Gulf
ജനാഭിലാഷം അറിയാനുള്ള സംവിധാനങ്ങള്‍
ലോകത്ത് വ്യത്യസ്തമായ ഭരണക്രമങ്ങളുണ്ടെന്നതും അതിലെ തെറ്റും ശരിയും വിവക്ഷിക്കുക എന്നതും എളുപ്പമല്ല. ജനാധിപത്യ സംവിധാനങ്ങള്‍ പോലും ഒരേ രീതിയിലല്ല. അമേരിക്കയില്‍ കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാണ് ജനാധിപത്യം. ജനങ്ങള്‍ എങ്ങിനെ ചിന്തിക്കണമെന്ന്, കോര്‍പറേറ്റുകളുടെ കൈവശമുള്ള മാധ്യമങ്ങള്‍ തീരുമാനിക്കും. പ്രതിച്ഛായാ നിര്‍മിതി, അഭിപ്രായ രൂപവത്കരണം എന്നിങ്ങനെ, ജനങ്ങള്‍ക്കിടയില്‍ അവര്‍ നുഴഞ്ഞുകയറിയാണ് ഇത് സാധ്യമാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ യുദ്ധക്കൊതിയന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ നിന്നായിരുന്നു.
ലോകത്തെ ഏറ്റവും മികച്ച ജനാധിപത്യക്രമമുള്ള ഇന്ത്യയില്‍ പോലും ചിലപ്പോള്‍ ജനവികാരം അട്ടിമറിക്കപ്പെടുന്നു. ഫാസിസ്റ്റ് സ്വഭാവമുള്ള കക്ഷികളുടെ പല്ലും നഖവും ഒളിപ്പിച്ചുവെക്കുന്നതിലും അവരെ അധികാരത്തിലെത്തിക്കുന്നതിലും മാധ്യമങ്ങള്‍ പ്രധാന പങ്കുവഹിച്ചതായും കണ്ടു.
ചൈന ഉള്‍പെടെ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ കേന്ദ്രീകൃത ജനാധിപത്യമാണ്. ഒരു പറ്റം ആളുകള്‍ തീരുമാനം കൈക്കൊള്ളുന്നു. അത്, തെറ്റോ ശരിയോ എന്ന ജനാഭിലാഷം പ്രസക്തമല്ല. അതിനും പോരായ്മകള്‍ ഏറെ.
എന്നിരുന്നാലും ലോകത്ത് ഏറ്റവും സ്വീകാര്യമായ ഭരണരീതി, പ്രാദേശിക തലത്തിലെ തിരഞ്ഞെടുപ്പുതന്നെ. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ആളുകള്‍ ഒരു നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് എല്ലാ നിലയിലും ഗുണകരവും ഉത്തമവുമാണ്.
ഗള്‍ഫില്‍ പല രാജ്യങ്ങളിലും ഇത്തരം “പരിമിത ജനാധിപത്യ” കൂടിയാലോചനാ സമിതികളുണ്ട്. യു എ ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അത്തരത്തിലൊന്നാണ്. എമിറേറ്റ് തലത്തിലേക്കും ഇത്തരം സമിതികള്‍ വ്യാപിക്കുന്നു. ഷാര്‍ജയില്‍ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ രൂപവത്കരിക്കാന്‍ പോകുന്നു.
40 കൗണ്‍സിലര്‍മാരാണ് ഉണ്ടാവുക. ഇതില്‍ പകുതിപേരെ ജനങ്ങള്‍ തിരഞ്ഞെടുക്കും. 25,000 വോട്ടര്‍മാരില്‍ 16,696 പേര്‍ ഇതിനകം വോട്ടു ചെയ്തു. മലീഹ, മദാം, ഹംരിയ, ദൈദ് എന്നിവടങ്ങളില്‍ കനത്തപോളിംഗായിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് നിരീക്ഷിക്കാനെത്തി. ചരിത്ര പരമാണ് തിരഞ്ഞെടുപ്പെന്ന് പ്രതിനിധി സംഘം ഉപമേധാവി ജീന്‍ ബര്‍ണാഡ് ബോള്‍വിയന്‍ പറഞ്ഞു.
സ്ഥാനാര്‍ഥികളില്‍ സ്ത്രീകളുമുണ്ട്. ഹംരിയ സീറ്റില്‍ ഫാത്വിമ അല്‍ മുഹൈരിയാണ് വിജയിച്ചത്. ഇവിടെ അഞ്ച് പുരുഷ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു. 406 വോട്ടുകളില്‍ 33 ശതമാനം ഫാത്വിമ മുഹൈരി നേടി.
ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ സ്പീക്കര്‍ പദവി വനിതക്കാണ് എന്നതും സ്മരണീയം. ജനപങ്കാളിത്തത്തോടെയുള്ള ഏത് സംരംഭവും വിജയിക്കും. ജനാഭഇലാഷം ഭരണാധികാരികളില്‍ എത്തിക്കാനും കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ ഉപകരിക്കും.