Kerala
മദ്യനയം അട്ടിമറിക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു: മന്ത്രി കെ ബാബു
കൊച്ചി: മദ്യനയം അട്ടിമറിക്കാന്‍ ചില അണിയറ ഒരുക്കങ്ങള്‍ നടക്കുന്നതായി എക്‌സൈസ് മന്ത്രി കെ ബാബു. സര്‍ക്കാറിന്റെ മദ്യനയം പരാജയമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. മദ്യമുതലാളിമാരും ചില രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന ഗൂഢാലോചനയുടെ ഫലമായാണ് തനിക്കെതിരെ ചില ആരോപണങ്ങള്‍ ഉയരുന്നതെന്നും കെ ബാബു ആരോപിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ സംസ്ഥാനത്തെ രണ്ടാമത്തെ എക്‌സൈസ് മൊബൈല്‍ ടെസ്റ്റിങ് ലബോറട്ടറിയുടെ ഫഌഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില ഒറ്റപ്പെട്ട മദ്യമുതലാളിമാരുടെ നഷ്ടം സര്‍ക്കാര്‍ നോക്കിയിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ മദ്യനയം വ്യക്തമാക്കണമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നിലപാടിനെ മന്ത്രി കെ ബാബു സ്വാഗതം ചെയ്യുന്നു. കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഒരൊറ്റ മദ്യദുരന്തം പോലുമുണ്ടായില്ല എന്നത് അഭിമാനകരമായ നേട്ടമാണ്. സുബോധം പദ്ധതിക്കായി തൊഴിലാളികളില്‍ നിന്ന് സ്വരൂപിച്ച പണം തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും കെ ബാബു പറഞ്ഞു. സംസ്ഥാനത്ത് മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി മധ്യമേഘലയായ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കേണ്ട രണ്ടാമത്തെ സഞ്ചരിക്കുന്ന ലബോറട്ടറിയാണ് ഇന്നലെ ഉദ്ഘാടനം ചെയ്്തത്. 40 ലക്ഷം രൂപയാണ് ഒരു മൊബൈല്‍ ലബോറട്ടറിയുടെ ചെലവ്. മൂന്നാമത്തെ സഞ്ചരിക്കുന്ന ലബോറട്ടറി കോഴിക്കോട് ഉടന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വന്നാലും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മദ്യനയത്തില്‍ നിന്നും ആര്‍ക്കും പിറകോട്ടു പോവാന്‍ കഴിയില്ലെന്ന് കെ വി തോമസ് എം പി പറഞ്ഞു. ഹൈബി ഈഡന്‍ എം എല്‍ എ അധ്യക്ഷനായി.