Kerala
ജീവിതാനുഭവങ്ങള്‍ കവിതയാക്കി സാഹിറ
മലപ്പുറം: തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ നിന്ന് അവളൊരു കവിതയായി മാറി. അവളുടെ വരികള്‍ സര്‍ഗമാനസങ്ങളില്‍ പരന്നൊഴുകി. അക്ഷരങ്ങളിലൂടെ അവള്‍ സ്ത്രീയെ കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. സാഹിറ കുറ്റിപ്പുറമെന്ന ബിരുദ വിദ്യാര്‍ഥിനിയാണ് താന്‍ വളര്‍ന്നു വന്ന ജീവിതാനുഭവങ്ങളെ കവിതകളാക്കി മാറ്റിയത്. അഞ്ചാം ക്ലാസ് മുതല്‍ ചെറുകഥ എഴുതി തുടങ്ങിയ സാഹിറ പ്ലസ് ടു പഠന സമയത്താണ് കവിത എഴുത്തിലേക്ക് ചുവടുമാറ്റിയത്.
സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ ഗിരീഷായിരുന്നു വിദ്യാര്‍ഥിയിലെ സര്‍ഗസൗന്ദര്യം തിരിച്ചറിഞ്ഞത്. സ്‌കൂള്‍ കലോത്സവങ്ങളില്‍ കഥാരചനയില്‍ പങ്കെടുത്ത് സമ്മാനവും വാങ്ങി. പിന്നീട് കവിതകളിലേക്ക് തിരിയുകയായിരുന്നു. ഇതിനകം എഴുപത് കവിതകളെഴുതിയിട്ടുണ്ട്. ഇവയെല്ലാം ഉള്‍പ്പെടുത്തി രണ്ട് കവിതാ സമാഹരങ്ങളും പുറത്തിറക്കി. സാഹിറയുടെ കവിതകള്‍ എന്ന ആദ്യ സമാഹരത്തിന് പവിത്രന്‍ തീക്കുനിയാണ് അവതാരിക എഴുതിയത്. ഇക്കഴിഞ്ഞ മാസം തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ പ്രകാശനം ചെയ്ത അവള്‍ കവിത എന്ന കവിതാ സമാഹാരം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാറായിരുന്നു അവതാരിക എഴുതിയത്. കവിത വായിച്ച് പലരും അവളോട് ചോദിച്ചു, സന്തോഷമുള്ള വരികളെഴുതിക്കൂടെയെന്ന്. അനുഭവങ്ങള്‍ ദുഃഖാര്‍ദ്രമായതിനാല്‍ കവിതകളും അങ്ങനെയായി എന്നായിരുന്നു മറുപടി. തൃശൂര്‍ ഒല്ലൂര്‍ ഗവ. കോളജിലെ ബി എ ഇംഗ്ലീഷ് ആന്‍ഡ് ജേണലിസം വിദ്യാര്‍ഥിനിയായ സാഹിറയുടെ പിതാവ് റശീദ് കൂലിപ്പണിക്കാരനാണ്.
ദാരിദ്ര്യം തന്നെയായിരുന്നു കുഞ്ഞുനാള്‍ മുതല്‍ സാഹിറക്ക് കൂട്ട്. മാതാവ് മറിയത്തിന് ഇടത് കൈക്ക് തളര്‍ച്ചയുള്ളതിനാല്‍ ജോലിക്ക് പോകാനുമാകില്ല. എട്ട് വര്‍ഷത്തോളം ഓലമേഞ്ഞ വീട്ടിലായിരുന്നു താമസം. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ദുരിതങ്ങളുമായി വളര്‍ന്ന സാഹിറക്ക് പക്ഷേ ആരോടും പരിഭവമില്ല. സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ വളാഞ്ചേരിയിലെ നന്മ എന്ന സന്നദ്ധ സംഘടന നിര്‍മിച്ചു നല്‍കിയ വീട്ടിലാണ് ഇപ്പോള്‍ താമസം.
പത്താംക്ലാസുകാരിയായ സഹോദരിയും ഏഴാംക്ലാസുകാരനായ സഹോദരനുമുണ്ട് കൂടെ. ഇവരുടെ പഠന ചെലവും സാഹിറയുടെ ബാധ്യതയാണ്. വീട്ടില്‍ കിണറും വൈദ്യുതിയുമില്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് ഇവരുടെ പഠനവും കവിതയെഴുത്തുമെല്ലാം. രണ്ടാമത്തെ കവിതാ സമാഹരം പുറത്തിറങ്ങിയതോടെ നിരവധി വേദികള്‍ സാഹിറയെ തേടിയെത്താന്‍ തുടങ്ങി. ഇതിലൂടെ കിട്ടുന്ന വരുമാനമാണ് ഇപ്പോള്‍ ഈ കുടുംബത്തിന്റെ പ്രതീക്ഷ.
കവി എ അയ്യപ്പന്റെ കവിതകളെ ഏറെ ഇഷ്ടപ്പെടുന്ന സാഹിറക്ക് കമലാസുരയ്യയെ പോലെ കവിതയെഴുത്തില്‍ തന്റേതായ ഇടം കണ്ടെത്തണമെന്നാണ് ആഗ്രഹം. ജീവിത ചുറ്റുപാടുകള്‍ അവളുടെ ഭാവനകള്‍ക്ക് മേല്‍ കരിമ്പടം പുതക്കുമ്പോഴും അക്ഷര സ്‌നേഹികളായ ആസ്വാദകരുടെ പിന്തുണയില്‍ കവിതയായി അവള്‍ വളരുക തന്നെയാണ്.