Articles
അംബേദ്കറിന് വിലയേറുന്ന യു പി
ഇന്ത്യയിലെ വോട്ടുരാഷ്ട്രീയത്തെക്കുറിച്ച് സ്ഥിരമായി പറഞ്ഞ് കേള്‍ക്കുന്ന ഒരു ചൊല്ലാണ് “യു പി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു”വെന്നത്. ജനാധിപത്യം അക്കങ്ങള്‍ കൊണ്ടുള്ള കളിയാണ്, ജനാഭിലാഷത്തിന്റെ യഥാര്‍ഥ പ്രതിഫലനമല്ലെന്നാണ് ഈ ചൊല്ലിന് ആന്തരാര്‍ഥം. മാത്രമല്ല, വോട്ടെടുപ്പ് പ്രക്രിയയില്‍ തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ഏറ്റുമുട്ടലാണ് നടക്കുന്നതെന്നും ഇത് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ഗോദയെന്നാണല്ലോ പറയാറുള്ളത്. ഉത്തര്‍ പ്രദേശില്‍ അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കരുനീക്കങ്ങള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. തന്ത്രങ്ങള്‍ മെനയുന്ന എല്ലാ പാര്‍ട്ടിക്കാരും ഒരേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ദളിത് സമൂഹങ്ങളുടെ വോട്ട് ഉറപ്പിക്കുകയാണ് ലക്ഷ്യം. ദളിത് കുടുംബത്തില്‍ പിറന്നു എന്ന ഒറ്റക്കാരണത്താല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് നിഷ്‌കാസിതനാക്കി, ആത്മഹത്യയില്‍ അഭയം തേടുകയെന്ന വിഡ്ഢിത്തത്തിലേക്ക് ഒരു ചെറുപ്പക്കാരനെ എടുത്തെറിഞ്ഞ കാലത്ത് തന്നെയാണ് ദളിത് പ്രീണനത്തിന്റെ കുറുക്കു വഴികളിലേക്ക് രാഷ്ട്രീയ കക്ഷികള്‍ ഒന്നായി മാര്‍ച്ച് ചെയ്യുന്നത്. വാര്‍ത്തയില്‍ വന്നതും വരാത്തതുമായ നൂറ് കണക്കിന് ദളിത് ഹത്യകളുടെയും അന്യവത്കരണത്തിന്റെയും നടത്തിപ്പിന് കേന്ദ്ര ഭരണത്തിന്റെ രാഷ്ട്രീയ അഹങ്കാരം ഉപയോഗിക്കുമ്പോള്‍ ഫലപ്രദമായ പ്രതിരോധം സൃഷ്ടിക്കാന്‍ മെനക്കെടാതെ ഐക്യദാര്‍ഢ്യ പ്രകടനങ്ങളില്‍ അഭിരമിക്കുന്ന മതേതര പാര്‍ട്ടിക്കാരുണ്ട് ഈ നാടകത്തില്‍ മുഖ്യ വേഷക്കാരായി. ആ പീഡനങ്ങളെയെല്ലാം പ്രത്യയ ശാസ്ത്രപരമായി ന്യായീകരിക്കുന്ന സംഘ് സംഘടനകളും ബി ജെ പിയും ഇവിടെ മുഴുനീള വേഷക്കാരാണ്. ദളിതുകളുടെ സ്വന്തം പാര്‍ട്ടിയായിരുന്ന ബി എസ് പിയും പുതിയ സാഹചര്യത്തില്‍ “കറുത്ത വോട്ടു”കള്‍ അനിവാര്യമായ എസ് പിയും മുസ്‌ലിം -ദളിത് ഐക്യത്തെക്കുറിച്ച് സംസാരിക്കുന്ന അസദുദ്ദീന്‍ ഉവൈസിയുടെ എം ഐ എമ്മുമെല്ലാം ചെപ്പടി വിദ്യകള്‍ പുറത്തെടുക്കുകയാണ്. ദളിത് മോര്‍ച്ചയും എസ് സി, എസ് ടി സെല്ലുമുണ്ടാക്കി അധഃകൃതനെ വേലികെട്ടി നിര്‍ത്തുന്നവര്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ അംബേദ്കര്‍ സ്‌നേഹികളാകുന്ന കാഴ്ചയാണ് യു പിയില്‍ നിറയുന്നത്. ദളിതുകള്‍ക്ക് യഥാര്‍ഥ സമ്മര്‍ദ ശക്തിയായി മാറാന്‍ സാധിക്കാത്തിടത്തോളം കാലം തൊലിപ്പുറമേയുള്ള ചില മിനുക്കു പണികളില്‍ അവരെ വീഴ്ത്താമെന്ന മോഹം രാഷ്ട്രീയ പാര്‍ട്ടികള്‍ കൈവെടിയില്ല.
ലോക്‌സഭയിലെ പാഠം
പതിനാറാം ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി നേടിയ സര്‍വാധിപത്യം ഈ ദുരവസ്ഥയുടെ നിദര്‍ശനമാണ്. 1984ന് ശേഷം ഇതാദ്യമായി രാജ്യം ഒറ്റക്കക്ഷി ഭൂരിപക്ഷത്തിന് കീഴിലാണ്. നിരവധി പ്രാദേശിക പാര്‍ട്ടികളുടെയും ജാതി, സമുദായ പാര്‍ട്ടികളുടെയും സാന്നിധ്യം കൊണ്ട് ബഹുസ്വരമായ വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിന്റെ യഥാര്‍ഥ പരിണതിയായിരുന്നു കൂട്ടു കക്ഷി സര്‍ക്കാറുകള്‍. എന്തെല്ലാം ബലഹീനതകള്‍ അവക്കുണ്ടെങ്കിലും ചില പൊതു നിലപാടുകള്‍ക്കും പൊതു മിനിമം പരിപാടികള്‍ക്കും അത് ഭരണകര്‍ത്താക്കളെ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ഭരണത്തെ നയിക്കുന്ന പാര്‍ട്ടിക്ക് മേല്‍ നിയന്ത്രണവും അതുവഴി സന്തുലനവും സാധ്യമാകുന്നതിന്റെ ഏറ്റവും നല്ല നിദര്‍ശനമായിരുന്നു ഒന്നാം യു പി എ. ഇടതുപക്ഷത്തിന്റെ പുറത്തു നിന്നുള്ള നിയന്ത്രണം ചില ഗുണഫലങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമായി. ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിന്റെ പരിച്ഛേദമായി പാര്‍ലിമെന്റ് മാറുമെന്നതാണ് ആര്‍ക്കും സര്‍വാധിപത്യമില്ലാത്ത ജനവിധിയുടെ ഗുണം.
ബി ജെ പി നേടിയപ്പോള്‍ നഷ്ടപ്പെട്ടത് ആര്‍ക്കൊക്കെയെന്നത് പ്രധാനമാണ്. ജനാഭിലാഷത്തിന്റെ യഥാര്‍ഥ പ്രതിഫലനത്തെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വഴിയും ബുദ്ധിപരമായ കരുനീക്കങ്ങള്‍ വഴിയും അട്ടിമറിക്കുകയാണ് ബി ജെ പി ചെയ്തത്. അങ്ങനെ അട്ടിമറിക്കപ്പെടാന്‍ കോണ്‍ഗ്രസ് പോലുള്ള മതേതര കക്ഷികളുടെ പാളിച്ചകളും നേതൃരാഹിത്യവും കാരണമാകുകയും ചെയ്തു. ഈ പ്രതിഭാസം ഏറ്റവും നന്നായി വ്യക്തമാകുന്ന സംസ്ഥാനങ്ങള്‍ യു പിയും ബീഹാറുമാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനും ബാബരി മസ്ജിദ് പതനത്തിനും ശേഷം ഈ സംസ്ഥാനങ്ങളില്‍ രൂപം കൊണ്ട ദളിത്, ന്യൂനപക്ഷ കൂട്ടുകെട്ടുകള്‍ ബി ജെ പിയുടെ ധ്രുവീകരണ തന്ത്രങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു പോയി. ഈ രണ്ട് സംസ്ഥാനങ്ങളിലുമായുള്ള 120 സീറ്റില്‍ (യു പിയില്‍ എമ്പത്, ബീഹാറില്‍ നാല്‍പ്പത്) 104ഉം ബി ജെ പിയും സഖ്യക്ഷികളും കരസ്ഥമാക്കി. ബി ജെ പിക്ക് മാത്രം 93 സീറ്റ്. ഈ കുത്തൊഴുക്കില്‍ തകര്‍ന്നടിഞ്ഞത് മായാവതിയുടെ ബി എസ് പി, മുലായം സിംഗിന്റെ എസ് പി, അജിത് സിംഗിന്റെ ആര്‍ എല്‍ ഡി, നിതീഷ് കുമാറിന്റെ ജെ ഡി യു, ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി എന്നിവയായിരുന്നു.
ഈ പാര്‍ട്ടികള്‍ ദുര്‍ബലമാകുകയും ആ ഒഴിവിലേക്ക് മോദിയുടെ ബി ജെ പി കയറി നില്‍ക്കുകയും ചെയ്യുമ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്നത് ദളിതനായാലും ഒ ബി സിയായാലും ഹിന്ദു ഹിന്ദുവാണെന്ന അപകടകരമായ വികാരമാണ്. ജാതി സ്വത്വവും ജാതി സമവാക്യങ്ങളും അസ്തമിച്ചു. ഉത്തര്‍പ്രദേശില്‍ അമിത് ഷായെ നിയോഗിച്ചപ്പോള്‍ തന്നെ ഇത്തരമൊരു ധ്രുവീകണത്തിന് നരേന്ദ്ര മോദി കളമൊരുക്കി കഴിഞ്ഞിരുന്നു. മുസ്‌ലിംകള്‍ ഒന്നിക്കാന്‍ പോകുന്നുവെന്നും അവര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെയും ബി എസ് പി അടക്കമുള്ള കക്ഷികളുടെയും പിന്തുണയുണ്ടെന്നും പ്രചണ്ഡമായി പ്രചരിപ്പിക്കുക വഴി ദളിതുകളും ഒ ബി സിക്കാരുമായ മുഴുവന്‍ ജാതി വിഭാഗങ്ങളെയും അവര്‍ക്ക് പാകമായ ഹിന്ദുക്കളാക്കി മാറ്റാന്‍ അമിത് ഷാക്ക് സാധിച്ചു. മുസാഫര്‍നഗറില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ തികച്ചും ആസൂത്രിതമായിരുന്നുവെന്ന് ഇന്ന് വ്യക്തമാകുന്നു. ഇക്കാലമത്രയും കൊണ്ടുനടന്ന രാഷ്ട്രീയം പണയം വെച്ച് ന്യൂനപക്ഷങ്ങളെ കൈയൊഴിയാന്‍ എസ് പിയടക്കമുള്ളവക്ക് സാധിക്കുമായിരുന്നില്ല. ഈ ഐക്യപ്പെടല്‍ പോലും പിന്നാക്കക്കാരെ “ഹിന്ദു”ക്കളാക്കാന്‍ ബി ജെ പി ഉപയോഗിക്കുകയായിരുന്നു. (ഹിന്ദുത്വ ശക്തികള്‍ക്ക് മുറിച്ച് കടക്കേണ്ട പ്രധാന കടമ്പ ജാതിയാണ്. അച്ഛന്‍ ദൈവവും അമ്മ ദൈവവും അടങ്ങുന്ന ദൈവ സങ്കല്‍പ്പങ്ങളെയും ഒരുപാട് രാമന്മാരും അവര്‍ക്ക് മുന്നില്‍ ബാലി കേറാ മലയായി നില്‍ക്കുന്നു) മോദി കളിക്കുന്നത് താഴ്ന്ന രാഷ്ട്രീയമാണെന്ന് പ്രിയങ്ക പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഓര്‍ക്കുന്നില്ലേ: “ശരിയാണ് ഞാന്‍ പിന്നാക്കക്കാരന്‍ തന്നെയാണ്” എന്നായിരുന്നവല്ലോ അത്. എത്ര കണക്കുകൂട്ടിയുള്ള മറുപടി?
ഹിന്ദു/ദളിത് വോട്ട് സമാഹരണത്തിന് ബി ജെ പി ശ്രമിക്കുമ്പോള്‍ മുസ്‌ലിം വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി സമാഹരിക്കപ്പെടുമെന്ന് കാത്തിരുന്ന കോണ്‍ഗ്രസിന് പിഴച്ചു. മോദിയെ പ്രതിരോധിക്കാന്‍ ആരെന്ന് തിട്ടപ്പെടുത്താനാകാതെ മുസ്‌ലിം വോട്ടുകള്‍ പലയിടത്തായി ചിതറി. യാദവരൊഴിച്ചുള്ള ഒ ബി സിക്കാരുടെ വോട്ട് കിട്ടാത്തത് കൊണ്ട് എസ് പിക്ക് ലഭിച്ച മുസ്‌ലിം വോട്ടുകള്‍ ഉപകരിച്ചില്ല. കോണ്‍ഗ്രസിന് ലഭിച്ച കഷ്ണവും സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിന് പര്യാപ്തമായില്ല. മറുപുറത്ത് സവര്‍ണ വോട്ടുകള്‍ക്കൊപ്പം ജാതി പാര്‍ട്ടികളുടെ വോട്ട് ബേങ്കില്‍ കൂടി കടന്നുകയറി ബി ജെ പി നേട്ടം കൊയ്തു. ഫലത്തില്‍ മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ പോലും ബി ജെ പി ജയിച്ചു. പാര്‍ലിമെന്റില്‍ മുസ്‌ലിം പ്രാതിനിധ്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി.
ബീഹാര്‍ തിരുത്തി, യു പിയോ?
ബീഹാര്‍ ജനത കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ കുതന്ത്രങ്ങള്‍ക്ക് മറുപടി കൊടുത്തിരിക്കുന്നു. ശിഥിലീകരണ തന്ത്രങ്ങളെ മറികടക്കാന്‍ ജെ ഡി യു- ആര്‍ ജെ ഡി- കോണ്‍ഗ്രസ് മഹാസഖ്യത്തിന് സാധിച്ചു. യു പിയില്‍ ഇത്തരത്തിലുള്ള ഒരു സഖ്യത്തിന്റെയും സാധ്യത ഇതുവരെ തെളിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ദളിത് പ്രീണനത്തിന്റെ അധ്യായങ്ങള്‍ അവിടെ പിറക്കുന്നത്. ബി ജെ പിയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കഴിഞ്ഞ മാസം ലക്‌നോവില്‍ എത്തി അംബേദ്കര്‍ ജയന്തിയാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു. രണ്ട് പ്രമുഖ ദളിത് സന്യാസിമാരുടെ ജയന്തികള്‍ യു പിയിലെ മുഴുവന്‍ ജില്ലകളിലും ആര്‍ഭാടപൂര്‍വം ആചരിക്കാന്‍ പോകുകയാണ് ബി ജെ പി. ഗുരു സന്ത് രവിദാസിന്റെ ജന്മദിനം ഈ മാസം 22നാണ്. ഗാഡ്‌ജേ ബാബയുടെ ജയന്തി ഈ മാസം 23നും. വരാണസിക്കടുത്തുള്ള സന്ത് രവിദാസിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ മോദിയെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് ദളിത് ഭരണാധികാരികളെ ഹിന്ദുത്വ നായകരായി ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. മധ്യകാല രാജാവ് സുഹല്‍ദേവിന്റെ ജന്മവാര്‍ഷികം കൊണ്ടാടാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ഈ മാസം 24ന് നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ പാര്‍ട്ടി മോധാവി അമിത് ഷായെത്തും. യു പിയിലെ രണ്ടാമത്തെ ദളിത് ഉപജാതിയായ പാസികളില്‍ പെട്ട ഭരണാധികാരിയാണ് സുഹല്‍ദേവ്.
അംബോദ്കറിന് യു പിയിലിപ്പോള്‍ നല്ല നിലയും വിലയുമാണ്. അംബേദ്കറിനോട് കോണ്‍ഗ്രസ് ചെയ്തത് എണ്ണയെണ്ണി പറഞ്ഞ് “അംബേദ്കര്‍ സബ്‌കേ ഹെ” എന്ന പേരില്‍ പൊതു യോഗ പരമ്പര നടത്താനൊരുങ്ങുകയാണ് ബി ജെ പി. എല്ലാ നിയോജക മണ്ഡലങ്ങളിലും ഈ പ്രമേയത്തില്‍ പൊതു യോഗങ്ങള്‍ നടക്കും. സത്യത്തില്‍, ദളിത് വിഭാഗങ്ങള്‍ക്ക് പിറകേ പോകുന്നതിന് ഏറെ പരിമിതികളുള്ള പാര്‍ട്ടിയാണ് ബി ജെ പി. അതിന്റെ സവര്‍ണ പ്രതിച്ഛായ വലിയ വോട്ടുബേങ്ക് അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. സഹജമായി സവര്‍ണതയിലും ചാതുര്‍വര്‍ണ്യത്തിലും വിശ്വസിക്കുന്ന കാവി പാര്‍ട്ടി ദളിത് പ്രേമം കാണിച്ചാല്‍ പരമ്പരാഗത വോട്ട് ബേങ്കായ മുന്നാക്ക സമുദായങ്ങളില്‍ നിന്നും യാദവരല്ലാത്ത ഒ ബി സി വിഭാഗങ്ങളില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് ഭയക്കുന്നു. അതുകൊണ്ട് മുന്നാക്കക്കാരെ നോക്കി “കാര്യമാക്കേണ്ട, ഒക്കെ ആശാന്റെ ഒരു പൂഴിക്കടകനല്ലേ” എന്ന് കണ്ണിറുക്കി കാണിച്ചാണ് ബി ജെ പി ഈ തന്ത്രം പയറ്റുന്നത്. അന്യമത വിദ്വേഷം കത്തിച്ച് നിര്‍ത്തി ദളിതരെ പറ്റിക്കുന്നതാണ് ഏറെ നല്ലതെന്ന് ബി ജെ പിക്കറിയാം.
കോണ്‍ഗ്രസിന് യു പി അഭിമാന പ്രശ്‌നമാണ്. എന്ത് വിലകൊടുത്തും സംസ്ഥാനത്ത് നില മെച്ചപ്പെടുത്തിയേ തീരൂ. ദളിത് പീഡന വാര്‍ത്തകളെ ഫലപ്രദമായി ഉപയോഗിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. അവരും അംബേദ്കറില്‍ തന്നെയാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്രീകരിക്കുന്നത്. ഭീം ജ്യോതി യാത്രകള്‍ സംഘടിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ബുന്ധേല്‍ഖണ്ഡ് പദയാത്രക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദളിത് കുടുംബത്തില്‍ ഏറെ നേരം ചെലവഴിച്ച് പതിവ് തന്ത്രം പുറത്തെടുത്തിരുന്നു. ഫെബ്രുവരി 18ന് ലക്‌നോവില്‍ നടക്കുന്ന ദളിത് സമ്മേളനത്തില്‍ സമ്പൂര്‍ണമായി രാഹുല്‍ ഗാന്ധി പങ്കെടുക്കും. അംബേദ്കറിന്റെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് ഉയര്‍ത്തിക്കാട്ടാനായിരിക്കും കോണ്‍ഗ്രസ് ഈ സമ്മേളനത്തില്‍ ശ്രമിക്കുക. ബാബാസാഹെബിനെ “കൈക്കലാക്കാ”നുള്ള ബി ജെ പി ശ്രമത്തിന് ഇതുവഴി തടയിടാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. ഈ കളികള്‍ നടക്കുമ്പോള്‍ തന്നെയാണ് പത്രങ്ങളുടെ മൂലയില്‍ ഒതുങ്ങിയ ആ വാര്‍ത്ത വന്നത്. തിരഞ്ഞെടുപ്പ് സംബന്ധമായ പ്രധാന യോഗത്തില്‍ നിന്ന് ജാതിയുടെ പേരില്‍ തന്നെ ആക്ഷേപിച്ച് പുറത്താക്കുന്നുവെന്ന ഗാസിയാബാദ് കോണ്‍ഗ്രസ് എസ് സി സെല്‍ ചെയര്‍മാന്‍ ജതീന്ദര്‍ ഗൗറിന്റെ വിലാപമായിരുന്നു വാര്‍ത്തയില്‍. മുഖ്യധാരാ പാര്‍ട്ടികള്‍ ക്ക് താഴ്ന്ന ജാതിക്കാരോടുള്ള യഥാര്‍ഥ സമീപനമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിനായി ഈ മാസം മൂന്നിനാണ് ഗാസിയാബാദ് യൂനിറ്റ് കോണ്‍ഗ്രസ് യോഗം ചേര്‍ന്നത്. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് സെക്രട്ടറി ലോകേഷ് ചൗധരിയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടി എസ് സി സെല്‍ ചെയര്‍മാനെന്ന നിലയില്‍ ഗൗറും പങ്കെടുത്തിരുന്നു. അവിടെയെത്തി ഇരിപ്പിടത്തിലിരുന്ന ഉടനെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഓം പ്രകാശ് ശര്‍മ ജാതീയ പരാമര്‍ശങ്ങളോടെ തന്നെ ശകാരിക്കുകയായിരുന്നുവെന്ന് അദ്ദേഹം സോണിയ ഗാന്ധിക്കെഴുതിയ കത്തില്‍ പറയുന്നു. “നിങ്ങളെന്തിനാണ് ഈ യോഗത്തിന് വന്നത്? ഇത് വലിയ ആളുകള്‍ക്കുള്ള യോഗമാണ്. നിങ്ങളെ പോലെയുള്ളവരെ ഇവിടെ ആവശ്യമില്ല. ദോബി ജാതിക്കാര്‍ ഞങ്ങളോടൊപ്പം ഇരിക്കുകയാണെങ്കില്‍ ഞങ്ങളുടെ നിലവാരമെന്താണ്? നിന്നെ ഇവിടെ ആവശ്യമില്ല. നിങ്ങളുടെ സ്ഥാനം ഞങ്ങളുടെ കാല്‍ക്കീഴിലാണ്.” – ഇങ്ങനെ ഓം പ്രകാശ് ശര്‍മ പറഞ്ഞതായി കത്തില്‍ വ്യക്തമാക്കി. കത്തിന് ഒരു മറുപടിയും കിട്ടില്ല. ഉറപ്പ്.
അംബേദ്കര്‍ സ്മാരകം
അംബേദ്കര്‍ സ്മാരകം പണിയാന്‍ ബജറ്റില്‍ പണം വകയിരുത്തുന്ന ഭരണകക്ഷിയും ദളിതുകളെയാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗതമായി ദളിത് വോട്ട് ബേങ്കില്‍ നിര്‍ണായക സ്വാധീനമുള്ള മായാവതിയുടെ ബി എസ് പിയാകട്ടെ വലിയ ആശയക്കുഴപ്പത്തിലാണ്. ബി എസ് പിയുടെ മുദ്രാവാക്യങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ദളിത് ഐക്യത്തില്‍ മാത്രം ഊന്നിയ പാര്‍ട്ടി പിന്നെ വിശാല സഖ്യത്തിലേക്കും എസ് പി ബാന്ധവത്തിലേക്കും നീങ്ങി. ബ്രാഹ്മണരെയും മറ്റ് മുന്നാക്ക ജാതിക്കാരെയുടെയും മുസ്‌ലിംകളുടെയുമെല്ലാം പിന്തുണ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി ഇന്ന്. ഇത് സത്യത്തില്‍ മായാവതിക്ക് ദളിത് സമൂഹത്തലുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. യഥാര്‍ഥ ദളിത് രാഷ്ട്രീയ മുന്നോട്ടു വെക്കാതയും അവരെ പൊതു സാമൂഹിക അന്തരീക്ഷത്തോട് ചേര്‍ക്കുന്നതിനുള്ള ദീര്‍ഘകാല നയസമീപനങ്ങള്‍ സ്വീകരിക്കാതെയും വെറും വോട്ട്‌ബേങ്കായി മുഴുവന്‍ കക്ഷികളും കാണുന്നുവെന്ന സത്യമാണ് ഒടുവില്‍ അവശേഷിക്കുന്നത്. ഇത് ദളിത് വോട്ടുകള്‍ ചിതറുന്നതിലേക്കും സമാനമായ അന്യവത്കരണം അനുഭവിക്കുന്ന മുസ്‌ലിംകളുമായും മറ്റു പിന്നാക്ക വിഭാഗങ്ങളുമായും രാഷ്ട്രീയമായി ഐക്യപ്പെടുന്നതിനുള്ള സാധ്യത അടയുകയുമാണ് ചെയ്യുക. വര്‍ഗീയ കക്ഷികള്‍ക്കായിരിക്കും ഈ സ്ഥിതി വിശേഷം ഗുണകരമാകുക.