Connect with us

Gulf

യുവാക്കളുടെ ആത്മവിശ്വാസം രാജ്യത്തിന് അനിവാര്യം: ശൈഖ് മുഹമ്മദ്

Published

|

Last Updated

ദുബൈ:ജനതക്ക് സന്തോഷവും സമൃദ്ധിയും നല്‍കാന്‍ പരിശ്രമിക്കുന്ന രാജ്യത്തിന് ആത്മവിശ്വാസമുള്ള യുവാക്കള്‍ അനിവാര്യമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. യു എ ഇ അടുത്തിടെ പ്രഖ്യാപിച്ച പുതിയ ക്യാബിനറ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അഭിപ്രായങ്ങള്‍, ചോദ്യങ്ങള്‍, വാര്‍ത്തകള്‍ എന്നിവ കഴിഞ്ഞ രണ്ടാഴ്ചയായി താന്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
നാം നല്‍കുന്നത് പൊള്ളയായ വാഗ്ദാനമല്ല. നമ്മുടെ ജനത സന്തോഷത്തിന്റെ പാരമ്യത്തില്‍ എത്തുന്ന അവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. പുതിയ ക്യാബിനറ്റ് രാഷ്ട്രത്തിന്റെ സന്തോഷത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഭാവിക്കായുള്ളതാണ്. എന്തിനാണ് 22 വയസ് മാത്രമുള്ള ആളെ മന്ത്രിയാക്കിയതെന്നും ചില കോണുകളില്‍നിന്ന് ചോദ്യം ഉയര്‍ന്നുകണ്ടു. അതിനുള്ള ഉത്തരംകൂടിയാണ് ഞാന്‍ മേല്‍വിവരിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സാക്ഷിയായ സംഭവങ്ങളില്‍ നിന്ന് എന്തെല്ലാം കാര്യങ്ങളാണ് നാം പഠിച്ചതെന്നും പുതിയ ക്യാബിനറ്റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. യുവാക്കളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ കാലത്തെ അനുഭവങ്ങളില്‍നിന്ന് നാം പാഠം ഉള്‍കൊണ്ടിട്ടുണ്ട്. അറബ്‌ലോകത്തെ ജനസംഖ്യയില്‍ പാതിയും യുവാക്കളായതിനാല്‍ അവരുടെ സന്തോഷവും അഭിലാഷങ്ങളുമാണ് രാജ്യത്തിന് ഏറ്റവും വിലപ്പെട്ടത്. യുവാക്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നാം ഒഴുക്കിനെതിരെ നീന്തേണ്ടിയിരിക്കുന്നു. ആത്മവിശ്വാസമുള്ള യുവജനമില്ലാതെ ഏതൊരു രാജ്യത്തിനും വികസിക്കാനും വളരാനും സാധിക്കില്ല. അത്തരം സമൂഹം തകര്‍ന്നടിയുമെന്നതില്‍ സംശയമില്ല. ലോകത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതിന് നിരവധി ഉദാഹരണങ്ങള്‍ കാണാനാവും.
മേഖലയില്‍ ഭരണമാറ്റം ഉള്‍പെടെയുള്ളവക്ക് വഴിവെച്ച അറബ് വസന്തത്തിന് ഇടയാക്കിയത് യുവാക്കള്‍ക്ക് അവരുടെ സ്വപ്‌നങ്ങളിലേക്ക് എത്താന്‍ അവസരം ലഭിക്കാതിരുന്നതാണ്. ആശയും സ്വപ്‌നങ്ങളും തകര്‍ന്നടിഞ്ഞ യുവാക്കളാണ് അറബ് വസന്തത്തില്‍ മെച്ചപ്പെട്ട ഒരുനാളെയെ സ്വപ്‌നം കണ്ട് അണിനിരന്നത്. നാം അത് മറന്നുകൂടാ.
യു എ ഇക്ക് നാലു പതിറ്റാണ്ടിന്റെ പ്രായമേയുള്ളൂവെങ്കിലും കൈവരിച്ച നേട്ടങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു. നമ്മുടെ യുവത്വത്തിലും നാം അഭിമാനമുള്ളവരാണ്. നാം അവരിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളെ ശക്തിപ്പെടുത്തുക എന്നതാണ് യു എ ഇ ലക്ഷ്യമിടുന്നത്. രാജ്യം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അത്തരമൊരു ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ്. പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലും വിദ്യ ഉള്‍പെടെയുള്ള കാര്യങ്ങള്‍ ആര്‍ജിക്കുന്നതിലും യുവാക്കള്‍ നമ്മേക്കാള്‍ വേഗമേറിയവരാണ്.
സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് നടുവിലേക്കാണ് നാം അവരെ പെറ്റിട്ടത്. പുതിയ സാങ്കേതികവിദ്യക്ക് നടുവിലാണ് അവര്‍ പിച്ചവെച്ചത്. അവരുടെ പ്രായത്തില്‍ നമുക്ക് അതൊന്നും കാണാനും അറിയാനും ആര്‍ജിക്കാനും അവസരമുണ്ടായിരുന്നില്ല. രാജ്യത്തെ പുതിയ കാലത്തിലേക്കും വികസനത്തിന്റെ പുത്തന്‍നാളുകളിലേക്കും നയിക്കാന്‍ നാം അവരില്‍ വിശ്വാസമര്‍പിക്കുകയാണ്. അതിനാലാണ് ചെറുപ്പക്കാര്‍ക്ക് ക്യാബിനറ്റില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. യുവാക്കള്‍ക്കായി പ്രത്യേക കൗണ്‍സില്‍ രൂപീകരിച്ചതിന് പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല.
നമ്മുടെ മേഖലയില്‍ ലക്ഷങ്ങളാണ് മരിച്ചുവീഴുന്നത്. കോടിക്കണക്കിന് ആളുകള്‍ അറബ്‌മേഖലയില്‍ അഭയാര്‍ഥികളായിരിക്കുന്നു. വംശപരവും സാംസ്‌കാരികവും താത്വികവും വിഭാഗീയവും മതപരവുമായ നിരവധി ഘടകങ്ങള്‍ അതിന് പിന്നിലുണ്ട്. ഇവയെല്ലാം ജനങ്ങള്‍ക്കിടയില്‍ വെറുപ്പിന്റെ അഗ്നി ജ്വലിപ്പിക്കുകയാണ്. ഇത്തരം ഒരു ദുരന്തം നമ്മുടെ രാജ്യത്തിന് സംഭവിച്ചുകൂടാ. അതിനാലാണ് നാം സഹവര്‍ത്തിത്വത്തിന്റെ മഹത്തായ സന്ദേശം പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. വിദ്യാഭ്യാസത്തിനൊപ്പം മുന്‍തലമുറയും നമ്മളും കടന്നുപോയ അനുഭവങ്ങളും പുതുതലമുറയിലേക്ക് നാം കൈമാറുന്നുണ്ട്. അവ ശരിയായ പാതയില്‍ പഠിക്കാന്‍ അവര്‍ക്ക് കരുത്തുപകരും.
നാം മറ്റു രാജ്യക്കാരെ അകമഴിഞ്ഞ് യു എ ഇയിലേക്ക് സ്വാഗതം ചെയ്യുന്നത് ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം ബോധമുള്ളതിനാലും മനുഷ്യരുടെ ദുരിതങ്ങള്‍ക്ക് അറുതി ഉണ്ടാവണമെന്ന് ആഗ്രഹിച്ചുമാണ്.
നാം ഭൂതത്തിലേക്കും വര്‍ത്തമാനത്തിലേക്കും നോക്കുന്നതിനൊപ്പം ഭാവിയിലേക്കും നോക്കിയാണ് പാഠങ്ങള്‍ പഠിക്കുന്നത്. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനായാണ് നാം 30,000 കോടി ദിര്‍ഹം നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതിലൂടെ എണ്ണയെ മാത്രം ആശ്രയിക്കുന്ന അവസ്ഥയില്‍ നിന്ന് മാറാനാകുമെന്നാണ് പ്രതീക്ഷ.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെല്ലം സന്തോഷവും സംതൃപ്തിയും നല്‍കുകയെന്നത് ചെറിയ കാര്യമല്ല. അതിനായി നാം ഏറെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ലോകത്തെ മികച്ച ഭരണാധികാരികളിലൊരാളായ ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.

Latest