Connect with us

Gulf

'യാത്ര ഇവിടം കൊണ്ട് അവസാനിക്കുന്നില്ല'

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ എത്തുന്നു

“നമ്മള്‍, മുമ്പ് എങ്ങിനെ ആയിരുന്നോ, അത് പോലെ, ഒരു മേല്‍കൂരക്ക് കീഴില്‍ നമ്മള്‍ ഒറ്റക്കെട്ടാണ്. ഒരൊറ്റ കാഴ്ചപ്പാട്, ഒരു ഭാവി. എണ്ണക്ക് ശേഷമുള്ള യാത്രയില്‍ ബാബ് അല്‍ ശംസ് നമ്മുടെ പ്രധാന കുതിപ്പാണ്”- യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ബാബ് അല്‍ ശംസ് റിസോര്‍ട്ടില്‍ ഭരണാധികാരികളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ആസൂത്രണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്.
ആഗോള സാമ്പത്തിക മാന്ദ്യ പശ്ചാത്തലത്തില്‍ ഈ “ചിന്താന്‍ബൈഠ”ക്കിന് പ്രത്യേക പ്രാധാന്യമുണ്ട്. രാജ്യം ഇനി എങ്ങോട്ടു പോകണമെന്ന് അഭിപ്രായം തേടലും കാഴ്ചപ്പാട് സ്വരൂപിക്കലുമായിരുന്നു ലക്ഷ്യം. രാജ്യത്തിന്റെ നയം രൂപവത്കരിക്കുന്നവരില്‍ മിക്കപേരും യോഗത്തില്‍ പങ്കെടുത്തു.
എണ്ണ കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയായിരുന്നു, ഗള്‍ഫ് രാജ്യങ്ങള്‍ക്കെല്ലാം, ഇതുവരെ. എണ്ണക്ക് വില ഇടിഞ്ഞുകൊണ്ടിരിക്കുന്നു. മാത്രമല്ല, ഊര്‍ജത്തിന് ലോകരാജ്യങ്ങള്‍ ബദല്‍ വഴികള്‍ തേടിക്കൊണ്ടിരിക്കുന്നു. സൗരോര്‍ജ പദ്ധതികള്‍ വ്യാപകമാവുകയാണ്.
മറുവശത്ത്, ഗള്‍ഫ് മേഖലയില്‍ എണ്ണ സ്രോതസ് വറ്റിത്തീരാറായി. സാമ്പത്തികമായി പിടിച്ചു നില്‍ക്കണമെങ്കില്‍ വേറെ വരുമാന മാര്‍ഗം തേടേണ്ടതുണ്ട്.
അത് എങ്ങിനെ സാധ്യമാക്കും എന്നതിന് മാതൃകക്ക് മറ്റെങ്ങും പോകേണ്ടതില്ല. ദുബൈ മികച്ച ഉദാഹരണം. ഗള്‍ഫ് മേഖലയില്‍ എണ്ണവരുമാനം കുറഞ്ഞ പ്രദേശമാണ് ദുബൈ. എന്നാല്‍, ലോകത്തെ ഒന്നാംകിട നഗരമായി ദുബൈ വളര്‍ന്നു. പശ്ചാത്തല സൗകര്യം വര്‍ധിപ്പിച്ചത് വഴിയാണത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിക്ഷേപകരും വിനോദ സഞ്ചാരികളും എത്തി. ആഭ്യന്തരോല്‍പാദനത്തിന്റെ 90 ശതമാനം വിനോദ സഞ്ചാരം, റിയല്‍ എസ്റ്റേറ്റ്, കയറ്റിറക്കുമതി, വാണിജ്യം എന്നിവയില്‍ നിന്നായി.
ജെബല്‍ അലി തുറമുഖം, രാജ്യാന്തര വിമാനത്താവളം എന്നിവയുടെ വികസനമാണ് കാര്യമായ പങ്കുവഹിച്ചത്. രണ്ടും വിഭാവനം ചെയ്തത് മുന്‍ ഭരണാധികാരി ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂം. മകന്‍, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്, കൂടുതല്‍ കരുത്തോടെ ഇച്ഛാശക്തിയോടെ ആ കാഴ്ചപ്പാടിനെ മുന്നോട്ടുകൊണ്ടുപോയി.
യു എ ഇയിലെ മറ്റ് എമിറേറ്റുകളും ഇതേ വഴിയിലാണ്. രാജ്യതലസ്ഥാനമായ അബുദാബി ഒരുപടികൂടി കടന്ന്, പുതിയ മേഖലകള്‍ കണ്ടെത്തുന്നു. 1980ല്‍ യു എ ഇയുടെ ആഭ്യന്തരോല്‍പാദനം 55,500 കോടി ദിര്‍ഹമിന്റേതായിരുന്നു. എണ്ണയിതര മേഖലയില്‍ നിന്ന് 21 ശതമാനം മാത്രം. 2014 ആയപ്പോള്‍ എണ്ണയിതര വരുമാനം 69 ശതമാനമായി. ആ നിലയില്‍, രാജ്യം ശരിയായ പാതയിലാണ്.
എണ്ണവിലയിടിവ് രാജ്യത്തെ വലുതായി ബാധിക്കില്ല. “ഞങ്ങള്‍ ഇവിടം കൊണ്ട് അവസാനിപ്പിക്കില്ല. ഞങ്ങള്‍ മുന്നോട്ടുപോകും. എണ്ണയിതര വരുമാനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കും”- ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. പല മേഖലകളിലും ലോകത്തെ മികച്ച രാജ്യമാണ് യു എ ഇ. ഭരണാധികാരികളുടെ പ്രജാക്ഷേമ തല്‍പരത തന്നെയാണ് അതിന്റെ അടിത്തറ. ലോകത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഭരണാധികാരികളും പ്രജകളും ഒരേപോലെ തയ്യാറാണ്. അത് കൊണ്ട്, യു എ ഇക്ക് ആശങ്കപ്പെടാനൊന്നുമില്ല.

---- facebook comment plugin here -----

Latest