Ongoing News
ഏഷ്യാകപ്പ് ട്വന്റി-20 കിരീടം ഇന്ത്യക്ക്
മിര്‍പുര്‍: ഏഷ്യാ കപ്പ് ട്വന്റി 20 കിരീടം ഇന്ത്യക്ക്. ബംഗ്ലാദേശ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴു പന്ത് ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (60) യും വിരാട് കോഹ്‌ലി ( 28 പന്തില്‍ പുറത്താകാതെ 41)യുടെയും മിന്നുംപ്രകടനങ്ങളാണ് ഇന്ത്യയ്ക്കു കിരീടം സമ്മാനിച്ചത്. ഒമ്പത് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. ധവാനെ ടസ്‌കിന്‍ അഹമ്മദ് പുറത്താക്കിയപ്പോള്‍ രോഹിത് ശര്‍മ (1) അല്‍ അമിന്‍ ഹുസൈന്റെ ഇരയായി. നായകന്‍ ധോനി ആറു പന്തില്‍ 20 റണ്‍സുമായി വിജയത്തില്‍ കോഹ്‌ലിക്കു കൂട്ടുനിന്നു. ധവാനും കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മഹമ്മദുള്ളയുടെയും (13 പന്തില്‍ 33) സാബിര്‍ റഹ്മാന്റെ (32)ന്റെയും ബാറ്റിംഗാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഷക്കിബ് അല്‍ ഹസന്‍ (21), തമിം ഇഖ്ബാല്‍ (13), സൗമ്യ സര്‍ക്കാര്‍ (14), മുഷ്ഫിക്കര്‍ റഹിം (4), മൊര്‍ത്താസ (0) എന്നിവരാണ് പുറത്തായ മറ്റ് ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍.
ഇന്ത്യയ്ക്കായി അശ്വിന്‍, നെഹ്‌റ, ബൂംറ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബംഗ്ലാദേശിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.