Articles
എന്‍ഡോസള്‍ഫാന്‍: ഇനിയും സമരം വേണ്ടിവരുമോ?
എന്‍ഡോസള്‍ഫാന്‍ എന്ന കൊടിയ ദുരന്തത്തിലെ ഭാഗ്യഹീനരായവരെ ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. കാസര്‍കോട് ജില്ലയിലെ കുറേ ഗ്രാമങ്ങളിലെ ആയിരക്കണക്കിന് ദരിദ്ര കുടുംബങ്ങളിലാണ് അവരുള്ളത്. അവരുടെ ദുരിതം ഏറെ കാലം ആരും അറിഞ്ഞിരുന്നില്ല. കാരണം അവരുടെ നിലവിളി ആരും ചെവിക്കൊണ്ടില്ല. എന്നാല്‍ ഇവരുടെ ദുരിതമറിഞ്ഞതോടെ അതിനുള്ള കാരണമന്വേഷിക്കുകയായി ഇവിടുത്തെ ചില സാമൂഹിക പ്രവര്‍ത്തകരും മറ്റു മനുഷ്യസ്‌നേഹികളും. അന്വേഷണത്തില്‍ പ്രതിസ്ഥാനത്ത് പ്രധാനിയായി കണ്ടെത്തിയത് ഭരണാധികാരികളെ തന്നെയാണ്. പൊതുമേഖലാ സ്ഥാപനമായ കേരള പ്ലാന്റേഷന്‍ കോര്‍പറേഷനാണ് ഒന്നാം സ്ഥാനത്ത്. അതൊടൊപ്പം ഈ കീടനാശിനി വിറ്റ് പണം വാരിക്കൂട്ടിയ എന്‍ഡോസള്‍ഫാന്‍ കമ്പനിയും. അതിനാല്‍ അവകാശ സമരം അധികാരവര്‍ഗത്തോട് നേരിട്ടുതന്നെയായി. ഇവര്‍ വരുത്തിവെച്ച ദുരന്തത്തിലെ ഇരകള്‍ക്ക,് അവര്‍ക്ക് ജീവിക്കാനുള്ള ആഗ്രഹമെങ്കിലും നിറവേറ്റിക്കൊടുക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. അത്തരത്തില്‍, ഈ ഫെബ്രുവരി ആദ്യവാരത്തിലെ സെക്രട്ടറിയേറ്റിന് മുന്നിലെ ഇരകളുടെ നിരാഹാര സമരം ഈ മേഖലയിലെ അന്തിമ പോരാട്ടമല്ല എന്നറിയാമെങ്കിലും മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ഏറെ ആശ്വാസം പകരുന്ന ഒന്നായി കരുതാവുന്നതാണ്. അവര്‍ക്ക് സന്തോഷം പകര്‍ന്നാണ് സമരം പര്യവസാനിച്ചത്. പലതവണ നല്‍കിയ വാഗ്ദാനങ്ങളും കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ അടക്കമുള്ള നിര്‍ദേശങ്ങളും നടപ്പാക്കണമെന്നായിരുന്നു സെക്രേട്ടറിയറ്റിന് മുന്നില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇരകള്‍ നടത്തിയ നിരാഹാര സമരത്തിലെ ആവശ്യം. എന്നാല്‍ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും അനുവദിച്ചുകിട്ടുന്നതിനായി വീണ്ടും വീണ്ടും സമരം ചെയ്യേണ്ടിവരുന്നു എന്നതാണ് ഈ പാവങ്ങളോട് ചെയ്യുന്ന വലിയ ക്രൂരത.
അതേസമയം, മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കുന്നതില്‍ വേണ്ട ഗൗരവമില്ലെന്നും കാലതാമസം വരുത്തുന്നതായും എന്‍ഡോസള്‍ഫാന്‍ സമരസമിതി ഇതിനകംതന്നെ സംശയം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഈ മാസം തന്നെ ദുരിതബാധിതര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നായിരുന്നു പ്രധാന തീരുമാനങ്ങളിലൊന്ന്. അതേക്കുറിച്ച് ഇതുവരെയും നടപടിയായില്ല. ബേങ്ക് കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും നീക്കമുണ്ടായത്. ചിലരുടെ കടം എഴുതി തള്ളാന്‍ നടപടി സ്വീകരിക്കുന്നതായാണ് വിവരം. എന്നാല്‍ അതിലും പ്രശ്‌നങ്ങളുണ്ട്. 25,000 രൂപ ബേങ്ക് കടമുള്ളവരുടെ പതിനായിരം രൂപ മാത്രമാണ് എഴുതി തള്ളാന്‍ നടപടിയെടുത്തത്. ഒന്നാംഗഡു പോലും ലഭിക്കാത്ത 3018 പേര്‍ക്ക് സഹായം നല്‍കാനുള്ള നടപടിയും ആരംഭിച്ചിട്ടേയില്ല. അതിനിടെ എന്‍ഡോസള്‍ഫാന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി കലക്ടറെ തിരക്കിട്ട് തത്സ്ഥാനത്ത് നിന്നും മാറ്റിയത് വലിയ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ടെന്നു മാത്രമല്ല; പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുകയാണ്. കടം എഴുതി തള്ളുന്ന കാര്യത്തിലും മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ പാലിക്കുന്ന വിധമല്ലെന്നും ദുരിതബാധിതരുടെ സമരനേതാക്കള്‍ പറയുന്നു. പുതിയ പഠന സമിതിയെ നിയോഗിച്ചുണ്ടെങ്കിലും അത് എപ്പോള്‍ ആരംഭിക്കുമെന്നോ, എപ്പോള്‍ അവസാനിപ്പിക്കുമെന്നോ എന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തതയില്ലെന്ന് പറയുന്നു. ഇത്തരത്തില്‍ തുടക്കത്തിലെ മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേണ്ട ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നാണ് പരാതി.
നിയമസഭാ തിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചാല്‍ പിന്നീട് ഒന്നിനും സമയമില്ലാത്ത അവസ്ഥയും മെല്ലെപ്പോക്കിനെ ബാധിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്ന പരാതി ശക്തമായിട്ടുണ്ട്. ജനങ്ങളുടെയും പരിസ്ഥിതിയുടെയും സുരക്ഷിതത്വവും നിലനില്‍പ്പുമാണോ? അതല്ല, കുത്തക വ്യവസായികളുടെ ലാഭ നഷ്ടങ്ങളാണോ പ്രധാനമെന്നിടത്താണ് ഈ സമരത്തിന്റെയും വിജയ പരാജയങ്ങള്‍ നിശ്ചയിക്കുന്നത്. അതിനാല്‍ മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ എല്ലാം കൃത്യമായി നിറവേറ്റണമെന്നാണ് എല്ലാവരുടെയും ആവശ്യം. ബജറ്റിലെ ചില വാഗ്ദാനങ്ങള്‍പോലെ, മൂന്ന് മാസം മാത്രം കാലാവധി ബാക്കി നില്‍ക്കുന്ന ഒരു സര്‍ക്കാറിന്റെ വെറും വാഗ്ദാനമായി ഇത് മാറാന്‍ ഇതു പാടില്ലെന്നും സമരസമിതി നേതാക്കള്‍ പറയുന്നു. വരുന്ന സര്‍ക്കാറിനും വാഗ്ദാനം നിറവേറ്റുന്നതിനുള്ള ഉത്തരവാദിത്വമുണ്ടാകണം.
2010 ഡിസംബര്‍ 31നായിരുന്നു ദേശീയ മനുഷ്യവകാശ കമ്മീഷന്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാറിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. എട്ട് ആഴ്ച കൊണ്ട് ഇവര്‍ക്കുള്ള ആനുകൂല്യങ്ങളെല്ലാം നല്‍കിയിരിക്കണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും അതില്‍ പലതും നടപ്പില്‍ വരുത്തിയിട്ടില്ല. നടപ്പാക്കിയത് തന്നെ ഭാഗികമായും. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും കിടപ്പിലായവര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. മൂന്നു ഗഡുക്കളായാണ് ഇവ നല്‍കേണ്ടത്. ഇതില്‍ ഒന്നാമത്തെ ഗഡു കിട്ടാത്തവര്‍ തന്നെ 3018 പേരുണ്ട്. ഒന്നും രണ്ടും ഗഡുക്കള്‍ കിട്ടിയവരില്‍ പലര്‍ക്കും മൂന്നാമത്തെ ഗഡു ലഭിച്ചതുമില്ല. മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞ മറ്റൊരു പ്രധാനകാര്യം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ തീരുമാനങ്ങള്‍ക്കായി ഒരു ട്രൈബ്യൂണല്‍ ആയിരുന്നു. എന്നാല്‍ അതേക്കുറിച്ചും ഇതുവരെ ഒരു തീരുമാനമുണ്ടായില്ല. അവ ഹൈക്കോടതിയുടെ പരിഗണനാ വിഷയമാണ്. അതിനാല്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അഞ്ച് വര്‍ഷത്തിനുശേഷവും ദുരിതബാധിതര്‍ക്ക് പോരാട്ടം നടത്തേണ്ടിവരുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ തന്നെ നാല് തവണയാണ് ദുരിതബാധിതര്‍ സമരമിരുന്നത്. ഇത്തരം അവസ്ഥ ഇനിയും ഉണ്ടാകാന്‍ പാടില്ലെന്നാണ് സമരസമിതിക്കാരുടെയും ഈ മേഖലയില്‍ ബന്ധപ്പെടുന്നവരുടെയും നിരന്തര ആവശ്യം. ദുരന്തബാധിതരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് എന്‍ഡോസള്‍ഫാന്‍ സംയുക്തസമര സമിതി ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു.
മാറിമാറി വന്ന സര്‍ക്കാറുകള്‍ ഈ മേഖലയില്‍ ചില സഹായങ്ങള്‍ നല്‍കിയെന്നത് തീര്‍ത്തും അവഗണിക്കാന്‍ പാടുള്ളമല്ല. സന്നദ്ധ സംഘടനകളും വ്യക്തികളും വേറെയും സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്. ഇതെല്ലാം അതിന്റെ പ്രധാന്യത്തോടെ കാണേണ്ടതുമുണ്ട്. വാസ്തവത്തില്‍, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കൃത്യമായ കണക്ക് ഇപ്പോഴുമില്ലെന്നത് ഒരു വസ്തുതയായി നിലനില്‍ക്കുന്നു. ഏതൊരു ദുരന്തത്തിലെയും പഴുതെന്നപോലെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും പ്രധാന ഉത്തരവാദികള്‍ പുറത്തുതന്നെയാണ്. ഭോപ്പാല്‍ ദുരന്തത്തിന് സമാനമായി. അവിടെ യൂനിയന്‍ കാര്‍ബൈഡ് ആയിരുന്നെങ്കില്‍ ഇവിടെ എന്‍ഡോസള്‍ഫാന്‍ കമ്പനിയാണ് വില്ലന്‍. അവരെ ഇതിന്റെ ഭാഗവാക്കാക്കുന്നതില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ മടിക്കുന്നുവെന്നതിന് ഇതുവരെയും ആരും ഉത്തരം നല്‍കിയിട്ടില്ല. രാജ്യത്ത് 32 ഓളം എന്‍ഡോസള്‍ഫാന്‍ കമ്പനികളാണ് അടുത്തകാലം വരെ ദിനംപ്രതി കോടിക്കണക്കിന് രൂപ ലാഭം കൊയ്ത് ഈ കീടനാശിനി കയറ്റി അയച്ചുകൊണ്ടിരുന്നത്. ഇത്തരം കുത്തക കമ്പനികള്‍ക്ക് വക്കാലത്തുമായാണ് സര്‍ക്കാര്‍ എപ്പോഴും നിലകൊണ്ടത്. അവസാനം സുപ്രീം കോടതിയിലും റോമന്‍, സ്‌റ്റോക്ക് ഹോം കണ്‍വന്‍ഷനുകളിലും സര്‍ക്കാര്‍ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാനെ കുറ്റവിമുക്തമാക്കാന്‍ ശ്രമിച്ചതും ഏറെ എതിര്‍പ്പിനിടയാക്കിയ സംഭവമാണ്. അതില്‍ നിന്നെല്ലാം മനസ്സിലായത് സര്‍ക്കാറും എന്‍ഡോസള്‍ഫാന്‍ കമ്പനിയും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ ലോബി ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. അതു തന്നെയാണ് ദുരിത ബാധിതരോടുള്ള സമീപനത്തിലും ഒരു പരിധിവരെ പ്രതിഫലിച്ചത്. പൊതുമേഖലാ സ്ഥാപനമായ കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഇതില്‍ പ്രതിയാണ്. അവരുടെ കണ്ടെത്തലുകളുടെയും ആവശ്യത്തിന്റെയും ഫലമായാണ് കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 4696 ഏക്കര്‍ സ്ഥലത്തെ കശുമാവിന്‍ തോട്ടങ്ങളില്‍ തേയില കൊതുകളെ കൊല്ലാനെന്ന പേരില്‍ എന്‍ഡോസള്‍ഫാന്‍ ആകാശ മാര്‍ഗേന വിതറിയത്. എന്നിട്ടും പ്ലാന്റേഷന്‍ കോര്‍പറേഷന് ഒരു പ്രതികരണവുമില്ല. സാമാന്യമായി, സഹായം നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍പോലും ഇവര്‍ തയ്യാറല്ല.
1975 ഓടെ ആരംഭിച്ച എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ദുരന്തങ്ങള്‍ 2001 ഓടെയാണ് ജനശ്രദ്ധയില്‍ വരുന്നത്. പദ്രെ പി എച്ച് സിയിലെ ഡോ. വൈ എസ് മോഹന്‍കുമാറും പത്രപ്രവര്‍ത്തകന്‍ ശ്രീപദ്രെയും ഉള്‍പ്പെടെയുള്ള മനുഷ്യ സ്‌നേഹികളായ ചുരുക്കം ചിലരായിരുന്നു അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത.് തുടര്‍ന്ന് അതേവര്‍ഷം ആഗസ്റ്റില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിഷയം ആദ്യമായി നിയമസഭയില്‍ കൊണ്ടുവന്നു. ആഗസ്റ്റ് 25ന് സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ നിരോധം പിന്‍വലിച്ചുകൊണ്ട് 2002 ഫെബ്രവരി 18ന് കൃഷി വകുപ്പ് സെക്രട്ടറി മറ്റൊരു ഉത്തരവിറക്കുന്നു. എന്‍ഡോസള്‍ഫാനാണ് കാസര്‍കോട്ടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയാവുന്ന ശാസ്ത്രീയമായ റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നാണ് ഇതിന് ഉന്നയിച്ച കാരണം. തുടര്‍ന്ന് ശക്തമായ എതിര്‍പ്പിന്റെ ഭാഗമായി 2005ല്‍ സംസ്ഥാനത്ത് പൂര്‍ണമായ നിരോധം നിലവില്‍ വന്നു. ഇത് ഈ മേഖലയിലെ പാരിസ്ഥിതിക പോരാട്ടങ്ങളുടെ ആദ്യ വിജയമായിരുന്നു. ഇതെല്ലാം വെളിവാക്കുന്നത് എന്‍ഡോസള്‍ഫാനെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ തന്നെ ശക്തമായ തോതില്‍ അതിനെ ചെറുത്തുതോല്‍പ്പിക്കാനും ശ്രമമുണ്ടായെന്നാണ്. ഇപ്പോഴും അത്തരം ശ്രമം തുടരുന്നുവെന്നുവേണം അനുമാനിക്കാന്‍. 2001 ലെ ഡോ. എ അച്യുതന്‍ കമ്മീഷന്‍ തൊട്ട് ഇതുവരെയായി 18 ഓളം വിദഗ്ധ കമ്മീഷനുകള്‍ ഇവിടത്തെ ദുരന്തത്തെക്കുറിച്ച് വിശദമായും അല്ലാതെയും പഠനം നടത്തി. അനുകൂലമായും ചിലത് പ്രതികൂലമായും റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. എന്നിരുന്നാലും ശരിയെ, സത്യത്തെ നയിക്കുന്ന ഒരു മൂവ്‌മെന്റ് അപ്പോഴും ഇവിടെ നിലനിന്നു. ഇത് പ്രൊഫ. എം എല്‍ റഹ്മാന്റെ “ഓരോ ജീവനും വിലപ്പെ”ട്ടതാണെന്ന പുസ്തകത്തില്‍ നിന്നും മനസ്സിലാക്കാനാകും. എന്‍ഡോസള്‍ഫാന്‍ കമ്പനികളുടെ സ്വാധീനം എത്ര വലുതാണെന്ന് സ്റ്റോക്ക് ഹോം, റോമന്‍ കണ്‍വന്‍ഷനുകളില്‍ വച്ച് നമ്മള്‍ അറിഞ്ഞതാണ്. അമേരിക്കയും ജര്‍മനിയും ഉള്‍പ്പെടെ 60 ഓളം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോഴും, അതിനെ അനുകൂലിച്ചുള്ള ഇന്ത്യയുടെ വാദം ലോകരാജ്യങ്ങള്‍ പുച്ഛിച്ചുതള്ളി. 2004ല്‍ കേന്ദ്രകൃഷി മന്ത്രി ശരത് പവാര്‍ ഡോ. ദുബെയുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും അത് നിരോധിക്കേണ്ടതില്ലെന്നും പാര്‍ലിമെന്റില്‍ പ്രസ്താവിച്ചു. കാസര്‍കോട്ടെ ദുരന്തത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോ. ദുബെ, കര്‍ണാടകത്തിലെ മദ്യരാജാവ് വിജയ മല്യ എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുന്ന കീടനാശിനി കമ്പനിയുടെ ഉടമസ്ഥതിയിലുള്ള ബായര്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഡോ. ദുബെയെ അന്വേഷണത്തിന് നിയോഗിച്ചപ്പോള്‍തന്നെ 15 ഓളം കാര്‍ഷിക സര്‍വകലാശാലകളെ കൊണ്ട് എന്‍ഡോസള്‍ഫാന് അനുകൂലമായി കത്തെഴുതിച്ചത് മല്യയാണെന്നും പരാതിയുണ്ടായി. വന്‍ലാഭം കൊയ്ത എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കമ്പനിക്ക് മനസ്സുവരുന്നില്ല. 1995-2000 കാലത്ത് 8206 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിച്ചതായാണ് ഒരു കണക്ക്. പിന്നീടത് പല മടങ്ങായി വര്‍ധിച്ചു. 2011ല്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അതേ വര്‍ഷം മെയ് 13ന് താത്കാലികമായി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരിക്കുന്നത്.
വലിയ പോരാട്ടങ്ങളുടെ ഫലമാണ് ഈ നിരോധം. അധികൃതരുടെ ശ്രദ്ധ ഈ നിരാലംബരായ മനുഷ്യരിലേക്ക് എപ്പോഴെങ്കിലും ചെന്നെത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമായി ഉണ്ടായതല്ല. ശക്തമായ സമരങ്ങളും സമ്മര്‍ദങ്ങളും പ്രചാരണങ്ങളും പല തലങ്ങളില്‍ നടന്നതുകൊണ്ട് മാത്രമാണ് ഇത്രയെങ്കിലും നടന്നത്. അവശത അനുഭവിക്കുന്നവരും പാര്‍ശ്വവത്കരിക്കുന്നവരും അവര്‍ക്ക് ലഭിച്ച അവകാശങ്ങള്‍പോലും നേടിയെടുക്കാന്‍ വീണ്ടും വീണ്ടും സമരം വേണ്ടിവരുന്നു. അധികാരി വര്‍ഗത്തിന്റെ മുന്‍ഗണനയുടെ പ്രശ്‌നമാണിത്. വലിയ സംഘടിത ശേഷിയുള്ളവരുടെയും സമ്മര്‍ദ ശക്തിയാകാന്‍ ശേഷിയുള്ളവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് വലിയ താത്പര്യമാണ്. അല്ലാത്തവര്‍ അവരുടെ വാതിലുകള്‍ക്ക് മുന്നില്‍ യാചനാ പാത്രവുമായി ഇഴഞ്ഞ് ചെല്ലുക തന്നെ വേണം.