Connect with us

Articles

ചിതയില്‍ നിന്നും ഞാനുയിര്‍ത്തെഴുന്നേല്‍ക്കും ചിറകുകള്‍ പൂപോല്‍ വിടര്‍ന്നെഴുന്നേല്‍ക്കും!

Published

|

Last Updated

മലയാള കവിതയുടെ ആകാശത്തുദിച്ച ഒഎന്‍വിയെന്ന ഒരു തുള്ളി വെളിച്ചം അണഞ്ഞിട്ടില്ല. അതുകൂടുതല്‍ പ്രശോഭിക്കാനിരിക്കുന്നേയുള്ളൂവെന്നാണ് ഓരോ കാവ്യാസ്വാദകന്റേയും മനസ് മന്ത്രിക്കുന്നത്. ആ അക്ഷരസൂര്യന്‍ മായാതെ, മറയാതെ മനുഷ്യനെവിടെയുണ്ടോ അവിടെയെല്ലാം പൊന്‍ചിറകുകള്‍ വിടര്‍ത്തി പുനരുദിക്കാതിരിക്കില്ല. അത്രമേല്‍ നമ്മുടെ ഹൃത്തടങ്ങളില്‍ പതിഞ്ഞിരിക്കുന്നു ഒഎന്‍വിയെന്ന കാവ്യസൂര്യന്‍ പ്രസരിപ്പിച്ച കിരണങ്ങള്‍. മലയാളി ഏറ്റുചൊല്ലിയ കവിതകളും പാട്ടുകളും ഓര്‍മയുടെ മറനീക്കി ഒന്നോര്‍ത്തു മൂളിയാല്‍ ഒഎന്‍വി കുറുപ്പിന്റെ കൈപ്പത്തിയില്‍ നിന്നു തുടിച്ച വെളിച്ചത്തുള്ളികള്‍ തീര്‍ത്ത ഒരു മഹാസമുദ്രം അലയടിച്ചുയരും. കവി പാടുന്നു:

ജാലകവാതില്‍
തുറക്കട്ടേ മറ-
നീക്കട്ടേ!- ഹാ!
കണ്ണഞ്ചുന്നൂ!-
മണ്ണില്‍, വിണ്ണില്‍
തുളുമ്പിനില്പൂ,
എന്‍കൈപ്പത്തിയില്‍
നിന്നു തുടിച്ചൊരു
തുള്ളിവെളിച്ചം!
കാവ്യബിംബങ്ങളുടെ സര്‍ഗവെളിച്ചത്താല്‍ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു ഒഎന്‍വിയുടെ കവിതകള്‍. അദ്ദേഹത്തിന് കവിത ലോകത്തെ മാറ്റിമറിക്കാനുള്ള വിപ്ലവാഹ്വാനങ്ങളായിരുന്നില്ല. എഴുത്തുകാരന് ഒരു രക്ഷകന്റെ കിരീടം താങ്ങാനാവുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നില്ല.
വന്നു ഞാനൊന്നും പരിഹരിക്കാനല്ല!
വന്നു ഞാന്‍ പാടുവാന്‍ മാത്രമിന്നിങ്ങിവിടെ!
നിങ്ങള്‍ക്കുമെന്നോടൊപ്പം ചേര്‍ന്നു പാടുവാന്‍! എന്ന വരികളിലൂടെ കവി തന്റെ ജീവിതദൗത്യം വ്യക്തമാക്കുന്നുണ്ട്. പക്ഷേ, മനുഷ്യനെയും ഭൂമിയെയും കുറിച്ചുള്ള ഉത്കണ്ഠകളില്‍ നിന്ന് അവന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും കവി വിശ്വസിച്ചു. ഒരു കവിത മനുഷ്യരാശിക്കാകെ നന്മയും ശാന്തിയും നേരുന്നൊരു പ്രാര്‍ഥനയാവാം; ഹൃദയങ്ങളെ ഇണക്കിച്ചേര്‍ക്കുന്നൊരു മന്ത്രമാവാം; ആസന്നമായ കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പാവാം; നിണമൊലിക്കുന്ന മുറിവിലൊരു സാന്ത്വനസ്പര്‍ശമാവാം; മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള ആഹ്വാനമാവാം; അതൊരു ചുടുനിശ്വാസമാവാം; അന്തസ്താപം ഉരുകിത്തുളുമ്പുന്നൊരു കണ്ണീര്‍ത്തുള്ളിയാവാം; ഉപദ്രവിക്കാന്‍ വരുന്ന ബാഹ്യശക്തിയുടെ മുന്നിലൊരു സിംഹത്തിന്റെ ഗര്‍ജ്ജനമാവാം. സ്‌നേഹം, പാരസ്പര്യത്തിനുള്ള ദാഹം, വേര്‍പാടിന്റെ വേദന, പുനഃസമാഗമത്തിന്റെ നിര്‍വൃതി, പുറപ്പാടുകള്‍, സ്വന്തം മണ്ണില്‍ നിന്നുള്ള പലായനങ്ങള്‍, പ്രിയമുള്ള ആര്‍ക്കോ വേണ്ടിയുള്ള അവിരാമമായ കാത്തിരിപ്പ്- ഇവയെല്ലാം സാര്‍വലൗകികമാണെന്ന ബോധ്യമുള്ള കവിയായിരുന്നു ഒഎന്‍വി. ഇവ എവിടെയും മനുഷ്യമഹാനാടകത്തെ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നെന്നും ഈ പ്രതിഭാസത്തിനു നേര്‍ക്കുള്ള ആത്മാര്‍ഥവും ആഴമുറ്റതുമായ ഉത്കണ്ഠകള്‍ പ്രകാശിപ്പിച്ചുകൊണ്ട് കവിത നിലനില്‍ക്കുമെന്ന് കവി വിശ്വസിച്ചു. സാര്‍വലൗകികമായ മനുഷ്യാനുഭവങ്ങളുടെയും പ്രകൃത്യാനുഭവങ്ങളുടെയും ഉത്കണ്ഠകളാണ് ഒഎന്‍വി കവിതകളെ ഭാവദീപ്തവും ഉള്ളുലക്കുന്ന തരംഗവിക്ഷേപിണിയുമാക്കിയത്. ഭാഷാതീതമായി, ഭൂമിശാസ്ത്രപരമായ അതിരുകളെ ഉല്ലംഘിക്കാന്‍ കവിതക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മാനവികതയുടെ മഹാശബ്ദമായിരുന്നു ഒഎന്‍വിക്കവിത. ഭാരതീയവും കേരളീയവുമായ സാംസ്‌കാരികമുദ്രകളാല്‍ സൃഷ്ടിച്ച ആ കാവ്യപ്രപഞ്ചത്തിന്റെ അടിത്തട്ടില്‍ വിപ്ലവത്തിന്റെ ചുകപ്പുരക്തം തളംകെട്ടിനില്‍ക്കുന്നുണ്ടായിരുന്നു. ഈണങ്ങളുടെ സ്വരമാധുര്യം അദ്ദേഹത്തിന്റെ കവിതയുടെ സവിശേഷതകയാണ്. പക്ഷേ, കാല്‍പനികതയുടെ മട്ടുപ്പാവില്‍ ഉലാത്തുന്നതിന് പകരം കാല്‍പനികതയെ സാമൂഹികോന്മുഖമായി പരിവര്‍ത്തിപ്പിക്കുകയാണ് ഒഎന്‍വിയിലെ പുരോഗമനകവി ചെയ്തത്. അധിനിവേശത്തിനും കൊളോണിയല്‍ മാതൃകകള്‍ക്കുമെതിരായ വിപ്ലവത്തിന്റെ ഭാഷ ആ കവിതകളെ നിണവത്കരിച്ചെങ്കിലും സോവിയറ്റ് യൂണിയന്റെ പതനമടക്കമുള്ള പ്രതിസന്ധികളില്‍ വിപ്ലവത്തിന്റെ ശോഭ മങ്ങിയത് ആ ഹൃദയത്തെ സംഘര്‍ഷഭരിതമാക്കി. ഭൂമിയും ആകാശവും പൂക്കളും മയില്‍പ്പീലിയുമെല്ലാം വീണയിലെ തന്ത്രികള്‍ പോലെ ഒഎന്‍വിക്കവിതയുടെ അവിഭാജ്യഘടകമായിരുന്നു. ഭൂമിക്ക് ചരമഗീതമെഴുകിയ കവി കാലത്തിനും മുന്‍പേ പറന്ന പ്രകൃതിയുടെ പ്രവാചകനാണ്.
കറുത്തവര്‍ഗക്കാരന്റെ വേദനയും അഭയാര്‍ഥിയുടെ രോദനങ്ങളും ആ കവിതയില്‍ ഉപ്പായി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. മനുഷ്യന്റെയും ഭൂമിയുടെയും ഉള്ളിലേക്കൊഴുകിയ ഒഎന്‍വിയെന്ന മഹാനദി ഇവിടെ അവസാനിക്കുമ്പോള്‍ ആ വരികള്‍ വീണ്ടും പ്രത്യാശയുടെ വിളക്കുതെളിക്കുന്നു.

എവിടെ മനുഷ്യനുണ്ട,വിടെയെല്ലാമുയിര്‍-
ത്തെഴുന്നേല്‍ക്കുമെന്റെയീ ഗാനം.