Articles
പെണ്‍കുഞ്ഞിന് ജീവിക്കണമെങ്കില്‍ നിയമം വേണമെന്നോ ?
വീണ്ടും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയവും ഭ്രൂണഹത്യയും ഒരു ചര്‍ച്ചക്ക് ഇട നല്‍കിയിരിക്കുകയാണ്. ഇതു സംബന്ധിച്ച്് കേന്ദ്ര വനിത- ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി ഈയിടെ നടത്തിയ ഒരു പ്രസ്താവനയാണ് അതിനു കാരണം. പ്രസ്താവന വേണ്ട രീതിയില്‍ ചര്‍ച്ചക്ക് വന്നിട്ടുണ്ടോ എന്നത് മറ്റൊരു വിഷയം. ഏറെ ഗൗരവും ചിന്തനീയവുമായ വിഷയമാണ് മന്ത്രി തുറന്നിട്ടെന്നത് പറയാതിരിക്കാനാകില്ല. ഗര്‍ഭിണികള്‍ക്ക് ഭ്രൂണ, ലിംഗ നിര്‍ണയം നിര്‍ബന്ധമാക്കുകയും അത് രജിസ്റ്റര്‍ ചെയ്യുകയും ഗര്‍ഭിണിയെ അക്കാര്യം അറിയിക്കുകയും ചെയ്യണമെന്നാണ് മന്ത്രി പറഞ്ഞ പ്രധാന കാര്യം. മറ്റൊന്ന് പ്രസവം വീട്ടില്‍നിന്നാകാന്‍ പാടില്ലെന്നും ആശുപത്രിയില്‍ വെച്ചാകണമെന്നും അവര്‍ വ്യക്തമാക്കുന്നു. ഏറെ ഗൗരവത്തോടെയാണ് രണ്ട് കാര്യവും മന്ത്രി പറയുന്നത്. അപ്പോഴും നിയമം കൊണ്ട് മാത്രം ഇത് എത്രത്തോളം സാധ്യമാകുമെന്നതാണ് വിഷയം. സ്ത്രീ ജനനം അഥവ ജനനസംഖ്യ ഭയാനകമായ തോതില്‍ കുറഞ്ഞുവരുന്നുമുണ്ട്.
ഒരു മനുഷ്യന്റെ ഉത്ഭവം അഥവ പെണ്‍കുഞ്ഞ് ഭൂമിയില്‍ വേണോ, വേണ്ടയോ എന്ന രീതിയിലേക്ക് വന്നുചേരുന്ന ഒരു സമൂഹത്തിന്റെ ആശങ്കയായിരിക്കാം മേനകാഗാന്ധിയെയും ചിന്തിപ്പിച്ചിരിക്കുന്നത്. പ്രസ്താവന പലയിടങ്ങളിലും ചര്‍ച്ചയായപ്പോള്‍ അത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഭരണതലത്തില്‍ തീരുമാനമൊന്നും വന്നിട്ടില്ലെന്നും മന്ത്രി മാറ്റിപ്പറയുകയുണ്ടായി. എങ്കിലും പ്രസ്താവനയുടെ സാംഗത്യവും നിലവിലെ സാമൂഹിക യാഥാര്‍ഥ്യവും ഉത്കണ്ഠയോടെ ചര്‍ച്ചക്കെടുക്കേണ്ട സമയം പരിണമിച്ചിരിക്കുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്ത് ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ എണ്ണത്തിലുണ്ടായിട്ടുള്ള കുറവ് തീര്‍ച്ചയായും ആരെയും ചിന്തിപ്പിക്കുന്നതാണ്. രണ്ട് ശതമാനത്തോളം കുറഞ്ഞിരിക്കുന്നു. 2001 ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 933 പെണ്‍കുട്ടികള്‍ ആയിരുന്നെങ്കില്‍ 2011 ആകുമ്പോഴേക്കും അത് ആയിരത്തിന് 916 ആയി. വീണ്ടും ഗ്രാഫ് താഴോട്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അതേസമയം ശക്തമായ നിയമവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഓര്‍ക്കണം. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി ഭ്രൂണഹത്യ കര്‍ശനമായി തടയുന്ന പ്രീ കണ്‍സപ്ഷന്‍ ആന്‍ഡ് പ്രീ നെയ്റ്റല്‍ ഡയഗ്നോസ്റ്റിക് (പി സി പി എന്‍ സി ടി) ആക്ട് രാജ്യത്ത് നിലവില്‍ വന്നത് 1994ലാണ്. തുടര്‍ന്നുള്ള നിര്‍ദേശ പ്രകാരമാകാം രാജ്യത്തെ മിക്ക ആശുപത്രികളിലെല്ലാം, ഇവിടെ ഗര്‍ഭസ്ഥ ശിശു ലിംഗനിര്‍ണയം നിയമംമൂലം നിരോധിച്ചിരികുന്നുവെന്ന വലിയ ബോര്‍ഡും എഴുതിവെച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം പല ആശുപത്രികളിലും ഗര്‍ഭസ്ഥ ശിശു ലിംഗനിര്‍ണയവും ഭ്രൂണഹത്യയും(അബോര്‍ഷന്‍) വ്യാപകമായി നടക്കുന്നുമുണ്ട്. ഭ്രൂണഹത്യ എന്നതിലുപരി ലിംഗ നിര്‍ണയത്തിന് ശേഷമുള്ള ഭ്രൂണഹത്യയാണ് പാതകമായി നിയമം അനുശാസിക്കുന്നത്. ഇവിടെ ഒറ്റ ഉദ്ദേശ്യമേ ഉള്ളൂ. പെണ്‍കുട്ടി ജനിക്കാതിരിക്കുക തന്നെ. ഈ അനീതിയെ, പ്രാകൃത രീതിയെ, അതുമല്ലെങ്കില്‍ സാംസ്‌കാരിക അധഃപതനത്തെ എങ്ങനെ നേരിടണമെന്നതാണ് പുതിയ വെല്ലുവിളി. കേരളം പോലുള്ള പരിഷ്്കൃത സമൂഹത്തില്‍ (പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും കാര്യത്തില്‍) പെണ്‍ ഭ്രൂണഹത്യ എത്രകണ്ട് നടക്കുന്നുണ്ടെന്നത് മാത്രമല്ല, പുതിയ വിഷയം, മറിച്ച് മേനക ഗാന്ധിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലെങ്കിലും വേണ്ടരീതിയില്‍ ചര്‍ച്ചയാകുന്നില്ലെന്നതുമാണ്.
ഗര്‍ഭിണിയെ പ്രസവം കഴിയുംവരെ നിരീക്ഷിക്കണമെന്നുള്ള മന്ത്രിയുടെ അഭിപ്രായവും ഏറെ ഗൗരവം നിറഞ്ഞതായി കാണാം. ഇവിടെ സ്ത്രീക്ക,് സ്ത്രീയും പുരുഷനും അല്ലെങ്കില്‍ പൊതു സമൂഹം (മൊത്തത്തിലല്ലെങ്കിലും) ഒരു രണ്ടാംതര പൗര സമീപനം വെച്ച് പുലര്‍ത്തുന്നുണ്ടോ എന്നുവേണം കരുതാന്‍. സ്ത്രീ ഗര്‍ഭാവസ്ഥയിലുള്ള ആരോഗ്യ പരിപാലനത്തിനുപരിയാണ് പ്രത്യേക നിരീക്ഷണം എന്നോര്‍ക്കണം.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം മന്ത്രിയുടെ ഈ പ്രസ്താവനയെന്നും നിരീക്ഷിക്കണം. പെണ്‍ കുഞ്ഞുങ്ങളുടെ ഹത്യയുമായി ബന്ധപ്പെട്ട് രഹസ്യമായും പരസ്യമായും ലഭിക്കുന്ന വാര്‍ത്തകള്‍ അറിയുമ്പോള്‍ ഇത് ഇന്ത്യാ രാജ്യത്ത് നടക്കുന്ന സംഭവമാണോ എന്ന് വരെ തോന്നിപ്പോകും. നീചവും പൈശാചികവുമായ ഒരേര്‍പ്പാടിനെ നിയമം കൊണ്ട് മാത്രം തടയാവുന്നതാണോ എന്നതും പ്രശ്‌നമായി നിലനില്‍ക്കുന്നു.
നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇതിലെല്ലാം ഭരണകൂടവും സമൂഹവും നല്‍കുന്ന പരികല്‍പ്പനയാണ് പ്രധാനം. എണ്‍പതുകളില്‍ നാം പല വിഷയങ്ങളെയും നേരിടേണ്ടി വന്നപ്പഴും ഭരണകൂടവും രാഷ്ട്രീയ നേതാക്കന്മാരും വരെ നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ആഗോള വത്കരണത്തിന്റെ ഇക്കാലത്ത് എല്ലാം നമ്മെ കൂടി തേടിയെത്തിയതോടെ, നമ്മുടെ വയറ്റത്തടിക്കുന്ന പ്രശ്‌നമായതോടെ കരുതിയിരിക്കാനും മുണ്ടുമുറുക്കാനുമാണ് ആഹ്വാനം. ഇതിന് പോംവഴി കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവുമായിരിക്കുന്നു.
പരിഷ്‌കൃത സമൂഹമെന്ന് നാം വിവക്ഷിക്കുമ്പോഴും പ്രാകൃതമായ പല രീതികളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നും കാര്യമായി തടസ്സമില്ലാതെ നടക്കുന്നുണ്ട്. അടുത്തകാലത്തായി പെണ്‍കുഞ്ഞുങ്ങളുടെ ഹത്യയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ നിന്ന് വന്ന വാര്‍ത്തകള്‍ മനസ്സാക്ഷിയുള്ള സമൂഹത്തെ നോവിക്കുന്നതായിരുന്നു. പിറന്ന ഉടനെ പെണ്‍കുഞ്ഞാണെങ്കില്‍ അണ്ണാക്കില്‍ നെല്‍ മണി വെച്ച് കൊടുക്കുകയാണ് പതിവ്. കുഞ്ഞ് ഭൂമി കണ്ടതോടെ അവസാനിക്കുകയും ചെയ്യും. കൂടാതെ കുഞ്ഞിനെ കഴുത്തറുക്കുന്നതും മുഖത്ത് തുണിയിട്ട് കൊല്ലുന്നതും പതിവുരീതിയായി തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ നടക്കുന്നുണ്ടെന്നതായാണ് വിവരം. ധര്‍മപുരി, സേലം, മധുര തുടങ്ങി ജില്ലകളിലാണ് ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങള്‍ കൂടുതലായും നടക്കുന്നത്. ഇവിടങ്ങളില്‍ പ്രതിവര്‍ഷം മൂവായിരം പെണ്‍കുഞ്ഞുങ്ങളെങ്കിലും കൊല്ലപ്പെടുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ അനൗദ്യോഗിക കണക്ക് ഇതിലും എത്രയോ കൂടുതലാണ്. ധര്‍മപുരി ജില്ലയില്‍ മാത്രം 1200 പെണ്‍കുഞ്ഞുങ്ങള്‍ വര്‍ഷം കൊല്ലപ്പെടുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. 2011ലെ കണക്കുപ്രകാരം ഇവിടെ 1000 ആണ്‍കുട്ടികള്‍ക്ക് 826 പെണ്‍കുട്ടികളെന്ന നിലയിലേക്ക് കുറഞ്ഞു. ഒരു പക്ഷെ ജയലളിതക്ക് അമ്മ പരിവേഷം നല്‍കുന്ന തമിഴ്‌നാട്ടിലാണ് ഇതുനടന്നക്കുന്നതെന്ന് ലാഘവത്തോടെ കാണാനും കഴിയില്ല.
എന്നാല്‍ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൡലെ സ്ഥിതിയും ഭീതിതമാണ്. ഇവിടെ 1000 ആണ്‍കുട്ടികള്‍ക്ക് 733 പെണ്‍കുട്ടികള്‍ എന്ന നിലയിലേക്ക് ഗ്രാഫ് താഴ്ന്നിരിക്കുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തില്‍. അവിടങ്ങളിലെല്ലാം പൈശാചികമായ രീതിയിലാണ് പെണ്‍കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം. ദക്ഷിണേന്ത്യയില്‍ ബെംഗളൂരുവിലെ ചില ആശുപത്രികളിലാണ് വന്‍തോതില്‍ ഭ്രൂണ ഹത്യയും ലിംഗനിര്‍ണയവും നടക്കുന്നത്. ഇവിടെ ആശുപത്രികളില്‍ എത്തുന്നവരില്‍ 90 ശതമാനം അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെന്നതും ശ്രദ്ധേയമാണ്. കര്‍ണാടകയിലെതന്നെ ചില ഗോത്ര വിഭാഗങ്ങളില്‍ സ്ത്രീ പെണ്‍കുഞ്ഞിനെയാണ് ഗര്‍ഭം ധരിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞാല്‍ പ്രസവം വരെ ചില പ്രത്യേക അടയാളം അവര്‍ കൊണ്ടുനടക്കണം. മറ്റു ചില ഇടങ്ങൡ പെണ്‍കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞാല്‍ സ്ത്രീക്ക് തുടര്‍ന്ന് കാര്യമായ ചികിത്സയും പരിചരണവും നല്‍കില്ല. മറ്റൊന്ന്, തലസ്ഥാന നഗരിയായ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബഹുഭൂരിപക്ഷം സ്ത്രീകളും പ്രസവിക്കുന്നത് ആശുപത്രികളില്‍ വെച്ചല്ല. മറിച്ച് അവരുടെ വീടുകളില്‍ വെച്ചാണ്. ഇത്തരം സാഹചര്യങ്ങളിലാണ് നേരത്തെ പറഞ്ഞ പ്രാകൃത രീതികള്‍ കൂടുതലായും നടക്കാനിടയാകുന്നത്. ഭ്രൂണഹത്യ ഒരു തരത്തിലും പാടില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും അത് ലിംഗ നിര്‍ണയത്തിന്റെ അടിസ്ഥാനത്തിലാകുമ്പോഴാണല്ലൊ മഹാപാതകമാകുന്നത്.
എന്നാല്‍ അതിലും പാതകമാണ് ജനനശേഷം നടക്കുന്ന ഹത്യയെന്നുവേണം കാണാന്‍. നാല് പെണ്‍കുഞ്ഞുങ്ങള്‍ പിറന്നശേഷം പിന്നീട് ഒരു ആണ്‍കുട്ടി വേണമെന്ന് വിചാരിക്കുന്നതില്‍ തെറ്റെന്താണെന്നാണ് ഇതുമായി ബന്ധപ്പെട്ട് ചിലര്‍ ചോദിക്കുന്നത്. മറുപടി അവരവര്‍ തന്നെ കണ്ടെത്തുകയും ചെയ്യുന്നു. ഭാരതീരാജ സംവിധാനം ചെയ്ത് എ ആര്‍ റഹ്്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച പ്രശസ്ത തമിഴ് ചലചിത്രമായ “കറുത്തമ്മ” വെളിച്ചം വീശുന്നത് പെണ്‍ (പെണ്‍കുഞ്ഞ്) ഹത്യയുമായി ബന്ധപ്പെട്ട മഹാപാതകത്തിന്റെ ഭീകരതയിലേക്കും ദൈന്യതയിലേക്കുമാണ്. നിരവധി അംഗീകാരങ്ങളും പുസ്‌കാരങ്ങളും നേടിയെടുത്ത ഒരു സിനിമ കൂടിയാണിത്. കേരളത്തില്‍ ഇത്തരം ഭ്രൂണ ഹത്യ തീരെ കുറവാണെന്നാണ് പ്രശസ്ത ഗൈനക്കോളജിസ്റ്റും കോഴിക്കോട് മലബാര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡറയക്ടറും വനിതാ രത്‌നം 2015 പുരസ്‌കാര ജേതാവുമായ ഡോ. പി എ ലളിത പറയുന്നത്. എന്നാല്‍ നിയമം കൊണ്ടോ പ്രത്യേക വകുപ്പ് ഉണ്ടാക്കിയതു കൊണ്ടോ തടയാവുന്ന ഒരു സംഗതിയല്ല ഇതെന്ന് അവര്‍ തറപ്പിച്ചുപറയുന്നു. കാരണം സ്ത്രീ ഒരു രണ്ടാംകിട പൗരയെന്ന സമീപനം നിലനില്‍ക്കുന്ന കാലത്തോളം ഇത്തരം അനീതികള്‍ നടക്കുകതന്നെ ചെയ്യും. അവര്‍ക്കുനേരെയുള്ള പൈശാചിക കൃത്യങ്ങളും അക്രമങ്ങളും നടക്കുന്നുകൊണ്ടിരിക്കും.
എന്നാല്‍ ഇതൊന്നുമല്ലാതെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മുന്തിയ, അല്ലെങ്കില്‍ കൂടുതല്‍ പരിഗണന നല്‍കുന്ന എത്രയോ കുടുംബങ്ങളും സമൂഹവും നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. സ്ത്രീ ഉന്നമയാകണമെന്നാണ് ലിംഗ നിര്‍ണയം നിര്‍ബന്ധമാക്കണമെന്ന അഭിപ്രായപ്രകടനത്തിലൂടെ മേനകാഗാന്ധി ഉദ്ദേശിക്കുന്നതെങ്കില്‍, ആദ്യം വേണ്ടത് ആളുകളുടെ സാമൂഹിക കാഴ്ചപ്പാടിലുള്ള മാറ്റമാണ്. സമൂഹത്തിന് സ്ത്രീയോടുള്ള കാഴ്ചപ്പാടും അതുവഴി സ്ത്രീക്ക് സമൂഹത്തോടുള്ള കാഴ്ചപ്പാടും മാറിയേ തീരൂവെന്നും ഡോ. പി എ ലളിത വ്യക്തമാക്കുന്നു. മറ്റൊന്ന്, ആണായാലും പെണ്ണായാലും അതു സൃഷ്ടിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം സ്ത്രീകള്‍ക്കാണെന്ന ഒരു മിഥ്യാധാരണ മിക്ക സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും വന്നുചേര്‍ന്നിട്ടുണ്ടോ എന്നു കരുതേണ്ടിയിരിക്കുന്നു. അതിനാല്‍ കുറ്റം മുഴുവനും സ്ത്രീകളില്‍ വന്നുചേരുകയും ചെയ്യുന്നു. രണ്ട് പെണ്‍ മക്കളുള്ള ഒരു പ്രശസ്ത ചിത്രകാരന്‍ ഒരിക്കല്‍ തമാശയായി പറഞ്ഞിരുന്നു. ഭാര്യ പറയുന്നു; ഞാന്‍ പെണ്ണല്ലേ, എനിക്ക് പെണ്‍ മക്കളേ പ്രസവിക്കാനെ കഴിയൂ; അതിനാല്‍ അവള്‍ പ്രസവം നിര്‍ത്തി വെച്ചു. ഒരുപാട് മാനങ്ങളുള്ള ഒരു തമാശയാണ്. ഒരു മിഥ്യാസങ്കല്‍പ്പത്തിന്റെ പരിപ്രേക്ഷ്യം അതിലുണ്ട്.
അതേസമയം കേരളത്തിലെ പ്രബുദ്ധ സ്ത്രീ സമൂഹത്തിലെ മുന്നണി പേരാളികള്‍ ആരും തന്നെ ഇത്തരമൊരു വിഷയം കാര്യമായി ചര്‍ച്ചക്കുപോലും എടുക്കുന്നില്ലെന്നത് ഒരു യാഥാര്‍ഥ്യമായി അവശേഷിക്കുന്നു. ഒളിമ്പിക്‌സ് മത്സരത്തിലേക്കും ബഹിരാകാശത്തേക്കും രാജ്യഭരണ നേതൃത്വത്തിലേക്കും നേരിട്ടെത്തിയ സ്ത്രീ എന്തുകൊണ്ടാണ് രണ്ടാംകിട പൗരയാകുന്നതെന്നാണ് ചര്‍ച്ചചെയ്യേണ്ടത.്