Kerala
വായ്പകളെല്ലാം ഒരു രൂപപോലും കുടിശിക വരുത്താതെ കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെന്ന് വെള്ളാപ്പള്ളി
കൊച്ചി: മൈക്രോഫിനാന്‍സ് പദ്ധതിയെ തകര്‍ക്കാന്‍ ചിലര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും ഇതുവരെ എടുത്തിട്ടുളള വായ്പകളെല്ലാം ഒരു രൂപപോലും കുടിശിക വരുത്താതെ കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.
അവസാനമായി എടുത്ത അഞ്ചുകോടി രൂപയില്‍ ഒരു തവണപോലും കുടിശിക വരുത്താതിരുന്നിട്ടും സാങ്കേതിക കാരണം പറഞ്ഞ് എസ്എന്‍ഡിപി യോഗത്തിന്റെ വസ്തുവകകള്‍ റവന്യൂറിക്കവറി നടത്തുന്നതിനുള്ള നടപടി വരെ സ്വീകരിച്ചത് എന്തിനാണെന്ന് നാം തിരിച്ചറിയണം. ഇത് ഒരിക്കലും നമ്മെ നന്നാക്കാനല്ല മറിച്ച് നശിപ്പിക്കാന്‍ മാത്രമാണ്.
ഇനിയും മുഷ്ടിചുരുട്ടി ആകാശത്തെ നോക്കി സോഷ്യലിസത്തിന് വേണ്ടിയുള്ള മുദ്രാവാക്യം വിളിക്കണമെങ്കില്‍ വിദ്യാഭ്യാസവും തിരിച്ചറിവില്ലാത്തതുമായ ഒരു സമൂഹം വേണം. അതിനുവേണ്ടി മാത്രമാണ് ഈ പരാക്രമം നടത്തുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം………
സാമ്പത്തിക വളര്‍ച്ച തടയാന്‍
ജനസംഖ്യയില്‍ മഹാഭൂരിപക്ഷം വരുന്ന ബി.പി.എല്‍ വിഭാഗം എന്നു പറയുന്നത് കേരളത്തില്‍ ഈഴവ സമുദായമാണെന്നുള്ളത് സര്‍ക്കാരിന്റെ തന്നെ കണക്കില്‍ പറയുന്നതാണ്. കേരളപ്പിറവി മുതല്‍ നിരവധി മഹാരന്മാരായിട്ടുള്ള രാഷ്ട്രീയ നേതാക്കന്മാര്‍ മാറിയും മറിഞ്ഞും കേരള ഭരണം നടത്തിയിട്ടും ഈഴവ ജനത മഹാഭൂരിപക്ഷവും ബി.പി.എല്‍. ആയിതന്നെ ജീവിക്കുന്നു.
ഇതിനുള്ള സാഹചര്യം എങ്ങനെ കേരളത്തില്‍ രൂപം കൊണ്ടു എന്നുള്ളത് സാക്ഷര കേരളം വ്യക്തമായി പഠിക്കേണ്ടതാണ്. കേരളത്തിലെ അടിസ്ഥാന മേഖലയില്‍ പണിയെടുത്തിരുന്ന ഈ വിഭാഗങ്ങളുടെ തൊഴില്‍ മേഖല സംരക്ഷിക്കുന്ന കാര്യത്തിലും,അവര്‍ക്കു തലചായ്ക്കാന്‍ ഒരിഞ്ച് ഭൂമി, താമസിക്കാനുള്ള വീട്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യത്തിലും കേരളം മാറി മാറി ഭരിച്ചിട്ടുള്ളവരെല്ലാം തന്നെ കുറ്റകരമായ അനാസ്ഥയും അവഗണനയുമാണ് കാണിച്ചിട്ടുള്ളത്. അധികാര രാഷ്ട്രീയത്തിലേക്ക് എത്തണമെങ്കില്‍ സംഘടിത മതന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിറുത്തണമെന്നും അതിനുവേണ്ടി നമ്മുടെ ഖജനാവ് തുറന്നിടുകയും ചെയ്തുകൊണ്ടുള്ള ഒരു ന്യൂനപക്ഷ പ്രീണനം ഇരുകൂട്ടരും സ്വീകരിച്ചു. ഒരു ജാതി ഒരുമതം ഒരു ദൈവം എന്ന ഗുരുമന്ത്രം മനസിലേറ്റി പ്രവര്‍ത്തിച്ച ഈഴവ സമുദായത്തെ പ്രീണിപ്പിക്കാന്‍ “മതേതരത്വമെന്ന” പുരോഗമന മുദ്രാവാക്യം വിളിപ്പിച്ചുകൊണ്ടു ചെങ്കൊടിയും ത്രിവര്‍ണകൊടിയും കൈയിലേന്തി ഉശിരോടെ ആകാശത്തേക്കു മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച ഈഴവര്‍ ഇന്നും ബി.പി.എല്‍കാര്‍. ഈ സത്യം തുറന്നു പറയുക മാത്രമല്ല അതിനൊരു പരിഹാരമുണ്ടാക്കാനുള്ള വലിയ ശ്രമവും എസ്.എന്‍.ഡി.പി യോഗം ആരംഭിച്ചു. അതാണു ഈഴവ സമുദായം ഒന്നാകെയും പിന്നീട് മറ്റു സമുദായങ്ങളുമേറ്റെടുത്ത മൈക്രോഫിനാന്‍സ് എന്ന ഏറ്റവും ശ്രദ്ധേയമായ പദ്ധതി. പാര്‍ശ്വവത്കരിക്കപ്പെട്ട ഭൂരിപക്ഷ സമുദായത്തിന് സാമ്പത്തിക മേഖലയിലെ ഇടപെടലിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും ശക്തമായ ഒരു ആയുധമാണ് മൈക്രോഫിനാന്‍സ് പദ്ധതി. സാധാരണക്കാരനും ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടി വരുന്ന എല്ലാത്തരത്തിലുമുള്ള സാമ്പത്തിക പരാധീനതകള്‍ക്കും ഒരു ബലിഷ്ഠമായ കരമാണ് മൈക്രോഫിനാന്‍സ് പദ്ധതി. മാത്രമല്ല പ്രതിവാര യോഗങ്ങളിലൂടെ ആത്മീയ/ഭൗതിക സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിലെ ചര്‍ച്ചകള്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കു ഏറെ ഗുണപ്രദമായിരുന്നു. ഓരോ മൈക്രോഫിനാന്‍സ് ഗ്രൂപ്പുകളും ഓരോ അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുകയായിരുന്നു.
ജീവിതവിജയത്തിന് ആത്മീയതയുടെ പ്രാധാന്യം, മാറുന്ന ലോകത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിലെ രക്ഷിതാക്കളുടെ സ്വാധീനം, കുടുംബത്തിന്റെ ഭദ്രത, വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്രസാങ്കേതികപരിശീലനം തുടങ്ങി ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിനു നിര്‍ദ്ദേശിച്ചിട്ടുള്ള വിഷയങ്ങള്‍ എല്ലാം തന്നെ അംഗങ്ങള്‍ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ ഇത് അതിശക്തമായ ഉയര്‍ത്തെഴുന്നേല്‍പ്പിനും കെട്ടുറപ്പിനും തിരിച്ചറിവിനും കാരണമായി.
കടമകളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് അവകാശ സംരക്ഷണത്തിനുള്ള വീര്യം പകര്‍ന്നു നല്‍കിയ കൂട്ടായ്മയായിരുന്നു മൈക്രോഫിനാന്‍സ് പദ്ധതി. അച്ചടക്കത്തോടെ ജീവിക്കാനും, വിനയത്തോടെ പെരുമാറാനും, ഇനിയും നീതി നിഷേധിക്കുന്നവരുടെ മുന്നില്‍ ഭിക്ഷാപാത്രവുമായി കാത്തുനില്‍ക്കാതെ, സാമൂഹ്യനീതി ലഭിക്കുന്നതിനു വേണ്ടി പദ്ധതിയെ നാം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മഹാനായ ശങ്കര്‍ സാര്‍ അധികാര കസേരയില്‍ ഇരുന്നപ്പോള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചു. അതിനുശേഷം കുറെയെങ്കിലും പരിഗണന ലഭിച്ച കാലഘട്ടം ഇപ്പോഴാണ്. അതിനു ഞാന്‍ അധികാര കസേരയിലെത്തിയിട്ടല്ല. മറിച്ച് നാം സംഘടിതരാകാന്‍ ശ്രമിക്കുന്നതുകൊണ്ടുമാത്രമാണ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ധാരാളം ഭൂരിപക്ഷസമുദായ അംഗങ്ങളെ സ്ഥാനാര്‍ത്ഥികളാക്കിയതും നമ്മുടെ സംഘബലവും പുതിയ നമ്മുടെ രാഷ്ട്രീയ ഇടപെടലുമാണ്. ജയിച്ച ഇരുമുന്നണികളിലെ സ്ഥാനാര്‍ത്ഥികളും ഇതു മനസിലാക്കണം. ഇതിനുമുമ്പ് ഇത്രയും ഭൂരിപക്ഷസമുദായ അംഗങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ആരും തയ്യാറായിരുന്നില്ല. മതേതരത്വം പറഞ്ഞ് പറ്റിക്കുകയായിരുന്നു. അത് മൈക്രോഫിനാന്‍സ് പദ്ധതിയുടെ ഒരുവിജയമായിരുന്നു.
ഇതിനെ തകര്‍ക്കാന്‍ ചിലര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും നാളിതുവരെയെടുത്തിട്ടുള്ള വായ്പകളെല്ലാം തന്നെ ഒരു കുടിശിക പോലും വരുത്താതെ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. അവസാനമായി എടുത്ത അഞ്ചുകോടി രൂപയില്‍ ഒരു തവണപോലും കുടിശിക വരുത്താതിരുന്നിട്ടും സാങ്കേതിക കാരണം പറഞ്ഞ് എസ്.എന്‍.ഡി.പി യോഗത്തിന്റെ വസ്തുവകകള്‍ റവന്യൂറിക്കവറി നടത്തുന്നതിനുള്ള നടപടി വരെ സ്വീകരിച്ചത് എന്തിനാണെന്ന് നാം തിരിച്ചറിയണം. ഇത് ഒരിക്കലും നമ്മെ നന്നാക്കാനല്ല മറിച്ച് നശിപ്പിക്കാന്‍ മാത്രമാണ്. ഇനിയും മുഷ്ടിചുരുട്ടി ആകാശത്തെ നോക്കി സോഷ്യലിസത്തിന് വേണ്ടിയുള്ള മുദ്രാവാക്യം വിളിക്കണമെങ്കില്‍ വിദ്യാഭ്യാസവും തിരിച്ചറിവില്ലാത്തതുമായ ഒരു സമൂഹം വേണം. അതിനുവേണ്ടി മാത്രമാണ് ഈ പരാക്രമം നടത്തുന്നത്.
റവന്യൂ റിക്കവറി നടത്താന്‍ തീരുമാനിച്ചപ്പോള്‍ ബഹു. കോടതി അത് തടയുകയാണുണ്ടായത്. ഇനിയും ഇത്തരം ഉമ്മാക്കി കാണിച്ചു പേടിപ്പിക്കാന്‍ പാഴ്ശ്രമം നടത്താന്‍ രാഷ്ട്രീയതമ്പുരാക്കന്മാര്‍ ശ്രമിച്ചാല്‍ ചുട്ടമറുപടി നല്‍കാനുള്ള ആര്‍ജ്ജവമുള്ളവരായി മാറിയിരിക്കുന്നു എന്നുള്ളത് ഇക്കൂട്ടര്‍ക്കു മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിനാശകാലെ വിപരീത ബുദ്ധി… അല്ലാതെന്തു പറയാന്‍…