Connect with us

Kottayam

പ്രമുഖര്‍ വാഴുന്ന കോട്ടകള്‍ക്ക് കോട്ടം തട്ടുമോ?

Published

|

Last Updated

വേനല്‍ച്ചൂടിന്റെ കടുപ്പം കൂടിവരുന്നതിനൊപ്പം കോട്ടയത്ത് തിരഞ്ഞെടുപ്പ് ചൂടിനും വാശിയേറും. കോട്ടയത്തിന്റെ മനസ് എപ്പോഴും വലത്തോട്ടാണ്, എന്നാല്‍ യു ഡി എഫ് വിജയം ഉറപ്പിച്ച ചില മണ്ഡലങ്ങളില്‍ ഇടതു സ്ഥാനാര്‍ഥികള്‍ അട്ടിമറി വിജയം നേടിയ ചരിത്രവും ജില്ലക്കുണ്ട്. വൈക്കം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ ബി ജെ പി- ബി ജെ ഡി എസ് സഖ്യങ്ങള്‍ ഇടതുവലതു മുന്നണി സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങളെ ഇത്തവണ സ്വാധീനിച്ചേക്കാം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി സി ജോര്‍ജ് തുടങ്ങിയ ഒട്ടേറ പ്രമുഖര്‍ മത്സരിക്കാന്‍ സാധ്യതയുള്ള ജില്ല കൂടിയാണ് കോട്ടയം. റബ്ബര്‍ വിലയിടിവ്, സോളാര്‍ വിവാദം, ബാര്‍ കോഴ, മെത്രാന്‍ കായല്‍ തുടങ്ങിയവയാകും കോട്ടയം കൂടുതലായി ചര്‍ച്ച ചെയ്യുക.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ആകെയുള്ള ഒമ്പതു നിയമസഭാ മണ്ഡലങ്ങളില്‍ വൈക്കം, ഏറ്റുമാനൂര്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കായിരുന്നു വിജയം. 2014 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടി ഒന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോസ് കെ മാണിയെ വോട്ടര്‍മാര്‍ പാര്‍ലിമെന്റിലേക്ക് അയച്ചത്. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളും കോട്ടയത്തെ വികസനം ആഗ്രഹിക്കുന്ന ജനങ്ങളുടെ പിന്തുണയും നിയമസഭാ തിരഞ്ഞെടുപ്പിലും അനുകൂലമാകുമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം കെങ്കേമമാക്കുന്നതിനുള്ള ആലോചനകള്‍ക്കിടയില്‍ ബാര്‍ക്കോഴ വിവാദത്തില്‍പ്പെട്ട് മന്ത്രി കസേര നഷ്ടപ്പെട്ട കെ എം മാണി, സോളാര്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി, ചീഫ് വിപ്പില്‍ തുടങ്ങി പ്രതിനിധാനം ചെയ്ത പാര്‍ട്ടിയില്‍ നിന്നും എം എല്‍ എ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട പൂഞ്ഞാറിന്റെ പ്രതിനിധി പി സി ജോര്‍ജ്, ഇങ്ങനെ അഞ്ചു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ യു ഡി എഫിന് ജില്ലയില്‍ നഷ്ടക്കച്ചവടത്തിന്റെ കണക്കുമാത്രം. ഈ നഷ്ടക്കണക്കുകളെല്ലാം നേട്ടമാക്കാനാവുമെന്നാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ. ഇക്കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നില അല്‍പ്പം മെച്ചപ്പെടാത്താനായതിന്റെ ആശ്വാസത്തിലാണ് ഇടതുമുന്നണി. ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനുകളില്‍ 14 എണ്ണം യു ഡി എഫും എട്ട് എണ്ണം എല്‍ ഡി എഫും നേടി. കേരളാ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സൗഹൃദ മല്‍സരങ്ങളും കാലുവാരലും തദ്ദേശതിരഞ്ഞെടുപ്പിനെ ജില്ലയില്‍ ശ്രദ്ധേയമാക്കിയിരുന്നു. അതിന്റെ അലയൊലികളും നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ ഡി എഫിന് പ്രതീക്ഷ നല്‍കുന്നു.
കോട്ടയം മണ്ഡലത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയായിരിക്കും യു ഡി എഫിന് വേണ്ടി മത്സരിക്കുക. എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ സി പി എം ജില്ലാ സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ വി എന്‍ വാസവന്‍ എന്നിവരുടെ പേരുകളാണ് ഇടതുമുന്നണി സാധ്യതപട്ടികയിലുള്ളത്. എന്‍ സി പിയുടെ പക്കലുള്ള പാലായുമായി ഏറ്റുമാനൂര്‍ മണ്ഡലം വെച്ചുമാറാന്‍ സി പി എം ആലോചിക്കുന്നുണ്ട്. എന്‍ സി പിക്ക് ഏറ്റുമാനൂര്‍ ലഭിച്ചാല്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഇവിടെ അങ്കത്തിനിറങ്ങും. എന്‍ സി പിയുമായി സീറ്റുകള്‍ വെച്ചുമാറുന്നില്ലെങ്കില്‍ സിറ്റിംഗ് എം എല്‍ എ സുരേഷ് കുറുപ്പ്, സി പി എം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എന്നിവരുടെ പേരുകളാണ് എല്‍ ഡി എഫ് ലിസ്റ്റിലുള്ളത്.
കേരള കോണ്‍ഗ്രസ് സീറ്റായ ഏറ്റുമാനൂരില്‍ മുന്‍ എം എല്‍ എ കൂടിയായ തോമസ് ചാഴികാടന്റെ പേരിനാണ് മുന്‍തൂക്കം. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസിന്റെ പേരും ഇവിടെ പറഞ്ഞു കേള്‍ക്കുന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഏറ്റുമാനൂരില്‍ മത്സരിക്കുമെന്ന് പ്രചരണമുണ്ടെങ്കിലും ബി ഡി ജെ എസിന് ഏറ്റുമാനൂര്‍ നല്‍കുമെന്നും പറഞ്ഞുകേള്‍ക്കുന്നു.
സി പി ഐയുടെ സീറ്റായ വൈക്കത്ത് സിറ്റിംഗ് എം എല്‍ എ കെ അജിത്തിന് ഇക്കുറി സീറ്റുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പി പ്രദീപിന്റെയും മുന്‍ എം എല്‍ എ പി നാരായണന്റെയും പേരുകളാണ് മണ്ഡലത്തില്‍ പറഞ്ഞുകേള്‍ക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച കോണ്‍ഗ്രസിലെ കെ സനീഷ് കുമാറിനെ വീണ്ടും വൈക്കത്ത് മത്സരിപ്പിക്കാണ് കോണ്‍ഗ്രസ് നീക്കം. സി പി ഐ സീറ്റായ കാഞ്ഞിരപ്പള്ളിയില്‍ ചലച്ചിത്രതാരം മുകേഷിന്റെ പേരിന് മുന്‍തൂക്കമുണ്ട്.
യു ഡി എഫില്‍ സിറ്റിംഗ് എം എല്‍ എയായ കേരള കോണ്‍ഗ്രസിലെ ഡോ. എന്‍ ജയരാജ് ഇക്കുറിയും കാഞ്ഞിരപ്പള്ളിയില്‍ മത്സരത്തിനിറങ്ങും. ഇതിനിടെ കാഞ്ഞിരപ്പള്ളിയും കുടുത്തുരുത്തിയുമായി സി പി എം സി പി ഐ വച്ചുമാറാന്‍ ആലോചിക്കുന്നുവെന്ന സൂചനകളുണ്ട്. അങ്ങിനെയെങ്കില്‍ കടുത്തുരുത്തിയില്‍ സിസിലി കൈപ്പറേക്കാടന്‍ സ്ഥാനാര്‍ഥിയായേക്കും. പാലായില്‍ കഴിഞ്ഞ തവണ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന എന്‍ സി പി പ്രതിനിധി മാണി സി കാപ്പന്‍ ഇത്തവണയും പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്‍ സി പി ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജും സ്ഥാനാര്‍ത്വ മോഹവുമായി രംഗത്തുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും ജിമ്മിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ വിയോജിപ്പ് ഉള്ളതായാണ് വിവരം.
പാലായില്‍ കെ എം മാണി തന്നെയായിരിക്കും യു ഡി എഫ് സാരഥി. പൂഞ്ഞാറില്‍ ഇടതുസ്ഥാനാര്‍ഥി പി സി ജോര്‍ജിനാണ് സാധ്യത. സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ജോര്‍ജ് പ്രചാരണം ആരംഭിച്ചെങ്കിലും സി പി എം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് ജോര്‍ജിന് വെല്ലുവിളി ഉയര്‍ത്തുന്നു. സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രചാരണം തുടങ്ങിയതെന്നാണ് ജോര്‍ജുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുക സൂചന.
അതേസമയം മുന്‍ കാഞ്ഞിരപ്പള്ളി എം എല്‍ എ ജോര്‍ജ് ജെ മാത്യുവും ഇടതു വലതു മുന്നണികളിലൊന്നില്‍ പൂഞ്ഞാറില്‍ സ്ഥാനാര്‍ഥി കുപ്പായം അണിയാന്‍ ശ്രമം നടത്തുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് (എം) ന്റെ സീറ്റാണ് നിലവില്‍ പൂഞ്ഞാര്‍. എന്നാല്‍ ഇത്തവണ സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ ഡി സി സി പ്രസിഡന്റ് ടോമി കല്ലാനിയുടെയും യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌സജി മഞ്ഞക്കടമ്പന്റെയും പേരുകള്‍ യു ഡി എഫില്‍ ഉയരുന്നുണ്ട്.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ ഡി വൈ എഫ് ഐ നേതാവ് റെജി സഖറിയയുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. കടുത്തുരുത്തിയില്‍ സിറ്റിംഗ് എം എല്‍ എ മോന്‍സ് ജോസഫ് വീണ്ടും മത്സരത്തിനിറങ്ങും. മോന്‍സ് ജോസഫിനെ കടുത്തുരുത്തിയില്‍ നിന്നും ഏറ്റുമാനൂരിലേക്ക് മാറ്റാന്‍ കേരള കോണ്‍ഗ്രസ് ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം ഉപേക്ഷിച്ചതായാണ് വിവരം.
കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന് നല്‍കിയേക്കും. ക്‌നാനായ സമുദായ മുന്‍ ട്രസ്റ്റി കൂടിയായ സ്‌കറിയ തോമസ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ചങ്ങനാശേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എം എല്‍ എ സി എഫ് തോമസ് വീണ്ടും മത്സരിച്ചേക്കും. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിലെ ഡോ. കെ സി ജോസഫ് മത്സരിച്ചേക്കും.

Latest