National
ചിദംബരത്തിന്റെത് രാഷ്ട്രീയ മുതലെടുപ്പ്: അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ
ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞിട്ടില്ലെന്ന മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ നിലപാട് രാഷ്ട്രീയ മുതലെടുപ്പാണെന്ന് തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തബസ്സും ഗുരു.
2013ല്‍ അഫ്‌സലിനെ വധശിക്ഷക്ക് വിധിക്കുമ്പോള്‍ മൗനിയായിരുന്ന ചിദംബരം ഇപ്പോള്‍ നടത്തുന്ന പ്രസ്താവനക്ക് യാതൊരു വിലയില്ലെന്നും ചിദംബരത്തിന്റെ കുറ്റസമ്മതം ഏറെ വൈകിപ്പോയെന്നും അവര്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹം ഇപ്പോള്‍ ഈ നിലപാട് സ്വീകരിക്കുന്നത്.
പാര്‍ലിമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ തൂക്കിലേറ്റാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചാല്‍ മതിയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഇക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പി ചിദംബരം പറഞ്ഞിരുന്നത്.
അതേസമയം, അഫ്‌സല്‍ ഗുരുവിന് പിന്തുണ നല്‍കി ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ച തബസ്സും, പുതിയ തലമുറയെ രാഷ്ട്രീയക്കാര്‍ക്ക് വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നില്ലെന്നോര്‍ത്ത് താന്‍ അത്യധികം സന്തോഷിക്കുന്നുവെന്നും പറഞ്ഞു. “ഡല്‍ഹിയില്‍ ഉയരുന്ന ശബ്ദങ്ങള്‍ അദ്ദേഹം കുറ്റക്കാരനായിരുന്നില്ല എന്നതിന് തെളിവാണ്. ജെ എന്‍ യുവിലെ കുട്ടികള്‍ വിദ്യാഭ്യാസമുള്ളവരാണ്. വിധിന്യായത്തിന്റെ പകര്‍പ്പ് വായിച്ചിട്ടുള്ളവരാണവര്‍. അതുകൊണ്ട് അഫ്‌സല്‍ ഗുരുവിനെ കുരുക്കിയതെങ്ങനെയെന്ന് അവര്‍ക്കറിയാം.” തബസ്സും പറഞ്ഞു.