Connect with us

Gulf

ജനറല്‍ ശൈഖ് മുഹമ്മദ് ഇന്ത്യയിലെത്തുമ്പോള്‍

Published

|

Last Updated

ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ യു എ ഇ ഉന്നത സംഘം ഇന്ത്യ സന്ദര്‍ശിക്കാന്‍ പോവുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ സന്ദര്‍ശിച്ച ശേഷം, യു എ ഇ-ഇന്ത്യ ബന്ധത്തില്‍ ഇത് മറ്റൊരു നാഴികക്കല്ലായി മാറും.
എണ്ണവിലയിടിവ്, മധ്യപൗരസ്ത്യ മേഖലയിലെ തീവ്രവാദം, ഉഭയകക്ഷി നിക്ഷേപ സംരംഭങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്.
മഹത്തായ പാരമ്പര്യമുള്ള രാജ്യങ്ങളാണ് രണ്ടും. പരസ്പര ബന്ധമാകട്ടെ, ചരിത്രാതീതകാലം മുതല്‍ ഉള്ളതും. മനുഷ്യര്‍ സമുദ്ര സഞ്ചാരം തുടങ്ങിയതു മുതല്‍ ഇന്ത്യയും യു എ ഇയും വാണിജ്യബന്ധം ഉരുത്തിരിഞ്ഞു. അവശ്യ സാധനങ്ങള്‍ക്ക് മേഖലയിലെ ട്രൂഷ്യല്‍ സ്റ്റേറ്റുകള്‍ ആശ്രയിച്ചത് ഇന്ത്യയെ. അതിലൂടെ സാമൂഹിക ബന്ധങ്ങളും പരസ്പര വിശ്വാസവും അരക്കിട്ടുറപ്പിച്ചു.
മേഖലയില്‍ എണ്ണ കണ്ടെത്തിയതോടെ, ജീവിതോപാധിതേടി അനേകം ഇന്ത്യക്കാര്‍ ഗള്‍ഫിലെത്തി. മിക്കവരുടെയും ലക്ഷ്യസ്ഥാനം യു എ ഇ ആയിരുന്നു. ഇന്ത്യക്കാരെ യു എ ഇ ഭരണാധികാരികളും സമൂഹവും ഇരു കൈയും നീട്ടി സ്വീകരിച്ചു.
ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇപ്പോള്‍ യു എ ഇയിലുള്ളത്. പല രംഗങ്ങളിലും ഇന്ത്യക്കാരുടെ നിക്ഷേപവുമുണ്ട്. എം എ യൂസുഫലി, രവി പിള്ള, ബി ആര്‍ ഷെട്ടി, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ കൂടുതല്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അടക്കം യു എ ഇ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മുംബൈ ഡല്‍ഹി വ്യാവസായിക ഇടനാഴിയില്‍ അബുദാബി ഭരണകൂടം താല്‍പര്യം കാണിച്ചിട്ടുണ്ട്.
കേരളത്തിലും യു എ ഇയുടെ നിക്ഷേപം വര്‍ധിച്ചുവരുന്നു. കൊച്ചി വല്ലാര്‍പാടം ടെര്‍മിനല്‍ കണ്ടെയ്‌നര്‍ ദുബൈ പോര്‍ട്ട് വേള്‍ഡാണ് നടത്തുന്നതെങ്കില്‍, ഉദ്ഘാടനം കാത്തുകഴിയുന്ന കൊച്ചി സ്മാര്‍ട് സിറ്റി ദുബൈ ടീകോമിന്റെ വക.
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും കൈകോര്‍ത്തു നിന്നാല്‍ ലോകത്തിന് അത് മാതൃകയാകും. പാരസ്പര്യത്തിന്റെ ഉദാത്ത തലങ്ങളിലേക്ക് അത് വളരും.
കൊച്ചി സ്മാര്‍ട് സിറ്റി ഈ മാസം ഒടുവില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അന്നും യു എ ഇ ഭരണാധികാരികളില്‍ ആരെങ്കിലും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. അത് കേരളീയര്‍ക്ക് വലിയ ആഹ്ലാദം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

---- facebook comment plugin here -----

Latest