Connect with us

Gulf

ലോക ഡ്രോണ്‍ പ്രീ 11ന് തുടങ്ങും

Published

|

Last Updated

ദുബൈ: 37 ലക്ഷം ദിര്‍ഹം സമ്മാനത്തുകയുള്ള പ്രഥമ ലോക ഡ്രോണ്‍ പ്രീ 2016 മത്സരത്തിന് ദുബൈ ആതിഥ്യമരുളും. 11, 12 തിയതികളിലാണ് സ്‌കൈഡൈവ് ദുബൈയില്‍ ഡ്രോണ്‍ പ്രീ അരങ്ങേറുക. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം അരങ്ങേറുക. ദ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് റൈസിംഗ് ഡ്രോണ്‍സ് (ഡബ്ല്യു ഒ ആര്‍ ഡി) ആണ് പ്രഥമ ലോക ഡ്രോണ്‍ പ്രീ മത്സരത്തിന്റെ വേദിയായി ദുബൈയെ തിരഞ്ഞെടുത്തതായി അറിയിച്ചിരിക്കുന്നത്. മത്സരത്തിന് പ്രചാരം നല്‍കുന്നതിന്റെ ഭാഗമായി ശൈഖ് ഹംദാന്‍ മക്‌ലാറന്‍ സൂപ്പര്‍ കാര്‍ ഡ്രോണുമായി മത്സര ഓട്ടം നടത്തുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുബൈ റോഡിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഡ്രോണുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ക്കും കണ്ടുപിടുത്തത്തിനും പ്രോത്സാഹനവും പ്രചരണവും നല്‍കുന്നതിനായാണ് ലോക ഡ്രോണ്‍ പ്രീ സംഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ രാജ്യാന്തരതലത്തില്‍ ഈ വര്‍ഷം നടത്തുന്ന ആദ്യ മത്സരത്തിനാണ് ദുബൈ ആതിഥ്യം അരുളുന്നത്. ഡ്രോണുകളുടെ മത്സരവുമായിബന്ധപ്പെട്ട ആദ്യ ഔദ്യോഗിക റെഗുലേറ്ററി അതോറിറ്റിയാണ് ഡബ്ല്യു ഒ ആര്‍ ഡി. ഡ്രോണ്‍ പറത്തുന്നവര്‍, ഡ്രോണിന്റെ ഉപാസകര്‍, നിര്‍മാതാക്കള്‍ തുടങ്ങിയവര്‍ ലോക ഡ്രോണ്‍ പ്രീയില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദുബൈയില്‍ എത്തിച്ചേരും. വിദൂര നിയന്ത്രിതമായ ഡ്രോണുകളുടെ മത്സരം കാഴ്ചക്കാര്‍ക്ക് ഏറെ പുതുമയുള്ളതാവും. മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളില്‍ പറക്കുന്ന ഡ്രോണുകളാവും ഒന്നാം സ്ഥാനത്തിനായി ആകാശത്ത് ചിറക് വിരിക്കുക. 100ലധികം ഡ്രോണ്‍ പറത്തല്‍ ടീമുകളാവും മത്സരത്തില്‍ പങ്കാളികളാവുകയെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ലോസ് ആഞ്ചല്‍സ്, സിയോള്‍, ബര്‍ലിന്‍ എന്നിവക്കൊപ്പം ചൈനയിലെ വിവിധ നഗരങ്ങളിലും ലോക മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ നടന്നിരുന്നു. അവസാന റൗണ്ട് യോഗ്യതാ മത്സരം ഇന്നും നാളെയുമായി ദുബൈയില്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവയില്‍ വിജയിക്കുന്ന വിവിധ തലങ്ങളിലുള്ള 32 ടീമുകളാവും 11, 12 തിയതികളില്‍ നടക്കുന്ന ലോക ചാമ്പ്യന്മാരെ കണ്ടെത്തുന്ന ലോക ഡ്രോണ്‍ പ്രീ മത്സരത്തില്‍ മാറ്റുരക്കുക. സ്‌കൈ ഡൈവ് ദുബൈ, എക്‌സ് ദുബൈ, ദുബൈ കലണ്ടര്‍, ആര്‍ ടി എ എന്നിവയാണ് രാജ്യാന്തര ഡ്രോണ്‍ പ്രീ 2016ന്റെ സ്‌പോണ്‍സര്‍മാര്‍.
19 കാറ്റഗറിയിലായാണ് 37 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുക. ബെസ്റ്റ് ട്രാക്ക് ടീം, ബെസ്റ്റ് ലാപ് ടീം, ബെസ്റ്റ് പ്രീ സ്റ്റൈല്‍ ടീം, ബെസ്റ്റ് കണ്‍സ്ട്രക്ടര്‍ എന്നിവക്കൊപ്പം കാണികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച സംഘത്തിനുള്ള പുരസ്‌കാരവും നല്‍കും. ലോകം ഇന്നേവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഡ്രോണ്‍ മത്സരമായി ഇത് ലോകചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.