Connect with us

Kerala

കേരള കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ തീവ്രശ്രമം

Published

|

Last Updated

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ആശയക്കുഴപ്പത്തിലായ അനുയായികളെ പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കെ എം മാണിയുടെ നേതൃത്വത്തില്‍ തീവ്രശ്രമം. ആകെയുള്ള 11 അംഗങ്ങളില്‍ പി ജെ ജോസഫിനൊപ്പം മാണി വിഭാഗത്തിലെത്തിയ മൂന്ന് എം എല്‍ എമാരൊഴികെയുള്ള നാല് സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതോടെയാണ് നേതൃത്വം വിമത നേതാക്കളുടെ ആരോപണങ്ങള്‍ക്ക് കവചമൊരുക്കാന്‍ നീക്കമാരംഭിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസിനെ ഏറെ പ്രതിരോധത്തിലാക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി നാളെ കോട്ടയത്ത് പാര്‍ട്ടി ഓഫീസില്‍ യോഗം ചേരും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനാണ് നാളത്തെ യോഗമെന്ന് നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും വിമത നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്ന ബഹുഭൂരിപക്ഷം നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി അണികള്‍ക്കിടയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് മികച്ച സ്വീകാര്യതയുള്ളത് പാര്‍ട്ടിനേതൃത്വത്തെ ആശങ്കയിലാക്കുന്ന വെല്ലുവിളിയാണ്.
വിമതര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായി കേരള കോണ്‍ഗ്രസ് മണ്ഡലങ്ങളില്‍ എത്തുന്ന സാഹചര്യത്തില്‍ ഈ വെല്ലുവിളി മറികടക്കാനുള്ള മാര്‍ഗങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. നിലവില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ചങ്ങനാശേരി, ഇടുക്കി, കോതമംഗലം മണ്ഡലങ്ങളില്‍ ഏതിരാളികളായി ഇവര്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ കാര്യത്തിലും പ്രാഥമിക ചര്‍ച്ചയുണ്ടാകും. ഇന്ന് കോണ്‍ഗ്രസുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനാനമായാല്‍ സ്ഥാനാര്‍ഥി നിര്‍ണയം പ്രധാനചര്‍ച്ചയായേക്കും. ഇല്ലെങ്കില്‍ പ്രാഥമിക ചര്‍ച്ചയില്‍ വിഷയം ഒതുങ്ങും. സീറ്റ് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തുള്ളതിനാല്‍ സീറ്റുകളുടെ കാര്യത്തില്‍ പാര്‍ട്ടി ഉന്നതാധികാര സമിതിയാകും അന്തിമതീരുമാനം കൈക്കൊള്ളുകയെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ വിമത നേതാക്കള്‍ക്ക് പാര്‍ട്ടി ഘടകങ്ങളുടെ പിന്തുണയുണ്ടെന്ന വിവരം ഔദ്യോഗിക പക്ഷം തിരിച്ചറിയുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ചങ്ങനാശേരി മേഖലകളില്‍ മുതിര്‍ന്ന നേതാക്കള്‍ വിമത നേതാക്കള്‍ക്ക് രഹസ്യപിന്തുണ നല്‍കുന്നതായും വിവരങ്ങളുണ്ട്.
പാര്‍ട്ടിക്കുള്ളിലെ കുടുംബാധിപത്യം, വര്‍ഗീയ കക്ഷികളോടുള്ള മൃദുസമീപം, കാര്‍ഷികപ്രശ്‌നങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച തണുപ്പന്‍ പ്രതികരണം തുടങ്ങിയ വിഷയങ്ങളാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്കും ജോസ് കെ മാണിക്കുമെതിരെ വിമത നേതാക്കള്‍ ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍.
ജോസഫിന്റെ മനസ്സ് സൂക്ഷിപ്പുകാരായി അറിയപ്പെട്ടിരുന്ന നാല് പ്രമുഖ നേതാക്കള്‍ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഇവര്‍ക്കെതിരെ കാര്യമായ വിമര്‍ശനങ്ങള്‍ നടത്താന്‍ പി ജെ ജോസഫ് ഇനിയും മുതിര്‍ന്നിട്ടില്ല. ജോസഫിന്റെ മനസ്സ് തങ്ങള്‍ക്കൊപ്പമാണെന്ന് ആന്റണി രാജു അടക്കമുള്ള നേതാക്കള്‍ ഇതിനകം പറയുകയും ചെയ്തു. ഇത്തരം രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ പി ജെ ജോസഫ് തന്റെ പഴയ വിശ്വസ്തരോട് കാട്ടുന്ന മൃദുസമീപനത്തെ കേരള കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പാര്‍ലിമെന്റ് മാര്‍ച്ച് നടത്തുന്നതിനിടെ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി ജെ ജോസഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം നേതാക്കള്‍ നിഷേധിച്ചെങ്കിലും കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണിയുടെ അപ്രമാദിത്വത്തില്‍ ജോസഫും മറ്റ് എം എല്‍ എമാരും അസ്വസ്ഥരാണെന്ന സൂചനകള്‍ പരസ്യമായ രഹസ്യമാണ്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജിവെച്ച ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പഴയ ജോസഫ് വിഭാഗം നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ നേതാക്കള്‍ വരും ദിവസളില്‍ രംഗത്ത് എത്തുമെന്ന സൂചനകള്‍ വിമതനേതാക്കളും നല്‍കുന്നു. എന്നതില്‍ ഏതൊക്കെ നേതാക്കള്‍ തങ്ങള്‍ക്കൊപ്പമുണ്ടാകും എന്ന കാര്യത്തില്‍ ഇടതുമുന്നണിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പരസ്യമായ നിലപാടുകളുമായി നേതാക്കള്‍ രംഗത്ത് എത്തുകയുള്ളുവെന്നും ഇവര്‍ പറയുന്നു. ഇതിനിടെ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് കൂറുമാറ്റ നിയമം വിമതനേതാക്കള്‍ക്കൊപ്പം പോകുന്നതിന് തടസ്സമായിരിക്കുകയാണ്.