Connect with us

Kerala

മുറിവേറ്റവന്റെ കവി

Published

|

Last Updated

കവിതയില്‍ നിന്ന് ഗാനങ്ങളിലേക്കുള്ള ദൂരവ്യത്യാസം കുറച്ച കവിയായിരുന്ന ഒ എന്‍ വി. പാട്ടുകളില്‍ നിന്ന് കവിതകളിലേക്കുള്ള അകല്‍ച്ച ഇല്ലാതാക്കാന്‍ വയലാര്‍, ഭാസ്‌കരന്‍, തിരുനല്ലൂര്‍ എന്നിവര്‍ക്കൊപ്പം നിന്ന് ശ്രമിച്ചു. ഭാവഗീതത്തിന്റെ ഗൂണസമ്പൂര്‍ണത അദ്ദേഹത്തിന്റെ പാട്ടുകളില്‍ ദൃശ്യമായിരുന്നു. ഒ എന്‍ വിയുടെ കവിതകള്‍ ഏതും നല്ല ഗാനമാക്കാന്‍ കഴിയുമായിരുന്നു. അദ്ദേഹത്തിലെ കവിയെയും ഗാനരചയിതാവിനെയും വ്യവച്ഛേദിക്കാന്‍ കഴിയില്ല. ഗാനാത്മക തികഞ്ഞ കവിതകളും കവിത തുളുമ്പുന്ന പാട്ടുകളും പരസ്പര പൂരകമായിരുന്നു അദ്ദേഹത്തിന്റെ രചനകളില്‍. അതുകൊണ്ടു തന്നെയാണ് ഒ എന്‍ വി സാര്‍ 84ാം വയസ്സില്‍ മരിക്കുമ്പോഴും അകാലമരണം എന്നു വിശേഷിപ്പിക്കേണ്ടി വരുന്നത്.
ഇടതുപക്ഷത്തിന്റെ കവിയെന്ന് അദ്ദേഹത്തെ പറയുമെങ്കിലും അതു മാത്രമായിരുന്നില്ല ഒ എന്‍ വി സാര്‍. മനുഷ്യത്വം തന്നെയായിരുന്നു ഒ എന്‍ വിയുടെ രഥ പതാകയിലെ യഥാര്‍ഥ അടയാളം. കോണ്‍ഗ്രസുകാരനായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മരിച്ചപ്പോള്‍ അതിലെ വ്യസനം മറച്ചുവെക്കാതെ കവിതയെഴുതാന്‍ അദ്ദേഹം തയ്യാറായതും അതുകൊണ്ടു തന്നെ. മനുഷ്യത്വം എവിടെയെല്ലാം മുറിവേല്‍ക്കുന്നവോ അവിടെയെല്ലാം സംഹാരാത്മകനായ രുദ്രനെപ്പോലെ ഒ എന്‍ വി ഉയിര്‍ത്തെഴുന്നേല്‍ക്കും. അതുകൊണ്ടു തന്നെയാണ് കുമാരനാശാനുമായി നാഭീനാള ബന്ധം അദ്ദേഹത്തിനുണ്ടെന്നു എനിക്കു തോന്നുന്നത്. ആശാന്‍, വൈലോപ്പിള്ളി, ഒ എന്‍ വി എന്നിങ്ങനെ പുതിയ കവിത്രയ സംവിധാനം വേണം. അതിന് നിരൂപകര്‍ ഇനിയെങ്കിലും തയ്യാറാകണം. ചുവന്ന ദശകത്തില്‍ കമ്യൂണിസ്റ്റുകാരുടെ പടപ്പാട്ടുകാരനെന്ന ആക്ഷേപം അദ്ദേഹത്തെ ചൊരിഞ്ഞ നിരൂപകരുണ്ടായിരുന്നു. എന്നാല്‍ അതു മാത്രമായിരുന്നില്ല അദ്ദേഹമെന്നു ആ രചനകള്‍ തന്നെ നമ്മോടു വിളിച്ചു പറയുന്നു.
സ്‌കൂള്‍ പഠനകാലം മുതല്‍ എന്റെ മനസ്സിലെ സര്‍ഗസാനിധ്യമായിരുന്നു ഒ എന്‍ വി സാര്‍. എന്റെ നാട്ടില്‍ രാമപുരത്തുവാര്യരുടെ പേരിലുള്ള വായനശാലയുടെ ഉദ്ഘാടനത്തിന് അദ്ദേഹം എത്തിയ കാലം. സഖാവ് ഒ എന്‍ വി എന്നാണ് അന്നത്തെ നോട്ടീസില്‍ അച്ചടിച്ചിരുന്നത്. “ദാഹിക്കുന്ന പാനപാത്രം” എന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരം വ്യാപകമായി വായിക്കപ്പെട്ട കാലം കൂടിയായിരുന്നു അത്. ഒ എന്‍ വി സാറിന്റെ പ്രസംഗം കേള്‍ക്കാന്‍ ഞാന്‍ വല്ലാതെ കൊതിച്ചു. പക്ഷേ യു പി സ്‌കൂള്‍ കുട്ടിയായ എന്നെ ആരും കൂടെക്കൂട്ടിയില്ല. പിന്നീട് ദേശാഭിമാനി ലേഖകനായി തിരുവനന്തപുരത്തു വന്നപ്പോള്‍ അതു ഞാന്‍ സാറിനോട് നേരിട്ടു പറഞ്ഞു. പൊട്ടിച്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പൊട്ടിച്ചിരിക്കുന്ന കവിയെ മാത്രമല്ല, ക്ഷോഭിക്കുന്ന ഒ എന്‍ വിയെയും പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ചില വേദികളില്‍ അദ്ദേഹത്തിന്റെ കവിതയെപ്പറ്റി പുതുതലമുറയിലെ കുട്ടികള്‍ വളരെ മോശമായി സംസാരിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. ആ കവിതകളിലെ ഗാനാത്മകതയെയും താളാത്മകതയെയും മോശമാക്കി പറയുമ്പോള്‍ ഞങ്ങള്‍ ആ വേദികളില്‍ തര്‍ക്കിക്കും. അപ്പോള്‍ അദ്ദേഹം വളരെ ക്ഷോഭിച്ച് സംസാരിക്കുമായിരുന്നു.