Connect with us

Sports

സൂപ്പര്‍ പോരില്‍ യുനൈറ്റഡ്

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശപ്പൊരില്‍ ആഴ്‌സണലിനെ കീഴടക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു യുനൈറ്റഡിന്റെ ജയം.
പ്രീമിയര്‍ ലിഗില്‍ അരങ്ങേറ്റം കുറിച്ച മാര്‍കസ് റഷ്‌ഫോഡിന്റെ ഇരട്ട ഗോളുകളാണ് ലൂയിസ് വന്‍ ഗാലിന്റെ ടീമിന് മിന്നും ജയം നേടിക്കൊടുത്തത്. 29ാം മിനുട്ടില്‍ റഷ്‌ഫോഡിലൂടെ മാഞ്ചസ്റ്ററാണ് ആദ്യം വലകുലുക്കിയത്. തൊട്ടുപിന്നാലെ 32ാം മിനുട്ടില്‍ റഷ്‌ഫോഡിന്റെ രണ്ടാം ഗോളും പിറന്നു. രണ്ട് ഗോള്‍ വഴങ്ങിയ ശേഷം ഉണര്‍ന്നു കളിച്ച പീരങ്കിപ്പട 40ാം മിനുട്ടില്‍ ബെല്‍ബെക്കിലൂടെ ഗോള്‍ മടക്കി. 65ാം മിനുട്ടില്‍ ഹെരേര നേടിയ ഗോളിലൂടെ വീണ്ടും കളി മാഞ്ചസ്റ്ററിനൊപ്പം മൂന്നേറ്റം. 69ാം മിനുട്ടില്‍ ഓസില്‍ ഗണ്ണേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടി. സമനില ഗോള്‍ നേടാന്‍ ആഴ്‌സണല്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും യുനൈറ്റഡിന്റെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ വാക്കേറ്റവും നടന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ തകിടം മറിഞ്ഞിരിക്കുന്ന ആഴ്‌സണലിന് പ്രീമിയര്‍ ലീഗായിരുന്നു പ്രതീക്ഷ. എന്നല്‍ നിര്‍ണായക മത്സരത്തിലെ തോല്‍വി ആഴ്‌സണലിന് കനത്ത തിരിച്ചടിയായി. ഏവേ മാച്ചുകളില്‍ അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ ആഴ്‌സണലിന്റെ ആറാം തോല്‍വിയാണിത്. മറ്റൊരു മത്സരത്തില്‍ ടോട്ടനം സ്വാന്‍സി സിറ്റിയെ 2-1ന് പരാജയപ്പെടുത്തി. 27 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി ലിസെസ്റ്റര്‍ സിറ്റിയാണ് പോയിന്റു പട്ടികയില്‍ ഒന്നാമത്. 54 പോയിന്റുമായി ടോട്ടനം രണ്ടാമതും 51 പോയിന്റുള്ള ആഴ്‌സണല്‍ മൂന്നാമതുമാണ്.

വിയ്യാ റയലിന് ജയം
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിയ്യാ റയലിന് തകര്‍പ്പന്‍ ജയം. മടക്കമില്ലാത്ത മൂന്ന് ഗോളിന് ലവെന്റെയെയാണ് അവര്‍ കീഴടക്കിയത്. റിയോ ബെറ്റിസ്, റെയോ വല്ലക്കാനോ മത്സരം 2-2നും റയല്‍ സോസിഡാഡ്- മലാഗ മത്സരം 1-1 നും സമനിലയില്‍ പിരിഞ്ഞു.

എ സി മിലാന്‍ മുന്നോട്ട്
റോം: ഇറ്റാലിയന്‍ സീരി എ യില്‍ എസി മിലാന് ജയം. 1-0ത്തിന് ടൊറിനോയെയാണ് മിലാന്‍ തോല്‍പ്പിച്ചത്. 44ാം മിനുട്ടില്‍ അന്റോനെല്ലിയാണ് വിജയ ഗോള്‍ കുറിച്ചത്. പാലെര്‍മോ- ബൊലോഗ്‌ന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. 26 മത്സരങ്ങളില്‍ നിന്ന് 18 ജയവും നാല് സമനിലയും ഉള്‍പ്പെടെ 58 പോയിന്റുള്ള യുവെന്റസാണ് പട്ടികയില്‍ മുമ്പന്‍. 57 പോയിന്റുമായി നാപ്പോളി രണ്ടാമതും 53 പോയിന്റുള്ള റോമ മൂന്നാമതുമാണ്.

Latest