Kerala
സരിതയോട് അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് കമ്മീഷന്‍
കൊച്ചി: സരിത എസ്. നായരെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകനും സോളര്‍ കമ്മിഷനും തമ്മില്‍ തര്‍ക്കം. ക്രോസ് വിസ്താരത്തിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ സരിതയെ ആക്ഷേപിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കമ്മിഷന്‍ ഇടപെട്ടത്. ക്രോസ് വിസ്താരം പരിധി വിടുന്നുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിസ്താരം കമ്മിഷന്‍ അന്യായമായി തടസപ്പെടുത്തുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകനായ എസ്. ശ്രീകുമാറിന്റെ പ്രതികരണം.
14 മണിക്കൂര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രിയെ ഇരുത്തി തേജോവധം ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രിയോട് അനാവശ്യ ചോദ്യം ചോദിച്ചവരെ വിലക്കിയില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആരും അനാവശ്യ ചോദ്യം ചോദിച്ചില്ലെന്നും 14 മണിക്കൂര്‍ ഇരുന്നത് വലിയ കാര്യമല്ലെന്നും കമ്മീഷന്റെ പറഞ്ഞു.
അതേസമയം, കോടതിയുടെ പരിഗണനയിലുളള വിഷയങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് സരിത സോളര്‍ കമ്മീഷനില്‍ പറഞ്ഞു. ശ്രീധരന്‍ നായരുമായുളള കരാറിനെക്കുറിച്ചുളള ചോദ്യത്തിനാണ് മറുപടി. മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ ചോദ്യത്തോടാണ് പ്രതികരണം.
അതിനിടെ, സരിതയെ വിസ്തരിക്കാന്‍ പൊലീസ് അസോസിയേഷന് കമ്മിഷന്‍ അനുമതി നല്‍കിയില്ല. സരിതയുടെ കോള്‍ വിളികള്‍ പരിശോധിക്കണം എന്നതുള്‍പ്പെടെ വിഷയത്തില്‍ പൊലീസ് അസോസിയേഷന്‍ നല്‍കിയ പരാതി ഡിജിപിയുടെ പരിഗണനയിലാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഫോണ്‍ വിവരങ്ങള്‍ ലഭിച്ചശേഷം സരിതയെ ക്രോസ് വിസ്താരം ചെയ്യാന്‍ അവസരം നല്‍കും. പൊലീസ് അസോസിയേഷന്റെ അപേക്ഷ അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.