Gulf
ഹാനികരമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കലാണ് ലക്ഷ്യം: എം എ യൂസുഫലി
ദുബൈ:ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനുമാണ് ലുലു ഗ്രൂപ്പ് ലക്ഷ്യംവെക്കുന്നതെന്ന് എം ഡി എം എ യൂസുഫലി. ദുബൈയില്‍ നടക്കുന്ന ഗള്‍ഫുഡ് പ്രദര്‍ശനത്തിന്റെ ഭാഗമായ ലുലുവിന്റെ പവലിയനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രംഗത്തും സാങ്കേതിക വിദ്യകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യവസ്തു നിര്‍മാണ രംഗവും അതില്‍നിന്നു വിഭിന്നമല്ല. ഗ്രൂപ്പ് ഈ രംഗത്തെ പുത്തന്‍ പ്രവണതകളെയും സാങ്കേതികവിദ്യകളെയും സസൂക്ഷ്മം പഠിച്ചുകൊണ്ടിരിക്കയാണ്.
എത്ര ഉന്നതമായ സാങ്കേതികവിദ്യ വന്നാലും നാം പ്രാധാന്യം നല്‍കേണ്ടത് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നതിനാണ്. ഗള്‍ഫുഡ് പോലെയുള്ള പ്രദര്‍ശനങ്ങള്‍ ആഗോള ഭക്ഷ്യരംഗത്ത് എത്തിക്കൊണ്ടിരിക്കുന്ന പുതിയ സാങ്കേതിക വിദ്യകളെ അടുത്തറിയാനും കൂടുതല്‍ മികച്ച ഭക്ഷ്യവസ്തുക്കള്‍ പരിചയപ്പെടാനും സഹായകമാവുന്നുണ്ട്.
ഗള്‍ഫുഡില്‍ ഓരോ വര്‍ഷവും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2015 മായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രദര്‍ശകരുടെ എണ്ണത്തില്‍ 30 ശതമാനത്തോളമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 40 പവലിയനുകളിലായി 1,200 വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്തുക്കളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സന്ദര്‍ശകരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
നാം ജീവിക്കുന്നത് കമ്പ്യൂട്ടര്‍ യുഗത്തിലാണ്. ഓരോ നിമിഷവും കമ്പ്യൂട്ടര്‍ പുതുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത്തരം മാറ്റങ്ങള്‍ ഭക്ഷ്യനിര്‍മാണ രംഗത്തെ സാങ്കേതികവിദ്യയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.പഴയ കാലത്തെ അപേക്ഷിച്ച് പുതുതലമുറ വ്യായാമം കുറഞ്ഞ ചുറ്റുപാടുകളിലാണ് ജീവിക്കുന്നത്. കുട്ടികള്‍ ടാബും ഐപാഡുമായി സമയം തള്ളുന്നതിനാല്‍ ആവശ്യമായ വ്യായാമം ലഭിക്കാത്ത സ്ഥിതിയാണ്. ഈ ചുറ്റുപാടില്‍ കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഗള്‍ഫുഡില്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യസംസ്‌കരണ ഗ്രൂപ്പാണ് ലുലു.ഗള്‍ഫുഡില്‍ ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തവും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഭക്ഷ്യനിര്‍മാണ രംഗത്ത് ഇന്ത്യയില്‍ വന്‍മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജി സി സി മേഖലയില്‍ ജിദ്ദയും ഒമാനും ദുബൈയും ഉള്‍പെടെ ഈ വര്‍ഷം ഏഴ് ഹൈപര്‍മാര്‍ക്കറ്റുകള്‍ ലുലു ഗ്രൂപ്പ് ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു.