Connect with us

Kerala

സീറ്റ് മോഹവുമായി നേതാക്കളുടെ കൂട്ടിയിടി; പത്മവ്യൂഹത്തിലകപ്പെട്ട് കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍

Published

|

Last Updated

കോട്ടയം :നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കള്‍ എത്തിയതോടെ സീറ്റു തരപ്പെടുത്തിയെടുക്കാനുള്ള ഓട്ടപ്രദക്ഷണത്തിലാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളും ഇവയിലെ നേതാക്കളും. ഇടതും വലതും പരീക്ഷിച്ച് ഒടുവില്‍ എന്‍ ഡി എ സഖ്യത്തില്‍ നിന്നാണെങ്കിലും മത്സരിക്കാനുള്ള മോഹവുമായി നേതാക്കള്‍ രംഗപ്രവേശം ചെയ്തു കഴിഞ്ഞു.
കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിന്റെ വക്കിലാണ്. പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മിലുള്ള മൂപ്പിള തര്‍ക്കങ്ങള്‍, സീറ്റുമോഹികളുടെ ബാഹുല്യം തുടങ്ങി നിരവധി കാരണങ്ങളാണ് പാര്‍ട്ടിയുടെ പിളര്‍പ്പിന് കാരണങ്ങളായി പറഞ്ഞുകേള്‍ക്കുന്നത്. ജോസ് കെ മാണി പാര്‍ട്ടിയില്‍ പിടിമുറുക്കിയതോടെ പി സി ജോസഫ് വിഭാഗത്തിന് കാര്യമായ റോള്‍ പാര്‍ട്ടിക്കുള്ളില്‍ ഇല്ല. കടുത്തുരുത്തി എം എല്‍ എയായ മോന്‍സ് ജോസഫിന് സിറ്റിംഗ് സീറ്റ് കിട്ടുമോയെന്ന കാര്യം സംശയത്തിലാണ്. മുന്‍ ഇടുക്കി എം പി ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള പ്രമുഖര്‍ക്ക് ഇന്ന് പാര്‍ട്ടിയില്‍ കാര്യമായ ഇടപെടല്‍ പോലും നടത്താന്‍ ഔദ്യോഗിക നേതൃത്വം അവസരം നല്‍കാറില്ല.
ഇത്തരത്തില്‍ വലിയൊരു പൊട്ടിത്തെറിയാണ് മാണി വിഭാഗം അഭിമുഖീകരിക്കാന്‍ പോകുന്നത്. പ്രായാധിക്യത്തിന്റെ അവശതകള്‍ കാരണം തന്റെ പഴയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ പുനരുജ്ജീവിപ്പിക്കാന്‍ പി ജെ ജോസഫിന് വലിയ താത്പര്യമില്ല. ഇതുകാരണം ജോസഫിനൊപ്പം എത്തിയ നേതാക്കള്‍ എന്തു ചെയ്യണമെന്നറിയാതെ രാഷ്ട്രീയമായി വലിയ സമ്മര്‍ദം നേരിടുന്നുണ്ട്. ജോസഫ് വിഭാഗത്തിന്റെ പ്രമുഖ നേതാക്കളായ ആന്റണി രാജു (തിരുവനന്തപുരം), ഫ്രാന്‍സിസ് ജോര്‍ജ് (മൂവാറ്റുപുഴ), ഡോ. കെ സി ജോസഫ് (ചങ്ങനാശേരി), പി സി ജോസഫ് (ഇടുക്കി) എന്നിവര്‍ ഇടതുമുന്നണിയുമായി ചേര്‍ന്ന് യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കാന്‍ തത്വത്തില്‍ ധാരണയില്ലെത്തിയെന്ന വാര്‍ത്തകളും പുറത്തുവരുന്നു.
ഈ വിമത നീക്കങ്ങള്‍ക്കിടെ മാണി വിഭാഗം മത്സരിച്ചുവരുന്ന തിരുവല്ല, ചങ്ങനാശേരി സീറ്റുകളില്‍ ഒന്നിലധികം സംസ്ഥാന നേതാക്കള്‍ സീറ്റുമോഹവുമായി രംഗത്തുണ്ട്. ചങ്ങനാശേരിയില്‍ എട്ടാം തവണ മത്സരത്തിനിറങ്ങുന്ന സി എഫ് തോമസിന് പകരം മണ്ഡലത്തില്‍ ജോസ് കെ മാണിയുടെ വിശ്വസ്തരില്‍ ഒരാളായ ജോബ് മൈക്കിള്‍ ഫേസ്ബുക്കിലൂടെ മത്സരമോഹം അറിയിച്ചു കഴിഞ്ഞു. തിരുവല്ലയില്‍ ജോസഫ് എം പുതുശേരിക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ട വിക്ടര്‍ ടി തോമസും സീറ്റുമോഹവുമായി രംഗത്തുണ്ട്.
ഇതിനിടെ പി സി ജോര്‍ജുമായി തെറ്റിപിരിഞ്ഞ കേരള കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാനും മുന്‍ സ്പീക്കറുമായ ടി എസ് ജോണ്‍ മാണി വിഭാഗത്തില്‍ ലയിച്ച് തിരുവല്ലയില്‍ അങ്കത്തിനിറങ്ങിയേക്കുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നു. യു ഡി എഫുമായി തെറ്റിപിരിഞ്ഞ് ഇടതുമുന്നണി പ്രവേശനം അടഞ്ഞതോടെ സി പി എമ്മിന്റെ ദയാവായ്പ് കാത്ത് പി സി ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള, കെ ബി ഗണേശ്കുമാര്‍ തുടങ്ങിയ കേരള കോണ്‍ഗ്രസ് നേതാക്കള്‍ അങ്കത്തിനിറങ്ങാന്‍ കാത്തിരിക്കുന്നു.
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ അനൂപ് ജേക്കബ് പിറവം മണ്ഡലം ഉറപ്പിച്ചെങ്കിലും പാര്‍ട്ടി ചെയര്‍മാനായ ജോണി നെല്ലൂര്‍ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട അങ്കമാലി സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
എന്‍ എസ് യു ദേശീയ പ്രസിഡന്റും രാഹുല്‍ ഗാന്ധിയുടെ നോമിനിയുമായ റോജി എം ജോണ്‍ അങ്കമാലിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ വേണ്ടി മണ്ഡലത്തില്‍ ഭവനസന്ദര്‍ശം തുടങ്ങിയത് ജോണി നെല്ലൂരിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. എല്‍ ഡി എഫില്‍ ഘടകക്ഷിയുടെ റോളില്‍ ഉണ്ടെങ്കിലും കാര്യമായ സ്വാധീനമില്ലാത്ത കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന് ഇടതുമുന്നണി സീറ്റു നല്‍കുമോയെന്ന കാര്യം സി പി എമ്മിന്റെ വിശാലമനസിനെ ആശ്രയിച്ചിരിക്കുന്നു.
ഇടതും വലതും പരീക്ഷിച്ച് ഒടുവില്‍ എന്‍ ഡി എ സഖ്യത്തില്‍ എത്തിയ മുന്‍ കേന്ദ്രമന്ത്രി പി സി തോമസ് കെ എം മാണിയുടെ തട്ടകമായ പാലാ നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ ബി ജെ പി നേതൃത്വത്തോട് ആഗ്രഹം അറിയിച്ചുകഴിഞ്ഞു. പിളരുന്തോളും വളരുകയും വളര്‍ന്ന് പിളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസുകള്‍ക്ക് തിരഞ്ഞെടുപ്പ് കാലം വലിയ രാഷ്ട്രീയ പരീക്ഷണ കാലമായിട്ടാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.