Connect with us

Articles

ഉന്‍മാദ ദേശസ്‌നേഹം ഡല്‍ഹിയിലും കാശ്മീരിലും

Published

|

Last Updated

അക്കാദമിക് സമൂഹവും സര്‍വകലാശാലകളും എന്നും തങ്ങള്‍ക്കു ഭീഷണിയാണെന്ന തിരിച്ചറിവ് ബി ജെ പിക്കും അതിന്റെ ആശയസ്രോതസ്സായ ആര്‍ എസ് എസിനും കലശലായിട്ടുണ്ട് എന്നത് പ്രകടമായ യാഥാര്‍ഥ്യമാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കാന്‍ മാത്രം അപരാധമൊന്നും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായതായി വിശ്വാസയോഗ്യമായ തെളിവുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. തീവ്രവലതുപക്ഷ ചായ്‌വോടെ നീങ്ങുന്ന ചില മാധ്യമങ്ങള്‍ കൃത്രിമമായി പടച്ചുവിട്ട ക്ലിപ്പുകളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയ സന്ദേശങ്ങളുമാണ് ആകെയുള്ള “തെളിവ്”. ന്യൂസ് എക്‌സ്, ന്യൂസ് റണ്‍ ചാനലുകള്‍ പൂറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ “ആസാദീ” (സ്വാതന്ത്ര്യം) എന്ന മുദ്രാവാക്യം ഉണ്ടെന്നും അതു രാജ്യദ്രോഹപരമാണെന്നും കേസെടുക്കാന്‍ പര്യാപ്തമായ പാപമാണെന്നും സംഘ്പരിവാറും ഡല്‍ഹി പോലീസും വാദിച്ചു. “ആസാദി” പ്രയോഗം അടര്‍ത്തിമാറ്റിയതാണെന്നും ഫ്യൂഡലിസത്തില്‍ നിന്നും മുതലാളിത്തത്തില്‍ നിന്നുമുള്ള “മോചന”മാണ് പരാമര്‍ശ വിഷയമെന്നും എ ബി പി ന്യൂസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇനി ആരോപിക്കപ്പെടുന്ന “ആസാദി” പ്രയോഗം തന്നെയാണ് ഉണ്ടായത് എങ്കില്‍ തന്നെ എങ്ങനെയാണ് കനയ്യകുമാറിനും പരിപാടി സംഘടിപ്പിച്ച ഉമര്‍ഖാലിദ് ഉള്‍പ്പടെയുള്ള ആറ് പേര്‍ക്കെതിരെയും മാത്രം കേസെടുക്കുക? വര്‍ഷങ്ങളായി കാശ്മീരിലെ പര്‍വതങ്ങളില്‍ തട്ടി പ്രതിധ്വനിക്കുന്നതും 25 വര്‍ഷമായി ശക്തമായിക്കൊണ്ടിരിക്കുന്നതുമായ മുദ്രാവാക്യമാണല്ലോ “ഹം ക്യാ ചഹ്‌തേ ഹൈ… ആസാദീ” എന്നത്. അവിടെയെത്തുമ്പോള്‍ എന്താണ് രാജ്യദ്രോഹികളുമായി സംഘ്പരിവാര്‍ സമരസപ്പെടുന്നത്?
കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ച് ജെ എന്‍ യുവില്‍ നടന്ന ചടങ്ങിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ സുക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. കാരണം “രാജ്യസ്‌നേഹി”കളും “രാജ്യദ്രോഹി”കളും തമ്മിലുള്ള ദന്ദ്വ യുദ്ധമായിട്ടാണ് സംഭവം പുരോഗമിക്കുന്നത്. 2001ലെ പാര്‍ലിമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ കാശ്മീരിലെ സോപൂര്‍ സ്വദേശിയാണ് അഫ്‌സല്‍ ഗുരു. തൂക്കിലേറ്റിയതിനു ശേഷം അദ്ദേഹത്തിന് “നിഷേധിക്കപ്പെട്ട” നീതി ചോദ്യം ചെയ്ത് ജെ എന്‍ യുവില്‍ മാത്രമല്ല, കാശ്മീരിലും ജന്മനാടായ സോപുരിലും കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലും അനുസ്മരണ ഐക്യദാര്‍ഢ്യ പരിപാടികള്‍ നടന്നിട്ടുണ്ട്. ദക്ഷിണേന്ത്യയിലേയും ഉത്തരേന്ത്യയിലേയും പ്രമുഖരായ എഴുത്തുകാര്‍ അഫ്‌സല്‍ ഗുരുവിനോട് ഭരണകൂടവും അനുബന്ധസ്ഥാപനങ്ങളും അനീതിയോടെയും വിവേചനത്തോടെയുമാണ് പെരുമാറിയത് എന്ന നിരീക്ഷണം മുന്നോട്ട് വെക്കുകയും ചെയ്തിട്ടുണ്ട്. “ജനാധിപത്യത്തെ മലിനപ്പെടുത്തി” എന്നായിരുന്നു അഫ്‌സല്‍ ഗുരുവിന്റെ വധത്തോടുള്ള അരുന്ധതി റോയിയുടെ പ്രതികരണം. മുന്‍ കാശ്മീര്‍ മുഖ്യമന്ത്രിയും ഫാറുഖ് അബ്ദുല്ലയുടെ മകനുമായ ഉമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന അഫ്‌സല്‍ ഗുരുവിന്റെ വധത്തോടുള്ള സമീപനം വ്യക്തമാക്കുന്നതായിരുന്നു. ഒരു തീവ്രവാദിയായി ചിത്രീകരിക്കപ്പെടണമെങ്കില്‍ അവനൊരു കാശ്മീരി മുസ്‌ലിമായാല്‍ മതി എന്നായിരുന്നു ആ നിരീക്ഷണം. രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ ഒരു കാശ്മീരിയെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി കൊല ചെയ്തുവെന്ന വികാരം പലരും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ കാശ്മീര്‍ രാഷ്ട്രീയം അഫ്‌സല്‍ ഗുരുവിന്റെ വധത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. ബി ജെ പിയുമായി അധികാരം പങ്കിടുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും അണികളും ഈ വിഷയത്തില്‍ ഒരു പടി മുന്നിലാണ്. വിചിത്രമെന്നു പറയട്ടെ, അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കുന്ന, അദ്ദേഹത്തിന്റെ വധശിക്ഷയെ അപലപിക്കുന്ന പി ഡി പിയുമായി ചേര്‍ന്നാണ് കാശ്മീരില്‍ കഴിഞ്ഞ പത്ത് മാസം ഭാരതീയ ജനതാ പാര്‍ട്ടി ഭരണം നടത്തിയത്. മാത്രമല്ല, തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ സഹായിച്ചതിന് പാക്കിസ്ഥാന് മുഫ്തി നന്ദി പ്രകാശിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് നരേന്ദ്ര മോദി അദ്ദേഹത്തെ കെട്ടിപ്പുണരുന്നത്. തെളിവുകളെല്ലാം എതിരായി കനയ്യകുമാര്‍ രാജ്യദ്രോഹിയാണെന്ന് വന്നാല്‍ തന്നെയും ഇതിലും വലിയ “രാജ്യദ്രോഹി”കളുടെ കൂടെയാണ് കാശ്മീരില്‍ അധികാരം പങ്കിട്ടത്. ഇപ്പോഴും അവര്‍ മെഹ്ബൂബയുടെ പിറകെ അധികാരത്തിനായി നടക്കുന്നു. എന്തുകൊണ്ടാണ് ഈ തീവ്രദേശസ്‌നേഹികള്‍ക്ക് തങ്ങളുടെ രാജ്യസ്‌നേഹം കാശ്മീരിലെത്തുമ്പോള്‍ ഉദാസീനമായിപ്പോകുന്നത്? എന്താണവര്‍ക്ക് തീവ്രദേശീയതയുടെ ഉന്‍മാദം അധികാരത്തിന്റെ മുമ്പില്‍ ആറിത്തണുത്ത് പോകുന്നത്?
അഫ്‌സല്‍ ഗുരുവിനോടും വധശിക്ഷക്കെതിരെയുള്ള രോഷപ്രകടനങ്ങളോടുമുള്ള സംഘ്പരിവാര്‍ നിലപാടിലെ വിചിത്രമായ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവന്നു എന്നതാണ് ജെ എന്‍ യു സംഭവങ്ങളോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനങ്ങളുടെയും പാട്യാല കോടതിയില്‍ അഭിഭാഷക”ഗുണ്ടകള്‍” നടത്തിയ അതിക്രമങ്ങളുടെയും ബാക്കിപത്രം. കാശ്മീരില്‍ അഫ്‌സല്‍ ഗുരുവുമായി ബന്ധപ്പെട്ട എതിര്‍പ്പുകളോട് വിധേയപൂര്‍വം സമരസപ്പെടുന്ന ബി ജെ പി പഞ്ചാബ് വഴി ഹരിയാനയിലൂടെ ഡല്‍ഹിയിലെത്തുമ്പോള്‍ അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ അക്കാദമിക് സംവാദം പോലും രാജ്യദ്രോഹമായി ചിത്രീകരിച്ച് രാജ്യസ്‌നേഹത്തിന്റെ പ്രഛന്നവേഷമണിയുന്നു. അധികാര ലബ്ധിക്കായി “രാജ്യസ്‌നേഹ”ത്തെ ബോധപൂര്‍വം വിസ്മരിച്ചുകൊണ്ടാണ് ബി ജെ പി ഭരണത്തിലേറിയത്. അടിസ്ഥാന രഹിതമായ കുറ്റങ്ങള്‍ ചുമത്തി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റിനെ ജയിലിലടക്കും മുമ്പ് സംഘ്പരിവാര്‍ വ്യക്തമാക്കേണ്ടത്; അഫ്‌സല്‍ ഗുരു അനുകൂല നിലപാട് സ്വീകരിക്കുന്ന പി ഡി പിയെ പിന്തുണച്ച ബി ജെ പി നടപടി രാജ്യദ്രോഹക്കുറ്റമല്ലേ എന്നാണ്. ഉപമുഖ്യമന്ത്രിയായ നിര്‍മല്‍ കുമാര്‍ സിംഗ് ഉള്‍പ്പെടെ 12 മന്ത്രിമാര്‍ രാജ്യദ്രോഹികളെ പിന്താങ്ങിയും അവരുടെ മന്ത്രിസഭയില്‍ പങ്ക് പറ്റിയും ഭരണം നടത്തിയതിനെതിരെ നടപടിയെടുക്കാന്‍ എന്തുകൊണ്ടാണ് ഒരു സംഘ്പരിവാറുകാരനും ധൈര്യം കാണിക്കാത്തത്? കാശ്മീരില്‍ അഫ്‌സല്‍ ഗുരു അഭിമതനും ഡല്‍ഹിയില്‍ അനഭിമതനും ആകുന്ന ബി ജെ പിയുടെ ദേശസ്‌നേഹരസതന്ത്രം അത്ര എളുപ്പത്തില്‍ ഒരു നുറുക്ക് ഉപ്പ് ചേര്‍ക്കാതെ ഇറക്കാന്‍ കഴിയുമോ?
മുഫ്തി മുഹമ്മദ് സഈദിന്റെ വിയോഗാനന്തരം മകള്‍ മെഹ്ബൂബ ഉടനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടതായിരിന്നു. എന്നാല്‍ ചില തര്‍ക്കവിഷയങ്ങളില്‍ ഉറപ്പ് ലഭിക്കാന്‍ വേണ്ടിയാണ് മെഹ്ബൂബ കാത്തിരിക്കുന്നത്. സര്‍ക്കാര്‍ രൂപവത്കരണം വൈകിയതോടെ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ വോറ ശിപാര്‍ശ ചെയ്യുകയായിരുന്നു. ജലവൈദ്യുത പദ്ധതിയുള്‍പ്പടെ തര്‍ക്കവിഷയങ്ങളില്‍ പി ഡി പിയുടെ മേല്‍ക്കോയ്മ തുടരുമ്പോഴും ബി ജെ പിയുടെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടിയൊന്നും ഉണ്ടായിട്ടില്ല. മെഹ്ബൂബയെ വിസമ്മതിക്കാന്‍ മറുവാദങ്ങളോ മറ്റോ ഉയര്‍ത്തിയിട്ടുമില്ല. ഇത്രയും സുസമ്മതയായി മെഹ്ബൂബ മാറിയത് ബി ജെ പിയുടെ അധികാരഭ്രമംകൊണ്ടും അതുവഴി നേടാന്‍ സാധ്യതയുള്ള നേട്ടങ്ങളില്‍ കണ്ണുനട്ടുമാണ്. ഡല്‍ഹിയില്‍ കാണിക്കുന്ന “രാജ്യസ്‌നേഹ”ത്തിന്റെ ഒരംശം പോലും കാശ്മീരില്‍ കാണിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
ഡല്‍ഹിയില്‍ പൊള്ളയായ രാജ്യസ്‌നേഹത്തിന്റെ പൊള്ളയായ കോട്ടമതില്‍ തീര്‍ക്കാനുള്ള വെപ്രാളത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്താവനയാണ് ജെ എന്‍ യുവിലെ പ്രശ്‌നം വഷളാക്കിയത്. സര്‍വകലാശാലയിലെ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനുപിന്നില്‍ ലഷ്‌കറെ ത്വയ്യിബയുടെയും ഹാഫിസ് സഈദിന്റെയും കരങ്ങളുണ്ടെന്ന വാസ്തവവിരുദ്ധ ആരോപണം കേന്ദ്ര അഭ്യന്തര മന്ത്രിയാണ് ഉന്നയിച്ചത്. ദുരുദ്ദേശ്യത്തോടെയുള്ള രാജ്‌നാഥ് സിംഗിന്റെ ഈ പ്രസ്താവന കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി സമരങ്ങളെ രാജ്യദ്രോഹ നീക്കത്തിന്റെ ഭാഗമായി ചിത്രീകരിക്കാന്‍ ചിലര്‍ക്ക് ഉത്സാഹം നല്‍കി. തെളിവുകള്‍ നിരത്താതെയും ഊഹങ്ങളില്‍ വിശ്വസിച്ചുമായിരുന്നു പ്രസ്താവന. ശത്രുവിന്റെ കൈയില്‍ വടി കൊടുക്കുന്നതാകും ഗൃഹപാഠമില്ലാത്ത ഇത്തരം പൊയ്‌വെടികള്‍ എന്ന് ചിന്തിക്കാന്‍ ആവേശത്തിനിടയില്‍ രാജ്‌നാഥിനായില്ല. പഠാന്‍കോട്ട് അക്രമത്തിന് പിന്നില്‍ പാക് പങ്ക് ഇന്ത്യ ആരോപിക്കുന്നത് ജെ എന്‍ യുവിലെ സമരത്തിനു പിന്നില്‍ ഹാഫിസ് സഈദിന് പങ്കുണ്ടെന്ന ആരോപണം പോലെയെന്ന് പാക്കിസ്ഥാന്‍ വാദിച്ചാല്‍ ഉത്തരം മുട്ടുക കേന്ദ്ര സര്‍ക്കാറിനാകും. ഉത്തരവാദപ്പെട്ടവര്‍ ഇരിക്കുന്ന കസേരയുടെ ഉയരം മനസ്സിലാക്കാതെ വരുമ്പോള്‍ അതിന് രാജ്യം തന്നെ വില നല്‍കേണ്ടിവരും എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഉന്മാദ ദേശസ്‌നേഹത്തിലെ വൈരുധ്യങ്ങള്‍ കപടമായ ദേശക്കൂറിനേയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യസ്‌നേഹം ഏതെങ്കിലുമൊരു ജനവിഭാഗത്തെ വൈകാരികമായി ഉത്തേജിപ്പിക്കാനുള്ളതല്ല. ദേശക്കൂറിന്റെ പേരില്‍ ഡല്‍ഹിയില്‍ കവാത്ത് നടത്തുന്ന ബി ജെ പിക്ക് കാശ്മീരില്‍ അഫ്‌സല്‍ ഗുരുവിനെ പിന്തുണക്കുന്ന പി ഡി പി പ്രിയപാര്‍ട്ടിയാകുന്നത് എങ്ങനെയാണ് വിശദീകരിക്കാനാകുക? മുതിര്‍ന്ന ബി ജെ പി നേതാവ് രാം മാധവ്, ശ്രീനഗറില്‍ ഹസീബാ ദാബ്രു അടക്കമുള്ള പി ഡി പി നേതാക്കളെ കഴിഞ്ഞ ദിവസവും സന്ദര്‍ശിച്ചിരിന്നു. അധികാരത്തിലേക്കുളള വഴികള്‍ ത്വരിതഗതിയിലാക്കാന്‍ ലാക്കാക്കി.