Connect with us

Eranakulam

കെ എം ആര്‍ എല്ലും കലക്ടറും തുറന്നപോരില്‍

Published

|

Last Updated

കൊച്ചി:കൊച്ചി മെട്രോ റെയിലിന്‌വേണ്ടി ഭൂമിവിട്ടു നല്‍കുന്നതിന് ജില്ലാ ഭരണകൂടം ശീമാട്ടി ഉടമ ബീനാ കണ്ണനുമായുണ്ടാക്കിയ കരാറിലെ രണ്ട് വ്യവസ്ഥകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സര്‍ക്കാറിനെ സമീപിച്ചതിനെ തുടര്‍ന്ന് ജില്ലാ കലക്ടറും കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടറും തമ്മിലുള്ള പോര് മുറുകി. വിവാദമായ കരാര്‍ കെ എം ആര്‍ എല്ലിന്റെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് മെമ്പര്‍ കൂടിയായ കലക്ടര്‍ എം ജി രാജമാണിക്യം കെ എം ആര്‍ എല്‍ എം ഡി ഏലിയാസ് ജോര്‍ജിന് കത്തയച്ചു. കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കലക്ടറുടെ കത്തില്‍ അക്കമിട്ട് നിഷേധിച്ചിട്ടുണ്ട്. കരാറിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി തനിക്കെഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത കെ എം ആര്‍ എല്‍ ഫിനാന്‍സ് ഡയറക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും കത്തില്‍ കലക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കരാറിലെ വിവാദപരമായ രണ്ട് വ്യവസ്ഥകള്‍ സംബന്ധിച്ച ജില്ലാ കലക്ടര്‍ നല്‍കിയ കത്തില്‍ പറയുന്ന കാര്യങ്ങള്‍ അവ്യക്തവും വസ്തുതാവിരുദ്ധവുമാണെന്ന് കെ എം ആര്‍ എല്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.
മെട്രോ റെയില്‍ സ്ഥലമെടുപ്പില്‍ ഏറ്റവുമധികം വിവാദം സൃഷ്ടിച്ച എം ജി റോഡിലെ ശീമാട്ടിയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് തുടക്കം മുതലേ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം. മെട്രോ റെയിലിന് സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ അധികാരപ്പെട്ട കലക്ടര്‍ ശീമാട്ടിയുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യങ്ങള്‍ ബലികഴിച്ചുവെന്നാണ് കെ എം ആര്‍ എല്ലിന്റെ ആക്ഷേപം. മെട്രോ റെയിലിന് വേണ്ടി ശീമാട്ടിയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലം മറ്റൊരു ആവശ്യത്തിനും കെ എം ആര്‍ എല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് കരാറിലെ ഒരു വ്യവസ്ഥ. ഏറ്റെടുക്കുന്ന ഭൂമിയില്‍ ഷോപ്പുകളും ഡിജിറ്റല്‍ പരസ്യബോര്‍ഡുകളും സ്ഥാപിച്ച് മെട്രോയുടെ നടത്തിപ്പിന് വരുമാനം കണ്ടെത്താനാണ് കെ എം ആര്‍ എല്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ശീമാട്ടിയുമായുള്ള കരാറില്‍ മാത്രം പാര്‍ക്കിംഗ് പോലും അസാധ്യമാക്കുന്ന ഇത്തരമൊരു വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചതിലൂടെ കോടികളുടെ വരുമാനം കെ എം ആര്‍ എല്ലിന് ലഭിക്കാനുള്ള സാധ്യതയാണ് ഇല്ലാതായതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.
സെന്റിന് 80 ലക്ഷം രൂപ ലഭിക്കാനുള്ള ശീമാട്ടിയുടെ അവകാശത്തിന് വിധേയമായാണ് ഭൂമി കെ എം ആര്‍ എല്ലിന് വിട്ടു നല്‍കുന്നതെന്നാണ് കരാറിലെ മറ്റൊരു വ്യവസ്ഥ. സെന്റിന് 52 ലക്ഷം രൂപ നിരക്കില്‍ 32 സെന്റിന് 16 കോടി 64 ലക്ഷം രൂപയാണ് ശീമാട്ടിയുമായുള്ള കരാറില്‍ തുക നിശ്ചയിച്ചിരിക്കുന്നത്. സെന്റിന് 80 ലക്ഷം രൂപയാണ് ശീമാട്ടി ആവശ്യപ്പെട്ടിരുന്നത്. തുക സംബന്ധിച്ച തര്‍ക്കമാണ് കരാര്‍ വൈകാനുള്ള പ്രധാന കാരണമായിരുന്നത്. ശീമാട്ടിയുടെ ഡിമാന്‍ഡ് കരാറിലെ വ്യവസ്ഥയായി ഉള്‍ക്കൊള്ളിച്ചത് അസാധാരണമാണെന്ന് കെ എം ആര്‍ എല്‍ ചൂണ്ടിക്കാട്ടുന്നു. സെന്റിന് 80 ലക്ഷം രൂപ ലഭിക്കണമെന്നാവശ്യപ്പെട്ട് ശീമാട്ടിക്ക് കോടതിയെ സമീപിക്കാനും അനുകൂല വിധി സമ്പാദിക്കാനും കരാറിലെ ഈ വ്യവസ്ഥ മാത്രം മതിയെന്നാണ് അവരുടെ വാദം. ശീമാട്ടിക്ക് ഇത്രയും തുക അനുവദിച്ചാല്‍ മെട്രോക്ക് ഭൂമി വിട്ടു നല്‍കിയ മറ്റുള്ളവരും കോടതിയെ സമീപിക്കുമെന്നും കെ എം ആര്‍ എല്ലിന് ഇത് വലിയ ബാധ്യത വരുത്തുമെന്നും അവര്‍ വ്യക്തമാക്കുന്നു. ഈ രണ്ടു കരാറുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ എം ആര്‍ എല്‍ എം ഡി സര്‍ക്കാറിന് കത്ത് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് കലക്ടര്‍ കെ എം ആര്‍ എല്‍ എംഡിക്ക് കത്തയച്ചിരിക്കുന്നത്. ശീമാട്ടിയുമായുളള കരാറിലെ ഓരോ വ്യവസ്ഥയും തയ്യാറാക്കിയത് കെ എംആര്‍ എല്ലുമായി കൂടിയോലോചിച്ചാണെന്ന് കത്തില്‍ പറയുന്നു. ശീമാട്ടിയില്‍ നിന്ന് ഏറ്റെടുത്ത സ്ഥലത്ത് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് വ്യവസ്ഥയിലില്ല. കെ എം ആര്‍ എല്ലിന് ഈ സ്ഥലത്ത് പ്രവേശിക്കുന്നതിനോ പ്രവൃത്തികള്‍ നടത്തുന്നതിനോ തടസ്സമില്ല. സെന്റിന് 52 ലക്ഷം രൂപ നിരക്കില്‍ 32 സെന്റിന് 16.64 കോടി രൂപയായിരുന്നു ശീമാട്ടിയുമായി നിശ്ചയിച്ചത്. എന്നാല്‍ 80 ലക്ഷം എന്ന ശീമാട്ടിയുടെ ആവശ്യം തത്വത്തില്‍ അംഗീകരിച്ച് കരാര്‍ ഒപ്പിട്ടെന്ന ആക്ഷേപം ശരിയല്ല. ശീമാട്ടിക്ക് അതിനുളള നിയമപരമായ അവകാശമുണ്ടെന്നു മാത്രമാണ് കരാറിലുളളത്.
എട്ട് മാസം മുമ്പ്് ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കരാറിന്റെ ഓരോ വ്യവസ്ഥയും തയ്യാറാക്കുമ്പോഴും കെ എംആര്‍ എല്ലിന്റെ സമ്മതം തേടിയിരുന്നു. കരാറിന് അന്തിമരൂപം നല്‍കിയത് നിയമോപദേശം കണക്കിലെടുത്താണ്. മാസങ്ങള്‍ക്ക് ശേഷം എന്തിന് വേണ്ടിയാണ് ഈ വിവാദമെന്നും കലക്ടര്‍ കത്തില്‍ ചോദിക്കുന്നു.
ശീമാട്ടിക്ക് സ്ഥലവിലയുടെ 30 ശതമാനമായ 13,17,86,535 രൂപയാണ് ഇതിനോടകം കൈമാറിയിട്ടുള്ളത്. ബാക്കി തുക കൂടി കൈമാറിയാലേ ഭൂമി കെ എം ആര്‍ എല്ലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കിട്ടൂ. റവന്യു വകുപ്പിന്റെ കൈവശമുള്ള കരാറിന്റെ ഉള്ളടക്കം വിവരാവകാശ നിയമപ്രകാരം ധനരാജ് എന്നയാള്‍ പുറത്തുവിട്ടതോടെയാണ് രണ്ടു വ്യവസ്ഥകള്‍ വിവാദമായതും ജില്ലാ കലക്ടറും കെ എം ആര്‍ എല്‍ എം ഡിയും തമ്മിലുള്ള തര്‍ക്കും രൂക്ഷമായതും. മെട്രോ റെയില്‍ പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസില്‍ കലക്ടറുടെ പേര് വെക്കാതിരുന്നതും കലക്ടര്‍ പരിപാടി ബഹിഷ്‌കരിച്ചതും നേരത്തെ വാര്‍ത്തയായിരുന്നു.
കെ എം ആര്‍ എല്ലും കലക്ടറും തുറന്നപോരില്‍