Kozhikode
സുവര്‍ണ നഗരി ഫുട്‌ബോള്‍ ലഹരിയില്‍
കൊടുവള്ളി:34ാമത്കൊയപ്പ അഹമ്മദ്കുഞ്ഞി സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌നടക്കുന്ന “സുവര്‍ണ നഗരി” ഫുട്‌ബോള്‍ ലഹരിയില്‍. രാത്രി 8.30ന് നടക്കുന്ന മത്സരം കാണാനെത്തുന്നവരുടെ വാഹന പാര്‍ക്കിംഗിനാല്‍ കൊടുവളളി അങ്ങാടിയുടെ റോഡിനിരുവശവും ബസ്സ്റ്റാന്‍ഡും ബൈപ്പാസ് റോഡും വീര്‍പ്പുമുട്ടുകയാണ്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രേമികളാണ് മത്സരം കാണാനെത്തുന്നവരിലേറെയും.
കൊടുവള്ളിയിലെ പഴയകാല കാല്‍പന്തുകളി “കമ്പ”ക്കാരനായിരുന്ന കൊയപ്പ അഹമ്മദ്കുഞ്ഞിയുടെ സ്മരണ നിലനിര്‍ത്തുന്നതിനാണ് സംഘാടകരായ ലൈറ്റിനിംഗ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 1974ല്‍ പ്രാദേശിക ഫുട്‌ബോള്‍ ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് തുടങ്ങിയത്. 1996ലാണ് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായത്. കേരള സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകാരമുള്ളതും കേരളത്തിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നുമാണ് കൊയപ്പ സെവന്‍സ്.
കേരളത്തിനകത്തും പുറത്തും നിന്നുള്ള 24ഓളം ഫുട്‌ബോള്‍ ടീമുകള്‍ അണിനിരക്കുന്ന മത്സരങ്ങളില്‍ മിക്ക ടീമുകളിലും വിദേശ കളിക്കാരുടെ സാന്നിധ്യമുള്ളത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഹരമാകുന്നു. നൈജീരിയ, ഘാന, സുഡാന്‍, കാമറൂണ്‍, ഐവറികോസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ കളിക്കാരാണ് വിവിധ ക്ലബ്ബുകള്‍ക്കായി ബൂട്ടണിയുന്നത്. മാര്‍ച്ച് ആറിനാണ് ഫൈനല്‍ നടക്കുക. ടൂര്‍ണമെന്റിന്റെ ലാഭവിഹിതം വികസന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്.