Connect with us

Eranakulam

വിവാദങ്ങളില്‍ മാറാതെ തരംഗങ്ങളില്‍ മറിയാതെ...

Published

|

Last Updated

യു ഡി എഫിന്റെ സുരക്ഷിത ജില്ലയാണ് എറണാകുളം. വലിയ തരംഗങ്ങളുണ്ടായാല്‍ മാത്രം ഉലയുന്ന യു ഡി എഫിന്റെ കോട്ട. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഇവിടെ 14ല്‍ 11 സീറ്റ് ലഭിച്ചു. എല്‍ ഡി എഫ് സംസ്ഥാനത്ത് നേട്ടമുണ്ടാക്കിയ പല തിരഞ്ഞെടുപ്പുകളിലും എറണാകുളം ജില്ല യു ഡി എഫിനോടൊപ്പമാണ് നിലയുറപ്പിച്ചത്.

പെരുമ്പാവൂര്‍ ഇരു മുന്നണികളെയും മാറി മാറി തുണച്ച മണ്ഡലമാണ്. ഇടതു മുന്നണി ഏഴ് തവണയും യു ഡി എഫ് ആറു തവണയും ജയിച്ചു. പി ഗോവിന്ദപ്പിള്ള മൂന്ന് തവണയും പി പി തങ്കച്ചന്‍ നാല് തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പി പി തങ്കച്ചന്‍ മന്ത്രിയും സ്പീക്കറുമായി. മുസ്്‌ലിം വോട്ടുകള്‍ നിര്‍ണായകം.
അങ്കമാലിയില്‍ ഇരു മുന്നണികളും തുടര്‍ച്ചയായ വിജയങ്ങള്‍ സ്വന്തമാക്കിയതാണ് ചരിത്രം. 1967 മുതല്‍ 80 വരെ ഇടതു മുന്നണിയുടെ കുത്തകയായിരുന്നു. 82ലും 87ലും കേരള കോണ്‍ഗ്രസിനായിരുന്നു ജയം. സി പി എമ്മിലെ എ പി കുര്യന്‍ തുടര്‍ച്ചയായി നാല് തവണയും കോണ്‍ഗ്രസിലെ പി ജെ ജോയി മൂന്നു തവണയും കേരള കോണ്‍ഗ്രസിലെ എം വി മാണി രണ്ടു തവണയും വിജയിച്ചു. ജോസ് തെറ്റയില്‍ മന്ത്രിയും എ പി കുര്യന്‍ സ്പീക്കറുമായി. ഘടകകക്ഷികളുടെ കൈയിലായ അങ്കമാലി സീറ്റ് ഏറ്റെടുക്കാന്‍ ഇക്കുറി സി പി എമ്മും കോണ്‍ഗ്രസും ആലോചിക്കുന്നുണ്ട്.
ആലുവ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമാണ്. കെ മുഹമ്മദാലി ആറ് തവണ വിജയിച്ചു. കാലിടറിയത് 2006ല്‍ മാത്രം. മുഹമ്മദലിയെ തോല്‍പിച്ച സി പി എമ്മിലെ എ എം യൂസുഫാണ് ആദ്യമായി ഇടതുകൊടി പാറിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലം നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ച കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം എല്‍ എ അന്‍വര്‍ സാദത്ത് ഇക്കുറി ഒരു വാക്കോവറാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും ജനപ്രിയരായ എം എല്‍ എ മാരില്‍ ഒരാളാണ് അന്‍വര്‍ സാദത്ത്. വി സലിമാണ് സി പി എമ്മിന്റെ സാധ്യതാ ലിസ്റ്റില്‍ മുന്നിലുള്ളത്.
മുസ്‌ലിം ലീഗിന്റെ ജനപ്രിയ മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞിന്റെ സ്വന്തം കളമശേരിയില്‍ യുവ നിരയിലെ ഏറ്റവും ഊര്‍ജസ്വലനായ വി എം സക്കീര്‍ ഹുസൈനെയാണ് സി പി എം പ്രധാനമായും പരിഗണിക്കുന്നത്. വ്യവസായ മേഖലയില്‍ തൊഴിലാളി യൂനിയന്‍ നേതൃനിരയിലുള്ള കെ ചന്ദ്രന്‍പിള്ള, കെ എന്‍ ഗോപിനാഥ് എന്നിവരെയും പരിഗണിച്ചേക്കാം.
ഇരു മുന്നണികള്‍ക്കുമൊപ്പം നിന്ന പറവൂര്‍ മണ്ഡലം കഴിഞ്ഞ രണ്ടു തവണയായി കോണ്‍ഗ്രസിനൊപ്പമാണ്. കെ ടി ജോര്‍ജ് മൂന്നു തവണയും സി പി ഐയിലെ പി രാജു കോണ്‍ഗ്രസിലെ എ സി ജോസ്, വി ഡി സതീശന്‍ എന്നിവര്‍ രണ്ട് തവണയും തിരഞ്ഞെടുക്കപ്പെട്ടു. കെ എ ദാമോദരമേനോന്‍, കെ ടി ജോര്‍ജ് എന്നിവര്‍ മന്ത്രിമാരും എ സി ജോസ് സ്പീക്കറുമായി. പറവൂരില്‍ വി ഡി സതീശന്‍ തന്നെയായിരിക്കും ഇക്കുറിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുക. പി രാജുവും കമലാ സദാനന്ദനുമാണ് സി പി ഐയുടെ സാധ്യതാ സ്ഥാനാര്‍ഥികള്‍. അഡ്വ. എ ജയശങ്കറിനെ സ്ഥാനാര്‍ഥിയാക്കാന്‍ സി പി ഐ നേതൃത്വം ആലോചിച്ചതായി വാര്‍ത്തകള്‍ വന്നെങ്കിലും ജയശങ്കര്‍ ഇത് നിഷേധിച്ചു. സി പി ഐയില്‍ നിന്ന് പറവൂര്‍ ഏറ്റെടുക്കാനും സി പി എമ്മില്‍ ആലോചന നടക്കുന്നുണ്ട്. പറവൂരില്‍ എസ് ശര്‍മയെ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്.
എസ് ശര്‍മയുടെ സിറ്റിംഗ് സീറ്റായ വൈപ്പിനില്‍ ശര്‍മയുടെ പേരിന് തന്നെയാണ് മുന്‍തൂക്കം. കോണ്‍ഗ്രസില്‍ കെ ആര്‍ സുഭാഷ്, ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, ഐ എന്‍ ടി യു സി നേതാവ് അഡ്വ. കെ പി ഹരിദാസ് അടക്കമുള്ളവര്‍ പരിഗണനയിലുണ്ട്. കൊച്ചിയില്‍ ഡൊമിനിക് പ്രസന്റേഷന്‍ ഇക്കുറിയും മത്സരംഗത്തുണ്ടാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ മുന്‍ മേയര്‍ ടോണി ചമ്മിണി സീറ്റിന് വേണ്ടി ശ്രമിക്കുന്നുണ്ട്. സി പി എമ്മില്‍ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ കൊച്ചിയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായി സൂചനയുണ്ട്. ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ അനുകൂല നിലപാടാണ് സെബാസ്റ്റ്യന്‍ പോളിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചനകള്‍ക്ക് പിന്നില്‍. കൊച്ചി മേയര്‍ സ്ഥാനാര്‍ഥിയായി അതിരൂപത മുന്നോട്ടുവെച്ച ഷൈനി മാത്യുവിന്റെ പേര് കോണ്‍ഗ്രസ് നേതൃത്വം വെട്ടിയതിലുള്ള അമര്‍ഷം സഭാ നേതൃത്വത്തില്‍ ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിന് തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പ് സഭാ വൃത്തങ്ങള്‍ നല്‍കിയിരുന്നു. സി പി എം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാണ് സാധ്യതയെങ്കില്‍ ജോണ്‍ ഫെര്‍ണാണ്ടസോ കെ ജെ ആന്റണിയോ ആയിരിക്കും സ്ഥാനാര്‍ഥിയാകുക. അങ്കമാലിയുമായി വെച്ചുമാറിയാല്‍ ജനതാദള്‍ സെക്യൂലറിന്റെ സാബു ജോര്‍ജിന് സ്ഥാനാര്‍ഥിത്വം ലഭിച്ചേക്കാം.
തൃപ്പൂണിത്തുറ മണ്ഡലം ഇരു മുന്നണികളെയും മാറി മാറി തുണച്ചിട്ടുണ്ട്. എക്‌സൈസ് മന്ത്രി കെ ബാബു തന്നെയാകും തൃപ്പൂണിത്തുറയില്‍ ഇക്കുറി യു ഡി എഫ് സ്ഥാനാര്‍ഥി. തൃപ്പൂണിത്തുറയില്‍ വീണ്ടും മത്സരിക്കുന്നതിനുള്ള ഒരുക്കം ബാബു നേരത്തെ തന്നെ തുടങ്ങിയതാണ്. എന്‍ വേണുഗോപാല്‍, എം എ ചന്ദ്രശേഖരന്‍ എന്നിവരെയും പരിഗണിച്ചേക്കാം. സി പി എം പരിഗണിക്കുന്ന പേരുകളില്‍ ജില്ലാ സെക്രട്ടറി പി രാജീവ്, അഡ്വ. സി പി ഉദയഭാനു, സി എന്‍ സുന്ദരന്‍, യുവനേതാവ് കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുണ്ട്. എന്‍ ഡി എ സ്ഥാനര്‍ഥിയായി ബി ജെ പിയുടെ സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെയും സഹോദരന്‍ ഇ എന്‍ നന്ദകുമാറിന്റെയും മേജര്‍ രവിയുടെയും പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഘടകകക്ഷിയായ ബി ജെ ഡി എസിനാണ് സീറ്റ് ലഭിക്കുന്നതെങ്കില്‍ മഹാരാജാ ശിവാനന്ദനോ എല്‍ സന്തോഷോ ആയിരിക്കും സ്ഥാനാര്‍ഥി.
എറണാകുളത്ത് യുവനിരയിലെ താരമായ സിറ്റിംഗ് എം എല്‍ എ ഹൈബി ഈഡന്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി പി എം പരിഗണിക്കുന്നവരില്‍ യുവനേതാവ് അഡ്വ. അനില്‍കുമാര്‍, അഡ്വ. സെബാസ്റ്റന്യന്‍ പോള്‍, മകന്‍ ഷോണ്‍ എന്നിവരുണ്ട്. എറണാകുളം സീറ്റ് അങ്കമാലിയുമായി വെച്ചുമാറിയാല്‍ സെക്യൂലറിന്റെ സ്ഥാനാര്‍ഥിയായി സാബു ജോര്‍ജ് സ്ഥാനാര്‍ഥിയായേക്കാം.
ഉമ്മന്‍ചാണ്ടിയുടെ വലംകൈയായ ബെന്നി ബഹന്നാന്‍ തന്നെയാകും തൃക്കാക്കരയില്‍ ഇക്കുറിയും യു ഡി എഫ് സ്ഥാനാര്‍ഥിയാകുക. എല്‍ ഡി എഫ് യുവനിരയിലെ കെ എന്‍ ഉണ്ണികൃഷ്ണനെയും അഡ്വ. വി ജെ മാതുവിനെയും പരിഗണിക്കുന്നു.
കുന്നത്തുനാട് ഇരു മുന്നണികളുടെയും ശക്തികേന്ദ്രമാണ്. ഇടതു മുന്നണി ആറു തവണയും യു ഡി എഫ് അഞ്ച് തവണയും വിജയിച്ചു. കോണ്‍ഗ്രസിലെ ടി എച്ച് മുസ്തഫ നാലു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ജില്ലയിലെ ഏക പട്ടിക ജാതി സംവരണ മണ്ഡലമാണ്. വി പി സജീന്ദ്രന്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
ക്വിക്ക് വെരിഫിക്കേഷന്‍ ഗൗരവതരമാകുന്നില്ലെങ്കില്‍ പിറവത്ത് അനൂപ് തന്നെ പിറവത്ത് മത്സരിക്കും. അനൂപിന് മത്സരിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യമുണ്ടായാല്‍ മാത്രം ഡെയ്‌സി ജേക്കബ് മത്സരരംഗത്തുണ്ടാകും. സി പി എം ഇവിടെ എം ജെ ജേക്കബിനെയും എം എം മോനായിയെയും പരിഗണിക്കുന്നു.
കേരളകോണ്‍ഗ്രസ് എമ്മിലെ പൊട്ടിത്തെറിയുടെ പ്രതിഫലനം ജില്ലയില്‍ ഏറ്റവുമധികം പ്രതിഫലിക്കുക കോതമംഗലത്തായിരിക്കും. ജില്ലയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക സീറ്റായ കോതമംഗലത്ത് ജോസഫ് ഗ്രൂപ്പുകാരനായ സിറ്റിംഗ് എം എല്‍ എ ടി യു കുരുവിള വീണ്ടും മത്സരിക്കാനൊരുങ്ങി നില്‍ക്കുകയാണ്. മാണി ഗ്രൂപ്പുകാരനായ ഷിബു തെക്കുംപുറം, ടോണി ജോസഫ് എന്നിവരും സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്തുവന്ന ഫ്രാന്‍സിസ് ജോര്‍ജിനെ കോതമംഗലത്ത് സി പി എം മത്സരിപ്പിച്ചേക്കും. 12,222 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി യു കുരുവിള കഴിഞ്ഞ തവണ സ്‌കറിയാ തോമസിനെ തോല്‍പിച്ചത്.
മൂവാറ്റുപുഴ മണ്ഡലം കേരള കോണ്‍ഗ്രസിനെയും സി പി ഐയെയും മാറി മാറി തുണച്ചതാണ് ചരിത്രം. കേരള കോണ്‍ഗ്രസുകള്‍ക്ക് ശക്തമായ വേരോട്ടമുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ് മാണി വിഭാഗങ്ങളുടെ സ്ഥാനാര്‍ഥിയായി ജോണി നെല്ലൂര്‍ മൂന്ന് തവണ വിജയിച്ചു.
ജോസഫ് വാഴക്കന്‍ ഇക്കുറിയും മൂവാറ്റുപുഴയില്‍ ജനവിധി തേടും. സി പി ഐയുടെ സീറ്റായ മൂവാറ്റുപുഴയില്‍ ബാബു പോള്‍, യുവനിരയിലെ എല്‍ദോ എബ്രഹാം, എന്‍ അരുണ്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജിന് മൂവാറ്റുപുഴ നല്‍കാനും സി പി ഐക്ക് പകരം മറ്റൊരു സീറ്റ് നല്‍കാനും ആലോചനകളുണ്ട്.

 

Latest