National
അഫ്‌സല്‍ ഗുരുവല്ല രോഹിത് വെമുലയാണ് തന്റെ മാതൃകയെന്ന് കന്‍ഹയ്യ കുമാര്‍
ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവല്ല രോഹിത് വെമുലയാണ് തന്റെ മാതൃകയെന്ന് ജെഎന്‍യു യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍. താന്‍ രാജ്യദ്രോഹിയല്ലെന്നും ഒരു വിഭാഗം മാധ്യമങ്ങളാണ് തന്നെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതെന്നും കന്‍ഹയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിര്‍ത്തിയില്‍ രാജ്യത്തിന് കാവലിരിക്കുന്ന ജവാന്‍മാരേയും രാജ്യത്തെ വയലുകളില്‍ കഷ്ടപ്പെടുന്ന ദരിദ്ര കര്‍ഷകരേയും താന്‍ ഒരുപോലെ ബഹുമാനിക്കുന്നുവെന്നും കന്‍ഹയ്യ വ്യക്തമാക്കി.
അഫ്‌സല്‍ ഗുരുവിന് സംഭവിച്ചതെല്ലാം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. അതില്‍ പ്രതികരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. തന്റെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതിനായി സൃഷ്ടിച്ച വ്യാജ വീഡിയോയെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യന്‍ ഭരണഘടനയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നായിരുന്നു കന്‍ഹയ്യയുടെ മറുപടി. ഭരണഘടന വ്യാജമായി സൃഷ്ടിച്ച ഒരു വീഡിയോ അല്ലെന്ന് അദ്ദേഹം പറഞ്ഞു.
നീതിക്കായുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്താനായി ബ്രിട്ടീഷുകാരാണ് രാജ്യദ്രോഹം എന്ന വകുപ്പ് സൃഷ്ടിച്ചത്. അഴിമതിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും നമ്മള്‍ സ്വാതന്ത്യം നേടണം. വിദ്യാര്‍ഥികളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ രാജ്യദ്രോഹ വകുപ്പുകള്‍ ഉപയോഗിക്കരുതെന്നും കന്‍ഹയ്യ പറഞ്ഞു.