്‍. ആദ്യകാലത്ത്, മുംബൈ വഴിയായിരുന്നു ഗള്‍ഫ് യാത്ര എന്നതിനാല്‍, എളുപ്പം ബോംബെയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നത് മലബാറുകാര്‍ക്കായിരുന്നു. തുടക്കം മുതല്‍ തന്നെ, കേരളീയരാകെ ഗള്‍ഫില്‍ മലബാരികള്‍ എന്ന് അറിയപ്പെട്ടു. ബോംബെക്കാര്‍ മലയാളികളെ മദ്രാസികള്‍ എന്ന് വിളിച്ചിരുന്നപോലെ.
ഗള്‍ഫില്‍ നിന്ന് അറബികള്‍ കേരളത്തെ ലക്ഷ്യംവെക്കുമ്പോള്‍ ആദ്യം അവരുടെ മനസില്‍ ഓടിയെത്തുക കോഴിക്കോടായിരുന്നു. അത് നൂറ്റാണ്ടുകള്‍ മുമ്പുള്ള ബന്ധമാണ്. കോഴിക്കോട്ടുനിന്ന് വിവാഹം ബന്ധം നേടിയ അറബികള്‍ ധാരാളം.
ഇന്നും ഗള്‍ഫും മലബാറും തമ്മില്‍ ഗാഢബന്ധം നിലനില്‍ക്കുന്നു. പെട്രോഡോളറിന്റെ കണ്ടെത്തലോടെ അറബ് സമൂഹം ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സഞ്ചരിക്കുന്നവരായി. പശ്ചാത്തല സൗകര്യത്തില്‍ പിന്നിലായിപ്പോയ മലബാറില്‍, അവര്‍ എത്തുന്നത് കുറഞ്ഞു.
കോഴിക്കോട്ടേക്ക് വിമാനസര്‍വീസ് ഉണ്ടെങ്കിലും ഉള്‍പ്രദേശങ്ങളിലേക്കും വിനോദ സഞ്ചാര മേഖലകളിലേക്കും റോഡ് ഗതാഗതം ദുഷ്‌കരം. കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളിലേക്ക് വിദേശീ സമൂഹം എത്തുന്നത് കുറഞ്ഞ തോതില്‍. അത് കൊണ്ടുതന്നെ കേരളത്തിലെ മണ്‍സൂണ്‍ കാലത്തുപോലും മലബാറില്‍ വിദേശികളെ കാണാറില്ല.
ഇതിന് പരിഹാരം വേണം. കണ്ണൂര്‍ ജില്ലക്കാരുടെ പ്രവാസി സംഘടനയായ “വെയ്ക്” ഈയിടെ ദുബൈയില്‍ ഉത്തര മലബാറിന്റെ വികസനം സംബന്ധിച്ച സെമിനാര്‍ നടത്തിയപ്പോള്‍ ഏറെ ഉയര്‍ന്നുവന്ന ആശങ്ക ഗതാഗത സൗകര്യമില്ലായ്മയാണ്. കണ്ണൂര്‍ വിമാനത്താവളം ആരംഭിച്ചാലും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെന്ന് വെയ്ക് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ പനക്കാട്ട് (കാവുക്ക) ചൂണ്ടിക്കാട്ടി. അനുബന്ധ റോഡ് വികസനം പ്രധാനമാണ്. റോഡ് വികസനത്തിന് സ്ഥലം ലഭ്യമല്ലെന്നും ഒഴിവുകഴിവ് ആവര്‍ത്തിക്കാന്‍ പാടില്ല. ഭരണകൂടവും ജനങ്ങളും യോജിച്ചാല്‍ എന്ത് പ്രതിസന്ധിക്കും പരിഹാരമുണ്ടാകും. പക്ഷേ, ഭരണകൂടം മലബാറിന്റെ വികസനത്തില്‍ ഇപ്പോഴും താല്‍പര്യം കാണിക്കുന്നില്ല. അഴീക്കല്‍ തുറമുഖ വികസനമാണ് ഏറെ സാധ്യതയുള്ള മറ്റൊരിടം. വിഴിഞ്ഞം മാതൃകയില്‍ ഇവിടെയും തുറമുഖ പദ്ധതി വരേണ്ടതാണ്. സാമ്പത്തിക സഹായത്തിന് ഗള്‍ഫ് മലബാരികള്‍ തയ്യാര്‍.