Connect with us

Articles

എം എ ഉസ്താദ്: സൂര്യശോഭയോടെ ഒരാള്‍

Published

|

Last Updated

എം എ ഉസ്താദില്ലാതെ സുന്നി പ്രസ്ഥാനം ഒരാണ്ട് പിന്നിട്ടിരിക്കുന്നു. മഹത്തുക്കള്‍ രംഗം വിട്ടൊഴിയുമ്പോള്‍ “നികത്താനാകാത്ത വിടവ്” എന്നു നാം പറയാറുണ്ട്. ചിലപ്പോഴെങ്കിലും ഇത് ആലങ്കാരികമാകാറുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടു നാമറിയുന്നു, എംഎ ഉസ്താദിന്റെ വിയോഗം വരുത്തിയ ശൂന്യത ശൂന്യതയായിത്തന്നെ അവശേഷിക്കുന്നുവെന്ന്. പകരക്കാരനില്ലാതാകുമ്പോഴാണ് ഒരാള്‍ ശരിക്കും നികത്താനാകാത്ത ശൂന്യതയാകുന്നത്.
സുന്നി നവജാഗരണത്തിന്റെ രാജശില്പികളായ പണ്ഡിത ത്രയങ്ങളില്‍ ഒരാളായിരുന്നു എംഎ ഉസ്താദ്. കാല്‍ നൂറ്റാണ്ടുകൊണ്ടു നാം വളര്‍ത്തിയെടുത്ത പുതിയൊരു ലോകം- സമസ്തയെന്ന മഹാപ്രസ്ഥാനത്തിന്റെ സ്ഥാപക മഹത്തുക്കളുമായി ഈ നവലോകത്തെ കണ്ണി ചേര്‍ത്തത് എം എ ഉസ്താദായിരുന്നു. താജുല്‍ ഉലമ അമരത്തിരുന്നു, ഖമറുല്‍ഉലമ തേരു തെളിച്ചു, പാരമ്പര്യത്തിന്റെ ഊര്‍ജസ്രോതസുകളുമായി പ്രസ്ഥാനത്തെ ബന്ധിപ്പിച്ചതു നൂറുല്‍ഉലമ. 1989നുശേഷം സുന്നി പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുന്ന ഒരാളിന് ആശങ്കപ്പെടാനൊന്നുമില്ലായിരുന്നു. നാം പിടിച്ചിരിക്കുന്നത് “ഹബ്‌ലില്ലാഹി”യില്‍ തന്നെയാണ്. ഈ ഉറപ്പ് നമുക്കു തരുന്നത് എംഎ ഉസ്താദാണ്.
സ്വഹാബത്തിന്റെ മഹത്വം ഹബീബ്(സ്വ)യെ കണ്ടുവെന്നാണ്, അവിടുത്തെ സ്പര്‍ശിച്ചുവെന്നതുമാണ്. താബിഉകളുടെ മഹത്വം മുത്ത് റസൂലിനെ കണ്ടവരെ കണ്ടുവെന്നതാണ്. പിന്‍ഗാമികളുടെ മഹത്വമാകട്ടെ ആ കണ്ടവരെ കണ്ടുവെന്നതാണ്. സമസ്തയെന്ന മഹാപ്രസ്ഥാനം സ്ഥാപിച്ചവരെ കണ്ടുവെന്നതാണ് എംഎ ഉസ്താദിന്റെ മഹത്വം, അവരുടെ ശിഷ്യത്വവും ശിക്ഷണവും നേടിയെന്നതാണ് മറ്റൊരു വിശേഷം, അവരുടെ കൈയില്‍നിന്ന് അംഗത്വം ഏറ്റുവാങ്ങാനുള്ള സ്വപ്‌നതുല്യമായ തൗഫീഖുണ്ടായി എന്നതാണ് മഹാഭാഗ്യം. ചരിത്രത്തിന്റെ ഇങ്ങേതലക്കല്‍ രണ്ടാമതൊരു വഴി തുറന്നുവന്നപ്പോള്‍ എംഎ ഉസ്താദിന്റെ വഴി സ്വീകരിക്കാന്‍ ഭാഗ്യം സിദ്ധിച്ചുവെന്നതാണ് നമ്മുടെ ഭാഗ്യം.
ഏതു പക്ഷത്തേക്ക് തിരിയണം എന്ന് ആശങ്കപ്പെട്ടിരുന്ന പലരും താജുല്‍ഉലമക്കും ഖമറുല്‍ഉലമക്കും ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചത് നൂറുല്‍ഉലമ അവര്‍ക്കൊപ്പമാണ് എന്ന കാരണം കൊണ്ടുകൂടിയാണ്. പ്രശ്‌നകാലത്ത് ഒരു ദിശാസൂചകമായിരുന്നു എംഎ ഉസ്താദ്. മൗലാനാ പാങ്ങിലിന്റെയും പതിയുടെയും അബ്ദുല്‍ബാരി തങ്ങളുടെയും കരം സ്പര്‍ശിച്ച ഒരാളിനു പിഴക്കുകയില്ല എന്നത് മികച്ച ധാരണയായിരുന്നു. ആ ശരിക്കൊപ്പം നിന്നതാണ് നമ്മുടെ വിജയം.
ആപത്കരമായ ഒരു ഘട്ടത്തില്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ പ്രസ്ഥാനത്തെ മോചിപ്പിക്കാന്‍ കരുത്തു കാണിച്ച മഹാന്മാരായ പണ്ഡിതന്മാര്‍ക്കെതിരെ തത്പരകക്ഷികള്‍ കെട്ടഴിച്ചുവിട്ട അപവാദങ്ങളെന്തൊക്കെയായിരുന്നു? സംസ്‌കാരവും സാമാന്യമര്യാദയും മതം തന്നെയും അവഗണിച്ചുകൊണ്ട് പറയാത്തതായി ഒന്നും അവര്‍ ബാക്കിവെച്ചില്ല. നാട്ടിലെ കക്ഷിരാഷ്ട്രീയത്തെ നാണിപ്പിക്കുംവിധം ഇപ്പോഴും അതു തുടരുകയാണ്. അപ്പുറത്ത് മതമായിരുന്നില്ല; രാഷ്ട്രീയമായിരുന്നല്ലൊ പരിഗണനാവിഷയം. പക്ഷേ, എംഎ ഉസ്താദിനെതിരെ ഒരാളുടെ വായിലെ അറക്കവാളും ഉയര്‍ന്നില്ല, ഒരു ചെറുവിരലും അനങ്ങിയില്ല. അതാണ് നമ്മുടെ ഉറപ്പ്, അതാണു നമ്മുടെ വിജയം. എംഎ ഉസ്താദ് വലിയൊരു ശരിയാണെങ്കില്‍ ഉസ്താദിന്റെ പിന്നില്‍ നില്‍ക്കുന്നതായിരുന്നു ആത്യന്തികമായ ശരി.
എം എ ഉസ്താദ് എന്ന വലിയ ശരിയെ തിരിച്ചറിഞ്ഞവര്‍ ധാരാളമുണ്ട്. അവരിലൊരാളാണ് കല്ലട്ര അബ്ദുല്‍ഖാദിര്‍ ഹാജി. തന്റെ സമ്പത്ത് പകുത്തു നല്‍കിയാണ് ജാമിഅഃ സഅദിയ്യക്ക് ഹാജി തുടക്കമിട്ടത്. തന്റെ സ്വപ്‌ന പദ്ധതി വിശ്വസ്തവും സത്യസന്ധവുമായ കരങ്ങളില്‍ ഏല്‍പ്പിക്കാന്‍ ആലോചിച്ചപ്പോള്‍ അദ്ദേഹം കണ്ടെത്തിയത് എംഎ ഉസ്താദിനെയായിരുന്നു. ബിസിനസ് സാമ്രാജ്യത്തിലെ ഈ പ്രഗത്ഭന്റെ കണക്കു കൂട്ടലുകള്‍ കൃത്യതയുള്ളതായിരുന്നുവെന്നു കാലം തെളിയിച്ചു. കല്ലട്ര കണ്ട അതേ കാഴ്ചയാണു കാന്തപുരവും ഉള്ളാള്‍ തങ്ങളും കണ്ടത്. ആ കാഴ്ചക്ക് ഒരു പിഴവും സംഭവിച്ചില്ല. ലക്ഷക്കണക്കിനു സുന്നി പ്രവര്‍ത്തകര്‍ കാണുന്നതും പിഴവു സംഭവിക്കാത്ത ഇതേ കാഴ്ചയാണ്. മുന്നേ നടന്നത് എംഎ ഉസ്താദായതുകൊണ്ട് വഴിയന്വേഷിക്കേണ്ടതായും വന്നില്ല.
മരണത്തോടെ മഹത്തുക്കളുടെ കഴിവുകള്‍ അവസാനിക്കുകയില്ല എന്നാണിപ്പോള്‍ ബിദ്അത്ത് പ്രസ്ഥാനത്തിന്റെ നേതാക്കളും പറയുന്നത്. ഒറ്റപ്പെട്ടതാണെങ്കിലും ആ വിഷയത്തില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളൊന്നും ഇപ്പോള്‍ അവശേഷിക്കുന്നില്ല. ജാമിഅ സഅദിയ്യയുടെ ക്യാമ്പസില്‍ നിന്നുകൊണ്ട് ഈ മഹാപ്രസ്ഥാനത്തെ എംഎ ഉസ്താദ് ഇനിയും നയിക്കും. മഹാന്മാര്‍ ജീവിച്ചിരിക്കുന്നതിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കുക വിയോഗാനന്തരമാണെന്നാണ് നമ്മുടെ വിശ്വാസം. നിയന്ത്രണങ്ങളില്ലാതെ ആ സാന്നിധ്യം ഇനിയുമുണ്ടാകും. ഏതാണു ശരി എന്ന് ഇനിയും ആരും സംശയിക്കേണ്ടതില്ല, ജീവിതം മുഴുക്കെ ശരിയുടെ പക്ഷത്തുനിന്നയാള്‍ എന്നു ശത്രുക്കള്‍പോലും കരുതുന്ന ഒരു മഹാമനീഷി ഇതാ ഇവിടെ, അദ്ദേഹം നടന്നുപോയ വഴിയിലേക്കു വരിക, സൂറഃ ഫാതിഹഃയിലെ ഏഴാം വചനം അതാണല്ലോ പറയുന്നത്- നേര്‍വഴിയിലായി മുന്നേ നടന്നവരുടെ വഴിക്ക് വഴിനടത്തേണമേ! അപ്പോള്‍ വഴി പിഴക്കുന്ന പ്രശ്‌നമില്ല. നമ്മുടെ നിത്യപ്രാര്‍ഥന ഇതാണ്. പ്രാര്‍ഥന ഒരു വഴിക്കും പ്രവര്‍ത്തനം മറുവഴിക്കും ആയിപ്പോകരുത്.
ജാമിഅ സഅദിയ്യ മസ്ജിദിനു ചാരത്തെ ഖബറിടത്തില്‍ ഇപ്പോള്‍ ആളൊഴിഞ്ഞ നേരമില്ല. കൈകോട്ടുകടവിലെ കൊച്ചുവീട്ടില്‍ ഇങ്ങനെ ഒരാള്‍ത്തിരക്കുണ്ടായിരുന്നില്ല. വടക്കോട്ടുള്ള സിയാറത്ത് ഗ്രൂപ്പുകളുടെ സന്ദര്‍ശനപ്പട്ടികയില്‍ ജാമിഅ ക്യാമ്പസ് ഉള്‍പ്പെടാന്‍ കാരണങ്ങള്‍ വേറെയുമുണ്ട്. ഹബീബ്(സ്വ)യുടെ തിരുശേഷിപ്പിന്റെ കൂടെയാണ് ആ മുഹിബ്ബ് അന്ത്യവിശ്രമം കൊള്ളുന്നത്. ജീവിതകാലത്ത് അടുത്തവരോടുപോലും വെളിപ്പെടുത്താതെ അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന ശഅ്‌റ് മുബാറക്കിന്റെ ചെറുഭാഗം തന്റെ ജനാസഃക്കൊപ്പം കഫന്‍പുടവയില്‍ വെക്കണമെന്നു വസ്വിയ്യത്തുണ്ടായിരുന്നു. ആ ബറകതിനെ പുണര്‍ന്നുകൊണ്ടാണു “റഹ്മതുന്‍ ലില്‍ആലമീന്‍” എഴുതിയ ആ കരങ്ങള്‍ അന്ത്യവിശ്രമംകൊള്ളുന്നത്. ഇപ്പോള്‍ സന്ദര്‍ശകര്‍ക്കു ലഭിക്കുന്നത് ഇരട്ട പുണ്യം! ജാമിഅ സഅദിയ്യ ക്യാമ്പസ് രണ്ടു തരത്തില്‍ അനുഗൃഹീതം.
നന്മയില്‍ മഹത്തുക്കള്‍ക്കൊപ്പം ചേരാനാകണം നമ്മുടെ പ്രാര്‍ഥന. ആരോടും പരിഭവമില്ലാതെ, കളിയായിപ്പോലും ആരെയും വേദനിപ്പിക്കാതെ നാക്കും മനസ്സും ശരീരവും ചിന്തയും ശുഭ്രമാക്കിയ ഒരാള്‍ ഇതാ നമുക്ക് മുമ്പില്‍ സൂര്യശോഭയോടെ.
ഫോണ്‍: +91 9400501168

Latest