Kerala
പെട്രോള്‍ പമ്പുടമകള്‍ നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുടമകള്‍ നടത്തിവന്ന അനശ്ചിതകാല സമരം പിന്‍വലിച്ചു. പമ്പുടമകളുമായി ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി അനുപ് ജേക്കബ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തുകള്‍ നല്‍കുന്ന ട്രേഡിംഗ് ലൈസന്‍സുകള്‍ മാത്രം മതിയെന്ന് ചര്‍ച്ചയില്‍ മന്ത്രി അറിയിച്ചതോടെയാണ് സമരം പിന്‍വലിക്കുന്നതായി പമ്പുടമകള്‍ പ്രഖ്യാപിച്ചത്.
പമ്പുകള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകള്‍ക്ക് ഏകജാല സംവിധാനം ഉറപ്പാക്കുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച സമരത്തില്‍ സംസ്ഥാനത്തെ സ്വകാര്യ പമ്പുകളെല്ലാം അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിവില്‍ സപ്ലൈസ് പമ്പും കമ്പനികള്‍ നേരിട്ടു നടത്തുന്ന പമ്പുകളും തുറന്നിരുന്നു. ഇവിടങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വൈകീട്ടോടെ ചിലയിടങ്ങളല്‍ സിവില്‍ സപ്ലൈസ് പമ്പുകളിലും ഇന്ധക്ഷാമം നേരിട്ടു.
എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഉള്‍പ്പെടെ പമ്പുകള്‍ക്ക് ആവശ്യമായ ലൈസന്‍സുകളെല്ലാം കമ്പനികളാണ് നല്‍കിയിരുന്നത്. പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ രണ്ടായിരത്തിലേറെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിച്ചത്.
ഇന്നലെ ഉച്ചയോടെ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍തലത്തില്‍ വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു.