Connect with us

Articles

പട്ടാളക്കാരെ 'ആള്‍ ദൈവ'ങ്ങളുടെ വിടുപണിക്കാരാക്കണോ?

Published

|

Last Updated

പുകവലി നിരോധിച്ചിടത്ത് പുക വലിച്ചാല്‍ ആരായാലും പിഴ ഈടേണ്ടിവരും. ചെയ്തതു നിയമപരമായി കുറ്റകൃത്യമാണെന്ന് വരുന്നതിനാലാണ് പിഴ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത്. ഈ നിലയില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനും അതിന്റെ ആചാര്യനായ ശ്രീശ്രീ രവിശങ്കറും കുറ്റകൃത്യം ചെയ്തതിനാലാണ്, ഹരിത ട്രൈബ്യൂണല്‍ അഞ്ച് കോടി പിഴശിക്ഷ വിധിച്ചത്. ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ യമുനാ നദീതടത്തില്‍ സംഘടിപ്പിക്കുന്ന ആഗോള സാംസ്‌കാരികോത്സവം യമുനാ നദിയുടെയും അനുബന്ധ പ്രദേശങ്ങളുടെയും പാരിസ്ഥിതിക നിലയില്‍ കനത്ത ആഘാതം ഏല്‍പ്പിക്കും എന്നുള്ള പഠന റിപ്പോര്‍ട്ടുകളുടേയും പാരിസ്ഥിതിക പ്രവര്‍ത്തകരുടെ പ്രതിശേധത്തിന്റെയും അടിസ്ഥാനത്തിലാണ് ഹരിത ട്രൈബ്യൂണല്‍ പിഴ ശിക്ഷ വിധിച്ചത്. ഡല്‍ഹി വികസന അതോറിറ്റിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇതേ വിഷയത്തില്‍ പിഴ ശിക്ഷക്ക് വിധേയമാക്കപ്പെട്ടു. കുറ്റമെന്ന് ഇന്ത്യന്‍ നിയമ സംവിധാനം വിധിയെഴുതി പിഴ വിധിച്ച ഒരു പരിപാടിക്ക് രാജ്യത്തിന്റെ പ്രഥമ പൗരനും സര്‍വ സൈന്യാധിപനുമായ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പോലും പങ്കെടുക്കുകയില്ലെന്ന് വ്യക്തമാക്കിയ ഒരു പരിപാടിക്ക്, ഇന്ത്യന്‍ സൈന്യത്തെക്കൊണ്ട് പാലം പണിയിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിടുവേലകള്‍ ചെയ്യിപ്പിക്കുന്നത്, ദേശാഭിമാനമുള്ള ഒരു ഇന്ത്യക്കാരനും സഹിക്കാനാകില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തിര മന്ത്രി രാജ്‌നാഥ് സിംഗും ആര്‍ എസ് എസുകാരായതിനാല്‍ വലിയ രാഷ്ട്രഭക്തരാണെന്നാണല്ലോ നാഴികക്ക് നാല്‍പ്പത് പ്രാവശ്യം വിളിച്ചുപറഞ്ഞ് പെരുമ്പറ കൊട്ടിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും “ആള്‍ദൈവ”ത്തിന്റെ പരിപാടിക്ക് ഇന്ത്യക്കാരുടെ നികുതിപ്പണം കൊണ്ട് രാഷ്ട്ര സേവനത്തിന് പ്രതിഫലം പറ്റുന്ന സൈനികരെ വിടുപണി ചെയ്യിപ്പിക്കുന്നതാണോ ആര്‍ എസ് എസുകാരുടെ രാഷ്ട്രഭക്തിയുടെ ലക്ഷണം? ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിക്ക് വിടുവേല ചെയ്യാന്‍ ഇന്ത്യന്‍ സൈനികരെ നിയോഗിക്കുന്നതിലൂടെ ഇന്ത്യന്‍ പട്ടാളത്തെ രവിശങ്കറുടെ കൂലിപ്പണിക്കാരാക്കുകയല്ലേ മോദി സര്‍ക്കാര്‍ ചെയ്തത്? ഇങ്ങനെയാണോ ഇന്ത്യയെ മരിപ്പിക്കാതെ നിലനിര്‍ത്തേണ്ടതെന്നു മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പട്ടാളസ്‌നേഹികളായ രാഷ്ട്രഭക്തര്‍ മറുപടി പറയേണ്ടിയിരിക്കുന്നു. രാഷ്ട്രപതി പിന്‍വാങ്ങിയ പരിപാടിയില്‍ നിന്ന് പ്രധാനമന്ത്രിയും പിന്‍വാങ്ങുവാനുള്ള സന്നദ്ധതയെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതായിരുന്നു.
യശഃശരീരനായ സായിബാബ, മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ കാല്‍ തൊട്ടു വന്ദിച്ചിരുന്ന “ആള്‍ദൈവ”മായിരുന്നു. അദ്ദേഹത്തിന്റെ പ്രശാന്തി നിലയം എന്ന പേരുള്ള ആന്ധ്രയിലെ പുട്ടപര്‍ത്തി ആശ്രമത്തിലും അദ്ദേഹം ജീവിച്ചിരിക്കെ നൂറുകണക്കിന് വിദേശ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഭക്തസംഘങ്ങള്‍ സംബന്ധിക്കുന്ന വിവിധ പരിപാടികള്‍ നടക്കാറുണ്ട്. പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് വഴിവിട്ട നീക്കങ്ങള്‍ നടത്തി, തന്റെ ആശ്രമപരിപാടികള്‍ക്ക് ഇന്ത്യന്‍ സൈന്യത്തെക്കൊണ്ട് കൂലിപ്പണി ചെയ്യിക്കാനുള്ള ഔദ്ധത്യം സായിബാബ പോലും കാണിച്ചിട്ടില്ല. സായിബാബയോട് താരതമ്യപ്പെടുത്തുമ്പോഴാണ് ശ്രീശ്രീ രവിശങ്കറിന്റെയും അനുയായികളുടെയും ഔദ്ധത്യവും അല്‍പ്പത്തരവും അറപ്പുളവാക്കുന്ന വിധം എത്ര വലുതാണെന്ന് ബോധ്യമാകുക.
യമുനാ നദിക്കടുത്ത് പാരിസ്ഥിതികാഘാതം വരുത്താതെ തന്നെ 135 രാജ്യങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് ഈ സാംസ്‌കാരികോത്സവം നടത്താമായിരുന്നു. ഉദാഹരണമായി പറഞ്ഞാല്‍, 20 ദിവസത്തേക്ക് രാം ലീല മൈതാനിയില്‍ പരിപാടി സംഘടിപ്പിക്കുക. ഒരോ ദിവസവും ഏഴോ എട്ടോ രാജ്യങ്ങളിലെ പ്രതിനിധികളെ മാത്രം പങ്കെടുപ്പിക്കുക. ഈ രീതി അവലംബിച്ചിരുന്നെങ്കില്‍ പാരിസ്ഥിതിക ആഘാതവും ജനത്തിരക്കും കൂടാതെ തന്നെ സാംസ്‌കാരികോത്സവം നടത്താമായിരുന്നു. ഇത്തരം മാര്‍ഗങ്ങളൊന്നും അവലംബിക്കാതെ വലിയ പാരിസ്ഥിതിക സ്‌നേഹി എന്ന് അവകാശപ്പെട്ടു വരുന്ന രവിശങ്കറും കൂട്ടരും യമുനാനദിത്തടത്തെ അലങ്കോലമാക്കുന്ന വിധം പരിപാടി നടത്താന്‍ തീരുമാനിച്ചത് “നോക്കൂ, എന്നെക്കാള്‍ വലിയ ആഗോളാംഗീകാരമുള്ള ആചാര്യനുണ്ടോ” എന്ന് ലോകത്തോട് വിളിച്ചുപറയാനുള്ള തന്നെപ്പൊക്കി സംസ്‌കാരം രവിശങ്കറിന്റെ സഹജഭാവമാണെന്നതിനാല്‍ മാത്രമാണെന്നേ വിലയിരുത്താനാകൂ. ഇത്തരം പൊങ്ങച്ച ബലൂണുകളെയല്ല, ഇന്ത്യന്‍ സംസ്‌കാരം ആചാര്യന്മാര്‍ എന്ന് വിളിച്ചിട്ടുള്ളത്. ജീവിച്ചിരിക്കുമ്പോള്‍ നാല്‍പ്പതിലേറെ ശിഷ്യന്‍മാര്‍ ഇല്ലാതിരുന്ന ശ്രീരാമ കൃഷ്ണ പരമഹംസര്‍, ആധുനിക ഇന്ത്യയിലെ വലിയ ആത്മീയ ആചാര്യനാണ്. എന്തെന്നാല്‍, അദ്ദേഹം ഒരു സ്വാമി വിവേകാനന്ദനെ വാര്‍ത്തെടുത്ത് ലോകത്തിന് സംഭാവന ചെയ്തു എന്നത് തന്നെ. ഇത്തരമൊരു വിവേകാനന്ദനെ പോലും വാര്‍ത്തെടുക്കാത്തവരെ ആധ്യാത്മികാരാചാര്യ പദവി നല്‍കി ആദരിക്കുന്നത് അല്‍പ്പത്തരത്തിലേക്ക് നമ്മുടെ ആധ്യാത്മിക സംസ്‌കാരം എത്രത്തോളം കൂപ്പ് കുത്തിയിരിക്കുന്നു എന്നതിന്റെ മാത്രം തെളിവുകളാണ്. എന്തായാലും, യമുനാ നദീതട വാസികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ യാതൊരു മുതല്‍മുടക്കുമില്ലാതെ ആധ്യാത്മിക കച്ചവടം നടത്തി സഹസ്ര കോടീശ്വരനായി തീര്‍ന്ന ശ്രീശ്രീ രവിശങ്കറിന്റെ പരിപാടിക്കെതിരെ യമുനാ നദീ തടത്തില്‍ നിരാഹാര സമരം ആരംഭിച്ചുകഴിഞ്ഞു. കോടീശ്വരനായ രവിശങ്കറിന്റെ മാമാങ്കത്തിനെതിരെ അരവയറപ്പത്തിനായി പകലന്തിയോളം പണിയെടുക്കുന്ന ബഹുഭൂരിപക്ഷം ദരിദ്രനാരായണന്മാരുടെ ഇന്ത്യ പ്രതിഷേധിക്കും എന്നതിന്റെ മുന്നറിയിപ്പാണിത്. ഇതിനെ പരിഗണിക്കാത്ത ഇന്ത്യന്‍ സര്‍ക്കാര്‍, പാവങ്ങളെയല്ല, പട്ടാളക്കാരെ പോലും പണക്കാരുടെ പണിക്കാരാക്കുന്ന ജനദ്രോഹ സര്‍ക്കാറെന്നേ വലിയിരുത്തപ്പെടൂ.

Latest