Articles
ചെകിടനായ ചെകുത്താന്‍
1920 കളുടെ തുടക്കത്തില്‍ അഞ്ച് മലയാള പത്രങ്ങളും മൂന്ന് ഇംഗ്ലീഷ് പത്രങ്ങളും കോഴിക്കോടു നിന്നു പുറത്തിറങ്ങിയിരുന്നെങ്കിലും മാതൃഭൂമി ഒഴികെ മറ്റെല്ലാ പത്രങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനെതിരും ബ്രിട്ടീഷ് അനുകൂലവുമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. പക്ഷേ, സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ച ആ ഒരേയൊരു പത്രത്തിനു പക്ഷേ, മലബാറിലെ മുസ്‌ലിം മനസ്സിനെയോ അവരുടെ ജനാധിപത്യപരമായ ആവശ്യങ്ങളെയോ ഉള്‍ക്കൊള്ളാനുള്ള രാഷ്ട്രീയ ജാഗ്രതയോ സാമൂഹിക പ്രതിബദ്ധതയോ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, മുസ്‌ലിംകളുടെ കാര്യത്തില്‍ ബ്രിട്ടീഷ് അനുകൂല നിലപാടുകള്‍ സ്വീകരിക്കാന്‍ മടിയും ഉണ്ടായിരുന്നില്ല. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു മലബാറിലെ മുസ്‌ലിം വിശ്വാസികളെ ഒരു കുറ്റവാളി സമൂഹമായി ചാപ്പകുത്തുന്നതിനു വേണ്ടി ബ്രിട്ടീഷുകാര്‍ 1859ല്‍ കൊണ്ട് വന്ന മാപ്പിള ഔട്ട്‌റെജസ് ആക്ടിനോട് മാതൃഭൂമി സ്വീകരിച്ച സമീപനം. സ്വാതന്ത്ര്യവും സമത്വവും തങ്ങളുടെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച മാതൃഭൂമിക്ക്, തങ്ങളുടെ സ്വന്തം ദേശത്തെ മാപ്പിള സഹോദരന്മാരുടെ കാര്യത്തില്‍ സ്വാതന്ത്ര്യ ബോധമോ, സമത്വ ബോധമോ ഉണ്ടായിരുന്നില്ല.
തൊള്ളായിരത്തി ഇരുപതുകളുടെ തുടക്കത്തില്‍ ഈ നിയമം ബ്രിട്ടീഷുകാര്‍ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ശ്രമിച്ചതോടെ മാപ്പിള മുസ്‌ലിംകളുടെ സാമൂഹിക ജീവിതം ദുരിത പൂര്‍ണവും രാഷ്ട്രീയമായി ഏറെ സന്ദിഗ്ധതയിലുമായി. ഈ ആക്ട് പ്രകാരം ബ്രിട്ടീഷ്, ജന്മിവിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത് മരണപ്പെട്ട മുസ്‌ലിംകളുടെ മയ്യിത്തുകള്‍ ഇസ്‌ലാം മത ആചാരപ്രകാരം സംസ്‌കരിക്കുന്നതിനു പകരം മതാചാരങ്ങള്‍ക്ക് വിരുദ്ധമായി തീ വെച്ച് നശിപ്പിക്കുകയാണ് ചെയ്തത്. “ലഹള പ്രിയന്‍” എന്നു ബ്രിട്ടീഷുകാര്‍ക്ക് (പ്രാദേശിക ജന്മിമാര്‍ക്കും) തോന്നുന്ന ആരെങ്കിലും ഒരു ഗ്രാമത്തില്‍ ഉണ്ടെങ്കില്‍ ആ ഗ്രാമത്തിലെ മുഴുവന്‍ മുസ്‌ലിംകളുടെയും സ്വത്തില്‍ നിന്നു ഒരു ഭാഗം സര്‍ക്കാറിനു പിഴയായി നല്‍കണം എന്നും പ്രസ്തുത ആക്ടില്‍ ഉണ്ടായിരുന്നു. 1921നു ശേഷം ഇത്തരം ആക്ടുകള്‍ ബ്രിട്ടീഷുകാര്‍ മുസ്‌ലിംകള്‍ക്കെതിരെ രൂക്ഷമായി നടപ്പിലാക്കിയപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ മാതൃഭൂമി ശ്രമിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. ഇത് സംബന്ധിച്ച് അന്നത്തെ മാതൃഭൂമിയിലെ തലതൊട്ടപ്പന്മാരും കോണ്‍ഗ്രസ് നേതാക്കളുമായിരുന്നവരോട് രാഷ്ട്രീയത്തില്‍ അവരുടെ സഹപ്രവര്‍ത്തകനായ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ പരാതിപ്പെടുകയുണ്ടായി. പക്ഷേ, മുസ്‌ലിംകളുടെ ന്യായമായ അവകാശത്തോട് “ദേശീയ പത്രം” മുഖം തിരിച്ചു. മാതൃഭൂമിയും അതിന്റെ പിന്നണി പ്രവര്‍ത്തകരും വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തിലും ദേശീയതയിലും സമത്വത്തിലും സഹോദര്യത്തിലും മുസ്‌ലിംകള്‍ ഉണ്ടായിരുന്നില്ല എന്നതു തന്നെ ആയിരുന്നു കാരണം.
അത്യന്തം വേദനാജനകമായ ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടായേ തീരൂ എന്ന ദൃഢനിശ്ചയമായിരുന്നു മുസ്‌ലിംകളുടെ കൂടി സ്വാതന്ത്ര്യ ബോധത്തെ ഉള്‍ക്കൊള്ളുന്ന ഒരു പത്രം തുടങ്ങണം എന്ന തീരുമാനത്തിലേക്ക് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സഹിബിനെയും സഹപ്രവര്‍ത്തകരെയും കൊണ്ടുചെന്നെത്തിച്ചത്. മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ സഹപ്രവര്‍ത്തകനും ജീവ ചരിത്രകാരനുമായ എം റഷീദ് എഴുതിയത് പോലെ “മുസ്‌ലിംകള്‍ക്കെതിരെയുള്ള ജന്മിമാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെയും ജനദ്രോഹ നടപടികളെ മാതൃഭൂമി കണ്ടില്ലെന്നു നടിച്ചു. ആ പത്രത്തിന്റെ ഉടമകളില്‍ പെട്ട വക്കീലന്മാരില്‍ പലരും ജന്മികളുടെയും വന്‍കിട ഭൂപ്രഭുക്കളുടെയും അഭിഭാഷകര്‍ ആയിരുന്നു. മിക്ക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുമായും അവര്‍ക്ക് രക്തബന്ധം ഉണ്ടായിരുന്നു. ഇതെല്ലാമായിരുന്നു അല്‍ അമീന്‍ എന്ന പേരില്‍ പത്രം തുടങ്ങാന്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെ പ്രേരിപ്പിച്ച പ്രധാന ഘടകം”
അതായത് പുറത്തെ മത ജാതി രാഷ്ട്രീയ സാമ്പത്തിക താത്പര്യങ്ങളുമായി വളരെയധികം കെട്ടുപിണഞ്ഞു കിടക്കുന്നതായിരുന്നു മാതൃഭൂമിയുടെ മാധ്യമ സമീപനം. ആ താത്പര്യങ്ങളുടെ തുടര്‍ച്ചയോ അല്ലെങ്കില്‍ ആ താത്പര്യങ്ങളുടെ പൊതു ആവിഷ്‌കാരമോ ആയിരുന്നു മാതൃഭുമി. തിരിച്ചും അങ്ങനെത്തന്നെ. ദേശീയം എന്നു അവകാശപ്പെടുമ്പോഴും ഈ താത്പര്യങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള ഒരു ദേശമായിരുന്നു മാതൃഭുമിയുടെ സ്വപ്‌നം. ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ മലബാര്‍ ഘടകത്തെ അങ്ങനെയൊരു നിലപാടിലേക്ക് കൊണ്ടുപോകാനും മാതൃഭൂമി ശ്രമിച്ചു. പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായിരുന്ന മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെ ഈ സങ്കുചിത രാഷ്ട്രീയം അങ്ങേയറ്റം വേദനിപ്പിക്കുക തന്നെ ചെയ്തു. അതിന്റെ ഫലമായിരുന്നു 1924 ഒക്ടോബര്‍ 12നു പുറത്തിറങ്ങിയ അല്‍ അമീന്‍ ദിനപത്രം.
1924 ഒക്ടോബര്‍ 12 ഒരു നബിദിനമായിരുന്നു. മുസ്‌ലിംകളുടെ നേതൃത്വത്തില്‍ ഒരു പത്രം തുടങ്ങാന്‍ ഒരു നബി ദിനം തന്നെ സാഹിബ് തിരഞ്ഞെടുത്തതും ആ പത്രത്തിനു നബിയുടെ തന്നെ വിളിപ്പേരായ അല്‍ അമീന്‍ എന്ന പേര് വെച്ചതും ഒട്ടും യാദൃച്ഛികം ആയിരുന്നില്ല തന്നെ. അല്‍ അമീന്‍ പത്രത്തിനു ആശംസ അറിയിച്ചു കൊണ്ട് വള്ളത്തോള്‍ എഴുതിയ കവിതയില്‍ കവി ഇക്കാര്യം ഊന്നി തന്നെ പറയുന്നുണ്ട്. “അല്‍ അമീന് പ്രവാചകര്‍ മുഹമ്മദ് നബിയുടെ അനുഗ്രഹം ഉണ്ടാകും. കാരണം നബി ജനിച്ച ദിനത്തില്‍ തന്നെയാണ് ഈ പത്രവും ജനിക്കുന്നത്”. അല്ലയോ സത്യ വിശ്വാസികളേ, നിങ്ങളുടെ ഉറ്റ ബന്ധുക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ നിങ്ങള്‍ക്ക് തന്നെയോ ദോഷകരമായിരുന്നാല്‍ പോലും നീതി പാലിച്ചു നിങ്ങള്‍ ദൈവത്തില്‍ സാക്ഷ്യം വഹിക്കുന്നവരായിരിപ്പിന്‍” എന്ന് അല്‍ അമീന്റെ ഓരോ ലക്കത്തിലും അച്ചടിച്ചിരുന്നു. ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി അസത്യത്തില്‍ കൂട്ടുകൂടുകയും സഹോദര സമുദായങ്ങളെ ഒറ്റു കൊടുക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്ത മാതൃഭൂമിക്ക് ബദലായി ആരംഭിച്ച അല്‍ അമീന്റെ മുദ്രാവാക്യം ഇങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. സ്വാതന്ത്ര്യം, സമത്വം സാഹോദര്യം എന്നീ പദങ്ങളെയല്ല ആ പദങ്ങളുടെ പ്രയോഗികാവിഷ്‌കാരത്തെയും ആ പദങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്ന രാഷ്ട്രീയ ബോധത്തിലും ആയിരുന്നു അല്‍ അമീന്റെ ഊന്നല്‍ എന്നു സാരം.
അല്‍ അമീന്റെ ആയുസ്സ് അല്‍പമായിരിക്കും എന്ന കാര്യത്തില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബിനു സംശയം ഏതും ഉണ്ടായിരുന്നില്ല. കാരണം അപകടകരമായ സത്യം പറയുന്നവര്‍ക്ക് അല്‍പായുസ്സേ ഉണ്ടാകൂ എന്നു സാഹിബ് തന്നെ ഒരു എഡിറ്റോറിയലില്‍ എഴുതിയിരുന്നു. മാതൃഭൂമിയെപ്പൊലെ, അസത്യങ്ങള്‍ക്കും നീതി കേടുകള്‍ക്കും കൂട്ട് നിന്നു കൊണ്ട് പത്രം നിലനിര്‍ത്തിക്കൊണ്ടുപോകണം എന്നാഗ്രഹിച്ച പത്രമുതലാളി മാത്രമായിരുന്നില്ല അബ്ദുറര്‍ഹ്മാന്‍ സാഹിബ്. “യഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം വരികയാണെങ്കില്‍ ശത്രുക്കളുടെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്ക് താഴെ കഴുത്ത് കാണിച്ചു കൊടുക്കുകയല്ലാതെ ഒരൊറ്റ നിമിഷം കൂടുതല്‍ ജീവിക്കുവാന്‍ അല്‍ അമീന്‍ ആഗ്രഹിക്കുകയില്ല” എന്നായിരുന്നു അല്‍ അമീന്റെ നിലപാട്. പത്രപ്രവര്‍ത്തനം എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ് എന്നും അത് ആരോഗ്യം നന്നാക്കാനുള്ള എര്‍പ്പാടല്ല, ആരോഗ്യത്തിനു ഹാനികരമായ ഏര്‍പ്പാടാണ് എന്നും തിരിച്ചറിയുകയും അവ്വിധം നിലപാടെടുക്കുകയും ചെയ്ത രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് അബ്ദുര്‍റഹ്മാന്‍. ദേശീയതക്കകത്ത് മുസ്‌ലിംകളുടേത് മാത്രമായി നിന്ന ഒരു ശത്രുവിനോടായിരുന്നു അല്‍ അമീന്റെ പോരാട്ടം. ആ ശത്രുവിന്റെ മാധ്യമ ആവിഷ്‌കാരമായി സാഹിബ് കണ്ടത് മാതൃഭൂമിയെ ആയിരുന്നു.
അല്‍ അമീന്റെ തുടക്കം ഒരു നബിദിനത്തില്‍ ആയിരുന്നുവെന്നതും ആ ദിവസത്തിന്റെ ബറകത്തായിരുന്നു സാഹിബിന്റെ ലക്ഷ്യം എന്നതും അസാമാന്യമായ സത്യസന്ധത പ്രകടിപ്പിച്ച ആറാം നൂറ്റാണ്ടിലെ മക്കയില്‍ ജീവിച്ച മുഹമ്മദ് എന്ന കുട്ടിയെ നാട്ടുകാര്‍ വിളിച്ച സത്യസന്ധന്‍ എന്നര്‍ഥം വരുന്ന “അല്‍ അമീന്‍” എന്ന വിളിപ്പേരായിരുന്നു സാഹിബ് പത്രത്തിനു വേണ്ടികണ്ടുവെച്ചതും എന്നതില്‍ ഉള്‍ക്കാഴ്ചകൊണ്ടും അസാമാന്യമായ ധീരത കൊണ്ടും രാഷ്ട്രീയ പ്രവര്‍ത്തനത്തെ ചടുലമാക്കിയ ഒരു മഹാ മനുഷ്യന്റെ ദീര്‍ഘ ദര്‍ശനത്തെ എമ്പാടും വായിച്ചെടുക്കാനാകും. 1920കളില്‍ അല്‍ അമീന്‍ എന്ന പത്രത്തിനെതിരെ ആയിരുന്നു മാതൃഭൂമിയുടെ അവഹേളനങ്ങള്‍ ഉണ്ടായതെങ്കില്‍ തൊണ്ണൂറു വര്‍ഷങ്ങള്‍ക്കു ശേഷം, ആ പേരിന്റെ ഉടമയായ അല്‍ അമീന്‍ മുഹമ്മദ് നബിയെ തന്നെ അവഹേളിച്ച് കൊണ്ട് മാതൃഭൂമി തങ്ങളെ സ്വയം വെളിപ്പെടുത്തുമ്പോള്‍ വിജയിക്കുന്നത് സാഹിബ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ പോരാട്ടങ്ങള്‍ തന്നെയാണ്.
മാതൃഭൂമി ദിനപത്രം കഴിഞ്ഞ ദിവസം “അല്‍ അമീനു”നേര നടത്തിയ നിരുത്തരവാദപരമായ അവഹേളനം ഒറ്റപ്പെട്ടതോ യാദൃച്ഛികമോ ആണെന്ന് വിശ്വസിക്കാന്‍ ചരിത്രബോധം നമ്മെ അനുവദിക്കുന്നില്ലെന്ന് സാരം. ചാലപ്പുറത്ത് നിന്ന് തുടങ്ങിയ അവഹേളനങ്ങള്‍ സ്വാതന്ത്ര്യാനന്തരവും നിര്‍ബാധം തുടര്‍ന്നു. അതി സൂക്ഷ്മ തലത്തില്‍ മുസ്‌ലിം വിരുദ്ധത പ്രകടിപ്പിക്കുന്നതില്‍ മാതൃഭൂമി അസാമാന്യമായ മികവു കാണിക്കുക പതിവാണ്. “ലവ് ജിഹാദ്” കാലത്ത് നാം അതു കണ്ടതാണ്. മുസ്‌ലിം ശരീഅത്തിലും മുസ്‌ലിം സ്ത്രീകളിലും മാതൃഭൂമിക്കുള്ള ജാഗ്രത വേറൊരു സമുദായത്തിന്റെ കാര്യത്തിലും ഇല്ലാതെ പോയതിന്റെ താത്പര്യം മറ്റെന്താണ്? ശരീഅത്തിനെയോ മുസ്‌ലിം സ്ത്രീകളെയോ കുറിച്ച് സാമൂഹിക ശാസ്ത്രപരമായ ചര്‍ച്ചകള്‍ വേണ്ട എന്ന നിലപാട് ആര്‍ക്കെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ, ഒരു സമുദായത്തിന്റെ കാര്യത്തില്‍ മാത്രമേ ഈ വക ചര്‍ച്ചകള്‍ ആകാവൂ എന്ന നിലപാട് പഴയ ചാലപ്പുറം പ്രേതങ്ങളുടെ വേട്ടയാടലുകള്‍ അവസാനിച്ചിട്ടില്ല എന്നതിന്റെ സൂചന തന്നെയാണ്. പെരുന്നാള്‍ പതിപ്പുകളിലേക്കും മാതൃഭൂമി തന്നെ നടത്തുന്ന ഇഫ്താര്‍ വിരുന്നുകളിലെക്കും ക്ഷണിക്കാന്‍ യോഗ്യരല്ല എന്നു മാതൃഭൂമിക്കു തന്നെ അഭിപ്രായം ഉള്ള ആളുകള്‍ ആണ് നോമ്പും പെരുന്നാളും കഴിഞ്ഞാല്‍ ബാക്കി മുഴുവന്‍ ദിവസവും മാതൃഭൂമിയില്‍ മുസ്‌ലിംകളുടെ പ്രതിനിധികള്‍ ആയി എത്തുന്നത് എന്നതിന്റെ അര്‍ഥം മറ്റെന്താണ്?
കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ വന്ന പ്രവാചകനെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ യാദൃച്ഛികം ആണെന്ന് രാഷ്ട്രീയ ബോധമുള്ള ആരെയെങ്കിലും വിശ്വസിപ്പിക്കാന്‍ മാതൃഭൂമിക്കു കഴിയും എന്നു തോന്നുന്നില്ല. “ഇന്ത്യന്‍ ദേശീയത” പുതിയ ശത്രുക്കളെ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത്, തങ്ങളുടെ കൂറ് ആരോടാണ് എന്നു ഒരിക്കല്‍ കൂടി വെളിപ്പെടുത്തി എന്നതില്‍ കവിഞ്ഞു മറ്റെന്തെങ്കിലും ഇതിലുണ്ട് എന്നും കരുതുന്നില്ല. ചര്‍ച്ചകള്‍ മുസ്‌ലിംകളെ കുറിച്ചാകുമ്പോള്‍ ഏകപക്ഷീയവും നിരുത്തരവാദപരവും ആകാം എന്ന സമീപനം തിരുത്താത്ത കാലത്തോളം മാതൃഭൂമിയുടെ ഖേദപ്രകടനത്തില്‍ എന്തെങ്കിലും ആത്മാര്‍ഥത ഉണ്ടെന്നു വിശ്വസിക്കാന്‍ തരമില്ല. കുറിപ്പ് തയ്യാറാക്കിയ ഏതെങ്കിലും ട്രെയിനികളെ പുറത്താക്കിക്കൊണ്ടല്ല, മാതൃഭൂമിയെ ഇപ്പോഴും ഭരിക്കുന്ന ചാലപ്പുറം പ്രേതങ്ങളെ പുറത്താക്കിക്കൊണ്ട് വേണം മാതൃഭൂമി മുസ്‌ലിം സമുദായത്തോട് ഖേദ പ്രകടനം നടത്താന്‍.
അഭിപ്രായ പ്രകടനത്തില്‍ സത്യത്തെ മറച്ചു വെക്കുന്നവാന്‍ ചെകിടനായ ചെകുത്താന്‍ ആണെന്ന പ്രവാചക മൊഴി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് ഇടക്കിടെ ഉദ്ധരിക്കാരുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തന രംഗത്തെ വേദനാജനകമായ അശ്ലീലങ്ങള്‍ കണ്ടായിരുന്നു സാഹിബിന്റെ ഈ പറച്ചില്‍. ചെകിടനായ ആ ചെകുത്താനെ വീണ്ടും വീണ്ടും കണ്ടുമുട്ടുകയും വിയോജിപ്പുകള്‍ പ്രകടിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കണം അല്‍ അമീനും അബ്ദുര്‍റഹ്മാന്‍ സാഹിബിനും ശേഷവും മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ നിയോഗം.