Connect with us

Articles

കനക്കുന്ന വേനല്‍, വറ്റുന്ന വെള്ളം

Published

|

Last Updated

കേരളം മറ്റൊരു വേനലിനെ അഭിമുഖീകരിക്കുകയാണ്. കൊടിയ വരള്‍ച്ചയും ശുദ്ധജലക്ഷാമവും 44 നദികളുടെ നാടായ കേരളത്തെ ബാധിച്ചു തുടങ്ങി. കാരണം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ നിഗമനങ്ങളെയൊക്കെ കീഴ്‌മേല്‍ മറിച്ചുകൊണ്ടാണ് ഇവിടെ വര്‍ഷകാലവും വേനല്‍ കാലവും കടന്നുപോയത്. മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് അവശ്യം വേണ്ട ജലത്തെ കാലാന്തരത്തില്‍ നാം എങ്ങനെയൊക്കെയാണ് വിഭവമായും സമ്പത്തായും കണക്കാക്കി വില നിശ്ചയിക്കാവുന്ന ഉല്‍പ്പന്നമാക്കി മാറ്റിയത് എന്നതിന്റെ ഫലമാണിത്. കേരളത്തിലിന്ന് കുപ്പിവെള്ളം ഗ്രാമങ്ങളില്‍ പോലും ലഭ്യമാണ്. നാം നമ്മുടെ കിണര്‍ ജലത്തെ അത്രകണ്ട് അവിശ്വസിക്കുകയോ ജലത്തെ ഒരു ചരക്ക് എന്ന നിലയില്‍ സമീപിച്ചു തുടങ്ങുകയോ ചെയ്തിരിക്കുന്നു. ഭൂമിയിലെ പരശ്ശതം കോടി വരുന്ന ജീവജാലങ്ങള്‍ക്ക് ആവശ്യമുള്ളതിന്റെ നാല്‍പ്പത് ഇരട്ടിയിലേറെ വെള്ളം ഭൂമിയിലുള്ളപ്പോഴാണ് കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളും ലോകരാജ്യങ്ങളും ജലദൗര്‍ലഭ്യം അഭിമുഖീകരിക്കുന്നു എന്നത് ഏറെ വിരോധാഭാസമായി തോന്നാം. ഇപ്പോഴും ലോക ജനസംഖ്യയുടെ മൂന്നിലൊന്നിന് കുടിവെള്ളം കിട്ടാക്കനിയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമല്ല, ചില ഏഷ്യന്‍ രാജ്യങ്ങളിലും ശുദ്ധജലത്തിന്റെ അഭാവം മൂലം മരണമടയുന്നവര്‍ ദശലക്ഷം വരും. ഇതില്‍ കുട്ടികളാണ് മുന്നില്‍. വെള്ളത്തിന്റെ അളവിലെ കാര്യമായ വ്യതിയാനത്തിനപ്പുറം മലിനീകരിക്കപ്പെടുന്ന ജലത്തിന്റെ തോത് വര്‍ധിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ജലത്തിന്റെ അവകാശത്തെക്കുറിച്ചും വിനിമയത്തെക്കുറിച്ചും തര്‍ക്കങ്ങള്‍ നടക്കുന്ന പുതുകാലത്ത് ജലത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.
നമ്മുടെ ആവശ്യത്തിന് മതിയായ ജലം ആവശ്യമുള്ള സ്ഥലത്ത് ലഭിക്കാത്ത അവസ്ഥയെയാണ് ജല ദൗര്‍ലഭ്യമായി കണക്കാക്കുന്നത്. വ്യാപകമായ പ്രകൃതി നശീകരണം, പ്രകൃതിവിഭവ ചൂഷണം അശാസ്ത്രീയമായ കാഴ്ചപ്പാട് എന്നിവയെല്ലാം ജലദൗര്‍ലഭ്യത്തിന് കാരണമാകുന്നുണ്ട്. ആഗോളവത്കരണത്തിന്റെ ഫലമായി നടക്കുന്ന നവ സാമ്പത്തിക ഉദാരവത്കരണം ജലമേഖലയില്‍ നാമറിയാതെ ജലക്കച്ചവടവും അമിത ജലചൂഷണവുമായി ഒരു ഭാഗത്ത് അരങ്ങ് തകര്‍ക്കുന്നു. കേരളത്തിലെ പ്ലാച്ചിമടയില്‍ നടന്ന സമരവും അനുബന്ധ സംഘര്‍ഷങ്ങളും ഇവിടെ ഓര്‍ക്കുക. വ്യാവസായിക രംഗത്ത് കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ വെള്ളത്തില്‍ നിന്നും ഹൈഡ്രജനെ വേര്‍തിരിച്ചെടുത്ത് അവ ഇന്ധനമായി ഉപയോഗിച്ച് പെട്രോളിയം ഉത്പന്നങ്ങള്‍ക്കു പകരമായി വെള്ളത്തെ മാറ്റുന്ന പരീക്ഷണങ്ങള്‍ നടക്കുന്നു. ഇത് രണ്ടു തരത്തില്‍ ജലത്തെ ബാധിക്കുന്നു. ഒന്ന്: ജലം അതിദ്രുതം മലിനീകരിക്കപ്പെടുന്നു. രണ്ട്: ജലചൂഷണം നടക്കുന്നു. അതിനു പുറത്താണ് ലോക വിപണി ജലസാധ്യതയെ കണ്ടറിഞ്ഞുള്ള കച്ചവടത്തിലേക്ക് തിരിയുന്നത്. ഇതുമൂലം ജലക്കച്ചവടമെന്നത് ആഗോളാടിസ്ഥാനത്തില്‍ വലിയ സാധ്യതയായി മാറിയിരിക്കുന്നു. രാജ്യങ്ങളുടെ വലിപ്പ-ചെറുപ്പമില്ലാതെ കുപ്പിവെള്ള വിപണനം ഇന്ന് വളര്‍ന്നുകഴിഞ്ഞു. ലോകത്തില്‍ ഇതിന്റെ വിപണനവുമായി ബന്ധപ്പെട്ട് നിരവധിസ്ഥാപനങ്ങളും ഏജന്‍സികളും പ്രവര്‍ത്തിക്കുന്നു. ഇത് വര്‍ധിക്കുന്നതോടെ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ജലത്തിന്റെ അവകാശത്തെക്കുറിച്ചും മറ്റുമായിരൂപാന്തരപ്പെടും. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളിലെ ജലം തിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിന്റെ ഫലം കൂടിയാണ് സദ്ദാം ഹുസൈന്റെ കൊല എന്നുപോലും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളവും തമിഴ്‌നാടും മുല്ലപ്പെരിയാറിന്റെ പേരില്‍ നടത്തുന്ന തര്‍ക്കങ്ങള്‍ ഇന്ന് കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. അതുകൊണ്ടു തന്നെ ജലസംരക്ഷണക്കുറവ് ജനസംഖ്യാ വര്‍ധനവ്, ജലസ്രോതസ്സുകളുടെ നാശം, മനുഷ്യന്റെ ചൂഷിതാധിഷ്ഠിത ഇടപെടല്‍ എന്നിവയെല്ലാം കൊണ്ട് ജലസുരക്ഷ എന്നത് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
ഇതിന്റെയൊക്കെ വെളിച്ചത്തില്‍ വേണം ഇന്ത്യയിലെയും കേരളത്തിലെയും ജലപ്രതിസന്ധിയെ വിലയിരുത്താന്‍. നമ്മുടെ രാജ്യത്ത് ശുദ്ധജലത്തിന്റെ മുഖ്യ സ്രോതസ്സ് മഴ തന്നെയാണ്. ഒരു വര്‍ഷത്തില്‍ ഇന്ത്യയില്‍ ശരാശരി 40,00,000 ദശലക്ഷം ഘനമീറ്റര്‍ മഴ ലഭിക്കുന്നുഎന്നാണ് കണക്ക്. അതേസമയം ഇന്ത്യയിലെ എല്ലാ നദികളും കൂടി ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് 18,69,000 ദശലക്ഷം ഘനമീറ്ററാണ്. അതിലാകട്ടെ മനുഷ്യന് ഉപയോഗപ്രദമായത് വെറും 69,000 ദശലക്ഷം മാത്രവും. ഇതില്‍ നിന്നും തുലോം കുറവാണ് ഭൂജലത്തിന്റെ അളവ്. അത് 4,32,000 ദശലക്ഷം മാത്രമത്രെ! ഇവിടെ നമുക്ക് ലഭിക്കുന്ന മഴയുടെ 65 ശതമാനവും 15 ദിവസത്തിനുള്ളില്‍ പെയ്തുതീരുന്നതാണ്. എന്നാല്‍ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ അങ്ങനെയല്ല. ഉദാഹരണം, ബ്രിട്ടന്‍. അവിടെ വര്‍ഷം മുഴുവന്‍ ചെറിയ തോതിലെങ്കിലും മഴ ലഭിച്ചുകൊണ്ടിരിക്കുന്നു. അത് ഫലപ്രദമായി ഉപയോഗിക്കാന്‍ ആ രാജ്യത്ത് സംവിധാനങ്ങള്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും ഇതുതന്നെയാണ് പിന്‍തുടരുന്നത്. നമ്മുടെ നദികളില്‍ മിക്കതും നാല് മാസത്തിലേറെ ഒഴുക്കില്ലാത്തവയായി മാറുകയും ചെയ്യുന്നു.
ഇനി കേരളത്തിന്റെ സ്ഥിതി നോക്കാം. സ്ഥലകാല ഭേദങ്ങള്‍ക്ക് അടിസ്ഥാനമായാണ് കേരളത്തിലെ മഴയുടെ ലഭ്യത. ഉദാഹരണമായി തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം വടക്കന്‍ കേരളത്തില്‍ നന്നായി മഴ നല്‍കുമ്പോള്‍ വടക്കു കിഴക്കന്‍ തുലാവര്‍ഷം തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭ്യമാക്കുന്നു. സൈലന്റ്‌വാലിയിലെ വാളക്കാട് എന്ന പ്രദേശം മഴ ലഭ്യതക്ക് പേരുകേട്ടതാണെങ്കില്‍, അതിന് തൊട്ടടുത്തുള്ള അട്ടപ്പാടിയില്‍ 500 മില്ലി മീറ്ററിന് താഴെയാണ് മഴ ലഭിക്കുന്നത്. ഈ വിരോധാഭാസം കേരളത്തില്‍ പലയിടങ്ങളിലുമുണ്ട്. അതുകൊണ്ട് മഴക്കാലത്തുതന്നെ ജലകുടവുമായി വെള്ളത്തിന് ഊരു തെണ്ടേണ്ട അവസ്ഥ ഇവിടുത്തെ പല കുടുംബങ്ങള്‍ക്കും വരുന്നു. കേരളത്തിലെ മഴയുടെ തോതിനെ സ്വാധീനിക്കുന്നത് മലനിരകളുടെ കിടപ്പും കടലിന്റെ സാന്നിധ്യവുമാണ്. ജനസാന്ദ്രത കൂടുതലുള്ള കേരളത്തില്‍ ആളോഹരി മഴയും ഉപരിതല ജലലഭ്യതയും രാജസ്ഥാനേക്കാള്‍ കുറവാണെന്ന് ഒരു പഠനറിപ്പോര്‍ട്ടില്‍ ഈയിടെ വായിക്കുകയുണ്ടായി. കേരളത്തില്‍ ഒരാള്‍ക്ക് ഗാര്‍ഹികാവശ്യത്തിന് വേണ്ട ജലത്തിന്റെ അളവ് ഒരു ദിവസം 85 ലിറ്റര്‍ തോതിലാണത്രെ. 2050 ആകുമ്പോഴേക്കും ഒരാള്‍ക്ക് ദിവസം 170 ലിറ്റര്‍ ജലം എന്ന തോതില്‍ വേണ്ടിവരുമെന്നാണ് പഠനം. അതായത് ഇരട്ടി. ഇത്രയും ജലം എങ്ങനെ എവിടെ നിന്ന് ലഭ്യമാക്കും എന്ന ചര്‍ച്ചയില്‍ വഴിമുട്ടിനില്‍ക്കുകയാണ് ഭരണകൂടം. അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ സൗകര്യങ്ങള്‍ തേടി ഇവിടേക്കു വരുമ്പോള്‍ ഇതിന്റെ ഗ്രാഫ് ഇനിയും വര്‍ധിക്കും. ശ്രീലങ്കയിലെ ജനങ്ങളില്‍ 70 ശതമാനത്തിനും ശുചിമുറി സൗകര്യമുള്ളപ്പോള്‍ ഇന്ത്യയില്‍ 34 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ ഉള്ളൂ. സ്വാതന്ത്ര്യത്തിനു മുമ്പ് 220-ല്‍പരം വന്‍കിട-ഇടത്തരം ജലപദ്ധതികള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്നത് 1000-ലേറെയായി വളര്‍ന്നിട്ടുമുണ്ട്. മനുഷ്യന്റെ ജല ഉപയോഗത്തിന്റെ വലിപ്പത്തെ ഈ കണക്ക് കാണിച്ചുതരുന്നുണ്ട്. പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു ഒഡീഷയില്‍ ഹിരാക്കുണ്ട് ഡാം ഉദ്ഘാടനം ചെയ്ത് പറഞ്ഞത് ഇവിടെ സ്മരിക്കുക: “ഡാമുകള്‍ ആധുനിക ഇന്ത്യയുടെ അമ്പലങ്ങളാണ്”. ഒരേ സമയം ഭാവി ഇന്ത്യയുടെ വളര്‍ച്ചയും പ്രകൃതിയുടെ ചൂഷണവും കണ്ടുകൊണ്ടാകണം അദ്ദേഹമിത് പറഞ്ഞിരിക്കുന്നത്. കേരളത്തെക്കുറിച്ചും ഇത് ശരിയാണ്.
മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് ജലം. ഈ യാഥാര്‍ഥ്യം ഒരാളും തിരുത്തുമെന്നു തോന്നുന്നില്ല. 2005 മുതല്‍ 2015 വരെയുള്ള കാലയളവില്‍ “ജലം ജീവനുവേണ്ടി” എന്ന പ്രമേയത്തിലായിരുന്നു അന്താരാഷ്ട്ര കര്‍മദശകമായി ആചരിച്ചത്. പക്ഷേ, നാളിന്നോളം ജലത്തിന്റെ കച്ചവട സാധ്യതയെയും അതിന്റെ രാഷ്ട്രീയ സാധ്യതയിലുമാണ് ലോകം ഊന്നല്‍ നല്‍കിയത്. പുതിയ കാലത്ത് ജലത്തിന് സ്വത്വപരമായ പുതിയ മാനങ്ങള്‍കൂടി ലോകം ചാര്‍ത്തിക്കൊടുത്തിരിക്കും. പലപ്പോഴും മനുഷ്യന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ “ജലസുരക്ഷ”യെ ലളിതവത്കരിക്കുന്നതിലൂടെ, വരാന്‍ പോകുന്ന വലിയ വിപത്തിനെ ലഘൂകരിക്കുകയാണ് പലരും. ഒരേസമയം ജലദൗര്‍ലഭ്യമെന്ന ഭീകര ചിത്രത്തെ അവതരിപ്പിക്കുമ്പോഴും മറുവശത്ത് അതിനെ നിസാരവത്കരിക്കുന്നു. ലോക ബേങ്കിന്റെ ഒരു നിരീക്ഷണം ഇവിടെ പ്രസക്തമാണ്. അവര്‍ പറയുന്നത്, വരും കാലം ഭക്ഷ്യദൗര്‍ലഭ്യമല്ല ലോകത്തെ അസ്വസ്ഥമാക്കുക. മറിച്ച് ജലദൗര്‍ലഭ്യമാണ് എന്നത്രേ. ജലമുണ്ടെങ്കിലേ ഭക്ഷണമുള്ളൂ എന്ന ശാസ്ത്ര സത്യത്തെ വിസ്മരിച്ചുകൊണ്ടല്ല അവര്‍ ഇങ്ങനെ നിരീക്ഷിച്ചത്; അതിന്റെ ഗൗരവത്തെ സൂചിപ്പിക്കാനാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തൊന്നാകെ ഇന്ന് നടക്കുന്ന പ്രധാന പ്രശ്‌നം, മനുഷ്യന്റെ ജലം കിട്ടാനുള്ള മൗലികാവകാശത്തെ കുത്തകകള്‍ കച്ചവടമാക്കി മാറ്റിക്കൊണ്ടിരിക്കുന്നതിന്റെ രാഷ്ട്രീയമാണ്. കുടിവെള്ളത്തിന് ഭീമമായ നികുതി കൊടുക്കേണ്ടിവരുന്ന അവസ്ഥ മൂലം വെള്ളം കിട്ടാതെ നരകിക്കേണ്ടിവരുന്ന കഥകള്‍ അമേരിക്കയില്‍ നിന്നുപോലും പുറത്തുവരുന്നു. കാലിഫോര്‍ണിയയിലെ ജലക്ഷാമത്തിന് മുഖ്യ കാരണം സ്വകാര്യ കുത്തകകള്‍ ഈ രംഗത്തേക്ക് കടന്നുവന്നതാണത്രെ! ഇന്ത്യയും ആ വഴിക്കുതന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവുകള്‍ ധാരാളമുണ്ട്.
ഒരു ദശകം കഴിഞ്ഞാല്‍ ഇന്ത്യ ജലദാരിദ്ര്യം നേരിടുന്ന ലോകരാജ്യങ്ങളുടെ മുന്‍പന്തിയില്‍ കടക്കും. 2050-ഓടെ അത് തീവ്രതയില്‍ എത്തുകയും ശുദ്ധജലം ലഭ്യമല്ലാതെ മരണമടയുന്നവരുടെ സംഖ്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് തുല്യമാകുമെന്നും ഡല്‍ഹിയിലെ പ്രതിരോധ പഠന വിശകലന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രേഖകളില്‍ കാണുന്നു. ഇന്ത്യയുടെ ജനസംഖ്യാനുപാതം വെച്ചു കണക്കാക്കിയാല്‍ ഓരോ വര്‍ഷവും ഇവിടെ ഒരു ലക്ഷം കോടി ഘനമീറ്റര്‍ വെള്ളം ആവശ്യമായി വരുമ്പോള്‍ കിട്ടുന്നത് തീര്‍ത്തും അപര്യാപ്തമാകുമെന്നാണ് കണക്ക്. ഓരോ വര്‍ഷം കഴിയുന്തോറും ഇന്ത്യയിലെ ജലസ്രോതസ്സ് കുറഞ്ഞുവരുന്നതായാണ് പഠനങ്ങള്‍. ജലത്തെ പാവനമായി നാം കാണുമ്പോഴും അതില്‍ മതത്തിന്റെ ദര്‍ശനം കലര്‍ത്തുമ്പോള്‍ അപകടം വര്‍ധിക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാര്‍ ചെയ്യുന്നത്, പല നദികളും മതവിശ്വാസത്തിന്റെ പേരില്‍ മലിനമാക്കുന്നതാണ്. ഈയിടെ സുപ്രീം കോടതി ഈ വിഷയത്തില്‍ ഇടപെട്ട് ഉത്തരവ് പോലും ഇറക്കുകയുണ്ടായി. ഗംഗാ ജലത്തില്‍ ചിതാഭസ്മം കലര്‍ത്തി അശുദ്ധമാക്കുന്നതിനെക്കുറിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം.
യാതൊരു വകതിരിവുമില്ലാതെ വെള്ളം ഉപയോഗിക്കുന്ന കീഴ്‌വഴക്കമാണ് കേരളീയര്‍ക്കുള്ളത്. കേരളീയരില്‍ മിക്കവരും രണ്ടുനേരം കുളിക്കുന്നവരും ശുചിത്വകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരുമാണ്. ജല ലഭ്യത അറിഞ്ഞുകൊണ്ടുള്ള ഉപയോഗമല്ല ഇവിടെ നടക്കുന്നത്. അതുകൊണ്ടാണ് 2025 ആകുമ്പോഴേക്കും കേരളത്തിലെ ജലത്തിന്റെ ആവശ്യവും അതിന്റെ ലഭ്യതയും തമ്മില്‍ ഒന്നേകാല്‍ ലക്ഷം കോടി ലിറ്ററിന്റെ അന്തരം ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയാണ് ഈ ചിത്രം നല്‍കിയിരിക്കുന്നത്. കിണര്‍ വെള്ളത്തെ ആശ്രയിക്കുന്ന കേരളത്തിലെ ഗ്രാമീണരുടെ അവസ്ഥ എന്നത്തേക്കാളും ഭീകരമായിരിക്കും. കാരണം, കിണറുകളിലെ ജലനിരപ്പ് 72 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. മഴ ലഭ്യതയുടെ അന്തരം, നീര്‍തടാകങ്ങളുടെ നാശം, കുന്നുകളുടെ ഇടിച്ചുനിരത്തല്‍, വയല്‍ പ്രദേശങ്ങള്‍ നികത്തുന്നത് എന്നിങ്ങനെ ധാരാളം കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. അമിതമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വലിയ കാരണമാണ്. കുറഞ്ഞ ജലം ഉപയോഗിക്കുക എന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ മലയാളികളുടെ ശുചിത്വബോധത്തെ ആകര്‍ഷിക്കുമെന്നു തോന്നുന്നില്ല. ജലത്തിന്റെ ഉപയോഗവും ദുര്‍വിനിയോഗവും തമ്മിലുള്ള അന്തരം കേരളീയരെ ബോധ്യപ്പെടുത്തലേ ഇക്കാര്യത്തില്‍നടക്കൂ. ജലസാക്ഷരത കിട്ടാത്ത ഒരു സമൂഹം ജലത്തിന്റെ മൂല്യത്തെക്കുറിച്ച് എങ്ങനെ ബോധവാന്മാരാകും? നാല്‍പ്പത്തിനാല് നദികളില്‍നിന്നായി 7,000 കോടി ഘന മീറ്റര്‍ ജലം കേരളത്തിനു ലഭിക്കുന്നുണ്ടെങ്കിലും ആളോഹരി ശുദ്ധജല ലഭ്യത രാജസ്ഥാനേക്കാള്‍ കുറവാണെന്ന് വിശ്വസിക്കാന്‍ എത്രപേര്‍ തയ്യാറാകും? ഈ അവസ്ഥയെ മുതലെടുക്കാനാണ് പലപ്പോഴും ആഗോള കുത്തകകള്‍ കേരളത്തിലേക്ക് കടന്നുവരുന്നത്. ജപ്പാന്റെ ജലനിധി പോലെയുള്ള പദ്ധതികള്‍ കേരളത്തില്‍ ഉണ്ടായത് ഈ തിരിച്ചറിവില്‍ നിന്നാണ്. കേരളത്തിന്റെ ഭാവികാല ജല ആവശ്യങ്ങള്‍ നിറവേറ്റാന്‍ നാം സാമ്രാജ്യത്വ ലോക വ്യവസ്ഥയെ ആശ്രയിക്കേണ്ടിവരുന്ന കാലം വിദൂരത്താകില്ല.

---- facebook comment plugin here -----

Latest