Connect with us

Kerala

പി ജയരാജനെ ജയിലേക്ക് മാറ്റി

Published

|

Last Updated

കോഴിക്കോട്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇതിനിടെ ജയരാജനെ ചോദ്യം ചെയ്യുന്നതിനായി സിബിഐ സംഘം സെന്‍ട്രല്‍ ജയിലിലെത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം സി.ബി.ഐ സംഘം അവിടെ വച്ച് ചോദ്യം ചെയ്യും. സി.ബി.ഐ ഡിവൈ.എസ്.പി. ഹരി ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയരാജനെ ചോദ്യം ചെയ്യുക.
മൂന്നു ദിവസം ചോദ്യം ചെയ്യുന്നതിനാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സിബിഐക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ജയരാജനെ രാവിലെ 9.30ഓടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് ആംബുലന്‍സില്‍ ജയിലിലേക്ക് കൊണ്ടുപോയി. ജയരാജനെ കൊണ്ടുവരുന്നതിനു വേണ്ടി പഴുതുകളടച്ച സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് ജയരാജനെ കൊണ്ടുപോകും വഴി ആംബുലന്‍സിന്റെ ടയറുകള്‍ പൊട്ടിയത് ഏറെ വിവാദമായിരുന്നു.
ജയിലിലെ ആശുപത്രി ബ്ലോക്കിലായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക എന്നാണ് വിവരം. ഇവിടെ ഡോക്ടറുടെ സേവനവും ജയരാജന് ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജയിലിലെത്തുന്ന ജയരാജനെ ആരോഗ്യ പരിശോധനക്ക് ശേഷം വൈകാതെ ചോദ്യം ചെയ്യാനാണ് സി.ബി.ഐ നീക്കം. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കില്‍ ജയരാജനെ കസ്റ്റഡിയില്‍ കിട്ടാന്‍ സി.ബി.ഐ വീണ്ടും കോടതിയെ സമീപിച്ചേക്കും.

ബുധനാഴ്ച രാവിലെ മുതല്‍ മൂന്നു ദിവസത്തേക്ക് ജയിലിലോ ആശുപത്രിയിലോ ജയരാജനെ ചോദ്യംചെയ്യാനുള്ള അനുമതിയാണ് സി.ബി.ഐക്ക് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നല്‍കിയത്. കോടതി ഒരു മാസം റിമാന്‍ഡ് ചെയ്‌തെങ്കിലും ജയരാജന്‍ ഒരു ദിവസം പോലും ജയിലില്‍ കഴിഞ്ഞിട്ടില്ല. ചികിത്സക്കായി പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലും തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ കോളജിലുമായി കഴിയുകയായിരുന്ന ജയരാജന്റെ റിമാന്‍ഡ് കാലാവധി മാര്‍ച്ച് 11ന് തീരാനിരിക്കെയാണ് മൂന്നു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചത്.

2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 19 പ്രതികളാണുള്ളത്. മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തള്ളിയതിനെ തുടര്‍ന്നു ഫെബ്രുവരി 11നാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്.

Latest