National
സ്മൃതി ഇറാനിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരേ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്. ലോക്‌സഭയിലും രാജ്യസഭയിലുമായിരിക്കും പ്രമേയം കൊണ്ടുവരിക. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഭയെ തെറ്റിദ്ധരിപ്പെച്ചുവെന്നാരോപിച്ചാണ് പ്രമേയം കൊണ്ടുവരുന്നത്. കോണ്‍ഗ്രസ് വക്താവ് മുകുള്‍ വാസ്‌നിക് ആണ് ഇക്കാര്യം അറിയിച്ചത്.
രോഹിതിനെ പരിശോധിക്കാന്‍ വിദ്യാര്‍ഥികള്‍ ഡോക്ടറെ അനുവദിച്ചിരുന്നില്ലെന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതുള്‍പ്പെടെ അവര്‍ സഭയില്‍ പറഞ്ഞ പലകാര്യങ്ങളും കളവായിരുന്നുവെന്നും മുകുള്‍ വാസ്‌നിക് കുറ്റപ്പെടുത്തി.
രോഹിത് വെമുലയുടെ ആത്മഹത്യയെച്ചൊല്ലി സ്മൃതി ഇറാനിയും ബിഎസ്പി നേതാവ് മായാവതിയുമായി കനത്ത വാക്‌പോരാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സ്മൃതിയുടെ സഭയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ രോഹിതിന്റെ അമ്മ രാധിക വെമുലയും രംഗത്തെത്തിയിരുന്നു.